Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നൈജീരിയ വീണത് ഇറ്റാബോയുടെ സെൽഫ് ഗോളിലും മോഡ്രിച്ചിന്റെ പെനാൽട്ടി ഗോളിലും; കറുത്ത കുതിരകളായി ക്രൊയേഷ്യയുടെ ഉഗ്രൻ തുടക്കം; ക്രൊയേഷ്യൻ ക്യാപ്റ്റൻ മോഡ്രിച്ചിനെ മറക്കാനാവാതെ ഫുട്‌ബോൾ ലോകം

നൈജീരിയ വീണത് ഇറ്റാബോയുടെ സെൽഫ് ഗോളിലും മോഡ്രിച്ചിന്റെ പെനാൽട്ടി ഗോളിലും; കറുത്ത കുതിരകളായി ക്രൊയേഷ്യയുടെ ഉഗ്രൻ തുടക്കം; ക്രൊയേഷ്യൻ ക്യാപ്റ്റൻ മോഡ്രിച്ചിനെ മറക്കാനാവാതെ ഫുട്‌ബോൾ ലോകം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ ക്രൊയേഷ്യ നേടിയ വിജയം ചങ്കിടിപ്പുയർത്തുന്നത് അർജന്റീനയുടെ ആരാധകരിലാണ്. നൈജീരിയക്കെതിരെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ക്രൊയേഷ്യ വിജയിച്ചതോടെ, ഗ്രൂപ്പിൽ അവർ ഒന്നാം സ്ഥാനത്തേയ്ക്ക് കയറി. ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ ഐസ്‌ലൻഡിനോട് ഞെട്ടിക്കുന്ന സമനില വഴങ്ങിയ അർജന്റീനയ്ക്ക് നോക്കൗട്ടിലേക്ക് മുന്നേറണമെങ്കിൽ വിയർക്കേണ്ടിവരുമെന്ന് വ്യക്തമാക്കുന്നതായി ഈ മത്സരം.

32-ാം മിനിറ്റിലാണ് ക്രൊയേഷ്യ ലീഡെടുത്തത്. ലൂക്കാ മോഡ്രിച്ചെടുത്ത കോർണർ കിക്കിൽ മരിയോ മാൻസൂക്കിച്ചിന്റെ ഹെഡ്ഡർ. ഇത് ഇത് നൈജീരിയൻ താരം ഒഗനകാരോ ഇറ്റാബോയുടെ കാലിൽത്തട്ടി ഗതിമാറി വലയിലേക്ക് കയറി. മാൻസൂക്കിച്ചിന്റെ ഹെഡ്ഡറായിരുന്നെങ്കിലും, ഗോൾ കുറിക്കപ്പെട്ടത് ഇറ്റാബോയുടെ സെൽഫ് ഗോളെന്ന നിലയിൽ. ഗോൾവീണതോടെ ഇരുടീമുകളും മിന്നുന്ന ചില ആക്രമണങ്ങൾ കാഴ്ചവെച്ചു. എന്നാൽ, മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്താൻ ക്രൊയേഷ്യക്കായി.

കരുത്തുറ്റ മുന്നേറ്റങ്ങളുമായി ക്രൊയേഷ്യ കളം വാണ രണ്ടാം പകുതിയിൽ 72-ാം മിനിറ്റിൽ വീണ്ടും ഗോൾ വന്നു. ഇക്കുറിയും വഴിതുറന്നത് ലൂക്കാ മോഡ്രിച്ചുതന്നെയാണ്. ക്രൊയേഷ്യയുടെ കോർണർ കിക്ക് പ്രതിരോധിക്കുന്നതിനിടെ നൈജീരിയൻ പ്രതിരോധ നിര താരം വില്യം ട്രൂസ്റ്റ് എകോങ് ബോക്‌സിനുള്ളിൽ മാൻസൂക്കിച്ചിനെ പിടിച്ചുവച്ചതിന് വിധിക്കപ്പെട്ട പെനാൽട്ടി ക്രൊയേഷ്യയെ മുന്നിൽക്കയറ്റി. കിക്കെടുത്ത മോഡ്രിച്ചിന് തെല്ലും പിഴച്ചില്ല. പന്ത് വലയിൽ. ക്രൊയേഷ്യ രണ്ടുഗോളിന് മുന്നിൽ.

ലോകത്തെതന്നെ ഏറ്റവും മികച്ച രണ്ട് മിഡ്ഫീൽഡർമാരുള്ള ടീമാണ് ക്രൊയേഷ്യ. റയൽ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ചും ബാഴ്‌സലോണ താരം ഇവാൻ റാക്കിറ്റിച്ചും. അതുകൊണ്ടുതന്നെ അതിവേഗത്തിലുള്ള നീക്കങ്ങളിലൂടെ എതിരാളികളുടെ താളം തെറ്റിക്കാനുള്ള ക്രൊയേഷ്യയുടെ കരുത്ത് മത്സരത്തിൽ വെളിപ്പെട്ടു. നൈജീരിയയുടെ മസിൽക്കരുത്തിനെ കൗശലം കൊണ്ട് മറികടന്ന ക്രൊയേഷ്യൻ നിരയിൽ മോഡ്രിച്ചിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. കാലിനിൻഗ്രാഡിൽ നടന്ന മത്സരത്തിൽ കൈയടിയേറെ നേടിയതും മോഡ്രിച്ചായിരുന്നു.

ഗ്രൂപ്പ് ഡിയിൽ ഇനിയുള്ള മത്സരങ്ങളിൽ അർജന്റീന നന്നായി വിയർക്കേണ്ടിവരുമെന്ന സൂചനയും ഈ മത്സരം നൽകുന്നു. ക്രൊയേഷ്യയുടെ അതിവേഗ നീക്കങ്ങളെയും സെറ്റ്പീസുകൾ മുതലാക്കുന്നതിൽ അവരുടെ വൈഭവത്തെയും പ്രതിരോധിക്കാൻ നിലവിലുള്ള പ്രതിരോധനിരയെക്കൊണ്ട് സാധിക്കുമോ എന്ന് അർജന്റീന തലപുകയ്‌ക്കേണ്ടിവരും. നൈജീരിയയും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ മോശമല്ല. ലയണൽ മെസ്സിക്കും കൂട്ടർക്കും ഇനിയുള്ള മത്സരങ്ങൾ പരീക്ഷണത്തിന്റേതായിരിക്കുമെന്ന് വ്യക്തമാക്കുന്നതുകൂടിയാണ് ക്രൊയേഷ്യ-നൈജീരിയ മത്സരം.

കളിയുടെ എല്ലാ മേഖലകളിലും മുന്നിട്ടുനിന്നത് ക്രൊയേഷ്യയായിരുന്നു 53 ശതമാനം പന്തടക്കത്തോടെ മുന്നേറിയ ക്രൊയേഷ്യക്ക് കരുത്തായത് മധ്യനിരയിലെ മോഡ്രിച്ച്-റാക്കിറ്റിച്ച് കൂട്ടുകെട്ടാണ്. സ്പാനിഷ് ലീഗിൽ ബദ്ധശത്രുക്കളാണെങ്കിലും ഡിഫൻസീവ് മിഡ്ഫീൽഡിൽ റാക്കിറ്റിച്ചിന്റെയും അറ്റാക്കിങ് മിഡ്ഫീൽഡിൽ മോഡ്രിച്ചിന്റെയും ഏപോകനം ക്രൊയേഷ്യൻ നിരയ്ക്ക് കരുത്തുപകർന്നു. മരിയോ മാൻസൂക്കിച്ചിനെപ്പോലെ മിടുക്കനായ സ്‌ട്രൈക്കർ അവരുടെ ആക്രമണങ്ങളെ കൂടുതൽ അപകടകരമാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP