Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം കേന്ദ്രങ്ങൾ കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടും ഊരാളുങ്കൽ സൊസൈറ്റി ചുളുവിൽ അടിച്ചുമാറ്റിക്കൊണ്ടിരുന്ന കോടികൾ വെട്ടി തച്ചങ്കരി; വളഞ്ഞ വഴിയിലൂടെ ഒരു ടിക്കറ്റിന് പത്തു രൂപയോളം അടിച്ചു മാറ്റിയിരുന്ന ഊരാളുങ്കലുകാരനെ പുറത്താക്കി കരാർ നേരിട്ടു നൽകി എംഡി; ഒരു ടിക്കറ്റിന് 15.5 രൂപ നൽകിയിരുന്നത് 3.25 ആക്കിയതോടെ കെഎസ്ആർടിസി ലാഭിക്കുന്നത് കോടികൾ; ടോമിനെതിരെ സിപിഎമ്മിലും മുറുമുറുപ്പ്

സിപിഎം കേന്ദ്രങ്ങൾ കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടും ഊരാളുങ്കൽ സൊസൈറ്റി ചുളുവിൽ അടിച്ചുമാറ്റിക്കൊണ്ടിരുന്ന കോടികൾ വെട്ടി തച്ചങ്കരി; വളഞ്ഞ വഴിയിലൂടെ ഒരു ടിക്കറ്റിന് പത്തു രൂപയോളം അടിച്ചു മാറ്റിയിരുന്ന ഊരാളുങ്കലുകാരനെ പുറത്താക്കി കരാർ നേരിട്ടു നൽകി എംഡി; ഒരു ടിക്കറ്റിന് 15.5 രൂപ നൽകിയിരുന്നത് 3.25 ആക്കിയതോടെ കെഎസ്ആർടിസി ലാഭിക്കുന്നത് കോടികൾ; ടോമിനെതിരെ സിപിഎമ്മിലും മുറുമുറുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയെ പരിക്ഷ്‌ക്കരിക്കാൻ രംഗത്തിറങ്ങിയ സിഎംഡി ടോമിൻ തച്ചങ്കരി കർശന നിലപാടുമായി മുന്നേറിയതോടെ കോർപ്പറേഷനെ വെള്ളാനയാക്കിയ ഒരു കൂട്ടർക്ക് പണി കിട്ടി. സിപിഎം സഹായത്തോടെ കോർപ്പറേഷനിൽ കടിച്ചു തൂങ്ങി ഓൺലൈൻ റിസർവേഷന്റെ ഇടനിലക്കാരിയ നിന്ന് കോടികൾ കൊണ്ടുപോയ ഊരാളുങ്കൽ സൊസൈറ്റിക്കാണ് പണി കിട്ടിയത്. നേരിട്ടു കരാർ നൽകിയതു വഴി യാത്രക്കാർക്കും കോർപ്പറേഷനും ലാഭമുണ്ടാക്കാമായിരുന്നിടത്താണ് ഇവർ നുഴഞ്ഞു കയറിയത്. ഇവരെ ഒഴിവാക്കിയതോടെ ചില സിപിഎം നേതാക്കളുടെയും നോട്ടപ്പുള്ളിയായി തച്ചങ്കരി മാറിയിട്ടുണ്ട്.

ഓൺലൈൻ റിസർവേഷൻ സംവിധാനത്തിനുള്ള ഇടനിലക്കാരെ ഒഴിവാക്കി ബെംഗളൂരുവിലുള്ള കമ്പനിയുമായി കെ.എസ്.ആർ.ടി.സി. കുറഞ്ഞ നിരക്കിൽ കരാർ ഒപ്പിട്ടു കൊണ്ടാണ് തച്ചങ്കരി തീരുമാനം കൈക്കൊണ്ടത്. ഇതോടെ ടിക്കറ്റൊന്നിന് കമ്മിഷൻ 3.25 രൂപയായി ചെലവ് കുറഞ്ഞു. കെൽട്രോണും ഊരാളുങ്കൽ സർവീസ് സൊസൈറ്റിയും ഇടനിലക്കാരായിരുന്ന കരാർപ്രകാരം ടിക്കറ്റൊന്നിന് 15.50 രൂപയാണ് കെ.എസ്.ആർ.ടി.സി. നൽകേണ്ടിയിരുന്നത്. കെൽട്രോൺ കരാറെടുത്ത ശേഷം ചെറിയകമ്മീഷന് ഊരാളുങ്കൽ സൊസൈറ്റിക്ക് മറിച്ച നൽകുകയായിരുന്നു ഇതുവരെ. ഇത് കോർപ്പറേഷനെ സംബന്ധിച്ചിടത്തോളം നഷ്ടച്ചക്കവടമായി നിലകൊണ്ടു.

അതേസമയം രാജമാണിക്യം കെ.എസ്.ആർ.ടി.സി. മേധാവിയായിരുന്നപ്പോൾ ടിക്കറ്റൊന്നിന് എട്ടു രൂപമാത്രമേ നൽകാൻ കഴിയൂയെന്ന നിലപാട് എടുത്തു. തീരുമാനം നടപ്പാക്കുകയും ചെയ്തു. കെൽട്രോൺ ഇതിനെ എതിർത്തില്ല. കരാറിൽ 15.50 രൂപ പറയുന്നെങ്കിലും ഒന്നരവർഷമായി എട്ടുരൂപയാണ് നൽകുന്നത്. ഇടപാടിലെ നഷ്ടം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ തച്ചങ്കരി കെൽട്രോണുമായുള്ള കരാർ റദ്ദാക്കുകയായിരുന്നു.

ആന്റണി ചാക്കോ എം.ഡി.യായിരുന്നപ്പോൾ അഞ്ചുവർഷം മുൻപാണ് കെൽട്രോണുമായി കരാർ ഒപ്പിട്ടത്. കെൽട്രോൺ ഈ കരാർ ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കും അവർ അത് ബെംഗളൂരു ആസ്ഥാനമായ റേഡിയന്റ് എന്ന കമ്പനിക്കും നൽകി. നേരിട്ടു കരാർ നൽകാമായിരുന്നെങ്കിലും ഇടനിലക്കാരെ ആശ്രയിച്ചതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു. ഈ ഇടപാടിലൂടെ കോടികളുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സി.ക്ക് ഉണ്ടായത്. ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ മറ്റുപല കോർപ്പറേഷനുകളും ഓൺലൈൻ സൗകര്യം നേടുന്നതായി ടോമിൻ തച്ചങ്കരി പറഞ്ഞു.

രാജ്യത്തെ ഒട്ടുമിക്ക പൊതുമേഖലാ, സ്വകാര്യ റോഡ് ട്രാൻസ്പോർട്ട് സ്ഥാപനങ്ങൾക്കും ഓൺലൈൻ സൗകര്യം ഒരുക്കുന്നത് റേഡിയന്റാണ്. അവരുമായി കരാറിൽ ഏർപ്പെടുന്നതിന് അംഗീകൃത നിരക്ക് കേന്ദ്ര ഏജൻസി നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരം ടിക്കറ്റൊന്നിന് 3.25 രൂപയ്ക്ക് റേഡിയന്റ് റിസർവേഷൻ സൗകര്യം ഒരുക്കും. ഇത് ഫലത്തിൽ കോർപ്പറേഷന് ഗുണകരമായ കാര്യമായി മാറുകയും ചെയ്തു.

കെ.എസ്.ആർ.ടി.സി.യിൽനിന്ന് കെൽട്രോൺ അധികമായി ഈടാക്കിയ 4.08 കോടി രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ടോമിൻ തച്ചങ്കരി കത്ത് നൽകിയിട്ടുണ്ട്. ടോട്ടൽ സർവീസ് പ്രൊവൈഡർ എന്ന നിലയിൽ ഈടാക്കേണ്ടതിൽ കൂടുതൽ ലാഭം കെൽട്രോൺ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയ നിരക്കു പ്രകാരം പരമാവധി 5.50 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്.

ഊരാളുങ്കൽ സൊസൈറ്റിക്ക് വേണ്ടി സിപിഎം നേതാക്കൾക്കിടയിൽ കടുത്ത സമ്മർദ്ദമാണ് ഉയർന്നിരുന്നത്. ഇടനിലക്കാരായി ഇവരെ നിലനിർത്താൻ കടുത്ത സമ്മർദ്ദവുമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ചില ഇടപെടൽ ഉണ്ടായെങ്കിലും കെഎസ്ആർടിസിക്ക് ഗുണകരമാകുമെങ്കിൽ അത് സൗകര്യപ്രദമെന്ന നിലപാടിലായരുന്നു പിണറായി വിജയൻ. ഇതോടെയാണ് തച്ചങ്കരിയുടെ സർജിക്കൽ സ്‌ട്രൈക്ക് ഉണ്ടായതും.

നേരത്തെ കെഎസ്ആർടിസി നവീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ബസ് ബുക്കിങ് കാര്യത്തിലും ചില മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ടിക്കറ്റുകൾ ഇനി മുതൽ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ യാത്രാ ടിക്കറ്റ് ബുക്കിങ് സേവനദാതാക്കളായ റെഡ് ബസിലും(redbsu) ലഭ്യമാക്കാൻ നടപടി തച്ചങ്കരി സ്വീകരിച്ചു. റെഡ് ബസുമായി കരാറിൽ ഏർപ്പെടുമ്പോൾ മുൻകൂറായി അവർക്ക് റീച്ചാർജ്ജ് വൗച്ചർ നൽകുന്നത് വഴി കെഎസ്ആർടിസിക്ക് പണം സ്വരൂപിക്കാൻ സാധിക്കും. റെഡബസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരന് 4.5 ശതമാനം സർവീസ് ചാർജ്ജ് ഈടാക്കും. നിലവിൽ കെഎസ്ആർടിസി ഓൺലൈൻ വഴി ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന് 20 രൂപ സർവീസ് ചാർജ്ജ് ഈടാക്കുന്നുണ്ട്. എന്നാൽ, ഇതിൽ 5.50 രൂപ മാത്രമാണ് മറ്റു തുക വെബ്സൈറ്റ് ഡെവലപ്പ് ചെയ്ത കെൽട്രോണിനാണ് ലഭിക്കുന്ന്. കെട്രോൺട്രോണിൽ നിന്നും ഊരാളുങ്കൽ സൊസൈറ്റി ഉപകരാർ എടുക്കുകയും റേഡിയന്റ് എന്ന കമ്പനിയെ ഏൽപ്പിക്കുകുമാണ് ചെയ്തിരിക്കുന്നത്. ഓൺലൈൻ ബുക്കിങ് വ്യാപകമായതോടെ കെൽട്രോണുമായുള്ള കരാർ കോർപ്പറേഷന് വലിയ നഷ്ടമാണ് സമ്മാനിച്ചിരുന്നത്.

കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ സഹായകമാകുമെന്ന രീതിയിൽ തുടങ്ങിയതാണ് ഓൺലൈൻ റിസർവേഷൻ. എന്നാൽ ഇതിന്റെ മൊത്തം ഗുണം കെഎസ്ആർടിസിക്ക് ലഭിക്കുന്നില്ലെന്നതാണ് സത്യം. ദീർഘദൂര യാത്രക്കായി റിസർവേഷൻ നടത്തുന്നതിൽ നിന്നും 20 രൂപ റിസർവേഷൻ ഫീസായി ഈടാക്കുമ്പോൾ കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. വെറും 5 രൂപ 50 പൈസ മാത്രമാണ്. ബാക്കി തുക ലഭിക്കുന്നത് ഓൺലൈൻ റിസർവേഷൻ നടത്തുന്ന ഏജൻസിക്കാണ്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനാണ് ഓൺലൈൻ റിസർവേഷൻ ചുമതല നൽകിയത്.

എന്തുകൊണ്ട് സ്വന്തം നിലയ്ക്ക് വെബ്‌സൈറ്റ് തുടങ്ങിക്കൂടെന്ന സംശയം കെഎസ്ആർടിസിയിലെ പലരും അന്ന് തന്നെ ഉന്നയിച്ചിരുന്നു. പൊതുമേഖല സ്ഥാപനമെന്ന ന്യായം പറഞ്ഞാണ് കെൽട്രോണിന് കരാർ നൽകിയത്. പിന്നീട് അവർ അത് മറ്റൊരു ഏജൻസിക്ക് നൽകുകയായിരുന്നു. ഓൺലൈൻ റിസർവ്വേന്റെ വെബ്‌സൈറ്റാകട്ടെ പല ദിവസങ്ങളിലും പണിമുടക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി. ഇതിലും വേണ്ടത്ര ലാഭമുണ്ടാക്കാനുള്ള സാധ്യത ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് മറ്റ് യാത്രാ ടിക്കറ്റ് ബുക്കിങ് ഏജൻസികളുമായി കോർപ്പറേഷൻ കൈകോർക്കുന്നത്.

റെഡ്ബസ് വഴി ബുക്കിങ് നടത്തുന്നത് ഭാവിയിൽ കെഎസ്ആർടിസിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. റെഡ്ബസ് വഴി സ്വകാര്യ ബസുകളുടെ ടിക്കറ്റുകൾ വലിയ തോതിൽ വിറ്റഴിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾ ഈ സേവനം ഉപയോഗിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദ്വീർഘദൂര സർവീസുകൾ നടത്തുന്ന ബസുകളിൽ സീറ്റുകൾ കാലിയായി ഓടാതിരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP