Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോലി സ്ഥിരതയ്ക്ക് മതം മാറണം; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പീഡനവും ഒറ്റപ്പെടുത്തലും; ഗർഭിണിയായിരിക്കെ തലകറങ്ങി വീണപ്പോൾ ആശുപത്രിയിൽ കൊണ്ടു പോകാതെ ഗർഭസ്ഥ ശിശുവിനെ വകവരുത്തി; എൽപി സ്‌കൂൾ അദ്ധ്യാപികയ്ക്ക് ജോലി കൊടുക്കാതിരിക്കാൻ സ്‌കൂൾ പോലും അടച്ചു പൂട്ടി; മനോരമ അഴ്ചപതിപ്പിന്റെ ചീഫ് എഡിറ്റർ മാമൻ വർഗീസിന്റെ ഉടമസ്ഥതയിലെ സ്‌കൂൾ മാനേജ്മെന്റ് കാട്ടിയത് ക്രൂര പീഡനങ്ങൾ; നിശ്ചയദാർഢ്യം കൊണ്ട് വമ്പന്മാരെ തോൽപ്പിച്ച രാജി ചന്ദ്രന്റെ കഥ

ജോലി സ്ഥിരതയ്ക്ക് മതം മാറണം; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പീഡനവും ഒറ്റപ്പെടുത്തലും; ഗർഭിണിയായിരിക്കെ തലകറങ്ങി വീണപ്പോൾ ആശുപത്രിയിൽ കൊണ്ടു പോകാതെ ഗർഭസ്ഥ ശിശുവിനെ വകവരുത്തി; എൽപി സ്‌കൂൾ അദ്ധ്യാപികയ്ക്ക് ജോലി കൊടുക്കാതിരിക്കാൻ സ്‌കൂൾ പോലും അടച്ചു പൂട്ടി; മനോരമ അഴ്ചപതിപ്പിന്റെ ചീഫ് എഡിറ്റർ മാമൻ വർഗീസിന്റെ ഉടമസ്ഥതയിലെ സ്‌കൂൾ മാനേജ്മെന്റ് കാട്ടിയത് ക്രൂര പീഡനങ്ങൾ; നിശ്ചയദാർഢ്യം കൊണ്ട് വമ്പന്മാരെ തോൽപ്പിച്ച രാജി ചന്ദ്രന്റെ കഥ

ആവണി ഗോപാൽ

തിരുവനന്തപുരം: ഇത് ഒരു അദ്ധ്യാപികയുടെ പോരാട്ടത്തിന്റെ കഥയാണ്. അദ്ധ്യാപികയായി ജോലി കിട്ടിയ സ്‌കൂളിൽ ജോലിക്ക് ചേർന്ന് നാലാംനാൾ ജോലി സ്ഥിരത വേണമെങ്കിൽ മതം മാറാൻ പറയുക!. അതിന് തയ്യാറാകാത്തതിനെതുടർന്ന് വർഷങ്ങളായി സ്‌കൂൾ അധികൃതർ ഈ അദ്ധ്യാപികയെ മാനസികമായി പീഡിപ്പിക്കുകയും വാഹനമിടിച്ച് കൊല്ലാനും നോക്കുന്നു.

വൻശക്തികളായ ഈ സ്‌കൂൾ അധികാരികൾക്ക് എതിരെ അദ്ധ്യാപിക കേസ് കൊടുത്ത് 18 വക്കീലന്മാരെ വച്ചിട്ടും അവരൊക്കെ പ്രതികളുടെ കൂടെ ചേരുകയാണ്. ഒടുവിൽ സ്വന്തമായി എൽഎൽബി പഠിച്ച് തന്റെ കേസ് വാദിച്ച് അതിൽ ഈ അദ്ധ്യാപിക വിജയിക്കുന്നു. ഇതൊക്കെ വായിക്കുമ്പോൾ ഏതെങ്കിലും സിനിമാക്കഥയാണെന്ന് തോന്നുന്നുണ്ടോ? എങ്കിൽ തെറ്റി ഒരു അദ്ധ്യാപിക അനുഭവിച്ച അല്ലെങ്കിൽ അവരുടെ ജീവിതം കടന്നുപോയ വഴികളാണ് ഇതൊക്കെ. മറ്റെതെങ്കിലും സംസ്ഥാനത്തല്ല നമ്മുടെ കേരളത്തിൽ തന്നെ. കോട്ടയം മുട്ടമ്പലം സ്വദേശിനി രാജി ചന്ദ്രനാണ് ആ അദ്ധ്യാപിക. എതിരാളികളാകട്ടെ മലയാള മനോരമ അഴ്ചപതിപ്പിന്റെ ചീഫ് എഡിറ്റർ മാമൻ വർഗീസും മുൻ മന്ത്രി ടിഎം ജേക്കബിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഉൾപ്പടെയുള്ളകോട്ടയത്തെ പ്രമുഖരും.

മലയാള മനോരമയുടെ തലപ്പത്തുള്ള മാമ്മൻ വർഗീസ് ചെയർമാനായിരുന്ന പുത്തനങ്ങാടിയിലെ സെന്റ് മേരീസ് ഇംഗ്ലീഷ്മീഡിയം എൽപി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു എംഎ ബി എഡ് ബിരുദധാരിയായ രാജി ചന്ദ്രൻ. മതം മാറാൻ സ്‌കൂളിൽ നിന്നും ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന ഒറ്റ കാരണത്താൽ രാജിക്ക് ഈ സ്‌കൂളിൽ നിന്നും നേരിടേണ്ടിവന്നത് ദുരിതപർവ്വമാണ്. വർഷങ്ങൾ നീണ്ട മാനസിക പീഡനങ്ങൾ ഈ സ്‌കൂളിൽനിന്നും നേരിട്ട രാജിക്ക് ഒടുവിൽ നീതി ലഭിച്ചത് കഴിഞ്ഞ വർഷമാണ്.

ഇതിടയിൽ കേസ് നടത്തിപ്പിന് 18 വക്കീലന്മാരെ വക്കാലത്ത് ഏൽപ്പിച്ചിട്ടും അവരെല്ലാം പ്രതികളുടെ കൂടെ ചേർന്നു. ഒടുവിൽ വക്കീലന്മാരെ ലഭിക്കാത്ത സാഹചര്യത്തിൽ സ്വന്തമായി എൽഎൽബി പഠിച്ചാണ് രാജി തന്റെ കേസ് വാദിച്ച് ജയിച്ചത്. ഇതിനിടയിൽ ആറുമാസം ഗർഭിണിയായിരുന്നപ്പോൾ സ്‌കൂളിൽ തലകറങ്ങി വീണിട്ടുപോലും സ്‌കൂളധികാരികൾ രാജിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. വൈകിയ വേളയിൽ ആശുപത്രിയിലെത്തിച്ചത്തോടെ ആ കുഞ്ഞ് രാജിയുടെ വയറ്റിൽ വച്ചുതന്നെ മരിച്ചു. ഇത്രയും ക്രൂരമായി തന്നോട്ട് സ്‌കൂൾ അധികാരികൾ പെരുമാറിയതോടെയാണ് രാജി തന്റെ പോരാട്ടവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

1998ലാണ് പുത്തനങ്ങാടിയിലുള്ള സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം എൽപി സ്‌കൂളിൽ ഹിന്ദുമതത്തിൽപ്പെട്ട രാജി ചന്ദ്രൻ ജോലിയിൽ പ്രവേശിക്കുന്നത്. ജോലിയിൽ ചേർന്ന് നാലാംനാൾ ജോലി സ്ഥിരത വേണമെങ്കിൽ ക്രിസ്ത്യാനിയായി മതം മാറണമെന്ന് സ്‌കൂൾ അധികാരികൾ രാജിയോട് നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് ആരോപണം. ജോലി അത്യാവശ്യമായതിനാൽ ആദ്യം ഇത് അംഗീകരിച്ചെങ്കിലും പിന്നെ കുടുംബസമേതം മതം മാറണമെന്നും താലിയും മറ്റും അഴിച്ച് മാറ്റണം, സിന്ദൂരം തൊടരുത് എന്നൊക്കെ മാനേജ്‌മെന്റ് നിർദ്ദേശിച്ചപ്പോൾ രാജി മതം മാറ്റം നിരസിക്കുകയായിരുന്നു. ഇതൊടെ പിറ്റേന്ന് മുതൽ ജോലിക്ക് വരേണ്ടെന്ന് ഇവർ രാജിയെ അറിയിച്ചു. എങ്കിലും രാഷ്ട്രീയപ്രവർത്തകൾ മധ്യസ്ഥചർച്ചകൾ നടത്തിയപ്പോൾ രാജിയെ ഇവർ വീണ്ടും സ്‌കൂളിൽ പ്രവേശിപ്പിച്ചു. രാജിയെ പറ്റുന്ന വിധത്തിലെല്ലാം ദ്രോഹിച്ച് സ്‌കൂളിൽ നിന്നും പുറത്താക്കുക എന്നതായി സ്‌കൂൾ അധികാരികളുടെ പിന്നുള്ള ലക്ഷ്യം. പക്ഷേ തോറ്റുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല.

രക്ഷ തേടി കലാമിനും പരാതി

എൽപി സ്‌കൂൾ അദ്ധ്യാപികയായ രാജിയെ മൂന്നു കെ.ജി ക്ലാസുകളുടെ ചുമതല നൽകി കഷ്ടപ്പെടുത്തി. ഒരു ആയയെ പോലും നൽകാതെ, സ്‌കൂളിൽ നിന്നും മാറി പള്ളിമേടയിൽ അവർ രാജിയുടെ ക്ലാസുകൾ നൽകി ഒറ്റപ്പെടുത്തി. എന്തുവന്നാലും സ്‌കൂളിൽ നിന്നും പുറത്തുപോകില്ലെന്ന നിശ്ചയദാർഢ്യത്തിൽ രാജി അതെല്ലാം സഹിച്ചു. മറ്റു ടീച്ചേർസിന് ശമ്പളം നൽകുമ്പോൾ രാജിക്ക് കുറച്ചു നൽകുക, രജിസ്റ്ററിൽ ഒപ്പിടാൻ അനുവദിക്കാതെ ജോലി എടുപ്പിക്കുക, സീനിയോരിറ്റിയും അവധി ശമ്പളവും നൽകാതിരിക്കുക, ഒപ്പിട്ടതിനു മുകളിൽ കാഷ്യൽ ലീവ് എഴുതുക, കുടിശിക നൽകാതിരിക്കുക, ആയയുടെ ജോലി ചെയ്യിക്കുക തുടങ്ങി മാനേജ്‌മെന്റ് രാജിയെ സ്‌കൂളിൽ നിന്നും പുറത്താക്കാൻ ഒട്ടെറെ ശ്രമങ്ങൾ നടത്തി. തുടർന്ന് മനം മടുത്ത രാജി താൻ സ്‌കൂളിൽ ജോയിൻ ചെയ്തപ്പോൾ നൽകിയ 10,000 രൂപ തിരികെ തന്നാൽ ജോലി വിട്ടു പോകാമെന്ന് സമ്മതിച്ചെങ്കിലും മാനേജ്‌മെന്റ് പണം നൽകിയെന്നതിന് തെളിവില്ലെന്ന് പറഞ്ഞ് പണം തിരികെ നൽകാൻ തയ്യാറായില്ല. സ്‌കൂളിൽ മറ്റ് ടീച്ചേർസ് രാജിയോട് മിണ്ടുന്നത് പോലും മാനേജ്‌മെന്റ് വിലക്കി. ജാതി പറഞ്ഞും രാജിടീച്ചറെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. സ്‌കൂൾ അസംബ്ലിയിൽ വച്ച് കുട്ടികളും അദ്ധ്യാപകരും നിൽക്കുമ്പോൾ രാജിയെ പുരോഹിതനായിരുന്ന ഇവിടുത്തെ മാനേജർ പലകുറി ആക്ഷേപിച്ചിട്ടുണ്ട്.

മാമൻ വർഗീസ് ഉൾപെടെ അഞ്ചുസ്വകാര്യ വ്യക്തികളായിരുന്നു ഈ സ്‌കൂളിന്റെ ഉടമസ്ഥരെങ്കിലും ചെറിയപള്ളി വകയാണ് ഈ സ്‌കൂൾ എന്നാണ് മാനേജ്‌മെന്റ് പറഞ്ഞു പരത്തിയിരുന്നത്. ഇതിനാൽ തന്നെ സ്‌കൂളിനെതിരെ ചെറുവിരൽ അനക്കാൻ ആരും കൂട്ടാക്കിയില്ലെന്ന് രാജി പറയുന്നു. എന്നാൽ പള്ളിയുടെ വകയായുള്ള സ്‌കൂളുകളിൽ ഉൾപ്പെട്ടതായിരുന്നില്ല ഈ സ്‌കൂൾ. അതിനുള്ള തെളിവും രാജിക്ക് കിട്ടി. പലർക്കും പരാതി നൽകിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഒടുവിൽ പീഡനങ്ങളും ഒറ്റപ്പെടലും താങ്ങാനാകാതെ രാജി അന്നത്തെ പ്രസിഡന്റായിരുന്ന അബ്ദുൽ കലാമിന് പരാതി അയച്ചു. അതിൽമേൽ ഗവർണറുടെ അന്വേഷണം ഉണ്ടാവുകയും രാജിയെ 2005 മുതൽ മാനേജ്‌മെന്റ് എൽപി സെക്ഷനിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് സ്‌കൂൾ ജീവിതം ഒരുവിധം നന്നായി മുന്നോട്ട് പോയ്‌കൊണ്ടിരുക്കുമ്പോഴാണ് ഒരു കുഞ്ഞ് കൂടി വേണമെന്ന് രാജിക്കും ഭർത്താവ് ചന്ദ്രനും ആഗ്രമുണ്ടാകുന്നത്. മൂത്ത കുട്ടിയുണ്ടായി വർഷങ്ങൾ കഴിഞ്ഞെങ്കിലും സ്‌കൂളിലെ ജോലിയുടെ കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ ഇരുവരും കുഞ്ഞുങ്ങൾ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

ജോലി ഏറെക്കുറെ സുഗമമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഇരുവരും കുഞ്ഞിന് വേണ്ടി ചികിത്സ നടത്തി. ഒടുവിൽ രാജി ഗർഭിണിയായി. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു കുഞ്ഞ് ഉദരത്തിൽ ജനിച്ചതറിഞ്ഞ് രാജിയും കുടുംബവും ഏറെ ആഹ്‌ളാദിച്ചു എന്നാൽ ആ സന്തോഷത്തിന് വെറും ആറുമാസത്തെ കാലാവധിയെ ഉണ്ടായിരുന്നുള്ളു. ആദ്യത്തെ മൂന്നു മാസം ഗൈനക്കോളജിസ്റ്റ് പൂർണ വിശ്രമം ആവശ്യപ്പെട്ടതിനെതുടർന്ന് രാജി സ്‌കൂളിൽ അവധിക്ക് വേണ്ടി രേഖകൾ സമർപ്പിച്ചു. എന്നാൽ ലീവ് ആപ്ലിക്കേഷൻ വാങ്ങാൻ കൂട്ടാക്കാതെ ജോലി നിർത്തി പോകാനാണ് എച്എം രാജിയോട് പറഞ്ഞത്. 63 വയസായ എച്എം രാജിയെ പുറത്താക്കാതെ റിട്ടയേർഡ് ചെയ്യില്ല എന്നാണ് ആ ദിവസം രാജിയോട് ആക്രോശിച്ചത്. മറ്റ് നിർവ്വാഹമില്ലാതെ രാജി ജോലിയിൽ തുടർന്നു.

ഗർഭം അലസിപ്പിച്ച ക്രൂരത

2006 മാർച്ച് 30ന് വേനൽ അവധിക്കായി സ്‌കൂൾ അടച്ചപ്പോൾ രാജി ആശ്വസിച്ചു. രണ്ടുമാസമെങ്കിലും വിശ്രമിക്കാമെന്നാണ് രാജി കരുതിയതെങ്കിലും മാനേജ്‌മെൻിന്റെ ക്രൂരത അവിടെയും തുടർന്നു. അഡ്‌മിഷൻ ഡ്യുട്ടി എന്ന പേരിൽ വേനൽ അവധിയിൽ രാജിക്ക് അവർ ഡ്യുട്ടി നിശ്ചയിച്ചു. ഗർഭിണിയാണെന്ന പരിഗണന പോലും നൽകാതെ രണ്ടാം നിലയിലേക്ക് വിളിപ്പിച്ചും മറ്റും രാജിയെ മാനേജ്‌മെന്റ് ദ്രോഹിക്കുന്നത് തുടർന്നു. ഏപ്രിൽ 22ന് കോണിപ്പടി കയറവേ തലച്ചുറ്റൽ അനുഭവപ്പെട്ട രാജി സ്റ്റെപ്പിൽ നിന്നും താഴെക്ക് കുഴഞ്ഞു വീണു. ബോധമറ്റു കിടന്ന രാജിയെ തൊട്ടടുത്ത് തന്നെ ആശുപത്രിയുണ്ടായിട്ടും അവിടെയെത്തിക്കാതെ ഭർത്താവിനെ വിളിച്ച് അറിയിക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത്. ഭർത്താവ് എത്തി രാജിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഒരുപാടു വൈകി. ആഗ്രഹിച്ച് ചികിത്സ നടത്തി ഉണ്ടായ അവരുടെ കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു.

കുഞ്ഞ് മരിച്ചെന്ന ദുഃഖം രാജിയുടെ മനസിൽ തളംകെട്ടിയെങ്കിലും ഇനി പിന്നോട്ടില്ലെന്ന് അന്ന് രാജി മനസിൽ ഉറപ്പിച്ചു. വേനൽ അവധിക്കഴിഞ്ഞ് 2006 ജൂൺ അഞ്ചിന് രാജി സ്‌കൂളിലെത്തി. എന്നാൽ രജിസ്റ്ററിൽ ഒപ്പിടാൻ എത്തിയ രാജിയൊട് മാനേജ്‌മെന്റ് പറഞ്ഞത് നിങ്ങൾ പഠിപ്പിച്ച സ്‌കൂൾ ഇവിടില്ല എന്നാണ്. സിബിഎസ്ഇയിലേക്ക് മാറ്റിയ സ്‌കൂൾ സെൻട്രൽ സ്‌കൂൾ എന്ന് പേര് മാറ്റിയിരുന്നു. ഇതൊടെ രാജി സ്‌കൂളിനെതിരെ കേസ് കൊടുത്തു. എഇഒ പ്രശ്‌നം പരിഹരിച്ച് രാജിക്ക് പ്രവേശനം കൊടുക്കാൻ നിർദ്ദേശിച്ചെങ്കിലും കോടതിയിൽ പോയി ഓർഡർ കൊണ്ടുവാരാനാണ് രാജിയോട് അവർ പറഞ്ഞത്. തുടർന്ന് രാജി ഹൈക്കോടതിയിൽ പോയി ഓർഡർ വാങ്ങിയെങ്കിലും സ്‌കൂൾ അടച്ചിട്ടാണ് മാനേജ്‌മെന്റ് രാജിയോട് പ്രതികാരം ചെയ്തത്. ഇതൊടെ സ്‌കൂളിൽ നിന്നും കുട്ടികൾ മറ്റു സ്‌കൂളിലേക്ക് മാറിപ്പോയി.

ഇതിനിടെ കേസ് പരിഗണനയ്ക്ക് വന്നപ്പോൾ രാജിക്ക് ജോലി നൽകാൻ കോടതി പറഞ്ഞു. എന്നാൽ ആ സ്‌കൂൾ ഇല്ലെന്ന് മാനേജ്‌മെന്റിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ ആനുകൂല്യങ്ങൾക്ക് വേണ്ടി കേസ് കൊടുക്കാൻ കോടതി രാജിയോട് ആവശ്യപ്പെട്ടു. തെളിവുകൾ സഹിതം രാജി ആനുകൂല്യങ്ങൾക്കും നഷ്ടപരിഹാരത്തിനും വേണ്ടി കേസ് നൽകി. ഒപ്പം സ്‌കൂളുകാരുടെ അനാസ്ഥയിൽ കുഞ്ഞ് നഷ്ടപ്പെട്ടതിന് മറ്റൊരു കേസും നൽകി. 2008വരെ 18 അഭിഭാഷകരെയാണ് കേസിനായി രാജി നിയമിച്ചത്. എന്നാൽ ഇവരെല്ലാം പ്രതികൾക്കൊപ്പം ചേർന്നതോടെ എന്തുചെയ്യണമെന്നറിയാതെ രാജി കുഴങ്ങി. ഈ അവസരത്തിലാണ് സ്വന്തമായി കേസ് വാദിക്കുന്ന എന്ന ആശയം രാജിക്കുണ്ടായത്. തുടർന്ന് സ്വന്തമായി കേസ് വാദിച്ചുതുടങ്ങിയപ്പോഴാണ് താൻ കൊടുത്ത പരാതിയിൽ ഇപ്പോൾ പ്രതിസ്ഥാനത്തുള്ളത് എഇഒ മാത്രമാണെന്ന് രാജി അറിയുന്നത് തുടർന്ന് 2008ൽ റീപെറ്റീഷൻ നൽകി.

പലവട്ടം പല പ്രയാസങ്ങളുമുണ്ടായപ്പോൾ ഇതെല്ലാം നിർത്താൻ രാജി ആലോചിച്ചിരുന്നു. സമൂഹത്തിൽ ഉയർന്ന തട്ടിൽ നിൽക്കുന്നവരോട് പൊരുതി ഒരു സാധാരണ പെണ്ണായ രാജിക്ക് എന്തുചെയ്യാൻ ആകുമെന്നുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും കുറ്റപെടുത്തലുകളും രാജിയെ പിന്നോട്ട് വലിച്ചു. ഈ സമയത്താണ് രാജി സ്വാമി ഹിമവൽ ഭദ്രാനന്ദയെ കുറിച്ച് കേൾക്കുന്നത്. നാട്ടുകാരുടെയും വീട്ടുകാരുടെയും വാക്കുകളിൽ നിരാശയായി 2011ൽ സ്വാമിയെ കാണാനെത്തിയപ്പോൾ സ്വാമി രാജിയോട് കേസുമായി മുന്നോട്ട് പോകാനാണ് പറഞ്ഞത്. കേസ് അനുകൂലമാകും എന്നും പറഞ്ഞു. ഈ വാക്കുകളാണ് രാജിക്ക് ധൈര്യം പകർന്നത്.

സ്വയം വാദിച്ച് ജയം നേടിയെടുത്തു

വാദിക്കാൻ വക്കീലന്മാരെ കിട്ടാതായതോടെ 2013ൽ രാജി എൽഎൽബി പഠനം ആരംഭിച്ചിരുന്നു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2014 ജനുവരിയിൽ സിംഗിൾ ബഞ്ച് അനുകൂല്യങ്ങൾ രാജിക്ക് നൽകാൻ വിധി പറഞ്ഞു. എന്നാൽ മാനേജ്‌മെന്റ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയി. ഈ സമയത്തും സ്വന്തമായിട്ടാണ് രാജി കേസ് വാദിച്ചത്. 2017 നവംബറിൽ കോടതിയിൽ ഡിവിഷൻബഞ്ചും രാജിക്ക് അനുകൂലമായി വിധി പറഞ്ഞു. ഇതിനെതിരെ നൽകിയ പുനഃപരിശോധന ഹർജിയും കോടതി തള്ളി. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാനാണ് മാനേജ്‌മെന്റിനോട് കോടതി പറഞ്ഞത്. സ്വന്തമായി വാദിച്ചെങ്കിലും വക്കീലല്ലാത്തതിനാൽ പാർട്ടി ഇൻ പേഴ്സൺ എന്നതിൽ വിധി തരാനാവില്ലന്ന നിലപാട് കോടതി അറിയിച്ചതോടെ രാജി വീണ്ടും വെട്ടിലായി. ഒടുവിൽ ഹരി എന്ന അഡ്വക്കേറ്റാണ് രാജിയുടെ ഈ പ്രതിസന്ധി അറിഞ്ഞ് രാജിക്കൊപ്പം കോടതിയിൽ ഹാജരായത്. ഇദ്ദേഹത്തിന്റെ പേരിലാണ് വിധിയും കിട്ടിയത്. വിധി വന്ന് മൂന്നുമാസമായിട്ടും നഷ്ടപരിഹാരം കിട്ടാതെ വന്നതോടെ രാജി വീണ്ടും കോടതിയിൽ എത്തി. രണ്ടുമണിക്കൂറിനുള്ളിൽ രാജിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാണ് അന്ന് കോടതി മാനേജ്‌മെന്റിനോട് പറഞ്ഞത്. തുടർന്ന് രാജിക്ക് ആ പണം ലഭിച്ചു. അന്തിമ വിജയം എന്നു പറയാനാകില്ലെങ്കിലും ഈ വിധി രാജിക്ക് ഏറെ ആശ്വാസം നൽകി.

എങ്കിലും തനിക്ക് ലഭിച്ച നീതി പൂർണമല്ല എന്നാണ് രാജി പറയുന്നത്. കാരണം പ്രധാന പ്രതിയായിരുന്ന മാമൻവർഗീസിനെ മാറ്റി സർക്കാരിനെ പ്രതിചേർത്താണ് കേസിലെ വിധിപ്പകർപ്പ് രാജിക്ക് ലഭിച്ചത്. വസ്തുക്കളും സമ്പാദ്യവും വിറ്റ് പത്തുവർഷത്തോളം കേസ് നടത്തിയിട്ടും 2 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരമായി രാജിക്ക് ലഭിച്ചത്. ഉദരത്തിൽ വച്ച് കുഞ്ഞിനെ നഷ്ടമായതിന്റെ വേദന ഇന്നും രാജിക്കുണ്ട്. സ്‌കൂളുകാരുടെ അനാസ്ഥ മൂലം കുഞ്ഞ് നഷ്ടപ്പെട്ടത് കാണിച്ച് രാജി നൽകിയ കേസ് ഇടയ്ക്ക് വച്ച് കോടതി തള്ളിയിരുന്നു. പലതവണ എതിരാളികൾ രാജിയെ തറപറ്റിക്കാൻ ശ്രമങ്ങൾ നടത്തി. നാല് ആക്‌സിഡന്റുകളാണ് രാജിക്ക് ഈ കാലയളവിൽ ഉണ്ടായത്. പരാതി നൽകിയിട്ടും പൊലീസുകാർ ഇതിൽ കേസേടുത്തിട്ടില്ല. ഇതുവരെയും പ്രതികളെയും കണ്ടെത്താനായിട്ടില്ല. ഇന്നും കാലിൽ നാലു കമ്പി ഇട്ടാണ് രാജി നടക്കുന്നത്. രാജിയെയും കുടുംബത്തിനെയും അപമാനിക്കുന്ന തരത്തിൽ കഥകളും വാർത്തകളും കെട്ടിച്ചമച്ച് രാജിക്കെതിരെ സ്‌കൂൾ മാനേജ്‌മെന്റ് കൊടുത്തത് അമ്പതോളം പരാതികളാണ്. ഇതിനെതിരെയും രാജി പൊരുതുകയാണ്. ഈ പോരാട്ടങ്ങൾ രാജിയെ കൂടുതൽ കരുത്തയാക്കി.

കുട്ടികൾക്ക് ട്യുഷൻ എടുത്താണ് ഇപ്പോൾ രാജി ജീവിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിൽ ഉൾപെടെ രാജിക്ക് ജോലി ലഭിച്ചെങ്കിലും ബിഎഡ് സർട്ടിഫിക്കറ്റുകൾ വിട്ടുതരാൻ മാനേജ്‌മെന്റ് ഒരുക്കമല്ലാത്തനിലാൽ അതെല്ലാം രാജിക്ക് നഷ്ടമായി. അദ്ധ്യാപികയായി പി.എസ്.സി കിട്ടിയപ്പോഴും രാജിയുടെ എസ്എസ്എൽസി ബുക്കും ബിഎഡ് സർട്ടിഫിക്കറ്റും സ്‌കൂളുകാർ തരാതെ വന്നതിനെ തുടർന്ന് വയനാട്ടിൽ കിട്ടിയ ജോലിയും പോയി. സമാനസ്ഥിതിയിൽ കഷ്ടതയനുഭവിക്കുന്ന പലർക്കും ഇപ്പോൾ സാന്ത്വനമാണ് പൊതുപ്രവർത്തക കൂടിയായ രാജി. മാനേജുമെന്റുകളുടെ പിടിവാശി മൂലം നീതി നിഷേധിക്കപ്പെട്ട അദ്ധ്യാപകരുടെയും മറ്റുള്ളവരുടെയും കൂട്ടായ്മയ്ക്ക് നവജ്യോതി സ്ത്രീ ശക്തി എന്ന പേരിൽ രാജി രൂപം നൽകി.

നവജ്യോതി സ്ത്രീശക്തിയിൽ മൗലാന ബഷീർ രക്ഷാധികാരിയും മെറീന മാത്യു സെക്രട്ടറിയും രാജി ചന്ദ്രൻ പ്രസിഡന്റുമാണ്. ഈ മതേതരത്വ സംഘടന ഇപ്പോൾ ഒമ്പത് വർഷമായി പ്രവർത്തിക്കുന്നു. ഇതിനിടെ നിരവധി അവാർഡുകളും രാജിയെ തേടിയെത്തി. ഇപ്പോഴും നിരന്തരം രാജിയെ അപായപ്പെടുത്താനും അപമാനിക്കാനും എതിരാളികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് തന്നെ തളരാൻ ഒരുക്കമല്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് രാജി പൊരുതുകയാണ്. തനിക്ക് വേണ്ടിയും തന്നെപോലെ അനുവഭിക്കുന്ന സമാനമനസ്‌കർക്കും വേണ്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP