Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  

വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ   

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പിജെ കുര്യന് സീറ്റ് നിഷേധിച്ചത് ഉമ്മൻ ചാണ്ടിയോ? അതോ കോൺഗ്രസ് ഹൈക്കമാണ്ടോ? രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന്റെ ജോസ് കെ മാണിക്ക് സീറ്റ് വിട്ടുകൊടുത്തതിന് കാരണമെന്ത്? രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടു കോൺഗ്രസിൽ വിവാദം കൊഴുക്കുന്നതിനിടെ പി.ജെ. കുര്യനു സീറ്റ് ലഭിക്കാതിരുന്നതിനു പിന്നിൽ ഹൈക്കമാൻഡിന്റെ ഇടപെടലെന്നു സൂചന. രാഹുൽ ഗാന്ധി നേരിട്ടാണ് കുര്യന് പണികൊടുത്തതെന്നാണ് റിപ്പോർട്ട്. ഇനി പിജെ കുര്യന് കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ റോളുണ്ടാകില്ലെന്ന വിലയിരുത്തലാണ് കോൺഗ്രസിലെ പ്രമുഖർ തന്നെ പങ്കുവയ്ക്കുന്നത്. ബിജെപിയുമായുള്ള അടുപ്പമാണ് പിജെ കുര്യന് വിനയായത്.

പി.ജെ. കുര്യനെ ഒഴിവാക്കാനാണു രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസി(എം)നു നൽകിയതെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തെ മാറ്റാൻ ഹൈക്കമാൻഡും ശ്രമിച്ചെന്ന സൂചന പുറത്തു വന്നത്. ഇതു ബോധ്യപ്പെടുത്തുന്നതിന്റെഭാഗമായാണ് പി.ജെ. കുര്യന് സീറ്റ് നിഷേധിച്ച സംഭവത്തിൽ പരാതി ഉള്ളവർക്ക് രാഹുൽ ഗാന്ധിയുമായി നേരിട്ട് സംസാരിക്കാമെന്ന നിലപാടുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തിയത്. ഇതിനിടെയാണ് രാഹുൽ ഗന്ധിയാണ് കുര്യന് സീറ്റ് നിഷേധിച്ചതെന്ന ചർച്ച കോൺഗ്രസിൽ സജീവമാക്കിയത്. ബിജെപിയുമായി കുര്യന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് ഹൈക്കമാണ്ടിന് അറിയാം. ഈ സാഹചര്യത്തിലാണ് കുര്യനെ ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. തനിക്കു സീറ്റ് നഷ്ടമാകുന്നതിനു കാരണം ഉമ്മൻ ചാണ്ടിയാണെന്ന ആരോപണത്തിലായിരുന്നു പി.ജെ. കുര്യൻ. ഈ വാദം പൊളിക്കാനാണ് പുതിയ വിശദാംശങ്ങൾ എ ഗ്രൂപ്പ് സജീവ ചർച്ചയാക്കുന്നത്.

രാജ്യസഭയിലെ പി.ജെ. കുര്യന്റെ കാലാവധി കഴിയുന്നതോടെ പുതിയ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടിവരും. താൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കു ബിജെപി. എതിർക്കില്ലെന്ന സൂചന പി.ജെ. കുര്യൻ കോൺഗ്രസ് ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. സീറ്റ് നേടിയെടുക്കാനാണ് കുര്യൻ ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചത്. ഇതിനിടെ കുര്യന് ബിജെപി നേതാക്കളുമായി ആത്മബന്ധമുണ്ടെന്ന് ചില കേന്ദ്രങ്ങൾ രാഹുലിനെ അറിയിച്ചു. രാജ്യസഭാ ഉപാധ്യക്ഷൻ എന്ന നിലയിൽ കോൺഗ്രസ് നിലപാടുകളെ പൂർണ്ണമായും കുര്യൻ പിന്തുണയ്ക്കാറില്ലെന്നും ചിലർ രാഹുലിനോട് പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുര്യന് രാജ്യസഭാ അംഗത്വം നഷ്ടമാകുന്നത്.

ബിജെപി.യുടെ പിന്തുണയോടെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കു കോൺഗ്രസ് പ്രതിനിധി വരുന്നത് 2019-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിലപാടുകൾക്ക് തിരിച്ചടിയാകുമെന്നായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റൈ വിലയിരുത്തൽ. ഇതു മുന്നിൽ കണ്ട് പി.ജെ. കുര്യനെ ഒഴിവാക്കാനുള്ള സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. രാജ്യസഭയിലെ ചില നിർണയാക തീരുമാനങ്ങൾ എടുക്കുന്ന വേളയിൽ പി.ജെ. കുര്യന്റെ നിലപാട് ബിജെപി.ക്ക് അനുകൂലമാകുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഗുലാം നബി ആസാദ് അടക്കമുള്ള ദേശീയ നേതാക്കൾ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുന്നിൽ ഈ വിഷയം പലതവണ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിലെ വസ്തുതകൾ രാഹുലും പരിശോധിച്ചു. ഇതിന് ശേഷമാണ് കുര്യനെ ഒഴിവാക്കിയത്.

കുര്യൻ ബിജെപിയിലേക്ക് കാലുമാറുമെന്നും കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും സൂചനകൾ ഉണ്ട്. ഇതും കോൺഗ്രസും മുൻകൂട്ടി കാണുന്നു. ഇതു കൂടി പരിഗണിച്ചാണ് കുര്യന് രാജ്യസഭാ സീറ്റ് നൽകാത്തത്. ഫലത്തിൽ കോൺഗ്രസിൽ ഇനി വെറുമൊരു പ്രാദേശിക നേതാവായി കുര്യൻ ഒതുങ്ങിയേക്കും. ഹൈക്കമാണ്ടുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന കുര്യൻ കേരളത്തിലെ പല തീരുമാനങ്ങളിലും നിർണ്ണായ സ്വാധീനം പുലർത്തിയിരുന്നു. ഇതിനാണ് പുതിയ വിവാദത്തോടെ വിരാമമാകുന്നത്.

രാജ്യസഭാ സീറ്റിനെച്ചൊല്ലി ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശനമാണ് പിജെ കുര്യൻ ഉന്നയിച്ചത്. എന്നാൽ പി.ജെ.കുര്യനെ ഒഴിവാക്കണമെന്ന് സംസ്ഥാന നേതാക്കൾ തീരുമാനിച്ചാലും ഹൈക്കമാൻഡിന്റെ അനുമതിയില്ലാതെ നടക്കില്ല. ഇതോടെയാണു പി.ജെ. കുര്യനെ മാറ്റാനുള്ള തീരുമാനം ഹൈക്കമാൻഡിന്റെ അറിവോടെയാണെന്നു വ്യക്തമാകുന്നത്. പി ജെ കുര്യൻ പറയുന്നത് എന്താണെന്ന് തനിക്കറിയില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതും ഈ സാഹചര്യത്തിലാണ്. തനിക്ക് ആദരവും ബഹുമാനവും ഉള്ള നേതാവാണ് പി ജെ കുര്യൻ. ഉമ്മൻ ചാണ്ടി പറഞ്ഞു. കൂടുതൽ പ്രതികരിക്കുന്നില്ലെന്നും പറയാനുള്ളത് പിന്നീട് പറയുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

ഉമ്മൻ ചാണ്ടി പേഴ്സണൽ അജണ്ട നടപ്പാക്കുകയാണെന്നും രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തുനിന്നു പോലും തന്നെ നീക്കാൻ ശ്രമം നടന്നുവെന്നും കുര്യൻ ആരോപിച്ചിരുന്നു. അതിനായി അദ്ദേഹം യുവ നേതാക്കളെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും കുര്യൻ അറിയിച്ചു. സംഭവത്തിൽ രമേശ് ചെന്നിത്തല മാപ്പ് പറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ഫോണിൽ പോലും വിളിച്ച് സംസാരിച്ചില്ലെന്നും പി.ജെ കുര്യൻ ആരോപിച്ചു. 2005-ൽ സീറ്റ് നൽകാൻ ഇടപ്പെട്ടെന്ന ഉമ്മൻ ചാണ്ടിയുടെ വാദം തെറ്റാണെന്നും ഉമ്മൻ ചാണ്ടി കാര്യങ്ങൾ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുര്യൻ വിശദീകരിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP