Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാനായി തൊമ്മന്റെ പിന്തുടർച്ചക്കാർ തന്നെയാണോ ക്നാനായക്കാർ? ഡിഎൻഎ ടെസ്റ്റ് നടത്തി അല്ലെന്ന് സ്ഥാപിച്ച് അമേരിക്കയിൽ നിന്ന് ഒരു ക്നാനായക്കാരൻ; മുരളി തുമ്മാരുകുടി ഡിഎൻഎ ടെസ്റ്റിലൂടെ നായർ വേരുതേടി പോയതിന്റെ പിന്നാലെ നടത്തിയ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി ക്നാനായ വിശ്വാസികൾ; ശുദ്ധരക്തവാദം സംരക്ഷിക്കാൻ വിശ്വാസികളും രംഗത്ത്

കാനായി തൊമ്മന്റെ പിന്തുടർച്ചക്കാർ തന്നെയാണോ ക്നാനായക്കാർ? ഡിഎൻഎ ടെസ്റ്റ് നടത്തി അല്ലെന്ന് സ്ഥാപിച്ച് അമേരിക്കയിൽ നിന്ന് ഒരു ക്നാനായക്കാരൻ; മുരളി തുമ്മാരുകുടി ഡിഎൻഎ ടെസ്റ്റിലൂടെ നായർ വേരുതേടി പോയതിന്റെ പിന്നാലെ നടത്തിയ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി ക്നാനായ വിശ്വാസികൾ; ശുദ്ധരക്തവാദം സംരക്ഷിക്കാൻ വിശ്വാസികളും രംഗത്ത്

പ്രത്യേക ലേഖകൻ

കാലിഫോർണിയ: കിഴക്ക് നിന്നും കടൽ താണ്ടി കേരളത്തിൽ എത്തിയ ക്‌നാനായി തൊമ്മന്റെ പിന്തുടർച്ചക്കാരാണ് കേരളത്തിലെ ക്‌നാനായ വിശ്വാസികൾ എന്നാണ് വിശ്വാസം. കേരളത്തിലെ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങി ക്രിസ്ത്യൻ വിശ്വാസത്തിന് അടിത്തറയിട്ട വിദേശിയായാണ് ക്‌നാനായ തൊമ്മൻ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ വംശപരമ്പര ലക്ഷക്കണക്കിന് വളർന്നു ക്‌നാനായ ക്രിസ്താനികളായി അറിയപ്പെടുന്നു. തൊമ്മന്റെ അനന്തരാവകാശികൾ മാത്രമാണ് ക്‌നാനായക്കാരെങ്കിലും ബാക്കി സഭകൾ അടക്കം കേരളത്തിലെ നസ്രാണി വിശ്വാസത്തിന്റെ അടിത്തറയായി കരുതപ്പെടുന്നത് ക്‌നാനായ തൊമ്മന്റെ വിശ്വാസം തന്നെയാണ്.

ഇന്നും സ്വവംശ വിശ്വാസത്തിന്റെ കണ്ണിയിൽ ഇണക്കിച്ചേർക്കപ്പെടുന്ന ഒരു വിഭാഗം വിശ്വാസികൾ ആണ് ക്‌നാനായക്കാർ. യുകെ മലയാളികളിൽ സംഘ ബലം കൊണ്ട് ഏറ്റവും കരുത്താർജ്ജിച്ച വിശ്വാസ കൂട്ടായ്മയും ഇവരാണ്. ഈ വാദം ശരിയല്ല എന്നു വിശ്വസിക്കുന്നവരും ഉണ്ട്. സീറോ മലബാർ സഭയുടെ ഭാഗമായി നിലനിന്നിട്ടും ക്‌നാനായക്കാർ മറ്റു വിശ്വാസ സമൂഹങ്ങളിൽ നിന്നു പോലും വിവാഹം കഴിക്കാൻ അനുവദിക്കാതിരിക്കുന്നത് ഈ ശുദ്ധരക്തം വാദം ഉയർത്തിയാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു ക്‌നാനായക്കാരൻ മറ്റൊരു ക്രൈസ്തവ വിശ്വാസിയെ കല്യാണം കഴിച്ചാൽ പോലും അവരെ സഭയിൽ നിന്നും പുറത്താക്കും. അമേരിക്കയിലും യൂറോപ്പിലും ഒക്കെ പോയി ജീവിക്കുന്ന പല മലയാളികളും ഇങ്ങനെ കല്യാണം കഴിക്കാറുണ്ട്.

അങ്ങനെ മാറി കല്യാണം കഴിക്കുന്നവർക്ക് ക്‌നാനായ ഇടവകകളുടെ ഭാഗമാകാൻ കഴിയാത്തത് എക്കാലത്തും വലിയ വിവാദമാണ്. ഈ നാട്ടിലെ കത്തോലിക്ക സഭയും, സീറോ മലബാർ സഭയും പോലും അവരെ കൂടി ചേർക്കണം എന്ന അഭിപ്രായക്കാരാണ്. വത്തിക്കാൻ നിയമിച്ച ഒരു കമ്മിഷൻ ഈയിടെ ക്‌നാനായക്കാരെ ഇങ്ങനെ പുറത്താക്കുന്നതിനെതിരെ നലപാടെടുത്തിരുന്നു. വിവാഹം മൂലം ക്‌നാനായ പാരമ്പര്യം നഷ്ടപ്പെടുന്നവരാണ് ഇത്തരം പ്രചാരണങ്ങൾക്ക് മുൻപന്തിയിൽ നിൽക്കുന്നത്. അമേരിക്കയിലെ ഒരു ക്‌നാനായ വിശ്വാസി ഡിഎൻഎ ടെസ്റ്റ് നടത്തി പൂർവ്വികർ ക്‌നാനായ തൊമ്മൻ അല്ലെങ്കിലും ഇന്ത്യക്കാരൻ തന്നെയാണ് എന്നു സ്ഥാപിച്ചാണ് ഇപ്പോൾ വംശ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നത്.

അലക്‌സ് എന്ന അമേരിക്കൻ ക്‌നാനായക്കാരൻ അടുത്തിടെ നടത്തിയ ഡിഎൻഎ പരിശോധനയിൽ തന്റെ പൂർവ്വികർക്കു ചരിത്രം പറയുന്ന ക്‌നാനായ പാരമ്പര്യ വിശ്വാസ കണ്ണികൾ വന്നെത്തി എന്ന് കരുതപ്പെടുന്ന സിറിയ, ഇറാൻ, ഈജിപ്ത്, ടർക്കി തുടങ്ങിയ ഒരു രാജ്യങ്ങളുമായി ബന്ധമില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, അലക്‌സിന്റെ പൂർവികർ പൂർണമായും ഇന്ത്യൻ വംശജർ ആണെന്നും കൂടിയാണ് കണ്ടെത്തിയിരിക്കുന്നത്. മുത്തച്ഛന്റേയും മുതുമുത്തച്ഛന്റേയും അടക്കം അനേകം തലമുറകളുടെ പിന്നോക്കമുള്ള സഞ്ചാരമാണ് ഡിഎൻഎ ടെസ്റ്റിൽ തെളിയുക.

അടുത്തിടെ, ഫേസ്‌ബുക്ക് സെലിബ്രിറ്റിയായ മുരളി തുമ്മാരുകുടി തന്റെ നായർ വംശാവലി തിരക്കി ഇതേ ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ പൂർവ്വികർക്കു മധ്യധരണാഴിയും കടന്ന ബന്ധം ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പെരുമ്പാവൂരിലെ വെങ്ങോലയിൽ തന്റെ മുത്തച്ഛന്മാർ വാസം ഉറപ്പിക്കും മുന്നേ പൂർവികർ ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള യാത്ര ചെയ്തിരുന്നു എന്നാണ് മുരളി തുമ്മാരുകുടി എഴുതിയിരുന്നത്. അതിനർത്ഥം, അദ്ദേഹത്തിനും കുടുംബ അംഗങ്ങൾക്കും ഭാരതത്തിനു വെളിയിൽ ഉള്ള വംശാവലിയുമായി ബന്ധം ഉണ്ടെന്നു തന്നെയാണ്. അടുത്തകാലത്ത് കാന്റർബറി ആർച്ച് ബിഷപ്പും ഇത്തരത്തിൽ ഡിഎൻഎ ടെസ്റ്റ് നടത്തി പൂർവ്വികരെ സംബന്ധിച്ച് കൗതുകകരമായ വിവരം പുറത്തു വിട്ടിരുന്നു. തന്റെ പിതൃത്വം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് രണ്ടു വർഷം മുൻപ് അദ്ദേഹം പുറത്തു വിട്ടിരുന്നത്.

കേരളത്തിലെ പുരാതന ക്‌നാനായ കുടുംബങ്ങളായ കുഴിക്കാട്ടിൽ, പടിഞ്ഞാട്ടുമാലിൽ എന്നിവയാണ് തന്റെ അച്ഛന്റെയും അമ്മയുടെയും തറവാടുകൾ എന്നും അലക്‌സ് പറയുന്നു. ഈ കുടുംബങ്ങൾ ഒക്കെ തങ്ങളുടെ താവഴി അന്വേഷിച്ചു പോയാൽ സിറിയയിലോ ഇറാനിലോ എത്തില്ല, മറിച്ചു ഇന്ത്യയിൽ തന്നെ കിടന്നു വട്ടം കറങ്ങുകയേ ഉള്ളൂവെന്നും അതിനാൽ ക്‌നനായ പാരമ്പര്യം എന്നത് വെറും മിഥ്യ ആയി മാറുകയാണ് എന്നും അലക്‌സ് പറയുന്നു.

കഴിഞ്ഞ മാസം സോഷ്യൽ മീഡിയ വഴി അദ്ദേഹം പുറത്തു വിട്ട വിവരങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വ്യപകമായി ചർച്ച ചെയ്യുന്നത്. താൻ നടത്തിയ ഡിഎൻഎ ടെസ്റ്റിന്റെ പരിശോധന ഫലവും അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്. മാത്രമല്ല ഇത്രകാലവും തെറ്റായ വിശ്വാസത്തിന്റെ പുറത്തു ജീവിക്കേണ്ടി വന്നതിൽ ഉള്ള നിസ്സഹായതയും അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

എന്നാൽ ക്‌നാനായ പാരമ്പര്യത്തെ ആര് വിചാരിച്ചാലും അവഗണിക്കാൻ ആവില്ലെന്നും ചിലർ വാർത്തയിൽ നിറയാൻ വേണ്ടി ഉണ്ടാക്കുന്ന നേരംപോക്കുകളെ സഭ ഗൗനിക്കുകയില്ല എന്നുമാണ് ക്‌നാനായ സഭയുടെ വിശദീകരണം. ഇത്തരം വിവാദങ്ങൾ സഭയുടെ തുടക്കം മുതലുണ്ടെന്നും, അതൊന്നും വിശ്വാസികളെ ബാധിക്കുകയില്ലെന്നും ക്‌നാനായ സഭയിലെ ഒരു മെത്രാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സഭയിൽ നിന്നും പുറത്താക്കപ്പെട്ടവർ ബഹളം ഉണ്ടാക്കുന്നതല്ലാതെ സഭ വിശ്വാസികളെ യാതൊരു തരത്തിലും ഇത്തരം വിവാദങ്ങൾ ബാധിക്കുകയില്ല എന്നാണ് ക്‌നാനായ വിശ്വാസികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP