Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഴ്ച മൂന്നായിട്ടും പ്രസിഡന്റില്ല; ചാടിപ്പോരാൻ നോക്കി നിൽക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് ആരോടാണ് ചോദിക്കേണ്ടതെന്നറിയില്ല; ആർഎസ്എസു കാരെ പേടിച്ച് അവസരം മുതലാക്കാൻ പോലുമാവാതെ ബിജെപി നേതൃത്വം; കേരളത്തിലെ ബിജെപിക്ക് ഇതിൽ കൂടിയ നാണക്കേടുണ്ടോ?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

ആഴ്ച മൂന്നായിട്ടും പ്രസിഡന്റില്ല; ചാടിപ്പോരാൻ നോക്കി നിൽക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് ആരോടാണ് ചോദിക്കേണ്ടതെന്നറിയില്ല; ആർഎസ്എസു കാരെ പേടിച്ച് അവസരം മുതലാക്കാൻ പോലുമാവാതെ ബിജെപി നേതൃത്വം; കേരളത്തിലെ ബിജെപിക്ക് ഇതിൽ കൂടിയ നാണക്കേടുണ്ടോ?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. സിപിഎമ്മിനും കോൺഗ്രസിനും പിന്നാലെ പത്തിലധികം ശതമാനം വോട്ടുകളുമായാണ് ആ പാർട്ടി മൂന്നാം സ്ഥാനം അലങ്കരിക്കുന്നത്. 18 നിയമ സഭാ സീറ്റുകൾ ഉള്ള ഐയുഎംഎൽ പോലും അതിന് പിന്നിലാണ്. ഭരണത്തിലിരിക്കുന്ന സിപിഐ അതിനും പിന്നിലാണ്. ഈ ബിജെപി കേരളത്തിൽ ഭരണം പിടിക്കാൻ ഒരു എംപിയെ എങ്കിലും ലോക്‌സഭയിലേക്ക് അയക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അഞ്ച് ശതമാനത്തിൽ താഴെ വോട്ട് നേടിയിരുന്ന എൻഡിഎ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 ശതമാനത്തിന് മുകളിലേക്ക് വോട്ട് നേടിയതു കൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പിനെങ്കിലും അതു സംഭവിക്കും എന്നാണ് അവർ പറയുന്നത്. എന്നാൽ കേരളത്തിൽ ബിജെപിക്ക് അണികളെ കിട്ടാനും നേതാക്കളെ കിട്ടാനും അനുകൂലമായ ഒരു സാഹചര്യം ഉണ്ടായിട്ട് അത് മുതലാക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ കയ്യും കാലും ഇട്ട് അടിക്കുന്ന അവസ്ഥയാണ് കാണുന്നത്.

കണ്ണടച്ച് തുറക്കും മുമ്പ് പ്രസിഡന്റിനെ പ്രഖ്യാപിച്ചു കൊണ്ടിരുന്ന ബിജെപിക്ക് മൂന്നാഴ്ചയായിട്ടും കേരളത്തിൽ ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ല. രണ്ട് കൊല്ലം മുമ്പ്് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പതിനായിരത്തിൽ താഴെ വോട്ടിൽ മൂന്നാം സ്ഥാനം നേടിയ ഒരു മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ കേന്ദ്രഭരണത്തിന്റെ ആനുകൂല്യം ഉപയോഗിച്ചു കൊണ്ട് ഭരണ വിരുദ്ധ വികാരം ഉപയോഗിച്ചു കൊണ്ട് പ്രതിപക്ഷ കോൺഗ്രസിനെതിരെയുള്ള ജനവികാരം ഉപയോഗിച്ചു കൊണ്ട് വിജയിക്കേണ്ടിയിരുന്ന ബിജെപി ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സംസ്ഥാന പ്രസിഡന്റിനെ മാറ്റി നാടകം കളിച്ചു.

അതിനെ കുറിച്ച് പറയുന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം പ്രഖ്യാപിക്കാനിരുന്ന തീരുമാനം രാഷ്ട്രപതി അറിയാതെ ഒപ്പുവെച്ചതുകൊണ്ടുള്ള അബദ്ധമാണ് എന്നതാണ്. എന്നാൽ മിസോറാം ഗവർണറായി കുമ്മനം രാജശേഖരൻ കേരളത്തിൽ നിന്നും പോയിട്ട് മൂന്ന് ആഴ്ചകൾ പിന്നിട്ടിട്ടും കേരളത്തിൽ ഒരു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇതുവരെ ബിജെപിക്ക് ആയിട്ടില്ല. ഇതിന് കാരണം ആർഎസ്എസിനൊട് ചോദിക്കാതെയാണേ്രത കുമ്മനത്തെ സ്ഥലം മാറ്റിയത്. അതുകൊണ്ട് ഇനി ആരെ പ്രസിഡന്റ് ആക്കണം എന്ന് അങ്ങനെ വേഗം തീരുമാനിക്കേണ്ടെന്ന് ആർഎസ്എസ് തീരുമാനിച്ചിരിക്കുന്നു.

ഇത് എന്തൊരു നാണക്കേടാണ്. മഹാനായ തന്ത്രശാലി എന്ന് പറഞ്ഞ് മാധ്യമങ്ങൾ ബഹുമാനിച്ചിരുന്ന അമിത്ഷാ കേരളത്തിന്റെ കാര്യത്തിൽ പരാജയമാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ആർഎസ്എസ് എന്നു പറയുന്നത് അച്ചടക്കമുള്ള ഇന്ത്യ ഭരിക്കുന്ന പാർട്ടിയെ നിയന്ത്രിക്കുന്ന ഹിന്ദുത്വത്തിന്റെ വക്താക്കളും ഉടമസ്ഥാവകാശികളുമായ ഒരു സംഘടനയാണ്. ആർഎസ്എസും ബിജെപിയും തമ്മിലുള്ള ബന്ധം എന്തുമാകട്ടെ. ബിജെപി എന്ന് പറയുന്ന ഒരു രഷ്ട്രീയ പാർട്ടി കേരളം പോലൊരു സംസ്ഥാനം ഭരിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് ആർഎസ്എസ് പറയുന്നത് പോലെ നടക്കു എന്ന് പറയുന്നത് തികച്ചും മണ്ടത്തരമാണ്. കാരണം കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തികച്ചും വ്യത്യസ്തമാണ്. 2011ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ ആകെയുള്ളത് 54.7 ശതമാനം ഹിന്ദുക്കളാണ്. അതിൽ 20.9 ശതമാനം ഈഴവരും 12.1 ശതമാനം നായരും മൂന്ന് ശതമാനം ധീവരരും 9.8 ശതമാനം പട്ടിക ജാതിക്കാരുമാണ്.

ബാക്കി ക്രിസ്ത്യാനിയും മുസ്ലീമും മറ്റ് മതസ്ഥരുമാണ്. ഈ 54 ശതമാനം ഹിന്ദുക്കളാണ് കേരളത്തിലെ പ്രധാനപ്പെട്ട പാർട്ടിയായ സിപിഎമ്മിന്റേയും കോൺഗ്രസിന്റേയും അടിത്തറ. സിപിഎമ്മും കോൺഗ്രസും കൊണ്ടു പോകുന്നതിന്റെ ബാക്കിയാണ് ബിജെപിക്കുള്ളത്. പകുതി വരുന്ന ക്രിസ്ത്യാനികളും മുസ്ലീങ്ങളും പ്രധാന പാർട്ടിക്കൊപ്പമാണ്. ഒരു ശതമാനം ന്യൂനപക്ഷം പോലും ബിജെപിക്ക് ഒപ്പം ഇല്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ബിജെപിക്ക് കേരളത്തിൽ വേരുറപ്പിക്കണമെങ്കിൽ ബിജെപി തീവ്രഹിന്ദുത്വവാദിയേയോ ആർഎസ്എസിനെയോ പ്രതിഷ്ടിച്ചിട്ട് കാര്യമില്ല. ഹിന്ദുത്വത്തിൽ ഊന്നിയുള്ളവൻ തന്നെയായിരിക്കണം ബിജെപിയുടെ നേതാവ്.

ഈ പശ്ചാത്തലത്തിൽ ആർഎസ്എസ് എന്തുപറയും എന്ന് കരുതി കാത്തിരുന്നാൽ കേരളത്തിൽ ബിജെപിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. പൊതുജനത്തിന് കൂടി സ്വീകാര്യനായ സുരേന്ദ്രനെ പോലെ ഉള്ളവരെ നേതാവാക്കിക്കൊണ്ട് കേരളത്തിലെ അസംതൃപ്തരെ ചാക്കിട്ട് പിടിക്കാനുള്ള ഉത്തരവാദിത്തമാണ് ഇന്ന് ബിജെപി ഏറ്റെടുക്കേണ്ടത്. ആദ്യം അധികാരം പോലും ഇല്ലാത്തപ്പോഴുള്ള ഈ തമ്മിൽ തല്ല് അവസാനിപ്പിക്കണം. ബിജെപിക്ക് ഇവിടെ രാഷ്ട്രീയ പാർട്ടിയായി വളരണമെങ്കിൽ ഒരു ജനകീയ മുഖം ഉണ്ടാകേണ്ടത് അനിവാര്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP