Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജാതി പറഞ്ഞും ലൈംഗികമായി അവഹേളിച്ചും കല്ലെറിഞ്ഞ് കൊല്ലണമെന്ന് ആഹ്വാനം ചെയ്തും ചില 'പ്രബുദ്ധരുടെ' ഫേസ്‌ബുക്ക് പോസ്റ്റുകൾ; ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തിനിടെ ഗർഭിണി മരിച്ചതിൽ ക്യത്യവിലോപമുണ്ടായെങ്കിൽ നിയമത്തിന്റെ മാർഗ്ഗം നോക്കണം; പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ നടത്തിയ ലേഡി ഡോക്ടർക്കെതിരായ സൈബർ ലിഞ്ചിങ്ങിൽ പൊലീസ് കേസെടുക്കണമെന്ന് ഡോ.ജിനേഷ് പി.എസ്

ജാതി പറഞ്ഞും ലൈംഗികമായി അവഹേളിച്ചും കല്ലെറിഞ്ഞ് കൊല്ലണമെന്ന് ആഹ്വാനം ചെയ്തും ചില 'പ്രബുദ്ധരുടെ' ഫേസ്‌ബുക്ക് പോസ്റ്റുകൾ; ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തിനിടെ ഗർഭിണി മരിച്ചതിൽ ക്യത്യവിലോപമുണ്ടായെങ്കിൽ നിയമത്തിന്റെ മാർഗ്ഗം നോക്കണം; പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ നടത്തിയ ലേഡി ഡോക്ടർക്കെതിരായ സൈബർ ലിഞ്ചിങ്ങിൽ പൊലീസ് കേസെടുക്കണമെന്ന് ഡോ.ജിനേഷ് പി.എസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ ഇരുപത്തിയൊന്നുകാരി മരിച്ചതിനെ തുടർന്ന് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ പ്രതിഷേധവുമായി ബന്ധുക്കളും ഒരുവിഭാഗം നാട്ടുകാരും രംഗത്തെത്തിയിരുന്നു.ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയ ഡോക്ടറെ തടഞ്ഞുവയ്ക്കുകയും ശകാര വാക്കുകൾ ചൊരിഞ്ഞ് അപമാനിക്കുകയും ചെയ്തു.2000 രൂപയുടെ കുറവ പറഞ്ഞ് രോഗിയെ മറ്റൊരുആശുപ്ത്രിയിലേക്ക് മാറ്റാൻ മനഃപൂർവം കാലതാമസം വരുത്തി എന്നും ബന്ധുക്കൾ ആരോപിച്ചു. കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടിൽ ശ്രീജ (21) ആണ് മരിച്ചത്. പ്രസവത്തിന് വേണ്ടി രണ്ടു ദിവസം മുമ്പ് ശ്രീജയെ ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരുന്നു.

അലർജി പരിശോധനകൾ നടത്താതെ സിസ്സേറിയന് മുമ്പ് അധിക ഡോസിൽ ഇഞ്ചക്ഷൻ നൽകിയതാണ് മരണ കാരണമെന്ന് കാണിച്ചുകൊണ്ട് ശ്രീജയുടെ സുഹൃത്തുക്കളും ബന്ധുക്കളും മൃതദേഹവുമായി കെടിസിടി ആശുപത്രി ഉപരോധിച്ചിരുന്നു.

ശ്രീജ മരിച്ചതിന് ശേഷവും ഒരു വിവരും ബന്ധുക്കളെ അറിയിക്കാതെ വെന്റിലേറ്ററിൽ തന്നെ വെച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു. സിസ്സേറിയൻ നടത്തിയതിൽ കുട്ടി രക്ഷപ്പെട്ടു. ആശുപത്രി അധികൃതരുടെ അനാസ്ഥയും തോന്ന്യവാസവും കാരണമാണ് ഒരു ജീവൻ പൊലിഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു. മാത്രമല്ല 48000 രൂപ അടയ്ക്കാൻ പറഞ്ഞതിൽ 46000 രൂപ മാത്രം അടച്ചതിനാൽ ബാക്കി 2000 രൂപയ്ക്കായി മൂന്നു മണിക്കൂറോളം തടഞ്ഞുവച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.

സിസേറിയൻ നടത്തിയതിനാൽ കുഞ്ഞിനെ രക്ഷിക്കാനായി. ബന്ധുക്കൾ ഡോക്ടറെ തടഞ്ഞു സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും യുവതിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഈ പ്ശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയയിലുടെ ഡോക്ടർക്കെതിരെ സൈബർ ലിഞ്ചിങ് നടത്തുന്നതിനെതിരെ ഡോ. ജിനേഷ് .പി.എസ്.ശബ്ദമുയർത്തുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പൂർണ രൂപം:

'സൈബർ ലിഞ്ചിങ്ങിന് വിധേയയായ ഡോക്ടർക്ക് പിന്തുണ.ആ ഡോക്ടർ നേരിട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി എന്നാണ് അറിഞ്ഞത്.തല്ലിക്കൊല്ലണമെന്നും പെട്രോളൊഴിച്ച് കത്തിക്കണമെന്നും പിഡീപ്പിക്കണം എന്നുമുള്ള ആക്രോശങ്ങൾക്കിരയായ, ജാതി പറഞ്ഞ് ആക്ഷേപിക്കപ്പെട്ട ഡോക്ടർക്ക് ഈ വിഷയത്തിൽ പിന്തുണ.ഇനി ഇതാവർത്തിച്ചു കൂടാ. ഡോക്ടർക്കെതിരെ എന്നല്ല ഒരു സ്ത്രീക്കെതിരെയും. മാതൃകാപരമായ, ശക്തമായ നടപടികൾ ഉണ്ടാവണം.ഇനി പന്ത് പൊലീസിന്റെ കോർട്ടിലാണ്. നീതി നടപ്പാക്കുക തന്നെ വേണം.

ഹാർട്ടറ്റാക്ക് ഉണ്ടായ രോഗിയെ എന്റെ വണ്ടിയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട്.ഹർത്താൽ ദിനങ്ങളിൽ ആംബുലൻസും മറ്റു വണ്ടികളും ലഭിക്കാതിരുന്നപ്പോൾ, ഗുരുതരാവസ്ഥയിലുള്ള രോഗികളെ സ്വന്തം വണ്ടിയിൽ മെഡിക്കൽ കോളജിൽ എത്തിച്ചിട്ടുണ്ട്. ഒരു തവണയല്ല, പലതവണ.ഓട്ടിസം പോലുള്ള അവസ്ഥകളിലുള്ള കുട്ടികളുടെ തെറാപ്പികൾക്കായി, ചെയ്യാൻ സാധിക്കുന്ന പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് പല സൗകര്യങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്, ഇപ്പോഴും നൽകുന്നുമുണ്ട്. ഒറ്റയ്ക്കല്ല, ചില സുഹൃത്തുക്കളുടെ കൂടി സഹായത്താൽ.

വരുമാനത്തിന്റെ ഒരു നിശ്ചിതശതമാനം ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഞാൻ മാത്രമല്ല, പല സുഹൃത്തുക്കളും.
ഇതൊന്നും ഒരു വലിയ കാര്യമാണ് എന്ന് കരുതുന്നില്ല. സാമൂഹ്യജീവി എന്ന നിലയിൽ ഉള്ള കടമയായി മാത്രമേ കാണുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇതൊന്നും വിളംബരം ചെയ്യാറുമില്ല.സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോഗ്യ വിഷയങ്ങളിൽ അവബോധം വളർത്താൻ ശ്രമിക്കാറുണ്ട്. ഞാൻ മാത്രമല്ല ഇൻഫോ ക്ലിനിക് അംഗങ്ങൾ അടക്കമുള്ള ധാരാളം ഡോക്ടർ സുഹൃത്തുക്കളുമുണ്ട്.

നിപ്പാ വൈറസ് പനിബാധ ഉണ്ടായ അവസരങ്ങളിൽ അടക്കം സാമൂഹ്യ അവബോധം സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ ഒരൊറ്റ കാരണത്താൽ വ്യക്തിപരമായി പോലും അപമാനിച്ചവരുണ്ട്. അഭ്യസ്തവിദ്യർ എന്ന് കരുതുന്ന പലരും ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ വക്താക്കൾ ആകുന്നത് കണ്ടിട്ടുണ്ട്.ഇന്നിപ്പോൾ ഒരു ഡോക്ടറെ കത്തിക്കണം എന്നാണ് ചില 'പ്രബുദ്ധരുടെ' ഫേസ്‌ബുക്ക് ആഹ്വാനം. കല്ലെറിഞ്ഞ് കൊല്ലണം, ജീവനോടെ വച്ചേക്കരുത് എന്നൊക്കെയുള്ള ആഹ്വാനങ്ങൾ ധാരാളം. ജാതി പറഞ്ഞു പോലും അവർ ആ സ്ത്രീയെ അപമാനിക്കുന്നു. ലൈംഗികമായും അവഹേളിക്കുന്നു.

ഒരു രോഗിയുടെ എമർജൻസി പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ആണ് ആൾ എന്നാണ് മനസ്സിലാക്കുന്നത്. ഒരു പിഞ്ചുകുഞ്ഞിനെ ജീവൻ രക്ഷിക്കാൻ വേണ്ടി എമർജൻസി ശസ്ത്രക്രിയ നടത്തി എന്നാണ് കേൾക്കുന്നത്.രണ്ടായിരം രൂപയുടെ പേരിൽ തർക്കം ഉണ്ടായി എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ഡോക്ടറും രോഗിയുമായി പണമിടപാട് ഇല്ല എന്നാണ് എന്റെ ഇതുവരെയുള്ള ധാരണ. ആശുപത്രി മാനേജ്‌മെന്റും രോഗിയും തമ്മിൽ മാത്രമേ പണമിടപാട് നടക്കാറുള്ളൂ. അങ്ങനെയൊരു സാഹചര്യത്തിൽ എന്തിനാവും നുണകൾ പറഞ്ഞ് ജാതീയമായി ലൈംഗികമായി പീഡിപ്പിക്കണം, കൊല്ലണം എന്നൊക്കെ ആഹ്വാനം ചെയ്യുന്നത്

കൃത്യവിലോപം ഉണ്ടായിട്ടുണ്ടെങ്കിൽ നിയമസംവിധാനങ്ങൾ ഉപയോഗിക്കുകയാണ് വേണ്ടത്. നിയമവ്യവസ്ഥ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ എന്നാണ് ധാരണ. സൈബർ ലിഞ്ചിങ് അംഗീകരിക്കാനാവില്ല.ഇതാണ് സാഹചര്യം എങ്കിൽ വളരെ ശ്രദ്ധിക്കണം എന്ന് മാത്രമേ ഡോക്ടർ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളൂ.എന്തെങ്കിലും സംശയമുണ്ടെങ്കിൽ അപ്പോൾതന്നെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുക, അങ്ങനെയെങ്കിൽ ആരോപണങ്ങൾക്ക് സ്ഥാനമുണ്ടാവില്ല.

സ്വന്തം രോഗികളുടെ സംശയങ്ങൾക്ക്/പ്രശ്‌നങ്ങൾക്ക് ഫോണിലൂടെ മറുപടി പറഞ്ഞ് സഹായിക്കുന്ന നിരവധി ഡോക്ടർ സുഹൃത്തുക്കളെ അറിയാം. അത്തരം കാര്യങ്ങൾ എന്റർടെയ്ൻ ചെയ്യാതിരിക്കുക. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ നേരെ ആശുപത്രിയിൽ വന്ന് ഡ്യൂട്ടി ഡോക്ടറെ കാണാൻ പറയുക.

സ്വന്തം ജോലി സമയത്തിന് അപ്പുറം ഒരു കാര്യവും ചെയ്യാതിരിക്കുക.മറ്റൊന്നും കൊണ്ടല്ല ഇങ്ങനെ പറയുന്നത്; നിങ്ങളെക്കുറിച്ച് എന്തെങ്കിലുമൊരു ഫേസ്‌ബുക്ക് പോസ്റ്റ് വന്നാൽ ശരിയോ തെറ്റോ എന്നറിയാതെ ഫോർവേഡ് ചെയ്യാൻ 50000 പേരുണ്ട് എന്ന് മനസ്സിലാക്കണം, അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.ഒരിക്കൽക്കൂടി വ്യക്തമാക്കിക്കൊള്ളട്ടെ. ആശുപത്രിയുടെയോ ഡോക്ടറുടെയോ ഭാഗത്തുനിന്ന് കൃത്യവിലോപം ഉണ്ടായിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ ഉണ്ടാവണം.സൈബർ ലിഞ്ചിങ് അംഗീകരിക്കാനാവില്ല.ട

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP