Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാഗ്പൂരിൽ എത്തിയ പ്രണാബ് മുഖർജി ഇന്ന് എന്തായിരിക്കും പറയുക? കോൺഗ്രസ് നേതാക്കൾ ആകാംഷയിൽ തന്നെ; താൻ ബിജെപിയിലേക്ക് പോവുന്നുവെന്ന ആരോപണത്തിൽ ക്ഷുഭിതയായി മുൻ രാഷ്ട്രപതിയുടെ മകളും

നാഗ്പൂരിൽ എത്തിയ പ്രണാബ് മുഖർജി ഇന്ന് എന്തായിരിക്കും പറയുക? കോൺഗ്രസ് നേതാക്കൾ ആകാംഷയിൽ തന്നെ; താൻ ബിജെപിയിലേക്ക് പോവുന്നുവെന്ന ആരോപണത്തിൽ ക്ഷുഭിതയായി മുൻ രാഷ്ട്രപതിയുടെ മകളും

ന്യൂഡൽഹി: നാഗ്പുരിലെ ആർഎസ്എസ് വേദിയിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഇന്നു പ്രസംഗിക്കും. ഇന്നലെ പ്രണബ് നാഗ്പൂരിൽ എത്തി. ആർ എസ് എസ് പരിപാടിയിൽ പ്രണബ് എന്തു പറയുമെന്ന് അറിയാനുള്ള ആകാംഷയിലാണ് കോൺഗ്രസ്. ചടങ്ങിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതാക്കളിൽ പലതും പ്രണബിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും പ്രണബ് വകവച്ചില്ല.

കോൺഗ്രസിൽനിന്നു വിമർശനങ്ങളുയർന്ന സാഹചര്യത്തിൽ വിവാദങ്ങൾക്കുള്ള മറുപടി നാഗ്പുരിൽ പറയാമെന്നു പ്രണബ് പറഞ്ഞിരുന്നു. 'എനിക്കെന്താണോ പറയാനുള്ളത് അതു നാഗ്പുരിൽ പറയും. ഒരുപാടു കത്തുകളും ഫോൺ കോളുകളും വന്നിട്ടുണ്ട്. ഒന്നിനോടും ഇതുവരെ പ്രതികരിച്ചിട്ടില്ല' പ്രണബ് മുഖർജി വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു. ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുക്കുമെന്നും വിഷയത്തിനു രാഷ്ട്രീയ മാനം നൽകേണ്ടതില്ലെന്നും നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു. പ്രണബിന്റെ തീരുമാനത്തിൽ ഔദ്യോഗികമായി പ്രതികരിക്കാനില്ലെന്നു കോൺഗ്രസ് വ്യക്തമാക്കിയെങ്കിലും യോജിച്ചു വിയോജിച്ചും നേതാക്കൾ രംഗത്തു വന്നിരുന്നു.

അതിനിടെ പ്രണബിന്റെ തീരുമാനത്തിൽ എതിർപ്പുമായി അദ്ദേഹത്തിന്റെ മകളും കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജി രംഗത്ത്. തെറ്റായ കഥകളുണ്ടാക്കാൻ ബിജെപിക്കും ആർഎസ്എസിനും അവസരമൊരുക്കുകയാണ് പ്രണബ് മുഖർജി ചെയ്യുന്നതെന്നു മകൾ ട്വിറ്ററിൽ പ്രതികരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഒരുപക്ഷേ മറന്നുപോയേക്കാം, പക്ഷേ ദൃശ്യങ്ങൾ ബാക്കിയുണ്ടാകും. ആ ദൃശ്യങ്ങൾക്കൊപ്പം പ്രണബിന്റേതെന്ന പേരിൽ ആർഎസ്എസ് നുണകൾ പ്രചരിപ്പിക്കുകയും ചെയ്യും. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെക്കുറിച്ച് മുൻ രാഷ്്ട്രപതി മനസിലാക്കുമെന്നാണു പ്രതീക്ഷയെന്നും ശർമിഷ്ഠ ട്വിറ്ററിൽ കുറിച്ചു.

ശർമിഷ്ഠ മുഖർജി ബിജെപിയിൽ ചേരാൻ പോകുകയാണെന്ന രീതിയിലുള്ള പ്രചാരണങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണു പ്രതികരണം. 'ഞാൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്ത ഒരു 'ടോർപിഡോ' വന്നിടിച്ചതു പോലെയാണു കേട്ടത്. കോൺഗ്രസിൽ വിശ്വാസമുള്ളതുകൊണ്ടു മാത്രമാണ് രാഷ്ട്രീയത്തിൽ ഞാൻ ഇറങ്ങിയതു തന്നെ. കോൺഗ്രസ് വിട്ടാൽ അതിനർഥം രാഷ്ട്രീയവും ഉപേക്ഷിച്ചു എന്നാണ്'- ശർമിഷ്ഠ പ്രതികരിച്ചു. ഇത്തരം പ്രചാരണങ്ങൾക്കു പിന്നിൽ ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവരാണെന്നും ശർമിഷ്ഠ തുറന്നടിച്ചു.

2014ൽ കോൺഗ്രസിൽ ചേർന്ന ശർമിഷ്ഠ മഹിളാ കോൺഗ്രസിന്റെ പ്രസിഡന്റും ഡൽഹിയിലെ പാർട്ടിയുടെ കമ്യൂണിക്കേഷൻ വിഭാഗം മേധാവിയുമാണ്. 2015ൽ ഡൽഹി നിയമസഭയിലേക്കു മൽസരിച്ചെങ്കിലും ആം ആദ്മി സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശർമിഷ്ഠയ്ക്ക് സീറ്റ് കൊടുക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. അതിനിടെയാണ് പ്രണബ് ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കുന്നത്. രാഷ്ട്രപതിയായിരുന്ന വേളയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി ഒന്നിലേറെ തവണ പ്രണബ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വിവിധ കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് മന്ത്രിസ്ഥാനത്തുണ്ടായിരുന്ന പ്രണബ് മുഖർജി ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതു പാർട്ടിയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

സ്വയംസേവകർക്കുള്ള പരിശീലനത്തിന്റെ (സംഘ് ശിക്ഷാ വർഗ്) സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണമാണു പ്രണബ് സ്വീകരിച്ചത്. മഹാത്മാ ഗാന്ധി, ജയ്പ്രകാശ് നാരായൺ തുടങ്ങിയവർ ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. 1963ലെ റിപ്പബ്ലിക് ദിന പരേഡിന് ആർഎസ്എസ് പ്രവർത്തകരെ മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ക്ഷണിച്ചിട്ടുണ്ടെന്നും ആർഎസ്എസ് വക്താവ് നരീന്ദർ ഠാക്കുർ പറഞ്ഞു.

നേപ്പാൾ മുൻ കരസേനാ മേധാവി ജനറൽ റൂക്മംഗദ് കട്വാൾ (2017), മുതിർന്ന ബംഗാളി മാധ്യമപ്രവർത്തകൻ രന്ദിദേവ് സെൻഗുപ്ത (2016), കർണാടക ധർമശാസ്താ ക്ഷേത്രം ധർമാധികാരി ഡി.വീരേന്ദ്ര ഹെഗ്‌ഡെ (2015), ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ (2014) തുടങ്ങിയവർ ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP