Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാങ്ക് മാനേജർ ബാങ്ക് കുത്തി തുറക്കുന്നത് കാണുമ്പോൾ സെക്യൂരിറ്റിക്കാരൻ എന്തു ചെയ്യണം എന്ന് കളക്ടർ ബ്രോ ചോദിച്ചത് അൽഫോൻസ് കണ്ണന്താനത്തെ കുറിച്ച് തന്നെയെന്ന് റിപ്പോർട്ടുകൾ; കേന്ദ്രമന്ത്രിയുമായി തെറ്റിയ പ്രശാന്ത് ഐഎഎസിന്റെ ഡെപ്യൂട്ടേഷൻ റദ്ദ് ചെയ്ത് നാട്ടിലേക്ക് അയക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയം നടപടി തുടങ്ങി; ജനകീയ കളക്ടറായി പേരെടുത്ത പ്രശാന്ത് കേരളത്തിലേക്ക് മടങ്ങിയേക്കും

ബാങ്ക് മാനേജർ ബാങ്ക് കുത്തി തുറക്കുന്നത് കാണുമ്പോൾ സെക്യൂരിറ്റിക്കാരൻ എന്തു ചെയ്യണം എന്ന് കളക്ടർ ബ്രോ ചോദിച്ചത് അൽഫോൻസ് കണ്ണന്താനത്തെ കുറിച്ച് തന്നെയെന്ന് റിപ്പോർട്ടുകൾ; കേന്ദ്രമന്ത്രിയുമായി തെറ്റിയ പ്രശാന്ത് ഐഎഎസിന്റെ ഡെപ്യൂട്ടേഷൻ റദ്ദ് ചെയ്ത് നാട്ടിലേക്ക് അയക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയം നടപടി തുടങ്ങി; ജനകീയ കളക്ടറായി പേരെടുത്ത പ്രശാന്ത് കേരളത്തിലേക്ക് മടങ്ങിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പേഴ്‌സണൽ സെക്രട്ടറി സ്ഥാനം കളക്ടർ ബ്രോയെന്ന വിളിപ്പേരുള്ള പ്രശാന്ത് നായർക്ക് നഷ്ടമാകും. ടൂറിസം മന്ത്രിയുമായി പ്രശാന്ത് തെറ്റിയെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പ്രശാന്ത് നടത്തിയ ഒളിയമ്പ് അൽഫോൻസ് കണ്ണന്താനത്തെ ലക്ഷ്യമിട്ടു തന്നെയായിരുന്നുവെന്നാണ് വിലയിരുത്തൽ. ഈ പോസ്റ്റ് വന്നതോടെ തന്നെ പ്രശാന്തിനെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കാൻ കണ്ണന്താനം തീരുമാനിച്ചു. പ്രശാന്തിന്റെ കേന്ദ്ര ഡെപ്യൂട്ടേഷൻ റദ്ദാക്കി കേരളത്തിലേക്ക് അയക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.

ബാങ്ക് മാനേജർ ബാങ്ക് കുത്തി തുറക്കുന്നത് കാണുമ്പോൾ സെക്യൂരിറ്റിക്കാരൻ എന്തു ചെയ്യണം എന്ന ചോദ്യമാണ് രണ്ട് ദിവസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ പ്രശാന്ത് ഉയർത്തിയത്. പ്രശാന്തിന്റെ ഈ കുറിപ്പിൽ എന്തോ ഉണ്ടെന്ന് സോഷ്യൽ മീഡിയയും ചർച്ചയാക്കി. അതിനിടെയാണ് മന്ത്രിയും പ്രശാന്തും ഭിന്നതയിലാണെന്ന സൂചന മറുനാടന് ലഭിച്ചത്. പ്രശാന്തിന് സിനിമയോട് മാത്രമേ താൽപ്പര്യമുള്ളൂവെന്ന വിമർശനമാണ് അൽഫോൻസ് കണ്ണന്താനത്തിനുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ഈ വിഷയത്തിൽ ഇനിയും പ്രതികരിക്കാൻ പ്രശാന്ത് തയ്യാറായിട്ടുമില്ല. പ്രശാന്തിനെ കേരളത്തിലേക്ക് മടക്കി അയയ്ക്കാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതും കണ്ണന്താനം തന്നെയെന്നാണ് മറുനാടന് ലഭിച്ച സൂചന. ഇതോടെ വിഷയത്തിൽ പ്രശാന്ത് നടത്തുന്ന പ്രതികരണം നിർണ്ണായകമാകും. കണ്ണന്താനവുമായി തെറ്റാനുള്ള കാരണം പ്രശാന്ത് തുറന്നു പറയുമോ എന്നതാണ് നിർണ്ണായകം.

നേരത്തെ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ പ്രശാന്തായിരുന്നു പ്രൈവറ്റ് സെക്രട്ടറി. പൊലീസിനെ കാര്യക്ഷമമായി മുന്നോട്ട് കൊണ്ട് പോയത് പ്രശാന്തായിരുന്നു. അഴിമതിക്കാരനല്ലാത്ത ഉദ്യോഗസ്ഥൻ തുടക്കത്തിൽ ഓഫീസിലുണ്ടായിരുന്നതിന്റെ ഗുണം രമേശ് ചെന്നിത്തലയ്ക്ക് കിട്ടുകയും ചെയ്തു. അവിടെ നിന്നാണ് കോഴിക്കോട് കളക്ടറായി പ്രശാന്ത് എത്തിയും സോഷ്യൽ മീഡിയയുടെ കളക്ടർ ബ്രോയയതും. നേരത്തെ കെടിഡിസിയുടെ എംഡിയായും പ്രശാന്ത് പ്രവർത്തിച്ചിരുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് ക്ലീൻ ഇമേജുള്ള പ്രശാന്തിനെ കണ്ണന്താനും ഡൽഹിയിലെത്തിച്ച് പേഴ്‌സണൽ സെക്രട്ടറിയാക്കിയത്. ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രശാന്തും ഡൽഹിക്ക് വിമാനം കയറിയത്. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ ഈ ബന്ധത്തിൽ വിള്ളലുണ്ടായെന്നാണ് സൂചന.

പ്രശാന്ത് സോഷ്യൽ മീഡിയയിൽ തുറന്നെഴുതുന്നതിന് പലതിനും പല അർത്ഥമുണ്ടായിരുന്നു. അതിൽ പലതും ഒളിച്ചിരിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രശാന്തിന്റെ ഏറ്റവും പുതിയ പോസ്റ്റും ചർച്ചയാകുന്നത്.

പോസ്റ്റ് ഇങ്ങനെയാണ്

ഒരു ഡിറ്റക്റ്റീവ് കഥ എഴുതുകുയായിരുന്നു. ഒരു ബാങ്ക് മാനേജർ ബാങ്കിലെ ലോക്കർ കുത്തിപ്പൊട്ടിക്കുന്നത് അവിടത്തെ സെക്യൂരിറ്റിക്കാരൻ കണാൻ ഇടവന്നു. കഥയിൽ ഇനിയെന്ത് സംഭവിക്കും:

1) ബാങ്ക് മാനേജർ ചമ്മൽ മാറ്റാൻ ഷോഡ കുടിക്കും.
2) സെക്യൂരിറ്റിക്കാരനെ പിരിച്ച് വിടും.
3)ബാങ്ക് മനേജർ തെറ്റ് തിരുത്തും. നന്നാവും.
4)മാനേജറും സെക്യൂരിറ്റിയും പങ്കാളികളാവും.
5)സെക്യൂരിറ്റിക്കാരൻ സ്വയം പിരിഞ്ഞ് പോകും.
ഇതിലേതാ ഹീറോയിസം?

പ്രശാന്തിന്റെ ഈ കുറിപ്പിൽ എന്തോ ഉണ്ടെന്ന് സോഷ്യൽ മീഡിയയും തിരിച്ചറിഞ്ഞിരുന്നു. CCTV കാമറ വച്ച ആളെ കേരള പൊലിസ് പിടിച്ച് അകത്താക്കും. ബാക്കി എല്ലാരും ക്ലീനായി പുറത്തുമാകുമെന്നാണ് രസകരമായ ഒരു കമന്റ്. സത്യം പുറത്തു പറഞ്ഞാൽ ഒറ്റപ്പെടുത്തുമെന്ന സൂചനയാണ് ഇതിലുള്ളത്. യഥാ സമയം കുറ്റകൃത്യം അറിയിക്കാൻ വൈകിയാൽ പ്രതിയാണേ..... മറക്കണ്ട.....-തിയേറ്റർ പീഡനത്തെ ഓർമിപ്പിച്ച് തിയേറ്റർ ഉടമയുടെ അറസ്റ്റുമായി ബന്ധിപ്പിച്ച് മറ്റൊരു കമന്റ്. കഥയിൽ ഇനിയെന്ത് സംഭവിക്കും എന്ന പോസ്റ്റിനും മുമ്പും സമാന രീതിയിൽ കുറിപ്പ് ഫെയ്സ് ബുക്കിൽ പ്രശാന്ത് ഇട്ടിരുന്നു. അതിലും ചില ഒളിയമ്പുകൾ ഉണ്ടായിരുന്നു. ഇതിൽ അത്ഭുതം കൂറി ഇരിക്കുമ്പോഴാണ് കൂടുതൽ വിശദീകരണം ഒളിപ്പിച്ച് പുതിയ പോസ്റ്റ് എത്തിയത്.

രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ കണ്ടിട്ടുണ്ട്, ബ്യൂറോക്രസിയിലെയും കണ്ടിട്ടുണ്ട്. രണ്ട് നാണയങ്ങളും ഇട്ട് വെച്ച പണച്ചാക്കുകളെയും കണ്ടിട്ടുണ്ട്. നാണയങ്ങളെ അടുത്ത് കണ്ടാലേ ശരിക്കും തിരിച്ചറിയാൻ പറ്റൂ. സഫറോം കീ സിന്ദഗി ജൊ കഭി ഖതം നഹി ഹോതീ.-എന്നായിരുന്നു ആദ്യ പോസ്റ്റ്. ഐഎഎസുകാരനായിരുന്ന രാഷ്ട്രീയക്കാരനാണ് കണ്ണന്താനം. രാഷ്ട്രയവും ബ്യൂറോക്രസിയും ചേരുന്ന വ്യക്തിത്വം. അതുകൊണ്ട് തന്നെ പ്രശാന്തിന്റെ പോസ്റ്റുകൾ മന്ത്രിയെ ഉന്നംവച്ചുള്ളതാണെന്ന വിലയിരുത്തൽ നേരത്തെ തന്നെ സജീവമായിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് പ്രശാന്തിനെ ഒഴിവാക്കാൻ കണ്ണന്താനം ഒരുങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം.

കോഴിക്കോട് ജില്ലയുടെ മുൻ കളക്ടർ ആയിരിക്കെ സാധാരണ ഒരു ജില്ല കളക്ടർ എന്നതിൽ നിന്നും മാറി പലവിധത്തിലുള്ള ജനോപകാരപ്രദമായ നൂതന പരിപാടികളും നടപ്പിലാക്കിയാണ് പ്രശാന്ത് ശ്രദ്ധേയനായത്. സോഷ്യൽ മീഡിയയുടെ സാധ്യത പൂർണ്ണമായും ഉപയോഗിച്ചു. റോഡുകളിലെ കുഴിയടയ്ക്കാൻ സ്പോൺസർമാരെ തേടുന്ന നമുക്ക് നിരത്താം നമ്മുടെ നിരത്ത് എന്ന പദ്ധതിയും വിശക്കുന്നവർക്കു ഭക്ഷണം നൽകാനുള്ള പദ്ധതിയായ ഓപ്പറേഷൻ സുലൈമാനിയും വിദ്യാർത്ഥികളുടേ യാത്രാസൗകര്യം വർദ്ധിപ്പിക്കാനുള്ള സവാരി ഗിരിഗിരിയും യാത്രക്കാർക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഓട്ടോ റിക്ഷ കണ്ടുപിടിക്കുന്നതിനുള്ള ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ആയ എയ് ഓട്ടൊയും പൊതുനിരത്തിൽ മൂത്രമൊഴിക്കുന്നവരുടെ ചിത്രം ഏടുത്ത് കളക്ടർക്ക് അയച്ചുകൊടുക്കുന്ന പരിപാടിയായ ത്രിമൂത്രി ഫോട്ടോ കണ്ടസ്റ്റും, കോഴിക്കോടിനെപ്പറ്റി അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി കോഴിപീഡിയ എന്ന വിജ്ഞാനകോശപദ്ധതിയും ശ്രദ്ധേയമായി.

പിണറായി അധികാരത്തിലെത്തി ഏറെ നാൾ കഴിയും മുമ്പേ സ്ഥാനം പോയി. പിന്നെ നീണ്ട അവധിക്കാലം. അതിന് ശേഷമാണ് മുൻ ഐഎഎസുകാരൻ കൂടിയായ അൽഫോൻസ് കണ്ണന്താനം പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു നിയമനം. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് പ്രശാന്തിനെ ഒഴിവാക്കിയാൽ അദ്ദേഹത്തിന് ഇനിയെന്ത് സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. പിണറായി സർക്കാർ പ്രശാന്തിന് എന്ത് ഉത്തരവാദിത്തം നൽകുമെന്നതാണ് ഇതിൽ പ്രധാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP