Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തനാപുരത്തെ ശത്രുക്കളെ ഒരുമിപ്പിക്കുന്ന നയതന്ത്രം; ഇന്ദ്രൻസിന്റെ ജനകീയത മുതൽകൂട്ടാക്കുന്ന കുശാഗ്ര ബുദ്ധി; ഹണി റോസിനും രചനാ നാരായണൻകുട്ടിക്കും മുത്തുമണിക്കും അംഗീകാരം നൽകിയ കുശലത; 'അമ്മ'യെ എതിരില്ലാതെ നയിക്കാനൊരുങ്ങി മോഹൻലാൽ; ഗണേശ് വൈസ് പ്രസിഡന്റും ജഗദീഷ് ട്രഷററും; ദിലീപിന്റെ അതിവിശ്വസ്തരായ മുകേഷും സിദ്ദിഖും ഭാരവാഹികൾ; ജനറൽ സെക്രട്ടറി ഇടവേള ബാബുവും; മമ്മൂട്ടി ഇനി ഉപദേശകൻ; താരസംഘടനയിൽ ഇനി പൃഥ്വിരാജിന് റോളില്ല

പത്തനാപുരത്തെ ശത്രുക്കളെ ഒരുമിപ്പിക്കുന്ന നയതന്ത്രം; ഇന്ദ്രൻസിന്റെ ജനകീയത മുതൽകൂട്ടാക്കുന്ന കുശാഗ്ര ബുദ്ധി; ഹണി റോസിനും രചനാ നാരായണൻകുട്ടിക്കും മുത്തുമണിക്കും അംഗീകാരം നൽകിയ കുശലത; 'അമ്മ'യെ എതിരില്ലാതെ നയിക്കാനൊരുങ്ങി മോഹൻലാൽ; ഗണേശ് വൈസ് പ്രസിഡന്റും ജഗദീഷ് ട്രഷററും; ദിലീപിന്റെ അതിവിശ്വസ്തരായ മുകേഷും സിദ്ദിഖും ഭാരവാഹികൾ; ജനറൽ സെക്രട്ടറി ഇടവേള ബാബുവും; മമ്മൂട്ടി ഇനി ഉപദേശകൻ;  താരസംഘടനയിൽ ഇനി പൃഥ്വിരാജിന് റോളില്ല

ആവണി ഗോപാൽ

കൊച്ചി: മലയാള സിനിമയിൽ വീണ്ടും മോഹൻലാൽ മാജിക്ക്. ശത്രുക്കളെ എല്ലാം ഒരുമിപ്പിച്ച് 'അമ്മ'യിൽ പുതിയ നേതൃത്വം. സിനിമയ്ക്കുള്ളിൽ ചേരികളില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഇടപെടലുകൾ. അമ്മയുടെ എക്‌സിക്യൂട്ടിവിലേക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ഇന്ദ്രൻസിന് പോലും സ്ഥാനം നൽകുകയാണ് മോഹൻലാൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് പരസ്പരം പോരടിച്ചവരാണ് കെബി ഗണേശ് കുമാറും ജഗദീഷും. പ്രചരണത്തിന്റെ അവസാനനാളിൽ പത്തനാപുരത്ത് എത്തി ഗണേശിന് വേണ്ടി മോഹൻ ലാൽ വോട്ടും ചോദിച്ചു. ഇതോടെ വിജയം ഗണേശ് ഉറപ്പിച്ചു. ജഗദീഷ് പരസ്യമായി വിമർശനവുമായി മോഹൻലാലിനെതിരെ തിരിഞ്ഞു. മോഹൻലാൽ അമ്മയുടെ അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുപ്പുമ്പോൾ ആ ഭരണ സമിതിയിൽ ജഗദീഷും ഉണ്ട്. അതിനിർണ്ണായകമായ ട്രഷറർ സ്ഥാനമാണ് ജഗദീഷിന്. ദിലീപിന്റെ ഭാരവാഹിത്വമാണ് ജഗദീഷിന് ലാൽ നൽകുന്നത്.

നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞപ്പോൾ മോഹൻലാലിൻഖെ മത്സരിക്കാനില്ലെന്നാണ് അമ്മയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നോമിനേഷൻ കൊടുക്കേണ്ട അവസാന തിയതി ഇന്നലെയായിരുന്നു. കെ.ബി ഗണേശ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരാകും. ഇവർ രണ്ടു പേരും ഇടതുപക്ഷ പിന്തുണയോടെ ജയിച്ച എംഎൽഎമാരാണെന്നത് ശ്രദ്ധേയം. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും എത്തും. ട്രഷറർ സ്ഥാനത്തേക്ക് ജഗദീഷും. നേരത്തെ ദിലീപിന് വേണ്ടി ജഗദീഷ് ഒഴിഞ്ഞു കൊടുത്തതാണ് ഈ സ്ഥാനം. എക്‌സിക്യൂട്ടീവിനേയും എതിരില്ലാതെ തെരഞ്ഞെടുക്കാൻ അമ്മയ്ക്ക് കഴിഞ്ഞുവെന്നാണ് സൂചന. മോഹൻലാലിന്റെ നിരന്തര ഇടപെടലാണ് മത്സരം ഒഴിവാക്കുന്നത്.

ആസിഫലി, ബാബുരാജ്, ഇന്ദ്രൻസ്, ഹണിറോസ്, രചനാ രാമൻകുട്ടി, മുത്തുമണി, ശ്വേത, അജു വർഗ്ഗീസ് എന്നിവരും എക്‌സിക്യൂട്ടീവിലുണ്ടെന്നാണ് സൂചന. സിപിഎം നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് മുകേഷ് ഭാരവാഹിയാകുന്നത്. മോഹൻലാലിന്റെ ആവശ്യ പ്രകാരം മമ്മൂട്ടിയാണ് മുകേഷിനെ ഭാരവാഹിയാക്കുന്നതിനുള്ള സമ്മതം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നേടിയത്. അമ്മയുടെ ഭാരവാഹിത്വം മമ്മൂട്ടി ഒഴിയുകയാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അമ്മയുടെ രൂപീകരണം മുതൽ ഭരണത്തിൽ മമ്മൂട്ടി സജീവമായി ഇടപെട്ടിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടിയുടെ നേതൃത്വത്തിലെ അവൈലബിൾ എക്‌സിക്യൂട്ടീവായിരുന്നു. ഇത് വിമർശനത്തിന് വഴി വച്ചു. ഇതോടെ താൻ ഇനി നേതൃത്വത്തിലേക്കില്ലെന്ന് മമ്മൂട്ടി പ്രഖ്യാപിച്ചിരുന്നു.

അമ്മയുടെ എക്‌സിക്യൂട്ടീവിൽ പൃഥ്വിരാജും രമ്യാ നമ്പീശനും ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഇരുവരും ദിലീപിനെതിരെ നിലപാട് എടുത്തു. ഇവരെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കുകയാണ് മോഹൻലാൽ. ദിലീപിന്റെ മനസ്സ് കൂടി അറിഞ്ഞാണ് ഈ തീരുമാനം. അമ്മയ്ക്കുള്ളിൽ ദിലീപിനെ പിന്തുണയ്ക്കുന്നവർ ഏറെയാണ്. പൃഥ്വിയും രമ്യയും ഭാരവാഹികളാകാൻ ശ്രമിച്ചാൽ തോൽപ്പിക്കുമെന്ന മുന്നറിയിപ്പ് ദിലീപ് പക്ഷം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പൃഥ്വിയെ ഒഴിവാക്കിയത്. മത്സരിച്ചാലും ജയിക്കാനുള്ള പിന്തുണ പൃഥ്വിക്ക് കിട്ടില്ലെന്ന വിലയിരുത്തലും ഇതിന് കാരണമായി. ദിലീപിന് താൽപ്പര്യമുള്ള പേരുകാരാണ് എക്‌സിക്യൂട്ടീവിലെ ബഹുഭൂരിഭാഗവും. ആസിഫലി മാത്രമാണ് ഇതിനൊരു അപവാദം. എല്ലാ വിഭാഗത്തിന്റേയും മനസ്സ് തിരിച്ചറിഞ്ഞ് ഭാരവാഹികളെ കണ്ടെത്തിയതും ലാൽ തന്നെയാണ്.

നടിയെ ആക്രമിച്ച വിവാദത്തിൽ ദിലീപിന് പൂർണ്ണ പിന്തുണ കൊടുത്തവരാണ് ഗണേശും മുകേഷും സിദ്ദിഖും. ജഗദീഷും ദിലീപിനൊപ്പമാണ് നിന്നത്. ഈ സാഹചര്യത്തിലാണ് ഇവരെല്ലാം ഭാരവാഹികളായതെന്ന വാദം സജീവമാണ്. ഇടവേള ബാബുവാകട്ടെ മോഹൻലാലിന്റെ അതിവിശ്വസ്തനായിരുന്നു. അമ്മയുടെ സെക്രട്ടറി എന്ന നിലയിൽ കാര്യങ്ങൾ നോക്കി നടത്തിയിരുന്നതും ഇടവേള ബാബുവായിരുന്നു. കഴിഞ്ഞ ഭരണ സമിതിയിൽ മമ്മൂട്ടിയായിരുന്നു ജനറൽ സെക്രട്ടറി. മമ്മൂട്ടി വിട്ടു നിൽക്കുമ്പോൾ ഇടവേള ബാബുവിനാണ് കൂടുതൽ സാധ്യതയെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിപുന്നു. ചിലർ എതിർപ്പുയർത്തിയെങ്കിലും നിലവിലെ സാഹചര്യത്തിൽ ഭിന്നതയുണ്ടാക്കരുതെന്ന് മോഹൻലാൽ ആവശ്യപ്പെട്ടു. മഴവിൽ അമ്മയുടെ ഷോയ്ക്കിടെയാണ് ഭാരവാഹികളെ അമ്മ നിശ്ചയിച്ചത്.

17 വർഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റ് ഒഴിയുന്നതോടെ ഇതേ സ്ഥാനത്തേക്ക് ആരു വരുമെന്ന ചർച്ചകൾ കുറച്ചു ദിവസങ്ങളായി സജീവമായിരുന്നു. എല്ലാ തലമുറയിലുംപെട്ട താരങ്ങൾക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹൻലാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടു വരാൻ ഇന്നസെന്റിനെ പ്രേരിപ്പിച്ചത്. ഇപ്പോൾ ഓസ്‌ട്രേലിയയിലുള്ള മോഹൻലാൽ ജനറൽ ബോഡി യോഗത്തിനു മുമ്പായി നാട്ടിൽ തിരിച്ചെത്തും. നടിയെ ആക്രമിച്ച സംഭവത്തിനു ശേഷമുണ്ടായ ചില വഴിത്തിരിവുകളും സിനിമയിലെ വനിതാ സംഘടനയുടെ രൂപീകരണവും അമ്മ നേതൃമാറ്റത്തെ സ്വാധീനിച്ചിരുന്നു.

യുവതലമുറയ്ക്ക് മൊത്തമായി സംഘടനയുടെ ഭാരവാഹിത്തം കൈമാറാൻ മോഹൻലാലും മമ്മൂട്ടിയും തയ്യാറായി. ഇതിനെതിരെ ദിലീപ് പക്ഷം രംഗത്തെത്തി. സംഘടന പിളരുമെന്ന അവസ്ഥയിലുമെത്തി. ഇതോടെയാണ് മോഹൻലാലിനോട് നേതൃത്വം ഏറ്റെടുക്കാൻ മമ്മൂട്ടി നിർദ്ദേശിച്ചത്. അതനുസരിച്ചായിരുന്നു പിന്നീടുള്ള ഇടപെടൽ. ഇതിനൊപ്പം ദിലീപിന്റെ അംഗത്വകാര്യത്തിലും അമ്മയുടെ അടുത്ത ജനറൽ ബോഡി യോഗം തീരുമാനം എടുക്കും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ അവൈലബിൾ എക്സിക്യൂട്ടീവ് തീരുമാനിച്ചിരുന്നു. ഈ തീരുമാനം പൊതുയോഗത്തിൽ ചർച്ചയ്ക്കെടുക്കും. പൊതുയോഗം അന്തിമ തീരുമാനവും എടുക്കും.

ദിലീപിനെ അമ്മയിൽ സജീവമാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇത്. അമ്മയിലെ ബഹുഭൂരിഭാഗവും ദിലീപിനൊപ്പമാണ്. കോടതി ശിക്ഷിക്കും വരെ ദിലീപിനെ തെറ്റുകാരനായി കാണുന്നത് ശരിയല്ലെന്ന പൊതുവികാരമാണ് അമ്മയിലുള്ളത്. ഈ സാഹചര്യത്തിൽ ദിലീപിനെ പുറത്താക്കിയ നടപടി ചർച്ചയ്ക്ക് വന്നാൽ പൊതുയോഗം അത് തള്ളിക്കളയാനാണ് സാധ്യത. കേസിൽ കോടതി വിധി വരും വരെ ദിലീപിനെതിരായ നടപടികൾ റദ്ദാക്കുകയും ചെയ്യും. ഫലത്തിൽ അമ്മയുടെ അംഗമായി ദിലീപ് മാറും. ഈ യോഗത്തിന് ദിലീപ് എത്താൻ സാധ്യത കുറവാണ്. താൻ ഇനി സംഘടനയിലേക്കില്ലെന്ന നിലപാടിൽ ദിലീപ് ഉറച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിലും ദിലീപിനെതിരായ നടപടി തള്ളിക്കളയാൻ തന്നെയാണ് സിനിമാക്കാർക്കിടയിലെ പൊതു തീരുമാനം. ഈ മാസം 24ന് നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ എല്ലാ പ്രശ്‌നങ്ങൾക്കും അവസാനമാകുമെന്നാണ് ഉയരുന്ന വിലയിരുത്തൽ.

നേരത്തെ സംഘടന പിടിച്ചെടുക്കാൻ പൃഥ്വിരാജ് ശ്രമിക്കുന്നുവെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇത് പൊളിക്കാൻ ദിലീപിനെ അനുകൂലിക്കുന്നവരും ശ്രമം നടത്തിയിരുന്നു. അമ്മയിൽ ദിലീപിനെ അനുകൂലിക്കുന്നവർക്ക് ബഹുഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ പൃഥ്വി രാജിന് സംഘടന പിടിക്കാനാവില്ലെന്ന് വിലയിരുത്തലുമെത്തി. ഇതോടെ ഈ നീക്കം പൃഥ്വിരാജ് ഉപേക്ഷിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് അമ്മ സംഘടിപ്പിച്ച ഷോയിലും പൃഥ്വി രാജ് പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അമ്മയുടെ യോഗത്തിൽ പൃഥ്വി എത്തുമോയെന്ന സംശയവും സജീവമാണ്. ദിലീപിന്റെ നടപടിയെ കുറിച്ച് ചർച്ച ചെയ്യുന്ന യോഗത്തിൽ മഞ്ജു വാര്യരും പങ്കെടുക്കാനിടയില്ല.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലായതോടെയാണ് അച്ചടക്ക നടപടിയുമായി അവൈലബിൾ എക്സിക്യൂട്ടീവ് എത്തിയത്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മമ്മൂട്ടിയാണ് പ്രഖ്യാപിച്ചത്. പൃഥ്വിരാജിന്റെ സമ്മർദ്ദമായിരുന്നു ഇതിന് കാരണമെന്ന വിലയിരുത്തലുകളും ഉണ്ടായി. എന്നാൽ അതിന് ശേഷം അമ്മയ്ക്ക് ഇക്കാര്യത്തിൽ ചർച്ചകളൊന്നും നടത്താനായില്ല. ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് പൊതു യോഗമാണ്. അതുകൊണ്ടാണ് ഈ വിഷയവും കൊച്ചിയിലെ യോഗത്തിൽ ചർച്ചയാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP