Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമ്മനത്തെ ഗവർണറാക്കിയ ശേഷം പിറ്റേന്ന് സുരേന്ദ്രനെ ബിജെപി പ്രസിഡന്റാക്കാൻ കേന്ദ്ര നേതൃത്വം എടുത്ത തീരുമാനം പൊളിഞ്ഞത് രാഷ്ട്രപതി രണ്ട് ദിവസം നേരത്തെ നിയമനത്തിൽ ഒപ്പിട്ടപ്പോൾ; ആവശ്യം വന്നപ്പോൾ വിട്ടുനൽകി കുമ്മനത്തെ ചോദിക്കാതെ നീക്കിയതോടെ ഒത്തു തീർപ്പിന് വഴങ്ങാതെ സംസ്ഥാന ആർഎസ്എസ് നേതൃത്വം; സുരേന്ദ്രനെ ഒഴിവാക്കാമെന്ന് അറിയിച്ചിട്ടും വഴങ്ങാതെ ആർഎസ്എസ് നേതൃത്വം: സംസ്ഥാന അധ്യക്ഷനെ നിയമിക്കാനാവാതെ ബിജെപി

കുമ്മനത്തെ ഗവർണറാക്കിയ ശേഷം പിറ്റേന്ന് സുരേന്ദ്രനെ ബിജെപി പ്രസിഡന്റാക്കാൻ കേന്ദ്ര നേതൃത്വം എടുത്ത തീരുമാനം പൊളിഞ്ഞത് രാഷ്ട്രപതി രണ്ട് ദിവസം നേരത്തെ നിയമനത്തിൽ ഒപ്പിട്ടപ്പോൾ; ആവശ്യം വന്നപ്പോൾ വിട്ടുനൽകി കുമ്മനത്തെ ചോദിക്കാതെ നീക്കിയതോടെ ഒത്തു തീർപ്പിന് വഴങ്ങാതെ സംസ്ഥാന ആർഎസ്എസ് നേതൃത്വം; സുരേന്ദ്രനെ ഒഴിവാക്കാമെന്ന് അറിയിച്ചിട്ടും വഴങ്ങാതെ ആർഎസ്എസ് നേതൃത്വം: സംസ്ഥാന അധ്യക്ഷനെ നിയമിക്കാനാവാതെ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കാൻ സാധിക്കാത്ത വിധത്തിൽ പ്രതിസന്ധിയിൽ ഉഴറി ബിജെപി നേതൃത്വം. മുരളീധരൻ - പി കെ കൃഷ്ണദാസ് വിഭാഗങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനൊപ്പം ആർഎസ്എസിന്റെ കടുംപിടുത്തവുമാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലെ തീരുമാനം വൈകുന്നത്. ഈ വിഷയത്തിൽ ആർഎസ്എസ് നിർദ്ദേശ പ്രകാരം നിയമിച്ച കുമ്മനത്തെ മാറ്റിയ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നടപടിയാണ് ആർഎസ്എസിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതോടെ ആർഎസ്എസിന്റെ നിസ്സഹകരണത്തെ തുടർന്ന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സാധ്യതക്ക് മങ്ങലേറ്റിരിക്കയാണ്.

കുമ്മനത്തെ ഗവർണറായി നിയമിച്ച് പകരം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അധ്യക്ഷനായി നിയമിക്കാനായിരുന്നു പാർട്ടി കേന്ദ്രനേതൃത്വത്തിലുണ്ടായ ധാരണ. ഇക്കാര്യം അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടു നീക്കിയതും. എന്നാൽ, ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 29ന് വൈകുന്നേരം ഗവർണറായി നിയമിക്കാൻ ആയിരുന്നു തീരുമാനിച്ചത്. 30ന് സുരേന്ദ്രനെ പ്രസിഡന്റാക്കാനും തീരുമാനിച്ചു. എന്നാൽ പ്രസിഡന്റ് രാംനാഥ് കോവിന്ദ് നേരത്തെ ഗവർണർ നിയമനത്തിൽ ഒപ്പിട്ടതോടെ നീക്കം പാളി. കുമ്മനത്തെ മാറ്റുന്നത് അദ്ദേഹത്തിന്റെയും ആർഎസ്എസിന്റെയും അനുമതിയോടെയാണ് എന്നാണ് കേന്ദ്ര നേതൃത്വത്തെ ബിജെപി നേതാക്കൾ ധരിപ്പിച്ചത്. എന്നാൽ, അങ്ങനെയല്ലെന്ന് പിന്നീട് ബോധ്യമായി. തങ്ങളോട് ആലോചിക്കാതെ കുമ്മനത്തെ മാറ്റിയ നടപടിയാണ് ആർഎസ്എസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

കുമ്മനത്തിന് പകരക്കാരനായി കണ്ട കെ സുരേന്ദ്രനെ അംഗീകരിക്കില്ലെന്ന് ആർഎസ്എസ്. അമിത് ഷായെ അറിയിച്ചിട്ടുണ്ട്. പാർട്ടിയിലെ പ്രശ്‌നങ്ങൾ സങ്കീർണമായതോടെയാണ് എച്ച്. രാജ, നളിൻകുമാർ കട്ടീൽ എന്നീ കേന്ദ്രനേതാക്കളെ ചർച്ചകൾക്കായി അമിത് ഷാ കേരളത്തിലേക്കയച്ചത്. എന്നാൽ അവർ നടത്തിയ അനുരജ്ജന ശ്രമങ്ങളും വേണ്ട വിധത്തിൽ വിജയിച്ചില്ല. ആർ.എസ്.എസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ബിജെപി.നേതൃത്വത്തെ ശരിക്കും വെട്ടിലാക്കി. കാരണം.

ബിജെപി. അധ്യക്ഷനെ നിശ്ചയിക്കുന്നതിൽ ഇടപെടേണ്ടതില്ലെന്ന നിലപാടിൽ സംസ്ഥാനത്തെ ആർഎസ്എസ്. നേതാക്കൾ ഉറച്ചുനിൽക്കുകയാണ്. അനുനയ ചർച്ചയ്‌ക്കെത്തിയ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി. ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിനോടും ആർഎസ്എസ്. നേതാക്കൾ ഈ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി. ചൊവ്വാഴ്ച പാലക്കാട്ടെത്തിയ ബി.എൽ. സന്തോഷ്, ആർഎസ്എസ്. പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാർ, പ്രാന്ത കാര്യവാഹ് ഗോപാലൻകുട്ടി, സഹ പ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണൻ എന്നിവരുമായാണ് ചർച്ച നടത്തിയത്. എന്നാൽ, തീരുമാനമെടുക്കാനായില്ല.

ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറിമാരെയും കൂടിക്കാഴ്ചയ്ക്ക് സന്തോഷ് ക്ഷണിച്ചിരുന്നു. എന്നാൽ, കെ. സുരേന്ദ്രൻ മാത്രമാണ് എത്തിയത്. എം ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കാതിരുന്നത് ആർഎസ്എസ്. നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് സൂചന. കുമ്മനം രാജശേഖരനെ ആർഎസ്എസ്. നിർദ്ദേശപ്രകാരമാണ് ബിജെപി. അധ്യക്ഷനാക്കിയത്. അദ്ദേഹത്തെ ഒഴിവാക്കിയതിനു വിശദീകരണം നൽകണമെന്നാണ് ആർഎസ്എസ്. നേതൃത്വത്തിന്റെ ആവശ്യം. ഇതിൽ പ്രതിഷേധിച്ച് ബിജെപി. കേന്ദ്ര നേതൃത്വത്തിന് അവർ കത്തെഴുതിയിരുന്നു.

സുരേന്ദ്രനെ എതിർക്കുന്ന പി.കെ. കൃഷ്ണദാസ്-എം ടി. രമേശ് പക്ഷം പാർട്ടി അധ്യക്ഷനായി നേതാക്കളുടെ മുന്നിൽവെച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ പേരാണ്. രാധാകൃഷ്ണൻ, സുരേന്ദ്രൻ എന്നിവർക്കൊപ്പം പി.എസ്. ശ്രീധരൻപിള്ളയുടെ പേരും കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. എന്നാൽ, ആർ.എസ്.എസിന്റെ അഭിപ്രായം അവഗണിച്ച് പാർട്ടി പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ ബിജെപി. നേതൃത്വത്തിനാവില്ല. തങ്ങളുടെ സഹായം ആവശ്യമില്ലെങ്കിൽ പാർട്ടി ചുമതലകളിലുള്ള ആർഎസ്എസ്. നേതാക്കളെ പിൻവലിച്ചേക്കാം എന്ന മുന്നറിയിപ്പ് നേതൃത്വം ബിജെപി. നേതാക്കളെ അറിയിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും.

ബിജെപി.യുടെ ഭരണഘടന അനുസരിച്ച് അധ്യക്ഷൻ രാജിവച്ചാൽ സംസ്ഥാന സമിതി തന്നെ ഇല്ലാതാകും. കുമ്മനം സ്ഥാനമൊഴിഞ്ഞിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. ഫലത്തിൽ കേരളത്തിൽ ബിജെപി.ക്ക് ഇപ്പോൾ സംസ്ഥാന സമിതിയില്ലാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സുരേന്ദ്രനെ നിയമിക്കില്ല എന്നറിയിച്ചിട്ടും വലിയ നേട്ടമില്ലാത്ത സ്ഥിതിയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ സുരേന്ദ്രൻ പ്രസിഡന്റായാലേ നേട്ടമുണ്ടാകൂവെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഇക്കാര്യം സംസ്ഥാനത്തെ മുതിർന്ന നേതാക്കളേയും അറിയിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാന നേതാക്കളിൽ നാൽപതോളം പേർ സുരേന്ദ്രന്റെ പേർ നിർദ്ദേശിച്ചതായാണു സൂചന. കൃഷ്ണദാസ് പക്ഷക്കാരായ ചില മുതിർന്ന നേതാക്കൾപോലും, ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ കെ. സുരേന്ദ്രനാണ് നല്ലതെന്ന അഭിപ്രായം കേന്ദ്രസംഘത്തിനു െകെമാറി. എം ടി. രമേശിനെ മുൻനിർത്തി ചർച്ചയിൽ പങ്കെടുത്ത പി.കെ. കൃഷ്ണദാസ് പക്ഷത്തുനിന്നു ചിലർ എ.എൻ. രാധാകൃഷ്ണന്റെ പേരു പറഞ്ഞു. ഇതോടെ കാര്യങ്ങൾ സുരേന്ദ്രന് അനുകൂലമാണെന്ന പൊതു വിലയിരുത്തലുമെത്തി.

കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമുള്ള ചർച്ചയാണു പൂർത്തിയാക്കിയതെന്നും പ്രഖ്യാപനം പിന്നീടു നടത്തുമെന്നും ചർച്ചകൾക്കൊടുവിൽ എച്ച്. രാജ അറിയിച്ചിരുന്നു. മൊത്തം 62 പേരിൽ നിന്നാണു കേന്ദ്രനേതൃത്വം അഭിപ്രായം കേട്ടത്. പ്രസിഡന്റ് പദവിയിലേക്കു സ്വീകാര്യമായ പേരുകൾ വ്യക്തമായ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നേതാക്കൾ രേഖപ്പെടുത്തി. തീരുമാനം സുരേന്ദ്രന് അനുകൂലമാണെന്ന് അറിഞ്ഞതോടെയാണ് പികെ കൃഷ്ണദാസ് പക്ഷം കടുത്ത നിലപാടുകളിലേക്ക് പോയത്.അതിനിടെ ബിജെപി സംസ്ഥാന പ്രസിഡന്റിനെ ഏകപക്ഷീയമായി തീരുമാനിക്കാൻ നീക്കം നടത്തുന്നതായി ആരോപിച്ചു മൂന്നു സംസ്ഥാന ജനറൽ സെക്രട്ടറിമാർ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷ് വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP