Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ടാലും കൊണ്ടാലും പഠിക്കാത്ത പിണറായി പൊലീസ്..! പൊലീസ് സംഘം സഞ്ചരിച്ച കാറിൽ ഇടിച്ചെന്നാരോപിച്ചു ക്രൂരമായി മർദ്ദിച്ച ബൈക്ക് യാത്രക്കാരന്റെ നില ഗുരുതരം; കവിൾ എല്ലിന് പൊട്ടലേറ്റ യുവാവ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ; പൊലീസിന്റെ കാടത്തത്തിനെതിരെ ആലുവയിൽ നാട്ടുകാരുടെ പ്രതിഷേധം ഇരമ്പി; പൊലീസുകാരെ സസ്പെൻഡ് ചെയ്തും കുറ്റക്കാർക്കെതിരെ കേസെടുത്തും ജനരോഷം ശമിപ്പിക്കാൻ തീവ്രശ്രമം

കണ്ടാലും കൊണ്ടാലും പഠിക്കാത്ത പിണറായി പൊലീസ്..! പൊലീസ് സംഘം സഞ്ചരിച്ച കാറിൽ ഇടിച്ചെന്നാരോപിച്ചു ക്രൂരമായി മർദ്ദിച്ച ബൈക്ക് യാത്രക്കാരന്റെ നില ഗുരുതരം; കവിൾ എല്ലിന് പൊട്ടലേറ്റ യുവാവ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ; പൊലീസിന്റെ കാടത്തത്തിനെതിരെ ആലുവയിൽ നാട്ടുകാരുടെ പ്രതിഷേധം ഇരമ്പി; പൊലീസുകാരെ സസ്പെൻഡ് ചെയ്തും കുറ്റക്കാർക്കെതിരെ കേസെടുത്തും ജനരോഷം ശമിപ്പിക്കാൻ തീവ്രശ്രമം

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: പൊലീസ് വകുപ്പിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഇരമ്പുമ്പോൾ തന്നെ പൊതുജനങ്ങളുടെ മെക്കിട്ടു കയറുന്നത് പതിവാക്കിയ പൊലീസുകാർ മുഖ്യമന്ത്രി പിണറായി വിജയന് തലവേദന തീർക്കുന്നു. ആലുവയിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ ക്രൂരമായി മർദ്ദിച്ച പൊലീസ് സംഘം വീണ്ടുമൊരു വിവാദത്തിനാണ് തിരി കൊളുത്തിയത്. പൊലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ജനരോഷം തെരുവുകളിലേക്ക് നീങ്ങിയതോടെ രോഷം ശമിപ്പിക്കാൻ നടപടികളുമായി ഡിജിപി നേരിട്ടിറങ്ങി. സംഭവത്തിൽ ആരോപണ വിധേയരായ നാല് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. പിന്നാലെ ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു.

എടത്തല പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ കേസെടുത്തിട്ടുണട്്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി സംഭവം അന്വേഷിക്കും. സ്റ്റേഷനിലെ റൈറ്ററും എഎസ്ഐയുമായ പുഷ്പരാജ്, പൊലീസ് ഡ്രൈവർ അഫ്‌സൽ, സി.പി.ഒ ജലീൽ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർക്കെതിരെയുമാണ് മർദ്ദനത്തിന് കേസെടുത്തത്. മർദ്ദനം, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇവർക്കെതിരെ നടപടിക്ക് ഡിവൈ.എസ്‌പി പ്രഫുല്ലചന്ദ്രൻ ശുപാർശ നൽകി.

പൊലീസ് സംഘം സഞ്ചരിച്ച കാറിൽ ഇടിച്ചെന്നാരോപിച്ചാണ് ബൈക്ക് യാത്രക്കാരനെ സംഘം മർദ്ദിച്ചത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. യുവാവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വിവിധ സംഘടനകൾ ഒരുമിച്ചാണ് മാർച്ച് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

എടത്തല കുഞ്ചാട്ടുകരയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായ സംഭവം നടന്നത്. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാൻ (39) ഓടിച്ചിരുന്ന ബൈക്കിലാണ് എടത്തല ഗവൺമെന്റ് സ്‌കൂൾ ഗേറ്റിനു മുന്നിൽ വെച്ച് പൊലീസുകാരുടെ കാർ ഇടിച്ചത്. സ്വകാര്യ കാറിൽ മഫ്തിയിലായിരുന്നതിനാൽ പൊലീസുകാരുടെ കാറാണെന്ന് ഉസ്മാനോ വഴിയിലുണ്ടായിരുന്നവർക്കോ മനസ്സിലായിരുന്നില്ല. തർക്കം രൂക്ഷമായപ്പോൾ കാറിലുണ്ടായിരുന്നവർ ഉസ്മാനെ മർദിച്ചശേഷം കാറിൽ കയറ്റിക്കൊണ്ടു പോയി. കാറിലും സ്റ്റേഷനിലെത്തിച്ച് അവിടെ വെച്ചും മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ കവിളെല്ല് പൊട്ടിയിട്ടുണ്ട്.

മർദ്ദനത്തിന് ഇരയാക്കൽ തുടങ്ങിയ മൂന്ന് വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്‌പി ഇവർക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്തു. പൊലീസ് മർദ്ദനമേറ്റ ഉസ്മാനെതിരേയും കേസ് എടുത്തു. സംഭവം അറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ ഉസ്മാനെ സ്റ്റേഷന്റെ മുകളിലത്തെ നിലയിലേക്കു മാറ്റി. പിന്നീട് ആംബുലൻസ് എത്തിച്ച് ആലുവ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി.

പോക്‌സോ കേസിലെ പ്രതിയെ പിടികൂടാനായാണ് മഫ്തിയിൽ കുഞ്ചാട്ടുകരയിലേക്കു പോയതെന്നും പ്രതിയുമായി തിരികേവരുന്ന വഴി ഉസ്മാന്റെ ബൈക്കിൽ മുട്ടിയെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വാക്കുതർക്കത്തിൽ പൊലീസ് ഡ്രൈവർ അഫ്‌സലിനു പരിക്കേറ്റതായും പൊലീസ് പറയുന്നു. അഫ്‌സലിനെയും ആലുവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. നിസാരമായി പരിഹരിക്കാവുന്ന വിഷയം കാറിലുണ്ടായിരുന്ന പൊലീസുകാരുടെ പക്വമല്ലാത്ത ഇടപെടൽ മൂലം വിവാദമാക്കുകയായിരുന്നു. ബൈക്ക് യാത്രികൻ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെങ്കിൽ വാഹന നമ്പർ കുറിച്ചെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കാമായിരുന്നു. ഇതിന് വിരുദ്ധമായി വൈകാരികമായി ഇടപ്പെട്ടതാണ് സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നു.

എടത്തല എസ്‌ഐ ജി. അരുണിന്റേതാണ് അപകടം സൃഷ്ടിച്ച സ്വകാര്യ കാർ. അടുത്തിടെ ചുമതലയേറ്റ എസ്‌ഐ കാറിൽ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. ഉണ്ടായിരുന്നുവെന്നും ഇല്ലെന്നും പറയുന്നുണ്ട്. സംഭവമറിഞ്ഞ് കുഞ്ചാട്ടുകരയിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ എടത്തല പൊലീസ് സ്റ്റേഷനിലെത്തിയതോടെ ഉസ്മാനെ സ്റ്റേഷന്റെ മുകളിലത്തെ നിലയിലേയ്ക്ക് മാറ്റുകയായിരുന്നു. പിന്നീട് ഡിവൈ.എസ്‌പി. കെ.ബി. പ്രഫുലചന്ദ്രൻ സ്റ്റേഷനിലെത്തിയ ശേഷം ഉസ്മാനെ ആലുവ ജില്ല ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ രാത്രി എക്‌സറേ സൗകര്യം ലഭ്യമല്ലാത്തതിനാൽ അർദ്ധരാത്രിയോടെയാണ് രാജഗിരിയിലേക്ക് മാറ്റിയത്.

വിദേശത്തായിരുന്ന ഉസ്മാൻ റംസാൻ നോമ്പുതുറയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. ഇന്നത്തേക്കുള്ള നോമ്പുതുറ വിഭവങ്ങൾ വാങ്ങി വരുന്നതിനിടെയായിരുന്നു പൊലീസിന്റെ കാർ ഇടിച്ചത്. പോക്സോ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പൊലീസ് യൂണിഫോമും വാഹനവും ഒഴിവാക്കണമെന്ന മാർഗനിർദ്ദേശമുള്ളതിനാലാണ് സ്വകാര്യ വാഹനത്തിൽ കാറിൽ സഞ്ചരിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ, ഇരയിൽ നിന്നും മൊഴിയെടുപ്പിക്കുന്നതിനും മറ്റും ബാധകമായ നിർദ്ദേശം പ്രതിയെ പിടികൂടുന്നതിനും പൊലീസ് അനാവശ്യമായി ഉപയോഗിക്കുകയായിരുന്നു. കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് ഉസ്മാനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP