Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വോട്ടു ചെയ്യാതിരിക്കുന്നതിനെ കുറിച്ച് ആലോചിച്ച് യുവ എംഎൽഎമാർ; യൂത്ത് കോൺഗ്രസിലും കെ എസ് യുവിലും പൊട്ടിത്തെറി; സോഷ്യൽ മീഡിയയിലെങ്ങും കോൺഗ്രസ് പ്രവർത്തകരുടെ ആത്മരോഷം ആണപൊട്ടിയൊഴുകുന്നു; കോൺഗ്രസ് ഉപേക്ഷിക്കാൻ ആലോചിച്ച് സാധാരണ പ്രവർത്തകർ; മാണിയുടെ മുമ്പിൽ അടിയറവ് പറഞ്ഞ നേതാക്കൾക്കെതിരെ എങ്ങും പ്രതിഷേധം; അവസരം മുതലാക്കാൻ രാജ്യസഭയിലേക്ക് അധിക സ്ഥാനാർത്ഥിയെ നിർത്താൻ ഇടതിൽ ആലോചന

വോട്ടു ചെയ്യാതിരിക്കുന്നതിനെ കുറിച്ച് ആലോചിച്ച് യുവ എംഎൽഎമാർ; യൂത്ത് കോൺഗ്രസിലും കെ എസ് യുവിലും പൊട്ടിത്തെറി; സോഷ്യൽ മീഡിയയിലെങ്ങും കോൺഗ്രസ് പ്രവർത്തകരുടെ ആത്മരോഷം ആണപൊട്ടിയൊഴുകുന്നു; കോൺഗ്രസ് ഉപേക്ഷിക്കാൻ ആലോചിച്ച് സാധാരണ പ്രവർത്തകർ; മാണിയുടെ മുമ്പിൽ അടിയറവ് പറഞ്ഞ നേതാക്കൾക്കെതിരെ എങ്ങും പ്രതിഷേധം; അവസരം മുതലാക്കാൻ രാജ്യസഭയിലേക്ക് അധിക സ്ഥാനാർത്ഥിയെ നിർത്താൻ ഇടതിൽ ആലോചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യു.ഡി.എഫിൽ നിന്ന് വിട്ടുപോയ കേരളാ കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിനെതിരെ കോൺഗ്രസിൽ പൊട്ടിത്തെറി ശക്തമാകുമ്പോൾ പ്രതിസന്ധി രൂക്ഷമാക്കാൻ ഇടതു പക്ഷവും എത്തിയേക്കും. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നാല് സ്ഥാനാർത്ഥികളെ അവർ മത്സരിപ്പിക്കാൻ സാധ്യത. നിലവിലെ നിയമസഭയിലെ അംഗബലം വച്ച് ഇടതുപക്ഷത്തിന് രണ്ടും യുഡിഎഫിന് ഒരാളേയും വിജയിപ്പിക്കാം. എന്നാൽ കോൺഗ്രസിലെ യുവ എംഎൽഎമാരുടെ എതിർപ്പ് തിരിച്ചറിഞ്ഞ് മൂന്ന് സീറ്റിനായി നാല് പേർ മത്സരിക്കുന്ന അവസ്ഥയുണ്ടാക്കാനാണ് ഇടതുപക്ഷത്തെ ആലോചന. ഇതോടെ എംഎൽഎമാർ മറുകണ്ടം ചാടുമോ എന്ന് പരീക്ഷിക്കാനാണ് സിപിഎം നീക്കം. മാണിയുടെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ലെന്ന ശക്തമായ നിലപാട് ആറ് യുവ എംഎൽഎമാർ എടുക്കുന്നതാണ് ഇതിന് കാരണം.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒത്തുകളിച്ച് സീറ്റ് കേരളാ കോൺഗ്രസിന് കാഴ്ച വച്ചുവെന്നാണ് ആരോപണം. പിജെ കുര്യന് സീറ്റ് കിട്ടാതിരിക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ നീക്കമാണ് ഇതെന്നും വിമർശനം ഉയർന്നു കഴിഞ്ഞു. കോൺഗ്രസിന് അർഹതപ്പെട്ടത് എന്തിന് മാണിക്ക് കൊടുത്തുവെന്നതാണ് പ്രശ്‌നം. ഇതോടെ പ്രതിഷേധവുമായി യുവ എംഎ‍ൽഎമാർ രംഗത്തെത്തി. ഇതിൽ പ്രതിഷേധിച്ച് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. യുവ എംഎ‍ൽഎമാർ വോട്ടെടുപ്പിൽ നിന്നും വിട്ടു നൽക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി തെരുവിലിറങ്ങി. അതിനിടെ ആറ് യുവ എംഎൽഎമാർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. വിടി ബൽറാമും ഹൈബി ഈഡനും റോജി എം ജോണും കെഎസ് ശബരിനാഥനും ഷാഫി പറമ്പിലും അനിൽ അക്കരയുമാണ് പരസ്യമായി എതിർപ്പറിച്ച കോൺഗ്രസ് എംഎൽഎമാർ.

ഇവർ മാണിയുടെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പ് ഉണ്ടാക്കാൻ ഒരാളെ അധികമായി മത്സരിപ്പിക്കാൻ ഇടത് ആലോചന. സീറ്റ് യുഡിഎഫ് ഘടകകക്ഷി പോലും അല്ലാത്ത കേരള കോൺഗ്രസ് എമ്മിന് നൽകിയ നിലപാടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സാധാരണ പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് തീരുമാനം. വഞ്ചനാപരമായ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന നിലപാടിലാണ് വിടി ബൽറാം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ കോൺഗ്രസിൽ നിറഞ്ഞു നിന്ന വികാരത്തിന് വിരുദ്ധമായിട്ടാണ് രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന് നൽകുവാൻ എടുത്തിട്ടുള്ള തീരുമാനം. ഈ തീരുമാനം പാർട്ടി പ്രവർത്തകരുടെ ആത്മാഭിമാനത്തെ അടിയറവു വയ്ക്കുന്നതാണ്, ആത്മഹത്യാപരമാണ്. ഉപതിരഞ്ഞെടുപ്പിൽ ഏൽക്കേണ്ടി വന്ന കനത്ത പ്രഹരത്തിൽ നിന്ന് ഒന്നും നമ്മുടെ നേതാക്കന്മാർ പാഠം പഠിച്ചില്ല എന്ന് വേണം കരുതാമെന്ന് ഹൈബി ഈഡൻ പറയുന്നു.

യാതൊരു നിലപാടും ഇല്ലാതെ എല്ലാവരെയും പ്രീണിപ്പിക്കാൻ നടത്തുന്ന ഇത്തരം തീരുമാനങ്ങളാണ് പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചത്. പ്രസ്ഥാനത്തിന്റെയും നേതാക്കളുടെയും മുഖം നഷ്ടപ്പെടുത്തുന്ന ഈ തീരുമാനത്തോട് കടുത്ത അമർഷം പ്രകടിപ്പിക്കാതെ വയ്യ. ചില പാർട്ടികൾക്കും വ്യക്തികൾക്കും വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാണ് തീരുമാനമെടുക്കേണ്ടത്. ഇനിയെങ്കിലും നേതാക്കൾ ഇക്കാര്യം മനസ്സിലാക്കിയില്ലെങ്കിൽ, പ്രവർത്തകർ വഴിയിൽ ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ലെന്നും ഹൈബി ഈഡൻ വിശദീകരിച്ചു. മുന്നണി രാഷ്ട്രീയത്തിലെ സമ്മർദങ്ങൾ മനസ്സിലാവാത്ത സങ്കുചിത ചിന്താഗതിക്കാരനല്ല. രാജ്യസഭാ സീറ്റിലെ അഭിപ്രായം ഫേസ്‌ബുക്കിൽ കുറിച്ചതൊഴിവാക്കിയാൽ സാധാരണയായി പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് പറയാറുമില്ല. പക്ഷെ ഇപ്പോ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാർത്തകൾ ആശാവഹമല്ലെന്ന് ഷാഫി പറമ്പിലും തുറന്നടിച്ചു. കെപിസിസി സെക്രട്ടറി കെ. ജയന്ത് ഫേസ്‌ബുക്കിലൂടെ രാജി അറിയിച്ചു.

കെഎസ്‌യു ജില്ലാ കമ്മിറ്റി ഒന്നടങ്കം രാജിവയ്ക്കാൻ തീരുമാനിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതാക്കളും രാജി അറിയിച്ചു. ഇവരെല്ലാവരും ചേർന്ന് നഗരത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്. തീരുമാനത്തിൽ പ്രതിഷേധിച്ചു കണ്ണൂർ ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചതായി കെ.കെ.സുരേഷ്‌കുമാർ അറിയിച്ചു. കേരള കോൺഗ്രസിനു സീറ്റ് കൊടുക്കുന്ന തീരുമാനത്തിനു പിന്നാലെ 'പരമപുച്ഛം' എന്നു മാത്രം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടാണു യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പ്രതിഷേധിച്ചത്. വി എം സുധീരനും രാജ് മോഹൻ ഉണ്ണിത്താനും അജയ് തറയിലുമെല്ലാം അതിശക്തമായ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പുണ്ടായാൽ യുഡിഎഫിന് ആരേയും ജയിപ്പിക്കാനാവാത്ത സ്ഥിതി ഉണ്ടാകാനിടയുള്ളത്. യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് പ്രതിനിധി മത്സരിക്കുമ്പോൾ കോൺഗ്രസിന്റെ മുഴുവൻ എംഎൽഎമാരുടെ വോട്ടും ആവശ്യമുണ്ട്. നേരത്തെ, പി.ജെ.കുര്യനാണു സ്ഥാനാർത്ഥിയെങ്കിൽ താൻ വോട്ടു ചെയ്യില്ലെന്ന് അനിൽ അക്കര തുറന്നടിച്ചിരുന്നു. ഇപ്പോൾ കോൺഗ്രസിനു തന്നെ സീറ്റ് കിട്ടാത്ത സാഹചര്യമാണു സംജാതമായത്.

ഈ സാഹചര്യത്തിൽ സിപിഎം നിലപാട് നിർണ്ണായകമാണ്. നാലാമത്തെ സ്ഥാനാർത്ഥിയെ സിപിഎം നിർത്താൻ തീരുമാനിച്ചാൽ സിപിഐയുെ അതിനെ പിന്തുണയ്ക്കും. ആദ്യ ഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പ്രതിഷേധം ഇപ്പോൾ തെരുവിലേക്കും നീണ്ടിരിക്കുകയാണ്. പലയിടത്തും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് , കെ.എസ്.യു പ്രവർത്തകർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ് എം.എം.ഹസന്റെയും കോലം കത്തിച്ചു. രാജ്യസഭാ സീറ്റും കോട്ടയം ലോക്‌സസഭാ മണ്ഡലവും അടിയറ വച്ച് കേരള കോൺഗ്രസിനെ മുന്നണിയിലേയ്ക്കു തിരിച്ചെത്തിക്കാനുള്ള അപ്രതീക്ഷിത നീക്കം കോട്ടയം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെയാണ് ഏറെ കുടുക്കിയത്. കെ.എം മാണിക്കും മകനുമെതിരെ അതിരൂക്ഷമായ ഭാഷയിൽ ഡി.സി.സി നേതൃത്വം പാസാക്കിയ പ്രമേയത്തിന്റെ ചൂടാറും മുൻപേയാണ് സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ ഒത്താശയിൽ കേന്ദ്രത്തിൽ നിന്ന് ഈ തീരുമാനം വന്നിരിക്കുന്നത്. ചതിയിലൂടെ ജില്ലാ പഞ്ചായത്ത് ഭരണം തട്ടിയെടുത്ത കേരള കോൺഗ്രസിനെ ഇനി അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ.

കോൺഗ്രസിലെ ധാരണ അനുസരിച്ച് ഒരു വർഷം മുൻപ് ജോഷി ഫിലിപ്പ് രാജി വച്ചതോടെയാണ് സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് എം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം പിടിച്ചത്. മാണി സംസ്ഥാനത്ത് ഒരു മുന്നണിയുടെയും ഭാഗമല്ലാതെ നിൽക്കുമ്പോഴായിരുന്നു ഇത് . ഇതേ തുടർന്നു ജില്ലയിൽ കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ അകൽച്ച ശക്തമായി. പിന്നീട് നടന്ന ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ ഇരുപാർട്ടികളും നേർക്കുനേർ മത്സരിച്ചു. പലയിടത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം തന്നെ യു.ഡി.എഫിനു നഷ്ടമായി. ഈ വിഷയങ്ങളെല്ലാം അതുപോലെ നിലനിൽക്കുമ്പോഴാണ് മാണിയെ വീണ്ടും സ്ഥാനമാനങ്ങൾ കൊടുത്ത് ആദരിക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമം കോൺഗ്രസിനെ തകർക്കലാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും അണികൾ പറയുന്നു.

നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട് രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിനു നൽകിയ തീരുമാനത്തിനെതിരെ അബിൻ രാഹുൽ ഗാന്ധിക്ക് പരാതി നൽകി. കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്ത തീരുമാണിതെന്നും പാലായിലേയും പാണക്കാട്ടെയും വീട്ടിൽ അടുക്കള പണി ചെയ്യുന്നതാണ് ഇതിനേക്കാൾ നല്ലതെന്നും
അബിൻ തുറന്നടിച്ചു. മാണി അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണെന്നും തീരുമാനം ആത്മാഹത്യാപരമെന്നും അബിൻ വ്യക്തമാക്കി. ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾക്കെതിരെ പരസ്യ വിമർശനമാണ് കോൺഗ്രസ് പാർട്ടിയിൽ ഉയരുന്നത്.

കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകിയതായി അറിയിച്ചത്. ജോസ് കെ. മാണി എംപിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. മുസ്ലിം ലീഗിന്റെ സമ്മർദ്ദഫലമായാണ് രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് വിട്ട് നൽകിയത്. കേരള കോൺഗ്രസിന് വേണ്ടി പി.കെ കുഞ്ഞാലിക്കുട്ടി ആദ്യന്തം സമ്മർദ്ദം ചെലുത്തി. മുന്നണി സംവിധാനത്തിന്റെ നിലനിൽപ്പിന് വേണ്ടി കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് മുസ്ലിം ആവശ്യപ്പെട്ടു. യു.ഡി.എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരള കോൺഗ്രസിന്റെ മടങ്ങി വരവ് യോഗത്തിൽ ചർച്ചയാകും.

രണ്ട് സീറ്റ് ഒഴിവു വരുമ്പോഴാണ് ഒന്ന് ഘടകകക്ഷിക്ക് നൽകുന്നതെന്ന് കോൺഗ്രസ് നേതാക്കൾ വാദിച്ചുവെങ്കിലും ലീഗും മാണിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. എംപി വീരേന്ദ്ര കുമാർ കൂടി മുന്നണി വിട്ട സാഹചര്യത്തിൽ മാണിയെ തിരിച്ചു കൊണ്ടുവരാൻ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടിലാണ് ലീഗ്. കോൺഗ്രസ് കടുംപിടുംത്തം തുടർന്നാൽ ഭാവിയിൽ തങ്ങൾ പോലും ഒപ്പമുണ്ടാകില്ലെന്ന സൂചനയും കുഞ്ഞാലിക്കുട്ടി നൽകിയതായാണ് റിപ്പോർട്ടുകൾ. ഒടുവിൽ കോൺഗ്രസ് നേതൃത്വം വഴങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP