Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരിക്കൽക്കൂടി മോദി ജയിച്ചാൽ കോൺഗ്രസുകാർ ബിജെപിയിലേക്കും സിപിഐഎമ്മിലേക്കും ലീഗിലേക്കും കേരള കോൺഗ്രസിലേക്കും നീങ്ങും; കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവാകുമ്പോൾ കോൺഗ്രസ് ചെറിയൊരു ഘടകകക്ഷിയാകും; അവസരം മുതലെടുത്താൽ ബിജെപി അഞ്ചിലധികം സീറ്റുകൾ പിടിക്കും; ആംആദ്മി പോലൊരു ജനകീയ ബദൽ രൂപംകൊള്ളും; കേരളത്തിൽ ഇനി സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ- ഇൻസ്റ്റന്റ് റെസ്‌പോൺസ്

ഒരിക്കൽക്കൂടി മോദി ജയിച്ചാൽ കോൺഗ്രസുകാർ ബിജെപിയിലേക്കും സിപിഐഎമ്മിലേക്കും ലീഗിലേക്കും കേരള കോൺഗ്രസിലേക്കും നീങ്ങും; കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവാകുമ്പോൾ കോൺഗ്രസ് ചെറിയൊരു ഘടകകക്ഷിയാകും; അവസരം മുതലെടുത്താൽ ബിജെപി അഞ്ചിലധികം സീറ്റുകൾ പിടിക്കും; ആംആദ്മി പോലൊരു ജനകീയ ബദൽ രൂപംകൊള്ളും; കേരളത്തിൽ ഇനി സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

കേരളത്തിൽ കോൺഗ്രസ് വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടെന്ന് പറയുന്നതുപോലെ ചെറിയ നേതാക്കളും വലിയ നേതാക്കളുമെല്ലാം തെരുവിലിറങ്ങി തെറിവിളിക്കുന്നു. അവരുടെ പ്രശ്‌നം കെഎം മാണിയും കുഞ്ഞാലിക്കുട്ടിയും ചേർന്ന് കോൺഗ്രസിനെ ഹൈജാക്ക് ചെയ്തു എന്നതുതന്നെയാണ്. കോൺഗ്രസ് നേരിടുന്നത് വലിയൊരു പ്രതിസന്ധിയാണെങ്കിൽ കൂടി ചെറുപ്പക്കാരുടെ ഈ ലഹള കാണുമ്പോൾ അൽപമെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട്. കോൺഗ്രസ് എന്ന പാർട്ടി ചരിത്രത്തിൽ അതിന്റെ റോൾ നിർവഹിച്ചതൊക്കെ വിപ്‌ളവകരമായ നിലപാടുള്ള നേതാക്കളിലൂടെയാണ്.

എകെ ആന്റണിയും വയലാർ രവിയുമൊക്കെ ഒരണസമരം മുതലായ സമരമാർഗങ്ങളിലൂടെ ചെറുപ്പക്കാർക്ക് ആവേശം നൽകിയപ്പോൾ ആയിരുന്നു അമ്പത് അറുപത് വർഷം മുമ്പ് കോൺഗ്രസിൽ തലമുറമാറ്റം ഉണ്ടായത്. അന്ന് തമുറമാറ്റത്തിനായി ശ്രമിച്ച നേതാക്കന്മാരൊക്കെ എൺപതുകഴിഞ്ഞിട്ടും ഇന്നും സ്ഥാനമൊഴിയാതെ കഴിയുമ്പോൾ അതിനെതിരെ ഉണ്ടാകുന്ന ലഹള പ്രതീക്ഷാ നിർഭരമാണ്. പക്ഷേ, ഏറെനാളായി കണ്ടുവരുന്നത് കേരളത്തിലെ യുവതലമുറ പഴയ തലമുറക്കാരുടെ ഒപ്പം കൂടി അവരുടെ ഗ്രൂപ്പിസത്തിന് ഒപ്പംകൂടി ഓശാന പാടി തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രവണതയായിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായി ഇത് തെറ്റാണെന്ന് വലിയ നേതാക്കളോട് പറയാനുള്ള തന്റേടം തീർച്ചയായും പ്രതീക്ഷാനിർഭരമായ ഒരു അവസ്ഥയാണ് കോൺഗ്രസിൽ ഉണ്ടാക്കുന്നത്.

ഇതൊക്കെയാണെങ്കിലും കോൺഗ്രസ് ഇപ്പോൾ എത്തപ്പെട്ടിരിക്കുന്ന നിർഭാഗ്യകരമായ സാഹചര്യം വിലയിരുത്തപ്പെടണം. ഈ സ്ഥിതി തുടർന്നാൽ മൂന്നു വർഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റോടെ പിണറായി വിജയൻ തന്നെ വീണ്ടും അധികാരത്തിലെത്തും. കോൺഗ്രസിനേക്കാൾ വലിയ പാർട്ടിയായി ലീഗ് മാറുന്ന സ്ഥിതിവിശേഷവും ഉണ്ടാകും. ഈ സാഹചര്യത്തെ അത്ര നിസ്സാരമായി കരുതിക്കൂടാ. 22 എംഎൽഎമാർ ഉണ്ടായിട്ടുകൂടി വെറും ഏഴുസീറ്റുള്ള പാർട്ടിക്ക് സ്വന്തം രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നിരിക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽപോലും മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുള്ള അവകാശംപോലും കോൺഗ്രസിന് ഉണ്ടായെന്നുവരില്ല.

ഒരുവശത്ത് ലീഗും മറുവശത്ത് കേരളാ കോൺഗ്രസും കോൺഗ്രസിനെ ശ്വാസം മുട്ടിക്കുമ്പോൾ സ്വാഭാവികമായും മറ്റൊരു രാഷ്ട്രീയ മാറ്റത്തിന് കേരളം സാക്ഷ്യം വഹിച്ചെന്ന് വരാം. മൂന്ന് കൊല്ലം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഭാവി എന്തിയാരിക്കും എന്ന് ചർച്ച ചെയ്യണമെങ്കിൽ അതിന് മുമ്പേ വിലയിരുത്തേണ്ടത് അടുത്തകൊല്ലം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. ഇതിൽ മോദി അധികാരത്തിൽ വന്നാൽ അതുകഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന സാഹചര്യം ആയിരിക്കണമെന്നില്ല അടിനും അടുത്ത തിരഞ്ഞെടുപ്പിൽ മോദി അധികാരത്തിൽ നിന്ന് പുറത്തായാൽ.

മോദി തന്നെയാണ് വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നതെങ്കിൽ ഒരുകാര്യം തീർച്ചയാണ്. കേരളത്തിലെ പകുതിയോളം കോൺഗ്രസ് നേതാക്കന്മാർ ബിജെപിയുടെ ഭാഗമാകും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേക്കാൾ വലിയ പാർട്ടിയായി ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടും. ഒരുപക്ഷേ, കേരളത്തിലെ പ്രതിപക്ഷ പാർട്ടിയായി തന്നെ ബിജെപി മാറിയെന്ന് വരാം.

മോദി വിരുദ്ധ തരംഗം ആഞ്ഞടിക്കുകയും മോദി അധികാരത്തിൽ നിന്ന് നിഷ്‌കാസിതനാവുകയും രാഹുലോ മറ്റ് പ്രാദേശി പാർട്ടി കൂട്ടായ്മയോ അധികാരത്തിൽ ഏറുകയും ചെയ്താൽ ഒരുപക്ഷേ, കോൺ്ഗ്രസിൽ നിന്ന് അത്തരത്തിൽ ഒരു വിട്ടുപോക്ക് ഉണ്ടായേക്കില്ല. എന്നാലും കോൺഗ്രസിലെ വലിയൊരു വിഭാഗം കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറുന്ന സാഹചര്യം തന്നെ സംജാതമായേക്കാം. മോദി അധികാരത്തിൽ വരുന്ന സാഹചര്യത്തിൽ ബിജെപിയിലേക്കുള്ള ഒഴുക്ക് കൂടുമെന്നത് ശരിയാണെങ്കിൽ മോദി അധികാരത്തിൽ വരാതിരുന്നാൽ കേരളാ കോൺഗ്രസും ലീഗും സിപിഎമ്മുമടങ്ങുന്ന കേരളത്തിലെ പ്രമുഖ രാഷ്ട്രീയപാർട്ടികളിലേക്ക് കേരളത്തിൽ നിന്ന് ആളുകൾ പോയെന്നുവരാം.

മൂന്നു കൊല്ലം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിശ്ശേഷം പിന്നിലായിപ്പോകാം. സിപിഎം നൂറിലധികം സീറ്റുകൾ നേടുകയും ബിജെപി അഞ്ചുമുതൽ പത്തുവരെ സീറ്റുകൾ നേടുകയും ലീഗും കേരളാ കോൺഗ്രസും അവരുടെ സീറ്റുകൾ നിലനിർത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടാകാം. ഈ സ്ഥിതിയിൽ ഒരുപക്ഷേ, കേരളത്തിലെ പ്രതിപക്ഷ നേതാവാൻ പോകുന്നത് കുഞ്ഞാലിക്കുട്ടിതന്നെ ആയിരിക്കാം. ഇപ്പോഴുള്ള 18 സീറ്റ് 21 വരെയാക്കി ഉയർത്താനുള്ള ശേഷി ലീഗിനുണ്ടെന്ന് മറക്കരുത്.

കോൺഗ്രസിൽ അവശേഷിക്കുന്ന മുസ്‌ളീങ്ങൾ ലീഗിലേക്കു തന്നെ പോകും. കോൺഗ്രസിലെ ഹിന്ദുക്കൾ ബിജെപിയിലേക്ക് പോകുന്നതുപോലെ തന്നെ. ഈ ബ്രാക്കറ്റുകളുടെ ഉള്ളിൽ ഒന്നും ഒതുങ്ങാത്ത ചില നേതാക്കളുമുണ്ട്. ശുദ്ധ മതേതര ജനാധിപത്യ വിശ്വാസികളായ കോൺഗ്രസുകാർ. അവർ ഒരുപക്ഷേ, ആംആദ്മിക്ക് സമാനമായ ഒരു മുന്നേറ്റമുണ്ടാക്കി അതിലൊപ്പം ചേർന്നെന്നുവരാം. ഈ രാഷ്ട്രീയ സാഹചര്യം വളരെ ഗൗരവത്തോടെ ചർച്ച ചെയ്യുകയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP