Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആയുധധാരികളായ 100 സിആർപിഎഫ് ഭടന്മാർ എപ്പോഴും രാജ്ഭവനു ചുറ്റും റോന്തുചുറ്റും; അസം റൈഫിളിന്റെ 50 ഭടന്മാർ വഴിക്കണ്ണുമായി വീട്ടുമുറ്റത്ത്; എയർഫോഴ്സിന്റെ ഹെലികോപ്ടറും മെഡിക്കൽ സംഘവും രാജ്ഭവൻ കാമ്പസിൽ; ഒരു ഐഎഎസുകാരനും രണ്ട് ഐപിഎസുകാരും ജീവനക്കാർ: കുമ്മനം രാജശേഖരൻ മിസോറാമിൽ ജീവിക്കുന്നത് ഇങ്ങനെ; ഒന്നും വേണ്ടെന്ന് പറഞ്ഞിട്ടും സുരക്ഷാ സേന ഗവർണർക്ക് പിന്നാലെ കേരളത്തിലേക്ക്

ആയുധധാരികളായ 100 സിആർപിഎഫ് ഭടന്മാർ എപ്പോഴും രാജ്ഭവനു ചുറ്റും റോന്തുചുറ്റും; അസം റൈഫിളിന്റെ 50 ഭടന്മാർ വഴിക്കണ്ണുമായി വീട്ടുമുറ്റത്ത്; എയർഫോഴ്സിന്റെ ഹെലികോപ്ടറും മെഡിക്കൽ സംഘവും രാജ്ഭവൻ കാമ്പസിൽ; ഒരു ഐഎഎസുകാരനും രണ്ട് ഐപിഎസുകാരും ജീവനക്കാർ: കുമ്മനം രാജശേഖരൻ മിസോറാമിൽ ജീവിക്കുന്നത് ഇങ്ങനെ; ഒന്നും വേണ്ടെന്ന് പറഞ്ഞിട്ടും സുരക്ഷാ സേന ഗവർണർക്ക് പിന്നാലെ കേരളത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഴിയരികിൽ ഭക്ഷണം പാചകം ചെയ്ത് ഉണ്ടും ഉറങ്ങിയും കിടന്ന് ജീവിച്ചൊരു ഭൂതകാലമുണ്ട് കുമ്മനം രാജശേഖരൻ എന്ന നേതാവിന്. അയ്യപ്പ സേവാ സംഘത്തിൽ പ്രവർത്തിച്ച കാലത്ത് അദ്ദേഹത്തിന്റെ ജീവിതം ഇങ്ങനെയായിരുന്നു. എന്നാൽ, എന്നും സാധാരണക്കാർക്കൊപ്പം നിന്ന ആ സാധു മനുഷ്യൻ ഇന്ന് കേരളത്തിലേക്ക് തിരിച്ചുവരുകയാണ്. മിസോറാം ഗവർണറായി സ്ഥാനമേറ്റ ശേഷം ഇന്ന് നാട്ടിലേക്ക് എത്തുന്ന കുമ്മനം രാജശേഖരൻ എല്ലാവരെയും ശരിക്കും ഞെട്ടിക്കും. കാരണം ഗവർണർക്ക് വേണ്ടി അതീവ സുരക്ഷയാണ് കേരളത്തിലും ഒരുക്കുന്നത്. എന്നാൽ, സ്വന്തം നാട്ടിൽ ഈ സുരക്ഷയൊന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ സുരക്ഷാ ഉദ്യോഗസ്ഥരും തയ്യാറല്ല.

മുഴുവൻ സമയവും പൊലീസി ബന്ദവസിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പോലും ഞെട്ടിക്കുന്ന വിധത്തിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ഇത്തവണ കുമ്മനത്തിനായി ഒരുക്കിയിരിക്കുന്നത്. മിസോറാമിനെ രാജ്ഭവനിലും വലിയ സുരക്ഷകൾക്ക് നടുവിലാണ് കുമ്മനം കഴിയുന്നത്. ആയുധ ധാരികളായ 100 സിആർപിഎഫ് ഭടന്മാർ അദ്ദേഹത്തിന് കാവൽ നിൽക്കും. അസം റൈഫിൾസിന്റെ 50 ഭടന്മാർ അദ്ദേഹം പോകുന്ന വഴികളിൽ വഴിക്കണ്ണുമായി വീട്ടുമുറ്റത്തും. എയർഫോഴ്‌സിന്റെ ഹെലികോപ്ടറും മെഡിക്കൽ സംഘവും കാമ്പസിലുണ്ട്. ഇത് കൂടാതെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ ചുറ്റുമുണ്ട്.അൻപതോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും കൂടാതെയുണ്ട്.

ഇങ്ങനെയുള്ള കുമ്മനത്തിന് കേരളത്തിൽ എത്തുമ്പോഴും അതീവ സുരക്ഷ തന്നെയാണ് ഒരുക്കുക. എട്ട് പാചകക്കാരാണ് അടുക്കളയിൽ. ഇഷ്ടമുള്ളതു പറഞ്ഞാൽ അപ്പോൾ മുൻപിൽ വരും. ആഹാരം ആദ്യം മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ രുചിച്ച് പരിശോധിക്കും. ഡോക്ടറും ആംബുലൻസും ഉൾപ്പെടെ മെഡിക്കൽ സംഘവും സദാ സമയവും കൂടെയുണ്ട്. ദിവസവും രാവിലെ ഇന്റലിജൻസ് മേധാവി വന്ന് സംസ്ഥാനത്തെ സംഭവവികാസങ്ങൾ ധരിപ്പിക്കും. എന്നാൽ സർവ പ്രതാപിയായുള്ള ജീവിതത്തിന് ഇടയിലും കുമ്മനം ആഗ്രഹിക്കുന്നത് ജനങ്ങൾക്കിടയിലുള്ള ജീവിതമാണ്.

എന്തായാലും മിസോറാമുകാർക്കും കുമ്മനം ഒരു അത്ഭുതമായിട്ടുണ്ട്. അത് ലാളിത്യത്തിന്റെ കാര്യത്തിലാണ്. പതിവ് വെള്ളമുണ്ടും ഷർട്ടും ധരിച്ച സത്യപ്രതിജ്ഞ ചെയ്ത പുതിയ ഗവർണർക്ക് അലങ്കാരമായി ഉണ്ടായിരുന്നത് തണുപ്പിനെ ചെറുക്കാൻ ഒരുഹാഫ് ജാക്കറ്റ് മാത്രമായിരുന്നു. ഹിന്ദുത്വ വാദിയെന്ന് ആരോപിച്ച് ചിലർ ഉയർത്തിയ പ്രതിഷേധത്തിന്റെ അലയൊലികൾ അടങ്ങിവരികയാണ്.ഈ സമയത്താണ് കുമ്മനം രാജേശഖരൻ വ്യാഴാഴ്ച കേരളത്തിലേക്ക് എത്തുന്നത്.

ഗവർണർ പദവി ഭാഗ്യമായി കരുതുന്നയാളല്ല കുമ്മനം. അധികാരത്തിനായിരുന്നെങ്കിൽ ഫുഡ് കോർപറേഷനിലെ ജോലി രാജി വച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങില്ലായിരുന്നല്ലോയെന്നാണ് അദ്ദേഹം ആവർത്തിച്ചുചോദിക്കാറുള്ളത്.ഒറ്റയ്ക്ക് ചെറിയ ബാഗും തൂക്കി കടന്നുവന്ന ഈ ലളിതമനസ്‌കനെ കണ്ട് രാജ്ഭവനിലെ ജീവനക്കാർ അമ്പരന്നു. ഇങ്ങനെയും ഒരു ഗവർണറോ? പതിയെ പതിയെ എല്ലാവരും അടുത്തു.ഏതായാലും കുമ്മത്തിന് തികഞ്ഞ പ്രവർത്തനമേഖലയാണ് മിസോറാം. കൂടുതലും പാവപ്പെട്ട കൃഷിക്കാർ. അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് ഇനി ലക്ഷ്യമിടുന്നത്. ഡൽഹിയിൽ ഗവർണറുടെ യോഗത്തിലും മിസോറാം വികസനത്തിന് വേണ്ടി എന്തുചെയ്യാനാവും എന്നാണ് പറഞ്ഞത്. യാത്രാസൗകര്യം അടക്കം അടിസ്ഥാനവികസനത്തിന് എന്തുചെയ്യാനുാവുമെന്ന് സർക്കാരിനൊപ്പം നിന്ന് ശ്രമിക്കണം. അതാണ് ഇനി ദൗത്യം.

ഇസഡ് പ്ലസ് സുരക്ഷയോടെയാണ് കുമ്മനം രാജശേഖരൻ വ്യാഴാഴ്ച കേരളത്തിലെത്തുന്നത്. പഴയതു പോലെ വിചാരിക്കുന്ന സമയത്ത് ഓരോ സ്ഥലത്ത് പോകാൻ കഴിയില്ല. ഇപ്പോൾ എവിടെയെങ്കിലും പോവണമെങ്കിൽ ഏഴ് ദിവസം മുമ്പ് രാഷ്ട്രപതിയുടെ അനുവാദവും പ്രത്യേക വിമാനവും വേണം.അതിന്റെ ഒരു വീർപ്പുമുട്ടലുണ്ട്. എന്നിരുന്നാലും പാർട്ടി കൽപിച്ചുതന്ന പദവിയല്ലേ, സന്മനസോടെ സ്വീകരിച്ചു. പത്ത് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് നിന്ന് ഗവർണർ മാറി നിൽക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. അതിനാൽ 20 വരെ കേരളത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് അദ്ദേഹം മടങ്ങും. 16ന് ശബരിമല സന്ദർശനവും നടത്തും.

15ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം 16ന് രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വരും. താൻ സ്ഥാപിച്ച ആറന്മുള ശബരി ബാലാശ്രമത്തിൽ കുട്ടികൾക്കൊപ്പം പ്രഭാത ഭക്ഷണത്തിൽ പങ്കെടുത്ത ശേഷം പാർഥസാരഥി ക്ഷേത്ര ദർശനം നടത്തും. തുടർന്ന് മാരാമൺ അരമനയിലെത്തി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സന്ദർശിക്കും. അവിടെ നിന്ന് കൂനങ്കര ശബരി ബാലാശ്രമത്തിൽ എത്തി ഇരുമുടിക്കെട്ട് നിറച്ച ശേഷം അട്ടത്തോട് ആദിവാസി കോളനിയിലെത്തി ആദിവാസി മൂപ്പന് ദക്ഷിണ നൽകി മിസോറമിലെ ആദിവാസി ഗോത്ര വർഗം നെയ്തെടുത്ത ഷാൾ അണിയിക്കും. തുടർന്ന് ശബരിമല ദർശനത്തിന് തിരിക്കും. 16ന് അവിടെ തങ്ങിയ ശേഷം അദ്ദേഹം 17ന് കുമ്മനത്തെ കുടുംബവീട്ടിലേക്ക് പുറപ്പെടും.

കേരളത്തിലേക്ക് എത്തുന്ന കുമ്മനത്തിന് അതീവ സുരക്ഷ തന്നെയാണ് ഒരുക്കുന്നത്. സംസ്ഥാനത്ത് അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ കുമ്മനം കേരളത്തിൽ എത്തുന്നത്. കേരളത്തിലേക്ക് വരുമ്പോൾ ഇഷ്ടഭക്ഷണം കഴിക്കാമെന്ന സന്തോഷം കൂടിയുണ്ടാകും കുമ്മനത്തിന്. രാജ്ഭവനിൽ ദോശയും ഇഡ്ഡലിയുമൊക്കെ തയ്യാറാക്കാൻ പാചകക്കാർക്ക് അറിയാമെങ്കിലും പുട്ട് പോലെയുള്ള വിഭവങ്ങളൊന്നും വലിയ പിടിയില്ല. ഗവർണർക്ക് വേണ്ടി അതൊക്കെ പഠിക്കുന്ന തിരക്കിലാണ് പാചകക്കാർ. ഒരുപക്ഷേ കുമ്മനം മിസോറാമിൽ മടങ്ങിയെത്തുമ്പോഴേക്കും അതൊക്കെ അവർ പഠിച്ചിട്ടുണ്ടാകും.ഏതായാലും സ്വന്തം നാട്ടിലെത്തുന്നതിന്റെ സന്തോഷം ഒന്നുവേറെ തന്നെ.

മറ്റു ഗവർണർമാർക്ക് ഇല്ലാത്ത ചില ചുമതലകളുമുണ്ട് മിസോറാം ഗവർണർക്ക്. മൂന്നു ജില്ലാ കേന്ദ്രം നേരിട്ട് ഏറ്റെടുത്ത് ഭരിക്കുകയാണ്, ഗവർണറുടെ മേൽനോട്ടത്തിൽ, കേന്ദ്രഫണ്ടിൽ. വികസനം, ക്രമസമാധാനം എല്ലാം ഗവർണറുടെ ഓഫിസിൽ നിന്നാണ് നോക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ ഗവർണർമാരുടെ യോഗമായിരുന്നു. മിസോറം വികസനത്തിന് ഒരു പ്ലാനുണ്ടാക്കിയാണ് കുമ്മനം രാജശേഖരൻ യോഗത്തിനു പോയത്. മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചു വരുത്തി ചർച്ച നടത്തിയാണ് മിസോറമിനുവേണ്ടി പദ്ധതി തയാറാക്കിയത്. 'യാത്രാസൗകര്യമില്ലായ്മയാണ് മിസോറമിന്റെ ഒരു പ്രശ്‌നം. ആഴ്ചയിൽ രണ്ടു ദിവസമേ ഡൽഹിക്കു വിമാനമുള്ളു. ദിവസവും കൊൽക്കത്തയ്ക്ക് ഒരു സർവീസുണ്ട്. അതുപോലെ, ട്രെയിനുമില്ല മിസോറമിലേക്ക്.

12 ലക്ഷമാണ് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യ. മലയാളി അസോസിയേഷനിൽ നേരത്തെ മൂന്നൂറു പേരുണ്ടായിരുന്നു. ഇപ്പോൾ അത് അറുപതായി കുറഞ്ഞു. അവരൊക്കെ മലയാളി ഗവർണറെ കാണാനെത്തിയിരുന്നു. പിന്നെ, വേഷം മുണ്ടും ഷർട്ടും തന്നെ എന്നും. ചില പരിപാടികൾക്ക് ഡ്രസ് കോഡ് ഉണ്ടെന്ന് പറയുന്നു. അതൊന്നും ആലോചിച്ചിട്ടില്ല. പുതിയ കാഴ്ചപ്പാടോടെയാണ് മിസോറാമിനെ കാണുന്നത്. ഗ്രീൻ മിസോറം. ക്ലീൻ മിസോറം. സ്ഥായിയായ വികസനം എന്ന ആശയമാണ് നാളെ പ്രധാനമന്ത്രിയെ കാണുമ്പോൾ സമർപ്പിക്കുന്ന നിർദ്ദേശം. അതു തയാറാക്കുന്ന തിരക്കിലാണ് ഗവർണർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP