Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരാതിക്കാരായ രണ്ട് നേതാക്കളും പുറത്തായതോടെ പി ശശിക്ക് പാർട്ടിയഗംത്വം തിരിച്ചു നൽകാൻ സിപിഎം തീരുമാനം; എംവി ജയരാജനെ കണ്ണൂരിലേക്ക് മടക്കി ശശിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കാനുള്ള ആലോചന സജീവമായി തുടരുന്നു; പാർട്ടിയിലേക്ക് മടങ്ങുന്നത് നയനാരെ പോലും തന്ത്രങ്ങൾ പരിശീലിപ്പിച്ച തന്ത്രജ്ഞൻ

പരാതിക്കാരായ രണ്ട് നേതാക്കളും പുറത്തായതോടെ പി ശശിക്ക് പാർട്ടിയഗംത്വം തിരിച്ചു നൽകാൻ സിപിഎം തീരുമാനം; എംവി ജയരാജനെ കണ്ണൂരിലേക്ക് മടക്കി ശശിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കാനുള്ള ആലോചന സജീവമായി തുടരുന്നു; പാർട്ടിയിലേക്ക് മടങ്ങുന്നത് നയനാരെ പോലും തന്ത്രങ്ങൾ പരിശീലിപ്പിച്ച തന്ത്രജ്ഞൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി ശശി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലക്കാരനാകും. പിണറായിയുടെ ഈ താൽപ്പര്യത്തിന് മുന്നിലുള്ള അവസാന തടസ്സവും മാരുകയാണ്. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കേ 2011ൽ പാർട്ടിയിൽ നിന്നു പുറത്താക്കിയ പി.ശശിയെ തിരിച്ചെടുക്കാൻ സിപിഎം തീരുമാനിച്ചു. സംസ്ഥാന സമിതിയുടെ തീരുമാനം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. അടുത്ത ദിവസം തലശ്ശേരി ഏരിയാ കമ്മിറ്റിയിൽ കൂടി റിപ്പോർട്ട് ചെയ്ത ശേഷം അംഗത്വം നൽകാനുള്ള നടപടികൾ തുടങ്ങും. ഇതോടെ ശശിക്ക് പിണറായിയുടെ പേഴ്‌സണൽ സ്റ്റാഫിൽ അംഗമാകാനാകും. എം വി ജയരാജനെ കണ്ണൂരിൽ സജീവമാക്കി പാർട്ടിയിൽ നിയന്ത്രണം ശക്തമാക്കാനാണ് പിണറായിയുടെ ഉദ്ദേശം. ഈ സാഹചര്യത്തിലാണ് ശശിയെ തിരിച്ചടെക്കുന്നത്. കണ്ണൂരിലെ അതിശക്തനായി ശശിയെ മാറ്റുന്ന തരത്തിലെ ഇടപെടലുകളും ഉടൻ ഉണ്ടാകും.

സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ശശിയെ ഗുരുതരമായ സദാചാര ലംഘന ആരോപണം ഉയർന്നതിനെ തുടർന്നു 2011 ജൂലൈയിലാണു സിപിഎമ്മിൽ നിന്നു പുറത്താക്കുന്നത്. ടി.പി.നന്ദകുമാർ നൽകിയ ലൈംഗികപീഡന ആരോപണക്കേസിൽ ഹൊസ്ദുർഗ് മജിസ്‌ട്രേട്ട് കോടതി ശശിയെ കഴിഞ്ഞ വർഷം കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്നാണു പാർട്ടിയിലേക്കു മടങ്ങിവരാനുള്ള താൽപര്യം ശശി സിപിഎം സംസ്ഥാന നേതാക്കളെ അറിയിച്ചത്. ഇക്കാര്യം ചർച്ച ചെയ്ത സിപിഎം സംസ്ഥാന സമിതി ശശിക്ക് വീണ്ടും അംഗത്വം നൽകാൻ തീരുമാനമെടുക്കുകയായിരുന്നു. ശശിക്കെതിരെ ചില സിപിഎം നേതാക്കൾ സജീവമായി രംഗത്തുണ്ടായിരുന്നു. ഇവർ പാർട്ടിയിൽ ഒതുക്കപ്പെട്ടു. എംഎൽഎ സ്ഥാനം പോലും ഒരാൾക്ക ്‌നഷ്ടമായി. ഇതിന് ശേഷമാണ് ശശി സിപിഎം രാഷ്ട്രീയത്തിൽ സജീവമായത്.

പാർട്ടിയിൽ നിന്നു പുറത്തായതിനു ശേഷം അഭിഭാഷകനായി ജോലിയാരംഭിച്ച ശശി മാവിലായിയിൽ നിന്നു തലശ്ശേരിയിലേക്കു താമസം മാറ്റിയിരുന്നു. തലശ്ശേരി ഏരിയയ്ക്കു കീഴിൽ അംഗത്വം നൽകണമെന്ന ആഗ്രഹം ശശി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണു സൂചന. ഇതിനാലാണു സംസ്ഥാന സമിതിയുടെ തീരുമാനം തലശ്ശേരി ഏരിയാ കമ്മിറ്റിയിൽ കൂടി റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ ശശിയെ മത്സരിപ്പിക്കാനും സാധ്യത ഏറെയാണ്. കണ്ണൂരിൽ പിണറായി വിജയന്റെ അതിവിശ്വസ്തനാണ് ശശി. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇകെ നയനാരുടെ പൊളിട്ടിക്കൽ സെക്രട്ടറിയായിരുന്നു ശശി. അന്ന് ഭരണം നിയന്ത്രിച്ചതും സംസ്ഥാന സമിതി അംഗം കൂടിയായിരുന്ന ശശിയായിരുന്നു. ഇതിന് ശേഷം പിണറായിയുടെ വിശ്വസ്തനായി മാറി. അങ്ങനെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്.

അച്ചടക്കനടപടിക്കു ശേഷവും സിപിഎം നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്ന ശശിക്കു പാർട്ടിയുമായി ബന്ധപ്പെട്ട കേസുകളിൽ വക്കാലത്ത് ലഭിച്ചിരുന്നു. ടിപി വധക്കേസ്, കതിരൂർ മനോജ് വധക്കേസ് എന്നിവയടക്കമുള്ള കേസുകളിൽ ശശി പാർട്ടിപ്രവർത്തകർക്കായി കോടതിയിൽ ഹാജരായി. 2015ൽ സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റിയിലും ശശിയെ ഉൾപ്പെടുത്തിയിരുന്നു. പാർട്ടിയിൽ ശശിയെ തിരിച്ചെടുക്കുന്നതിന്റെ സൂചനയായിരുന്നു ഇത്. അതിനിടെ ശശിക്കെതിരെ പാർട്ടിക്കു പരാതി നൽകിയ രണ്ടുപേർക്കെതിരെയും പാർട്ടി നടപടിയെടുത്തു. ആദ്യം പരാതി നൽകിയ സി.കെ.പി.പത്മനാഭനെ സാമ്പത്തിക തിരിമറി ആരോപിച്ചു പാർട്ടി സംസ്ഥാന സമിതിയിൽ നിന്നു ബ്രാഞ്ചിലേക്കു തരംതാഴ്‌ത്തി. പരാതി നൽകിയ ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് ഇപ്പോൾ പാർട്ടിക്കു പുറത്താണ്.

സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ പാർട്ടിക്ക് അതീതനായി വളരുന്നുവെന്നു സംസ്ഥാന നേതൃത്വം വിലയിരുത്തുന്നുണ്ട്. ഇക്കാര്യത്തിൽ പിണറായി സംതൃപ്തനുമല്ല. ഈ സാഹചര്യത്തിലാണ് ശശി വീണ്ടും കണ്ണൂരിൽ സജീവമാകുന്നത്. ജില്ലാ സെക്രട്ടറിസ്ഥാനം ഒഴിയാൻ ഇടയാക്കിയ ആരോപണങ്ങളിൽനിന്നെല്ലാം ശശി കുറ്റവിമുക്തനായി. ഈ സാഹചര്യത്തിലാണ് ശശിയെ വീണ്ടും കണ്ണൂരിൽ നിറയ്ക്കാനുള്ള നീക്കം. ജയരാജന്റെ അപ്രമാദിത്തത്തിന് തടയിടാൻ ജില്ലയിൽ പകരക്കാരനില്ലെന്ന അവസ്ഥ മറികടക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശശിയുമായി നേരത്തെ തന്നെ സംസാരിച്ചിരുന്നു.

ഭരണപരിജ്ഞാനവും രാഷ്ട്രീയപാടവവും ഒത്തിണങ്ങുന്ന ശശി കണ്ണൂരിൽ സിപിഎമ്മിന്റെ അവസാന വാക്കായിരുന്നു. ഇതിനിടെയാണ് ശശിയെ കുഴക്കാൻ ലൈംഗിക വിവാദമെത്തിയത്. ഇത് കോടതി തള്ളിക്കളഞ്ഞു. കേസിൽ കുറ്റവിമുക്തനാകാൻ ശശിയെ സിപിഎം നേതൃത്വവും സഹായിച്ചിരുന്നു. ശശിയുടെ അനുഭവമികവ് പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിയിൽ അഭിപ്രായം ശക്തമായി എന്ന് വരുത്താനുള്ള നീക്കവും സജീവമാണ്. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയന്റ് സെക്രട്ടറി, കർഷസംഘം ജില്ലാ സെക്രട്ടറി, സിപിഎം. ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ രാഷ്ട്രീയരംഗത്ത് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുന്മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി, കെ.എസ്.എഫ്.ഇ. ചെയർമാൻ, റെയ്ഡ്‌കോ ചെയർമാൻ എന്നീ ഭരണപരമായ പദവികളും വഹിച്ചിട്ടുണ്ട്.

ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയെ പാലായി പ്രകൃതിചികിത്സാ കേന്ദ്രത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പി ശശിക്കെതിരായ കേസ്. ക്രൈം എഡിറ്റർ ടിപി നന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വിധിയിൽ വ്യക്തമാക്കുന്നു. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പരാതി അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ ടിഎൻ സജീവ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി പി ശശിയെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ഹോസ്ദുർഗ് ഒന്നാം ക്ലാസം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശശിയെ കേസിൽ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. കേസിൽ നടത്തിയ അന്വേഷണത്തിലും സാക്ഷിമൊഴികളിലും പാലായി പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ അത്തരമൊരു സംഭവം നടന്നതായി കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. മാത്രവുമല്ല, താൻ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും ഇരയായ സ്ത്രീയെ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ പരാതിക്കാരൻ വ്യക്തമാക്കിയത്.

പി ശശി ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളോട് പരാതിക്കാരൻ അത്രനല്ല ബന്ധത്തിലല്ലെന്നും മാധ്യമശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ പരാതി നൽകിയിരിക്കുന്നതെന്നുമാണ് അന്വേഷണറിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതെന്ന് കോടതി നീരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് തള്ളുന്നതായും കോടതി വിധിയിൽ പറയുന്നു. തങ്ങൾക്ക് പരാതിയില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇരയായ സ്ത്രീയും ഭർത്താവും വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാലത്ത് കണ്ണൂരിൽ സിപിഎമ്മിന്റെ മുഖങ്ങളിൽ ഒന്നായിരുന്ന പി ശശി ലൈംഗികാരോപണത്തെ തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ആരോപണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്നും പി ശശിയെ പുറത്താക്കുകയും തുടർന്ന്. പിന്നീട് അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞ് സ്വയം രാഷ്ട്രീയജീവിതത്തിന് അവധി നൽകുകയായിരുന്നു ശശി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP