Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം കൊടുത്ത പൊന്നുമകളുടെ ചേതനയറ്റ ശരീരം കണ്ട് അമ്മ തളർന്നു വീണു; എന്റെ പൊന്നിനൊപ്പം ഞാനും വരും, ഒറ്റയ്ക്ക് വിടില്ല എന്ന് പറഞ്ഞ് സ്മിജ പൊട്ടിക്കരഞ്ഞപ്പോൾ കൂട്ടക്കരച്ചിലായി: 'എന്റെ പൊന്നുമോൻ ഉറങ്ങുകയാണ് ഒന്നുണർത്തി താ' എന്ന് അലറി കരഞ്ഞ് ആദിത്യന്റെ അമ്മ: വിജയലക്ഷ്മിയുടേയും ആദിത്യന്റെയും മരണത്തിൽ കണ്ണീർ പൊഴിച്ച് മലയാളികൾ

ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം കൊടുത്ത പൊന്നുമകളുടെ ചേതനയറ്റ ശരീരം കണ്ട് അമ്മ തളർന്നു വീണു; എന്റെ പൊന്നിനൊപ്പം ഞാനും വരും, ഒറ്റയ്ക്ക് വിടില്ല എന്ന് പറഞ്ഞ് സ്മിജ പൊട്ടിക്കരഞ്ഞപ്പോൾ കൂട്ടക്കരച്ചിലായി: 'എന്റെ പൊന്നുമോൻ ഉറങ്ങുകയാണ് ഒന്നുണർത്തി താ' എന്ന് അലറി കരഞ്ഞ് ആദിത്യന്റെ അമ്മ: വിജയലക്ഷ്മിയുടേയും ആദിത്യന്റെയും മരണത്തിൽ കണ്ണീർ പൊഴിച്ച് മലയാളികൾ

ആർ.പീയൂഷ്

കൊച്ചി: ക്ഷേത്രക്കുളത്തിലേക്ക് ഡേ കെയർ സ്‌ക്കൂളിലെ വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞ വിദ്യാലക്ഷ്മിയുടെയും ആദിത്യൻ എസ് നായരുടെയും വിയോഗം മാതാപിതാക്കളെയും നാട്ടുകാരെയും ഏറെ തളർത്തി. ആറു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാക്കനാട് വാഴക്കാല മൂലേപ്പാടം റോഡ് സെവൻസ് അവന്യൂവിലെ ഐശ്വര്യ ഹൗസിൽ സനൽകുമാർ-സ്മിജ ദമ്പതികൾക്ക് കുട്ടി പിറക്കുന്നത്. രണ്ട് മാസം ആകുന്നതേയുള്ളൂ ഇവർ ഇവിടേക്ക് താമസം മാറ്റിയിട്ട്.

ദിവസവും പ്ലേ സ്‌ക്കൂളിൽ നിന്നും വൈകുന്നേരം നാലു മണിയോടെ കിച്ചു വീട്ടിലെക്കെത്തുന്നത് ചിരിച്ചു കൊണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അവൾ വീട്ടിലേക്കെത്തിയത് വെള്ളത്തുണിയിൽ പൊതിഞ്ഞാണ്. മകളുടെ ചേതനയറ്റ ശരീരം കണ്ട് അമ്മ സ്മിജ തളർന്നു വീണു. ഇടയ്ക്ക് ചാടിയെഴുനേറ്റ് എന്റെ മോൾടെ മുടി വളരാൻ വാങ്ങിയ എണ്ണയെവിടെ എന്ന് ചോദിച്ച് മുറവിളി കൂട്ടി. എന്റെ പൊന്നിനൊപ്പം ഞാനും വരും ഒറ്റയ്ക്ക് വിടില്ല എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞപ്പോൾ കണ്ടു നിന്നവരുടെ കണ്ണുകളിലും പേമാരി പെയ്തിറങ്ങി.

മരട് ജാന്ന പള്ളിക്കു സമീപം താമസിക്കുന്ന ചെങ്ങന്നൂർ മുളക്കുഴ ശ്രീവിലാസത്തിൽ ശ്രീജിത് എസ്.നായരുടെയും പ്രിയയുടെയും മകനാണ് ആദിത്യൻ. രണ്ടാഴ്ച മുൻപു ശ്രീവിലാസം വീട്ടിലേക്കു മാതാപിതാക്കൾക്കൊപ്പം ആദിത്യൻ എത്തിയിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ പിതാവ് ശ്രീജിത്ത് കെ.നായർക്കും മാതാവ് പ്രിയയ്ക്കുമൊപ്പം കഴിഞ്ഞ 28നു വന്നു പോയതാണു ആദിത്യൻ. ഇന്നലെ അവന്റെ ചേതനയറ്റ കുഞ്ഞുടൽ എത്തിച്ചപ്പോൾ ശോകാർദ്രമായി ശ്രീവിലാസം.

ആദിത്യന്റെ മൃതദേഹം ഇന്നലെ 8.40ന് ആണു മുളക്കുഴയിലെ ശ്രീവിലാസം (ഒറ്റപ്ലാവിൽ) വീട്ടിലെത്തിച്ചത്. ഏക മകന്റെ ചലനമറ്റ ശരീരം കണ്ടു കണ്ണീർ പൊഴിച്ചു തേങ്ങുന്ന ശ്രീജിത്ത് നാടിനു മറക്കാനാവാത്ത സങ്കടക്കാഴ്ചയായി. മൃതദേഹത്തോടൊപ്പമാണു ശ്രീജിത്ത് എത്തിയത്. ആദിത്യന്റെ വേർപാടറിഞ്ഞു നേരത്തേ ശ്രീജിത്തിന്റെ പിതാവ് കൃഷ്ണൻകുട്ടി നായർ കുഴഞ്ഞു വീണു.

ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ മൃതദേഹം കാണിക്കാൻ കൊണ്ടുവന്നപ്പോൾ പൊട്ടിക്കരച്ചിലായി. വീണ്ടും ദേഹാസ്വാസ്ഥ്യമുണ്ടായി. പിന്നാലെ ആദിത്യന്റെ മാതാവ് പ്രിയയും ശ്രീജിത്തിന്റെ മാതാവ് വിലാസിനിയും എത്തിയതോടെ ശ്രീവിലാസം കണ്ണീർക്കളമായി. ആകെ തകർന്നു വന്നു കയറിയ പ്രിയയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. 'എന്റെ പൊന്നുമോൻ ഉറങ്ങുകയാണ്. ഒന്നുണർത്തി താ' എന്ന വിലാസിനിയുടെ കരച്ചിലിനു മുന്നിൽ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി. പലരും പരിസരം മറന്നു തേങ്ങി. ചെന്നൈയിലുള്ള പ്രിയയുടെ മാതാപിതാക്കൾ ഇന്നു നാട്ടിലെത്തും.

വിദ്യാലക്ഷ്മിയുടെയും ബസിലെ ആയ മരട് കൊച്ചാലിത്തറ ഉണ്ണിയുടെ ഭാര്യ ലതയുടെയും സംസ്‌കാരം ഇന്നു മരട് ശാന്തിവനത്തിൽ നടക്കും. ഇന്നലെ വൈകിട്ടു നാലോടെ കാട്ടിത്തറ റോഡ് ഹരിശ്ചന്ദ്ര ലെയ്‌നിൽ തെക്കേടത്തു കാവിനടുത്തുള്ള കുളത്തിലേക്കാണു വാൻ മറിഞ്ഞത്. രണ്ടു കുരുന്നുകളുടേതടക്കം മൂന്നു ജീവനുകളാണ് പൊലിഞ്ഞത്. കിഡ്‌സ് വേൾഡ് പ്ലേ സ്‌കൂൾ വിദ്യാർത്ഥികളായ ആദിത്യൻ എസ്.നായർ (നാല്), വിദ്യാലക്ഷ്മി (നാല്), ആയ ലത ഉണ്ണി (38) എന്നിവരാണു മരിച്ചത്. സംരക്ഷണ ഭിത്തിയില്ലാത്ത കുളത്തിലേക്ക് വാൻ തെന്നി യിറക്കുകയായിരുന്നു.

റോഡരികിലെ പുല്ലും കുളത്തിലെ പായലും കൂടിച്ചേർന്നു കിടക്കുകയാണിവിടെ. റോഡിനു സംരക്ഷണഭിത്തിയോ, കുളത്തിൽ നിന്നു വേർതിരിച്ചറിയാൻ അടയാളം പോലുമോ ഉണ്ടായിരുന്നില്ല. വാനിനു ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും സ്‌കൂൾ വാഹനങ്ങൾക്കായുള്ള മോട്ടോർവാഹന വകുപ്പിന്റെ പ്രത്യേക പരിശോധന കഴിഞ്ഞിരുന്നില്ല. ഡ്രൈവറുടെ അശ്രദ്ധയുടെ സൂചന സിസിടിവി ദൃശ്യങ്ങളിലുണ്ട്.

വാനിൽ ഡ്രൈവറും എട്ടു കുട്ടികളും ആയയുമാണുണ്ടായിരുന്നത്. ഇടത്തേക്കുള്ള വളവു തിരിയുന്നതിനിടെ വലത്തേക്കു പാളിയ വാൻ പുല്ലിൽ തെന്നിയശേഷം ആദ്യം അൽപം മറിഞ്ഞുനിന്നു. എന്നാൽ ശബ്ദം കേട്ടു നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും വാഹനം സാവധാനം കുളത്തിലേക്കു പൂർണമായി മറിഞ്ഞു. നാട്ടുകാരും ഡ്രൈവറും ചേർന്ന് ആറു കുട്ടികളെ രക്ഷിച്ചു.

തുടർന്നു കയർ കെട്ടി വാഹനം ഉയർത്തിയ ശേഷമേ വിദ്യാലക്ഷ്മിയെയും ആദിത്യനെയും ലതയെയും പുറത്തെടുക്കാനായുള്ളൂ. അപ്പോഴേക്കും അര മണിക്കൂർ പിന്നിട്ടിരുന്നു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥിനി കരോൾ തെരേസയും രക്ഷാപ്രവർത്തനത്തിനു ശേഷം ബോധമറ്റു വീണ ഡ്രൈവർ അനിൽകുമാറും (ബാബു) മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP