Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിപ്പൂർ വിമാനത്താവളത്തെ തരംതാഴ്‌ത്തിയത് ഗൾഫ് ബന്ധത്തെയും വികസനസാധ്യതകളെയും ബാധിക്കും; ജൂൺ 26 ന് വിമാനത്താവളത്തിലേക്ക് സിപിഎമ്മിന്റെ ബഹുജനമാർച്ച്

കരിപ്പൂർ വിമാനത്താവളത്തെ തരംതാഴ്‌ത്തിയത് ഗൾഫ് ബന്ധത്തെയും വികസനസാധ്യതകളെയും ബാധിക്കും; ജൂൺ 26 ന് വിമാനത്താവളത്തിലേക്ക് സിപിഎമ്മിന്റെ ബഹുജനമാർച്ച്

ജാസിം മൊയ്‌ദീൻ


കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തെ തരംതാഴ്‌ത്തിയ നടപടിക്കെതിരെ ജൂൺ 26ന് സിപിഐ എം നേതൃത്വത്തിൽ ബഹുജന മാർച്ച്. രാവിലെ 10ന്കരിപ്പൂർ വിമാനത്താവള ജങ്ഷൻ കേന്ദ്രീകരിച്ച് നടക്കുന്ന മാർച്ച് നിയുക്ത രാജ്യസഭാംഗവും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീം ഉദ്ഘാടനം ചെയ്യും. സിപിഐഎം കോഴിക്കോട്, മലപ്പുറം ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് മാർച്ച്.

കരിപ്പൂർ വിമാനത്താവളത്തിന്റെ നിലവാരം കാറ്റഗറി 7 ആയാണ് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കുറച്ചത്. വടക്കൻകേരളത്തിലെ ജനങ്ങളുടെ ഗൾഫ് മേഖലയുമായുള്ള ബന്ധത്തെയും വികസനസാധ്യതകളെയും പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിതെന്നും തീരുമാനം ഉടൻ പിൻവലിക്കണെന്നും സിപിഐ എം വിലയിരുത്തുന്നു.

കരിപ്പൂർ വിമാനത്താവളത്തോട് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന അവഗണനയുടെ ഭാഗമാണ് വലിയ വിമാനങ്ങൾക്കുള്ള സർവീസിന് അനുമതി നിഷേധിക്കുന്ന തരത്തിലുള്ള തരംതാഴ്‌ത്തൽ. നേരത്തെ കാറ്റഗറി 9 തിലായിരുന്ന വിമാനത്താവളത്തിന്റെ സ്ഥാനം ഏഴായി കുറച്ചത് കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും അറിവോടെയാണെന്ന കാര്യത്തിൽ സംശയമില്ല. കരിപ്പൂർ എയർപോർട്ടിലെ ഉയർന്ന ഉദ്യോഗസ്ഥനിൽ നിന്ന് തെറ്റായ റിപ്പോർട്ട് എഴുതി വാങ്ങിയാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നടപടി അടിച്ചേൽപ്പിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്.

ഇന്ത്യയിലെ തന്നെ ഏറ്റവും സാധാരണക്കാരായ ആളുകൾ യാത്രചെയ്യുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂർ. കേരളത്തിന്റെയും വിശിഷ്യാ വടക്കൻ കേരളത്തിന്റെയും സാമ്പത്തിക - സാമൂഹിക ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ ഗൾഫ്കുടിയേറ്റതൊഴിലാളികളും ബിസിനസ്സുകാരുമാണ് കരിപ്പൂർ എയർപോർട്ടിനെ പ്രധാനമായും ആശ്രയിക്കുന്നത്.

ബോയിങ് 747 ഇനത്തിൽപ്പെട്ട ജംബോജെറ്റ് വിമാനങ്ങൾ ഇറങ്ങാൻ വിമാനത്താവളം കാറ്റഗറി 9 തിൽ ഉൾപ്പെടണം. കാറ്റഗറി 7 ആയി കുറച്ചതോടെ 180 പേർക്ക് മാത്രം യാത്രചെയ്യാവുന്ന എ 302, 321 ഇനത്തിൽപ്പെട്ട എയർക്രാഫ്റ്റുകൾക്ക് മാത്രമെ കരിപ്പൂരിൽ സർവീസിന് അനുമതി ലഭിക്കൂ. വിമാനത്താവളത്തിലെ റൺവെ നവീകരണത്തിന്റെ പേരിലാണ് നേരത്തെ കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയത്. അന്ന് വലിയ പ്രതിഷേധം ഉയർന്നപ്പോൾ വിമാനത്താവള അധികൃതർ റൺവേ പ്രവൃത്തി പൂർത്തിയാകുന്നത്തോടെ കാറ്റഗറി 9 ആയിതന്നെ ഉയർത്തുമെന്ന് ഉറപ്പുനൽകിയതാണ്.

ആ ഉറപ്പുകളെല്ലാം കാറ്റിൽപ്പറത്തിയാണ് ഇപ്പോൾ റൺവെ പൂർത്തിയായശേഷം തരംതാഴ്‌ത്തിയത്. ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും യാത്രകൾക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. കാറ്റഗറി വെട്ടിക്കുറക്കുന്നതുവഴി വിദേശ കമ്പനികളുടെ സർവീസിനെ പ്രതികൂലമായി ബാധിക്കും. എമിറേറ്റ്സ്, സൗദി എയർലൈൻസ്, ഇതിഹാദ്, ബഹറൈൻ എയർ തുടങ്ങിയ വിദേശ കമ്പനികൾക്ക് ഇനി കരിപ്പൂരിലേക്ക് സർവീസിന് അനുമതി ലഭിക്കില്ല. എയർഇന്ത്യയുടെ ജിദ്ദാ സർവീസും ഇതോടെ അനിശ്ചിതത്വത്തിലാകും.

250 പേർക്ക് യാത്രചെയ്യാവുന്ന 737 ഇനത്തിൽപ്പെട്ട എയർബസ്സുകൾക്ക് സർവീസ് അനുമതി ലഭിക്കണമെങ്കിൽ വിമാനത്താവളം കാറ്റഗറി 8ൽ എങ്കിലും ഉൾപ്പെടുത്തണം. കാറ്റഗറി 7 ആയി കുറച്ചതോടെ ഈ സർവീസുകളും കരിപ്പൂരിന് നഷ്ടമാകും.

വിമാനങ്ങളുടെ സർവീസിങ്ങുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും രൂപപ്പെടുത്തുന്ന ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ തീരുമാനം കരിപ്പൂർ എയർപോർട്ടിന്റെ വികസനസാധ്യതകളുടെ ചിറകരിയുന്നതാണ്. കേന്ദ്രസർക്കാരും വ്യോമയാനമന്ത്രാലയവും ഇക്കാര്യത്തിൽ ഇടപെട്ട്പ കരിപ്പൂരിനെ കാറ്റഗറി 9ൽ നിലനിർത്താനാവശ്യമായ നടപടികൾ സ്വീകരിക്കണം.

കരിപ്പൂരിന്റെ വികസനം ആഗ്രഹിക്കുന്ന മുഴുവനാളുകളും എയർപോർട്ട് മാർച്ചിൽ പങ്കെടുക്കണമെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ , മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP