Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മേന്മയുള്ളവനാകാനുള്ള മാർഗ്ഗം

മേന്മയുള്ളവനാകാനുള്ള മാർഗ്ഗം

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

നുഷ്യജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രമേയമാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ അവതരിപ്പിച്ചിരിക്കുന്നത്. അവൻ പറഞ്ഞു: "എന്ത് ഭക്ഷിക്കും എന്ന് ജീവനെപ്പറ്റിയോ, എന്തു ധരിക്കും എന്നു ശരീരത്തെ പറ്റിയോ നിങ്ങൾ ഉത്കണ്ഠാകുലരാകേണ്ട" (ലൂക്കാ 12: 22). അതായത് ഭക്ഷണം വസ്ത്രം മുതലായ കാര്യങ്ങളെക്കുറിച്ച് പര്യാകുലരാകരുതെന്ന് എന്നു വച്ചാൽ, ഭക്ഷണവും വസ്ത്രവും പോലെ ജീവസസന്ധാരണത്തിന് ആവശ്യമായവയെക്കുറിച്ച് ഉത്കണ്ഠപ്പെടരുതെന്നർത്ഥം.

എന്താണ് അതിന് ഈശോ പറയുന്ന കാരണം? ''കാക്കകളെ നോക്കുവിൻ..., ലില്ലികളെ നോക്കുവിൻ...'' (ലൂക്കാ 22:24,27). അതായത് കാക്കകൾക്ക് ഒരു തടസ്സവുമില്ലാതെ അവയുടെ ഭക്ഷണം ലഭിക്കുന്നു. ലില്ലിച്ചെടികൾക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ മനോഹരമായ വസ്ത്രങ്ങൾ ലഭിക്കുന്നു. അതായത്, മനുഷ്യനേക്കാൾ പതിന്മടങ്ങ് താഴ്ന്ന നിലവാരം പുലർത്തുന്ന പക്ഷികൾക്കും ചെടികൾക്കും അവയുടെ ജീവസന്ധാരത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല. ജീവസന്ധാരണത്തിന്റെ ആവശ്യഘടകങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം, പ്രജനനം എന്നിവയൊക്കെ ഒരു ക്ലേശവുമില്ലാതെ അവയ്ക്ക് ലഭിക്കുന്നു.

ചുരുക്കത്തിൽ ജീവസന്ധാരണത്തിന്റെ കാര്യങ്ങളിലേക്കല്ല നിന്റെ ശ്രദ്ധ തിരിച്ചു പിടിക്കേണ്ടത് എന്നാണ് ഈശോ പറയുന്നത്. കാരണം, മനുഷ്യനേക്കാൾ നിസ്സാരരായ പക്ഷികൾക്കും മൃഗങ്ങൾക്കും ചെടികൾക്കും ഈ കാര്യങ്ങളൊക്കെ വളരെ അനായാസമായി ലഭിക്കുന്നു. ഉദാഹരണത്തിന് ഒരു ഉറുമ്പിന്റെ കാര്യം എടുത്തു നോക്കിക്കേ. മനുഷ്യബുദ്ധിയുടെ ആയിരിത്തിലൊന്ന് വളർച്ച കാണില്ല ഉറുമ്പിന്. എന്നിട്ടും, ജനനവും ഭക്ഷണം കഴിക്കലും ഉറക്കവും ഉണരലും പ്രജനനവുമൊക്കെ അനായാസമായി ഉറുമ്പിന്റെ ജീവിതത്തിൽ സംഭവിക്കുന്നു. അതായത് മനുഷ്യനേക്കാൾ പതിന്മടങ്ങ് താഴ്ന്ന നിലയിൽ നിൽക്കുന്ന ചരാചരങ്ങൾ ജീവസന്ധാരണത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നില്ലെങ്കിൽ, പിന്നെ മനുഷ്യനായ നീയെന്തിന് അവയെക്കുറിച്ച് ഉത്കണ്ഠപ്പെടണം? ഇതാണ് ഈശോ മുന്നോട്ടു വയ്ക്കുന്ന ന്യായം.

ഈശോ ചോദിക്കുന്നു ''പക്ഷികളേക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ'' (ലൂക്കാ 22:24). അതായത് മറ്റു ജീവികളേക്കാൾ കൂടുതൽ ഉയർന്നവരും, കൂടുതൽ മെച്ചപ്പെട്ടവരുമായ നിങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ ശ്രദ്ധ തിരിച്ചു പിടിക്കേണ്ടത് ജീവസന്ധാരണത്തിന്റെ മാർഗ്ഗങ്ങളിലേക്കല്ല.

പിന്നെ എന്തിലേക്കാണ് നമ്മൾ ശ്രദ്ധ തിരിച്ചു പിടിക്കേണ്ടത്? ഈശോ പറയുന്നു ''നിങ്ങൾ അവിടുത്തെ രാജ്യം അന്വേഷിക്കുവിൻ'' (ലൂക്കാ 12:31). ജീവസന്ധാരണത്തിന്റെ വഴികളിൽ ശ്രദ്ധിച്ചു ജീവിക്കുന്നതിലുപരി, ദൈവരാജ്യം അന്വേഷിക്കാനാണ് ഈശോ പറയുന്നത്. ദൈവരാജ്യമെന്നാൽ ദൈവഭരണമെന്നർത്ഥം. അതായത് ദൈവം പിതാവായി ഭരിക്കുന്ന അവസ്ഥ.

ഈശോയ്ക്ക് ഈ അനുഭവം (ദൈവഭരണാനുഭവം) ഉണ്ടാകുന്നത് ജ്ഞാനസ്‌നാനത്തിന്റെ സമയത്താണ്: ''സ്വർഗ്ഗത്തിൽ നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയ പുത്രനാകുന്നു, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു'' (ലൂക്കാ 3:22). അതിനെത്തുടർന്ന് പരീക്ഷണ സമയത്ത് ഈശോയിൽ ആഴപ്പെടുന്നതും ഈ അനുഭവം തന്നെയാണ് - താൻ ദൈവപുത്രനാണെന്നുള്ള അനുഭവം (ലൂക്കാ 4:3,4). ചുരുക്കത്തിൽ ദൈവരാജ്യമെന്നാൽ ദൈവഭരണമാണ്. അതായത് ദൈവം നിന്റ പിതാവായി ഭരിക്കുന്ന അവസ്ഥ. ഒരുവൻ ദൈവത്തിന്റെ മകനായി തന്നെത്തന്നെ തിരിച്ചറിയുന്ന അവസ്ഥയാണിത്.

അപ്പോൾ ''നിങ്ങൾ അവിടുത്തെ രാജ്യം അന്വേഷിക്കുവിൻ'' എന്നു പറഞ്ഞാൽ ''നിങ്ങൾ നിങ്ങളുടെ ദൈവപുത്രത്വത്തിലേക്ക് ശ്രദ്ധിക്കുവിൻ'' എന്നാണർത്ഥം. അതായത് നീ ദൈവത്തിന്റെ മകനാണ്/ മകളാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിയുക.

ചുരുക്കത്തിൽ നിന്റെ ശരീരത്തിനും മനസ്സിനും ആധാരമായി നിൽക്കുന്ന നിന്നിലെ ജീവൻ, സകലത്തിന്റെയും ആധാരമായ ദൈവത്തിന്റെ തന്നെ അംശമാണ്. ദൈവമാകുന്ന ജീവന്റെ അംശമാണ് നിന്നിലെ ജീവൻ എന്ന് തിരിച്ചറിയുക. അതിനാൽ നീയും ദൈവവും തമ്മിലുള്ള ബന്ധം പിതാ-പുത്രബന്ധമാണെന്നു വരുന്നു. ചുരുക്കത്തിൽ നിന്നിലെ ജീവനെ തിരിച്ചറിയുകയും അതിനെ ദൈവത്തിന്റെ ജീവന്റെ അംശമായി അനുഭവിക്കുകയും ചെയ്യുന്നതാണ് നിന്നിലെ ദൈവപുത്രതത്വം എന്നു വരുന്നു.

അപ്പോൾ ജീവന്ധാരണത്തിന്റെ പ്രാഥമിക ഘടകങ്ങളായ ജനനം, ഭക്ഷണം, പാർപ്പിടം, പ്രജനനം എന്നിവയിലേക്കല്ല നിന്റെ ശ്രദ്ധ തിരിച്ചു പിടിക്കേണ്ടത്. മറിച്ച്, അതിനൊക്കെ ആധാരമായി നിൽക്കുന്ന നിന്നിലെ ജീവനിലേക്കും അതിന്റെ അടിസ്ഥാനത്തിലേക്കുമാണ്. അതായത് നിന്നിലെ ജീവൻ ദൈവിക ജീവന്റെ തന്നെ അംശമാണന്ന തിരിച്ചറിവിലേക്കും, ദൈവം നിന്റെ പിതാവാണെന്ന അനുഭവത്തിലേക്കും നീ നിന്റെ ശ്രദ്ധ തിരിച്ചു പിടിക്കണം.

അങ്ങനെ, ദൈവരാജ്യാനുഭവത്തിലേക്ക് വന്നാലുള്ള പരിണിതഫലം എന്താണ്? താൻ ദൈവത്തിന്റെ മകനാണെന്ന് തിരിച്ചറിയുന്നവൻ, ചുറ്റുമുള്ളവരിലെല്ലാം തന്നിലെ ദൈവികാംശം തന്നെ കണ്ടെത്തുന്നു; അവരുമായി ആത്‌മബന്ധത്തിലാകുന്നു; അവരെ സ്വന്തം സഹോദരങ്ങളായി തിരിച്ചറിയുന്നു. അതിന്റെ ഫലമായി തനിക്കുള്ളത് അവരുമായി പങ്കു വയ്ക്കാന് തയ്യാറാകുന്നു. അതു തന്നെയാണ് ഈശോ ആവശ്യപ്പെടുന്നതും: ''നിങ്ങൾക്കുള്ളവ വിറ്റ് ധർമ്മം കൊടുക്കുവിൻ'' (ലൂക്കാ 12:33). ഇങ്ങനെ സ്വന്തമായിട്ടുള്ളവ വിറ്റ് പങ്കു വച്ചു കൊടുക്കുന്നവനാണ് ദൈവരാജ്യാനുഭവത്തിൽ ജീവിക്കുന്നത്.

ഗംഗാധരൻ ഡോക്ടർ പറയുന്ന രണ്ട് അനുഭവങ്ങൾ.ജന്മദിനം ആഘോഷിക്കുന്ന ആദിയെന്നകുട്ടി. കല്ല്യാണക്കുറി അടിക്കുന്ന ഡോക്ടർ (ഓഡിയോ കേൾക്കുക).

മറ്റു ചരാചരങ്ങളേക്കാൾ മേന്മയുള്ളവരാണ് മനുഷ്യരായ നമ്മൾ എന്നാണ് ഈശോ പറയുന്നത്. ജീവസന്ധാരണത്തിന്റെ വഴികളെക്കുറിച്ച് ഉത്കണ്ഠപ്പെടാത്തവരാണ് പക്ഷികളും മൃഗങ്ങളും ചെടികളും. അവരുടെ ഭക്ഷണവും വസ്ത്രധാരണവും ഉറക്കവും ഉണരലും പ്രജനനവുമൊക്കെ അനായസമായി നടന്നു പോകുന്നു. മറ്റു ചരാചരങ്ങൾ പോലും ഉത്കണ്ഠപ്പെടാത്ത ഈ കാര്യങ്ങളെക്കുറിച്ച മനുഷ്യരായ നമ്മൾ ഉത്കണ്ഠപ്പെടരുത്. കാരണം നമ്മൾ അവയെക്കാൾ മേന്മയുള്ളവരാണ്.

നിന്റെ മേന്മ എന്തിലാണ് അടങ്ങിയിരിക്കുന്നത്? അത് നിന്റെ ദൈവപുത്രത്വത്തിലാണ്. നിന്റെ ശരീരത്തിനും നിന്റെ മനസ്സിനും ആധാരമായി നിൽക്കുന്ന നിന്നിലെ ജീവൻ ദൈവത്തിന്റെ തന്നെ അംശമാണ്. അതിനാൽ ആ ജീവനിലേക്കാണ്, നിന്നിലെ ദൈവപുത്രത്വത്തിലേക്കാണ് നീ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതിൽ ശ്രദ്ധിച്ചാലുണ്ടാകുന്ന പരിണിതഫലം എന്താണ്? ചുറ്റുമുള്ളവരെയെല്ലാം - മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും - നിന്റെ സഹോദരങ്ങളായി നീ തിരിച്ചറിയും. അപ്പോൾ നിനക്കുള്ളവ അവരുമായി നീ പങ്ക്വയ്ക്കും. അതിലൂടെ നിന്നിലെ ജീവൻ വളർന്ന് വരികയും ചെയ്യും.

ഈശോ പറയുന്നു, "നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും" (ലൂക്കാ 12:34). നിന്റെ ഹൃദയം അഥവാ നിന്റെ താൽപ്പര്യം എവിടെയാണ്? നിന്റെ ഇപ്പോഴത്തെ താൽപ്പര്യത്തെ ഒന്ന് മാറ്റിപ്പിടിക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്. ജീവസന്ധാരണത്തിന്റെ ഘടകങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം, പ്രജനനം എന്നിവയിൽ നിന്ന് നിന്റെ താൽപ്പര്യം മാറ്റി, അവയ്‌ക്കെല്ലാം ആധാരമായി നിൽക്കുന്ന നിന്റെ ജീവനിലേക്ക് ശ്രദ്ധിക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP