Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിപ്പൂർ കേന്ദ്രീകരിച്ച് പാസ്പോർട്ടിൽ തലമാറ്റി ചവിട്ടിക്കടത്ത്; കുവൈറ്റിൽ ആയയുടെ ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയവർ അകപ്പെട്ടത് അറബിയുടെ തടവറയിൽ; കൊടുമണിലെ മണിയെ ചതിച്ച കേസിൽ തിരൂരുകാരൻ ഷംസുദ്ദീൻ ഒടുവിൽ പൊലീസ് പിടിയിൽ; നൂറുകണക്കിന് സ്ത്രീകളെ കടത്തിയെന്ന് വിവരം

കരിപ്പൂർ കേന്ദ്രീകരിച്ച് പാസ്പോർട്ടിൽ തലമാറ്റി ചവിട്ടിക്കടത്ത്; കുവൈറ്റിൽ ആയയുടെ ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയവർ അകപ്പെട്ടത് അറബിയുടെ തടവറയിൽ; കൊടുമണിലെ മണിയെ ചതിച്ച കേസിൽ തിരൂരുകാരൻ ഷംസുദ്ദീൻ ഒടുവിൽ പൊലീസ് പിടിയിൽ; നൂറുകണക്കിന് സ്ത്രീകളെ കടത്തിയെന്ന് വിവരം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പട്ടിണിയിലും ജീവിത പ്രാരബ്ധങ്ങളിലും കഴിയുന്ന വീട്ടമ്മമാരെ കുവൈറ്റിൽ മെച്ചപ്പെട്ട ശമ്പളം വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിലെ സംഘത്തിലെ പ്രധാനി ഒടുവിൽ പൊലീസിന്റെ പിടിയിൽ. മലപ്പുറം തിരൂർ തിരുനാവായ പള്ളിക്കതാഴതിൽ ഷംസുദ്ദീനാ(48) നെടുമ്പാശേരി എയർപോർട്ടിൽ പിടിയിലായത്. ചൊവ്വാഴ്ചയാണ് ഇയാൾ വിദേശത്ത് നിന്ന് വന്നിറങ്ങിയത്. പൊലീസ് വിമാനത്താവളത്തിൽ പതിച്ചിരുന്ന ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. അടൂർ ഡിവൈഎസ്‌പി ആർ ജോസ്, പന്തളം ഇൻസ്പെക്ടർ ഇഡി ബിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊടുമൺ ഐക്കാട് സ്വദേശി മഠത്തിനാൽ മേലേതിൽ നാരായണന്റെ ഭാര്യ പി മണിയെ(40) കുവൈറ്റിലേക്ക് കൊണ്ടുപോയി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. 2015 ജൂൺ 18 നാണ് മണിയെ കൊണ്ടു പോയത്. ആറുമാസത്തിന് ശേഷം മണിയെ കുറിച്ച് വിവരങ്ങൾ ഒന്നുമില്ലാതായി. തുടർന്ന് പ്രവാസി സംഘടനകളുടെ സഹായത്തോടെ മക്കൾ പൊലീസിൽ പരാതി നൽകി. അന്ന് പത്തനംതിട്ട എസ്‌പിയായിരുന്ന ഹരിശങ്കറുടെ നിർദേശപ്രകാരം 2016 ഡിസംബർ 28 ന് കൊടുമൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മണിയെ കണ്ടെത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ ഒരു തരത്തിലും സാധിക്കാതിരിക്കേ എസ്‌പി നേരിട്ടു നടത്തിയ നീക്കമാണ് ഇപ്പോൾ ഫലം കണ്ടത്.

കഴിഞ്ഞ വർഷം ജൂലൈയിൽ മണിയെ നാട്ടിലെത്തിക്കാൻ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരൻ പത്തനാപുരം സ്വദേശി ബാലൻ പിള്ള നേരത്തേ പൊലീസ് പിടിയിൽ ആയിരുന്നു. നാട്ടിൽ വന്നാൽ പിടിയിലാകുമെന്ന് കണ്ട ഷംസുദ്ദീൻ കുവൈറ്റിൽ ഒളിവു ജീവിതം നയിക്കുകയായിരുന്നു. എന്നാൽ, പൊലീസ് ഇയാൾക്ക് വേണ്ടി കരുക്കൾ നീക്കുകയായിരുന്നു. എല്ലാ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് പതിച്ചിരുന്നു. പൊലീസ് അന്വേഷണം മന്ദഗതിയിലായി എന്നു കരുതിയാണ് കഴിഞ്ഞ ദിവസം ഇയാൾ നെടുമ്പാശേരിയിൽ വന്നിറങ്ങിയത്. അപ്പോഴാണ് പിടിയിൽ ആയതും.

മണി അനുഭവിച്ചത് ദുരിപർവം

ഷംസുദ്ദീന്റെ മനുഷ്യക്കടത്തിന് ഇരയായ മണി പൊടിയൻ അനുഭവിച്ചത് ദുരിത പർവമാണ്. മണിയെ കുവൈറ്റിലേക്കാണ് കൊണ്ടുപോയതെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ, ഇങ്ങനെ ഒരാൾ അവിടില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കിയപ്പോഴാണ് വ്യാജ പാസ്പോർട്ടിലാണ് മണിയെ കടത്തിയതെന്ന് വ്യക്തമായത്. നെടുമ്പാശേരി, തിരുവനന്തപുരം എന്നീ എയർപോർട്ടുകൾ തൊട്ടടുത്തുണ്ടായിരിക്കേ കരിപ്പൂരിൽ നിന്നുമാണ് ഇവരെ കയറ്റി വിട്ടത്.

2015 ജൂ ൺ 18 നാണ് കുവൈറ്റിലേക്ക് ആയയുടെ ജോലിക്ക് മണി പോയത്. 25,000 രൂപ മാസശമ്പളം വാഗ്ദാനം ചെയ്ത് പത്തനാപുരം സ്വദേശിയായ ബാലൻപിള്ള എന്നയാളാണ് തങ്ങളെ സമീപിച്ചത്. കരിപ്പൂരിൽ നിന്നാണ് വിമാനം കയറിയത്. ആദ്യ മൂന്നുമാസം മണി വിളിക്കുകയും പൈസ അയയ്ക്കുകയും ചെയ്തിരുന്നു. പിന്നെ വിവരമൊന്നുമില്ലാതായതോടെ മണിയുടെ മക്കളായ നന്ദകുമാറും നന്ദുജയും മാതൃസഹോദരിക്കൊപ്പം പ്രവാസി മലയാളി ഫെഡറേഷനെ സമീപിച്ചു. കുട്ടികൾക്കൊപ്പം രാജ്യസഭാ ഉപാധ്യക്ഷൻ പിജെകുര്യനെ അവർ കണ്ടു. അദ്ദേഹം അപ്പോൾ തന്നെ കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. രണ്ടുദിവസത്തിന് ശേഷം ഇങ്ങനെ ഒരാൾ കുവൈറ്റിൽ ഇല്ലെന്ന് എംബസിയുടെ മറുപടി വന്നു.

കുവൈറ്റിലേക്ക് വിമാനം കയറിയത് കരിപ്പൂരിൽ നിന്നായതും എംബസിക്ക് വിവരം ഇല്ലാത്തതുമാണ് ഇതു മനുഷ്യക്കടത്താണെന്ന് സംശയിക്കാനുള്ള കാരണം. കുവൈറ്റിൽ ചെന്നതിന് പിന്നാലെ സ്പോൺസറായ അറബിയുടെ നമ്പരിൽ നിന്ന് മണി കുട്ടികളെ വിളിച്ചിരുന്നു. ഈ നമ്പരിൽ വീട്ടുകാർ തിരിച്ചു വിളിച്ചിരുന്നു. ഒരു തവണ ഫോൺ എടുത്തു. പിന്നീട് വിളിച്ചപ്പോൾ ആരും അറ്റൻഡ് ചെയ്തില്ല. ഒടുവിൽ വന്ന ഫോൺ കോളിൽ തന്റെ ജീവൻ അപകടത്തിലാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നുമാണ് ഇവർ പറഞ്ഞ്. പിന്നീട് ഇവരെപ്പറ്റി യാതൊരു സൂചനയുമില്ല. മണിയെ കുവൈറ്റിന് കൊണ്ടുപോയ ബാലൻപിള്ളയുടെയും ഷംസുദ്ദീന്റെയും ഫോണിൽ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.

പണം വാങ്ങിയാണ് ബാലൻപിള്ള വിസ തരപ്പെടുത്തിയത്. മണിയുടെ ബന്ധുക്കളാണ് പണം നൽകി സഹായിച്ചത്. ബാങ്കിൽ നിന്ന് വായ്പയെടുത്ത് വീട് വച്ചതിന്റെ കടം വീട്ടുന്നതിനാണ് മണി പോയത്. മാതാവ് പോയി ആറുമാസം കഴിഞ്ഞപ്പോൾ പിതാവ് നാരായണൻ മക്കളെ ഉപേക്ഷിച്ച് പോയി. ഇലന്തൂരിലുള്ള മാതൃസഹോദരിയുടെ വീട്ടിലാണ് പിന്നെ കുട്ടികൾ കഴിഞ്ഞിരുന്നത്. പൊലീസിൽ പരാതി നൽകിയതോടെ അന്വേഷണം ഊർജിതമായി. ഇന്ത്യൻ എംബസിയും കുവൈറ്റിലെ മലയാളി പ്രവാസി സംഘടനകളും ചേർന്ന് മണിയെ കണ്ടെത്തി. കഴിഞ്ഞ വർഷമാണ് നാട്ടിലെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP