Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാദാ ജനറൽ നഴ്‌സായി ഇംഗ്ലണ്ടിൽ എത്തി; ബിഎസ്‌സി നഴ്‌സിങും ഡോക്ടറേറ്റും എടുത്ത് ആദ്യം മാതൃകയായി; വെള്ളക്കാരുടെ അവയവങ്ങൾ യോജിക്കാത്തതിനാൽ ജീവൻ നഷ്ടമാകുന്ന ഏഷ്യക്കാർക്ക് വേണ്ടി രംഗത്തിറങ്ങി; അവയവ ദാനത്തെ ജനകീയമാക്കിയ മലയാളി നഴ്‌സിന് പത്മശ്രീക്ക് സമാനമായ പുരസ്‌ക്കാരം നൽകി ആദരിച്ച് ബ്രിട്ടീഷ് രാജ്ഞി

സാദാ ജനറൽ നഴ്‌സായി ഇംഗ്ലണ്ടിൽ എത്തി; ബിഎസ്‌സി നഴ്‌സിങും ഡോക്ടറേറ്റും എടുത്ത് ആദ്യം മാതൃകയായി; വെള്ളക്കാരുടെ അവയവങ്ങൾ യോജിക്കാത്തതിനാൽ ജീവൻ നഷ്ടമാകുന്ന ഏഷ്യക്കാർക്ക് വേണ്ടി രംഗത്തിറങ്ങി; അവയവ ദാനത്തെ ജനകീയമാക്കിയ മലയാളി നഴ്‌സിന് പത്മശ്രീക്ക് സമാനമായ പുരസ്‌ക്കാരം നൽകി ആദരിച്ച് ബ്രിട്ടീഷ് രാജ്ഞി

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: സാദാ ജനറൽ നഴ്‌സായി ബ്രിട്ടനിൽ എത്തിയതാണ് കോട്ടയംകാരിയായ ഡോ. അജിമോൾ പ്രദീപ്. തന്റെ ഇച്ഛാശക്തി കൊണ്ട് അവർ അവിടെ നിന്നും പഠിച്ച് ബിഎസ്‌സി നഴ്‌സിങും ഡോക്ടറേറ്റും എടുത്ത് മറ്റുള്ളവർക്ക് മാതൃകയായി. പിന്നീട് അങ്ങോട്ട് തന്റെ ജീവിതം ആതുര ശുശ്രൂഷയ്ക്ക് പുറമേ സാമൂഹിക പ്രവർത്തനത്തിന് കൂടി മാറ്റിവെച്ചു. ആയിടയ്ക്കാണ് അവയവ ദാനത്തിന്റെ പ്രസക്തിയെ കുറിച്ച് അജിമോൾ മനസ്സിലാക്കുന്നത്. വെള്ളക്കാരുടെ അവയവങ്ങൾ യോജിക്കാത്തതിനാൽ ജീവൻ നഷ്ടമാകുന്ന ഏഷ്യക്കാർക്ക് വേണ്ടിയായി പിന്നീട് അജിമോളുടെ പോരാട്ടം. അനേകം പേർക്ക് ജീവൻ തിരികെ ലഭിക്കുന്നപ്രവർത്തിക്ക് തുടക്കം കുറിച്ച മലയാളി നഴ്‌സിനെ തേടി ഒടുവിൽ മലയാളി നഴ്‌സിന് പത്മശ്രീക്ക് സമാനമായ പുരസ്‌ക്കാരം ലഭിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് രാജ്ഞിയാണ് പിറന്നാൾ ദിനത്തിൽ പുരസ്‌ക്കാരം നൽകി അജിമോളെ ആദരിച്ചത്.

ഏഴു വർഷം മുൻപ് ഞങ്ങളുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയിലൂടെ യുകെ മലയാളി സമൂഹം കണ്ടെത്തിയ അജിമോൾ ഇക്കാലയളവിൽ നേടിയ നേട്ടങ്ങളാണ് ഒടുവിൽ ഈ കോട്ടയംകാരിയെ ബ്രിട്ടീഷ് കൊട്ടാര മുറ്റത്തു എത്തിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് ബ്രിട്ടീഷ് രാജ്ഞിയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടു സമ്മാനിക്കുന്ന കീർത്തി മുദ്രയ്ക്കു മലയാളി അർഹയാകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ലണ്ടൻ മലയാളി പ്രതിഭ സിംഗിനും ഈ അവാർഡ് ലഭിച്ചിരുന്നു. സ്വിൻഡൻ മലയാളി റോയ് സ്റ്റീഫനും ശേഷം മൂന്നാം ഊഴമാണ് ഡോ അജിമോൾ പ്രദീപിനെ തേടി എത്തിയത്.

സമൂഹത്തിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്നവർക്കുള്ള ബഹുമതിയായാണ് ബ്രിട്ടീഷ് എമ്പയർ മെഡൽ കരുതപ്പെടുന്നത്. മുൻ വർഷങ്ങളിൽ പ്രതിഭ സിങ്ങിനും റോയ് സ്റ്റീഫനും ഓബിഇ ആയിരുന്നു ലഭിച്ചിരുന്നത്. ''ഒരിക്കലും പ്രതീക്ഷിക്കാത്ത അംഗീകാരം, സകലതിനും സർവ്വേശ്വരനോട് നന്ദി പറയുന്നു'', അവാർഡ് വാർത്ത അറിഞ്ഞു ആദ്യം അറിയിച്ചവരിൽ ബ്രിട്ടീഷ് മലയാളിയോട് അജിമോൾ പങ്കിട്ട വാക്കുകളാണിത്. അജിമോളുടെ ഓരോ നേട്ടത്തിലും ബ്രിട്ടീഷ് മലയാളി വായനക്കാരുടെ പങ്കും ഏറെയാണ്. അതൊരിക്കലും അജിമോൾ മറച്ചും വയ്ക്കാറില്ല.

ഏഴുവർഷം മുൻപ് അവയവദാന പ്രചാരണത്തിന് മുന്നിട്ടിറങ്ങുമ്പോൾ ബ്രിട്ടീഷ് മലയാളികൾ നൽകിയ സ്‌നേഹവും കരുതലുമാണ് അജിമോൾക്കു തുണയായി മാറിയത്. പിന്നീട് ഗവേഷണവും ഉപഹാർ എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ രൂപീകരണവും അവയവദാനം നടത്തി ശ്രദ്ധേയനായ ഫാ. ചിറമ്മേലിനെ യുകെയിൽ എത്തിച്ചു മലയാളികൾക്കിടയിൽ നടത്തിയ ജീവകാരുണ്യ സന്ദേശവും ഒക്കെ അജിമോളുടെ ഹൃദയ തുടിപ്പുകളായി അവശേഷിക്കുകയാണ്. ഇന്നും ഒരു സാധാരണ മലയാളി വനിതയായി സമൂഹത്തിൽ അലിയാൻ ആണ് അജിമോൾ എന്ന ലാളിത്യത്തിന്റെ മറുവാക്കായ ഈ യുവതിക്ക് താല്പര്യം.

പഠനത്തിനും മികച്ച അവസരങ്ങൾക്കും ലണ്ടൻ പ്രവർത്തന കേന്ദ്രമാകുന്നതാണ് കൂടുതൽ നല്ലതെന്ന ചിന്തയിലാണ് രണ്ടു വർഷം മുൻപ് അജിമോൾ ലണ്ടൻ കിങ്‌സിൽ ജോലിക്കു എത്തുന്നത്. ഇവിടെയും ഒട്ടും അലസത ഇല്ലാതെ അജിമോൾക്കു പ്രവർത്തിക്കാൻ കഴിഞ്ഞു എന്നാണ് രാജ്ഞിയുടെ കീർത്തി മുദ്ര നേട്ടം തെളിയിക്കുന്നത്. ശാസ്ത്രജ്ഞരും ബഹുമുഖ പ്രതിഭകളും ഒക്കെ ആദരിക്കപ്പെടുന്നതിനു ഒപ്പമാണ് ആതുര സേവന രംഗത്ത് നിന്നും അജിമോളുടെ പേര് അവാർഡിനായി പരിഗണിച്ചത്.

ബ്രിട്ടീഷ് സർക്കാർ മില്യൺ കണക്കിന് പൗണ്ട് മുടക്കിയിട്ടും പ്രയോജനം കാണാത്ത അവയവദാന പ്രചാരണമാണ് അജിമോൾ ഏഷ്യൻ സമൂഹത്തിൽ നടത്തിയത്. പാക്കിസ്ഥാൻ വംശക്കാരുടെയും ബ്രിട്ടീഷ് മലയാളിയുടെ കൂടെ സഹകരണത്തോടെ മലയാളി സമൂഹത്തിലും ഒക്കെ പ്രവർത്തിക്കാൻ സാധിച്ചതും ഈ നേട്ടത്തിന് പരോക്ഷ കാരണമായി മാറുകയാണ്.

ഏഴു വർഷം മുൻപ് മാഞ്ചസ്റ്ററിൽ ദിവസവും ട്രാൻസ്പ്ലാന്റ് യൂണിറ്റിൽ എത്തുന്ന അനേകം മനുഷ്യരുടെ ദൈന്യത നിറഞ്ഞ മുഖത്ത് നിന്നാണ് അജിമോൾക്ക് ജീവിതത്തിലെ ഏറ്റവും വലിയ നന്മ ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. ഈശ്വര നിയോഗം പോലെ ആ സമയത്ത് തന്നെ മാഞ്ചസ്റ്റർ റോയൽ ഹോസ്പിറ്റലിൽ അവയവ ദാന പ്രചാരണത്തിന് കോ-ഓഡിനേറ്ററെ നിയമിക്കാനും ധാരണയായി.

നിരവധി പേരെ മറി കടന്നു അജിമോൾ പുതിയ പദവിയിൽ എത്തുമ്പോഴും മനസ് നിറയെ പാക്കിസ്ഥാനി, ബംഗ്ലാദേശി വംശജരായ ആളുകളുടെ ചോദ്യം ആയിരുന്നു. ''ഞങ്ങൾ ബ്രിട്ടീഷുകാർ ആല്ലാത്തതിനാൽ ആണോ കിഡ്‌നിക്കായ് ഇത്രയും വലിയ കാത്തിരിപ്പ്?'' ആയിരം മുനയുള്ള ആ ചോദ്യത്തിനു തന്റെ പക്കൽ ഉത്തരം ഉണ്ടായിരുന്നില്ല എന്ന് അജിമോൾ പറയുന്നു.

ഈ സമയത്ത് തന്നെയാണ് ബ്രിട്ടീഷ് മലയാളിയുടെ അസോസിയേഷൻ പേജിൽ ലെസ്റ്ററിലെ യുവതി വൃക്ക തേടുന്നു എന്ന ചെറിയ വാർത്ത! പ്രത്യക്ഷപ്പെടുന്നത്. (നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം അടുത്ത കാലത്താണ് ഈ യുവതി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതും പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിയതും). ആ വാർത്തയിലൂടെയാണ് മലയാളി സമൂഹത്തിലും വൃക്ക രോഗികൾ നീണ്ട കാത്തിരിപ്പിലാണ് എന്ന് അജിമോൾ തിരിച്ചറിയുന്നത്. തുടർന്ന് ഇതിനായി തനിക്കു എന്ത് ചെയ്യാൻ കഴിയും എന്ന ചിന്തയാണ് അജിമോളെ അവയവ ദാന പ്രചാരണ രംഗത്ത് സജീവമാക്കിയത്.

എന്നാൽ പലരും കരുതുന്നത് അജിമോൾ ഗവേഷണത്തിന്റെ ഭാഗമായി അവയവ പ്രചാരണം ഏറ്റെടുത്തു എന്നാണ്. ഇങ്ങനെ ചില വിമർശങ്ങൾ നേരിട്ട് കേൾക്കേണ്ടി വന്നപ്പോൾ കരഞ്ഞു തീർത്തതിനു കണക്കില്ലെന്നു അജിമോൾ പറയുമ്പോൾ നന്മ ചെയ്യാൻ ഇറങ്ങുന്നവർക്കെല്ലാം നേരിടേണ്ടി വരുന്ന തിക്ത അനുഭവം കൂടിയാണ് നമുക്ക് മുന്നിൽ തെളിയുന്നത്. എന്നാൽ ജീവിതം പുഞ്ചിരി സമ്മാനിക്കാൻ തന്നെയാണ് പലപ്പോഴും നമ്മളെ വിഷമിപ്പിക്കുക എന്നും ഇപ്പോൾ അജിമോളുടെ അസാധാരണ നേട്ടത്തിലൂടെ വ്യക്തമാകുകയാണ്.

രണ്ടായിരത്തിന്റെ ഒടുക്കത്തിൽ തന്നെ അവയവ പ്രചാരണത്തിന് മുന്നിട്ടു ഇറങ്ങിയ അജിമോൾ വീണ്ടും രണ്ടു വർഷം കഴിഞ്ഞാണ് ഗവേഷണത്തെ കുറിച്ച് ചിന്തിക്കുന്നത്. ഗവേഷണം അവയവ ദാനത്തിനുള്ള തടസ്സങ്ങൾ എന്ത് എന്നായിരുന്നതിനാൽ ഒരിക്കലും അവയവ ദാന പ്രചരണം സംഘടിപ്പിക്കേണ്ടിയിരുന്നില്ല. ഗവേഷണത്തെ പിന്തുണയ്ക്കാൻ ചില ചോദ്യാവലികളും നിർദ്ദേശങ്ങളും മാത്രം ആവശ്യമായിരുന്നുള്ളൂ. എന്നാൽ അവയവദാന പ്രചരണം എന്നത് ആ പ്രശ്‌നത്തിനുള്ള പരിഹാരം കൂടി ആയിരുന്നു.

ഒരു വേള നിക്ഷേധാത്മക സമീപനം പലരിൽ നിന്നും നേരിടേണ്ടി വന്നപ്പോൾ ഈ പ്രവർത്തനം നിർത്തി വയ്ക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിരുന്നതായും അജിമോൾ പറയുമ്പോൾ എത്ര ദുർഘടമായ പാതയിലൂടെ സഞ്ചരിച്ചാണ് യു കെ മലയാളികൾക്കിടയിൽ അവയവ ദാന സന്ദേശം വേരുറപ്പിച്ചതെന്നു വ്യക്തമാകും. ഈ യാത്രയിൽ ബ്രിട്ടീഷ് മലയാളിയും മറ്റു സംഘടനകളും നല്കിയ പിന്തുണയും പ്രോത്സാഹനവും ഒരിക്കലും മറക്കാൻ കഴിയുന്നതല്ലെന്നും ഒരു പക്ഷെ സമൂഹത്തിന്റെ കലവറയില്ലാത്ത അത്തരം പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്നും അവയവ ദാനം യു കെ മലയാളികൾക്കിടയിൽ സംഭവിക്കുമായിരുന്നില്ല എന്നതാണ് കൂടുതൽ യഥാർത്ഥ്യം.

പലരും കരുതുന്നത് പോലെ ഒരിക്കലും ജീവിച്ചിരിക്കുന്നവരുടെ അവയവ ദാനം നടത്താനല്ല തങ്ങൾ പ്രചരണം നടത്തുന്നതെന്ന് പിന്നീട് ഇതിനായി രൂപീകരിച്ച ഉപഹാർ എന്ന ജീവകാരുണ്യ സംഘടനയുടെ ട്രസ്റ്റി കൂടിയായ അജിമോൾ പറയുന്നു. മരിച്ച ശേഷം നടത്തുന്ന അവയവ ദാനത്തിനാണ് ഉപഹാർ പ്രോത്സാഹനം നല്കുന്നത്. ജീവിച്ചിരിക്കുന്ന ഒരാൾക്കു കുടുംബത്തിന്റേത് ഉൾപ്പെടെ ഒട്ടേറെ പ്രയാസങ്ങൾ മറി കടന്നെ ദാനം സാക്ഷാൽക്കരിക്കാൻ കഴിയൂ. എന്നാൽ മരിച്ച ആളുടെ അവയവ ദാനം താരതമെന്യേ കൂടുതൽ പ്രയാസ രഹിതമാണ്. ജീവിച്ചിരിക്കുന്നവർക്ക് അനവധി പരിശോധനകളും ആവശ്യമായതിനാൽ എൻഎച്ച്എസ് പോലും മരിച്ചവരുടെ അവയവ ദാനത്തിനു തന്നെയാണ് കൂടുതൽ പ്രോത്സാഹനം നല്കുന്നത്.

ഒരു വൃക്ക രോഗിക്ക് പ്രതിവർഷം ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സക്കായി എൻഎച്ച്എസ് 35,000 ഓളം പൗണ്ടാണ് ചെലവാക്കുന്നത്. എന്നാൽ ഒരു ട്രാൻസ്പ്ലാന്റേഷൻ നടത്തിയാൽ പരമാവധി 6,000 പൗണ്ടിൽ ചികിത്സ ചെലവ് ഒതുങ്ങും. ഈ കണക്കിൽ മൂന്നു രോഗികളുടെ ട്രാൻസ്പ്ലാന്റേഷൻ സാധ്യമാക്കിയാൽ എൻഎച്ച്എസ് ലാഭിക്കാൻ കഴിയുന്നത് ഒരു ലക്ഷം പൗണ്ടാണ്. ഇത്തരത്തിൽ സാമ്പത്തികമായും രാജ്യത്തിന് നൽകുന്ന വലിയൊരു സേവനം കൂടിയാണ് അവയവ ദാനം. അവയവ ദാന പ്രചരണം മലയാളികൾക്കിടയിൽ വേരുറച്ച പോലെ മറ്റു ഏഷ്യൻ വംശജരിലും അനുകൂല ചിന്ത വളർത്തി തുടങ്ങി എന്നാണ് അജിമോളുടെ അനുഭവ സാക്ഷ്യം.

ഉപഹറിന്റെ പ്രവർത്തനത്തിൽ ഇവരെക്കൂടി ലക്ഷ്യമിടുന്നതിനാൽ വരും വർഷങ്ങളിൽ വലിയ മാറ്റം സംഭവിക്കാൻ ഇടയുണ്ട്. 2013ൽ വെറും 12 അവയവ ദാനം നടന്നിടത് 2014ലിൽ 35 പേരുടെ അവയവ മാറ്റം സാധ്യമാക്കാൻ കഴിഞ്ഞത് ഈ മാറ്റത്തിന്റെ കൂടി സൂചനയാണ്. ഇത്തരത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടാക്കാൻ അജിമോൾക്കു കഴിഞ്ഞതാണ് ഇപ്പോൾ രാജ്യത്തിന്റെ അംഗീകാരം തേടിയെത്താൻ കാരണം. ബ്രിട്ടീഷ് മലയാളിയുടെ വാർത്ത താരം ലെസ്റ്റർ അവാർഡ് നൈറ്റിൽ കരസ്ഥമാക്കിയതും അജിമോൾ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP