Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രസവിച്ച് കിടക്കുന്ന ഭാര്യയെ കാണാൻ കുടുംബത്തോടൊപ്പം യാത്ര; കുട്ടിയേയും അമ്മയേയും കണ്ടു മടങ്ങുമ്പോൾ അപ്രതീക്ഷിതമായി വെട്ടിച്ച് മാറ്റുന്നതിനിടെ ഓമ്നി വാനിന്റെ മധ്യത്തിൽ ബസ് ഇടിച്ചു; പിന്നിലെ കാറിലിടിച്ച് തിരിയുന്നതിനിടയിൽ വാനിന്റെ പിറകുവശത്തും ബസിടിച്ചു; ആലുങ്ങൽ അലി അക്‌ബറുടേയും നാല് കുടുംബാംഗങ്ങളുടേയും ജീവനെടുത്തത് 'റോഡിലെ കുഴി'; എടവണ്ണയെ കരയിച്ച അപകടം ഇങ്ങനെ

പ്രസവിച്ച് കിടക്കുന്ന ഭാര്യയെ കാണാൻ കുടുംബത്തോടൊപ്പം യാത്ര; കുട്ടിയേയും അമ്മയേയും കണ്ടു മടങ്ങുമ്പോൾ അപ്രതീക്ഷിതമായി വെട്ടിച്ച് മാറ്റുന്നതിനിടെ ഓമ്നി വാനിന്റെ മധ്യത്തിൽ ബസ് ഇടിച്ചു; പിന്നിലെ കാറിലിടിച്ച് തിരിയുന്നതിനിടയിൽ വാനിന്റെ പിറകുവശത്തും ബസിടിച്ചു; ആലുങ്ങൽ അലി അക്‌ബറുടേയും നാല് കുടുംബാംഗങ്ങളുടേയും ജീവനെടുത്തത് 'റോഡിലെ കുഴി'; എടവണ്ണയെ കരയിച്ച അപകടം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മമ്പാട്: സ്വകാര്യബസും ഒമ്നി വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച അപകടത്തിന് കാരണം റോഡിലെ കുഴിയെന്ന് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മമ്പാടിനും എടവണ്ണയ്ക്കുമിടയിലാണ് അപകടമുണ്ടായത്.

മമ്പാട് പൊങ്ങല്ലൂർ ആലുങ്ങൽ മുഹമ്മദിന്റെ മകനും എടവണ്ണ ബസ്സ്റ്റാൻഡിനു സമീപത്തെ ഒറിജിൻ ബേക്കറി ഉടമയുമായ ആലുങ്ങൽ അലി അക്‌ബർ (43), സഹോദരി വണ്ടൂർ തച്ചങ്ങോടൻ ഉസ്മാന്റെ ഭാര്യ നസീറ (29), നസീറയുടെ മകൾ ദിയ (എട്ട്), മറ്റൊരു സഹോദരി ഫൗസിയയുടെയും അബ്ദുൾറഷീദിന്റെയും മകളും ഊർങ്ങാട്ടിരി തെഞ്ചേരി താളിയേരി അൻവർസാദിഖിന്റെ ഭാര്യയുമായ ഷിഫ ആയിഷ (19), സഹോദരൻ നാസറിന്റെ ഭാര്യ ഷിഫ (23) എന്നിവരാണ് മരിച്ചത്.

കുണ്ടുതോട് പലത്തിന് സമീപം നാടിനെ നടുക്കിയ അപകടം. എടവണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവസവിച്ചു കിടക്കുന്ന അലി അക്‌ബറിന്റെ ഭാര്യ നസ്രിനെ സന്ദർശിച്ചു മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. നിലമ്പൂർ ഭാഗത്തു നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബാബു ബസുമായാണ് കൂട്ടിയിടിച്ചത്. കുണ്ടുതോട് പാലം കടന്ന് റോഡിലെ കുഴിവെട്ടിച്ച് മാറ്റുന്നതിനിടെ ഓമ്നി വാനിന്റെ മധ്യത്തിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ പിന്നിലെ കാറിലിടിച്ച് തിരിയുന്നതിനിടയിൽ വാനിന്റെ പിറകുവശത്തും ബസിടിക്കുകയായിരുന്നു. വാൻ നിശേഷം തകർന്നു.

എട്ടുപേർക്കാണ് പരിക്കേറ്റത്. പരിക്കുപറ്റിയവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ജനവാസം കുറഞ്ഞ സ്ഥലത്താണ് അപകടമുണ്ടായത്. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചതെന്ന് ആർക്കും വ്യക്തമല്ല. വാഹനങ്ങൾ കൂട്ടിയിടിക്കുന്ന ശബ്ദംകേട്ട് ഓടിക്കൂടിയവരാണ് പരിക്കുപറ്റിയവരെ പെട്ടെന്നുതന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും നസീറയൊഴികെ നാലുപേരും മരിച്ചിരുന്നു.

വിദഗ്ധചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ നസീറ അവിടെവച്ചാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഒമ്നി വാൻ പാടെ തകർന്നു. വാനിന്റെ മുൻഭാഗം പൊളിച്ചാണ് അലി അക്‌ബറിനെ പുറത്തെടുത്തത്. മുന്നിലുണ്ടായിരുന്ന കാറിന്റെ മുൻവശത്തെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.

അലി അക്‌ബറിന്റെ മാതാവ് ആയിഷ (63), മക്കളായ നജുവ (8), മുഹ്സിന ഷെറിൻ (10), ഷിഫ ആയിഷയുടെ മകൻ റസൽ റെയ്ഹാൻ (മൂന്നുമാസം), മരിച്ച ഷിഫയുടെ മകൾ ശസ ഫാത്തിമ (പത്തുമാസം), സഹോദരി ഫൗസിയ (40), നസീറയുടെ മക്കളായ ഹയ (3), ഹിബ നസ്നി (13) എന്നിവരാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP