Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാൽ അമരക്കാരനായാലും ദിലീപ് തൽക്കാലം അമ്മയുടെ പടിക്കു പുറത്തു തന്നെ; ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇന്നസെന്റ്; ഇടതു എംപിയുടെ പരസ്യമായ 'തള്ളിപ്പറയൽ' മുഖ്യമന്ത്രിയുടെ മനസ്സറിഞ്ഞു കൊണ്ടു തന്നെ; ചാലക്കുടിയിൽ നിന്നും വീണ്ടും ജനവിധി തേടാനും സാധ്യത; പൊലീസിനെയും സർക്കാറിനെയും വിമർശിച്ച് സിബിഐ വഴിയുള്ള 'ജനപ്രിയന്റെ' നീക്കം ചെറുക്കാൻ ഉറപ്പിച്ച് പിണറായിയും

മോഹൻലാൽ അമരക്കാരനായാലും ദിലീപ് തൽക്കാലം അമ്മയുടെ പടിക്കു പുറത്തു തന്നെ; ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇന്നസെന്റ്; ഇടതു എംപിയുടെ പരസ്യമായ 'തള്ളിപ്പറയൽ' മുഖ്യമന്ത്രിയുടെ മനസ്സറിഞ്ഞു കൊണ്ടു തന്നെ; ചാലക്കുടിയിൽ നിന്നും വീണ്ടും ജനവിധി തേടാനും സാധ്യത; പൊലീസിനെയും സർക്കാറിനെയും വിമർശിച്ച് സിബിഐ വഴിയുള്ള 'ജനപ്രിയന്റെ' നീക്കം ചെറുക്കാൻ ഉറപ്പിച്ച് പിണറായിയും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: നടിയെ ആക്രമിച്ച കേസിന് ശേഷം പ്രശ്‌നകലുഷിതമായതോട താരസംഘടന അമ്മയുടെ പ്രവർത്തനങ്ങളുമായി അടുത്തകാലത്ത് അത്രയ്ക്ക് സജീവമല്ല ചാലക്കുടി എംപി ഇന്നസെന്റ്. എംപിയെന്ന നിലയിൽ വീണ്ടും സജീവമായി പ്രവർത്തിക്കാൻ വേണ്ടിയാണ് ഇന്നസെന്റിന്റെ നീക്കം. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ദിലീപിനെ അമ്മയിലേക്ക് എടുക്കില്ലെന്ന സൂചനയുമായി രംഗത്തെത്തിയത്. മോഹൻലാലിനെ അമ്മയുടെ തലപ്പത്തേക്ക് അവരോധിച്ച് പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്നസെന്റ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കുകയോ അല്ലെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുകയോ വേണ്ടി വരും.

അമ്മയുടെ പുതിയ പ്രസിഡന്റ് മോഹൻലാലെന്ന് എംപിയും അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റെ വ്യക്തമാക്കിയത് ഇന്നാണ്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതിനെ കുറിച്ച് അമ്മ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ അനുസരിക്കുമെന്നും ഇന്നസെന്റ് കൂട്ടിച്ചേർക്കുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്നസെന്റിനെ തന്നെ വീണ്ടും മണ്ഡലത്തിൽ മത്സരിപ്പിക്കാനാകും സിപഎമ്മിന്റെ ആലോചന. അദ്ദേഹത്തെ പോലെ പൊതുസമ്മതനായ മറ്റൊരു വ്യക്തിയെ ലഭിക്കില്ലെന്ന് പാർട്ടിക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ അനാവശ്യ വിവാദങ്ങളിൽ ചെന്നു ചാടരുതെന്ന നിർദ്ദേശമാണ് ഇന്നസെന്റിന് നൽകിയിട്ടുള്ളത്.

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഈ വരുന്ന 24ന് ഒഴിയുന്നതോടെ അദ്ദേഹം ലോക്‌സഭാ മണ്ഡലം കേന്ദ്രീകരിച്ച് കൂടുതൽ സജീവമായി ഇടപെടും. 24ന് ചേരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ മോഹൻലാൽ സ്ഥാനം ഏൽക്കുന്നതോടെ സംഘടനയുമായി ബന്ധപ്പെട്ട മറ്റു ചുമതലകളിൽ നിന്നെല്ലാം ഇന്നസെന്റ് മാറി നില്ക്കാനാണ് സാധ്യത. നടിയെ ആക്രമിച്ച കേസിലെ നിലപാടുകൾ ഇന്നസെന്റിനെയും ഏറെ വിവാദത്തിൽ ചാടിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ദിലീപിനൊപ്പമല്ല ഇന്നസെന്റ്. ഇതിന് കാരണം, സർക്കാറിനെയും പൊലീസിനെയും നിരന്തരം വിമർശിച്ചു കൊണ്ട് ദിലീപ് നടത്തുന്ന നിയമ പോരാട്ടങ്ങളാണ്.

പൊലീസിനെ ഗൂഢാലോചനയുടെ നിഴലിൽ നിർത്തുന്ന വിധത്തിലാണ് ദിലീപിന്റെ ഹർജികൾ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അതൃപ്തിയുണ്ട്. പൊലീസിനെ പ്രതികൂട്ടിലാക്കുന്ന ജനപ്രിയനോട് വിട്ടുവീഴ്‌ച്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കേസിൽ ദിലീപിനെ അറസ്റ്റു ചെയ്ത വിവരം പോലും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് മുഖ്യമന്ത്രി ആയിരുന്നു. അതുകൊണ്ട് കേസിൽ ദിലീപ് രക്ഷപെടുന്ന അവസ്ഥ ഉണ്ടായാൽ അത് സർക്കാറിന്റെ ഇമേജിനെ പോലും ബാധിക്കുന്ന വിധത്തിലേക്ക് മാറും. അതുകൊണ്ട് തന്നെ പിണറായിയുടെ അതൃപ്തി മനസിലാക്കി കൊണ്ടു കൂടിയാണ് ഇന്നസെന്റ് ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ചർച്ചകളൊന്നും നടന്നില്ലെന്ന് വ്യക്തമാക്കിയത്.

നടി അക്രമിക്കപ്പെട്ട കേസിന് പിന്നാലെ ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതിൽ അതൃപ്തിയുള്ളവർ ശക്തമായ പാനലുണ്ടാക്കി അമ്മ ഭാരവാഹിത്വത്തിന് മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അത്തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക കൂടി ലക്ഷ്യം വച്ചാണ് പൊതുസമ്മതിയുള്ള മോഹൻലാലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഇതിന് മുൻകൈയെടുത്തത് ദിലീപിനെ പുറത്താക്കാനുള്ള യോഗത്തിൽ അടക്കം പങ്കെടുത്ത മമ്മൂട്ടിയായിരുന്നു. മമ്മൂട്ടി ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇനി ഇടവേള ബാബുവാണ്. മുകേഷും ഗണേശ്‌കുമാറുമാണ് വൈസ് പ്രസിഡന്റുമാർ. ഇരുവരും ദിലീപിനെ അനുകൂലിക്കുന്നവരാണ് താനും. സിദ്ദിഖ് സെക്രട്ടറിയും ജഗദീഷ് ട്രഷററുമാവും.

ഈ ലിസ്റ്റിന് അന്തിമ അംഗീകാരം നൽകുകയാണ് 24ന് ചേരുന്ന ജനറൽ ബോഡിയുടെ പ്രധാന അജണ്ട. എന്നാൽ ഇതിലെ ചില സ്ഥാനങ്ങളെച്ചൊല്ലി അംഗങ്ങൾക്കിടയിൽ ഇപ്പോഴും അതൃപ്തിയുണ്ടെന്ന് സൂചനകളുണ്ട്. അത്തരം അഭിപ്രായങ്ങൾ യോഗത്തിൽ ചർച്ചയ്ക്ക് വരുമെന്ന സൂചനയുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദീലീപിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം നൽകിയിരുന്നു. വിചാരണ തുടങ്ങാനിരിക്കെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് പിന്നിൽ വിചാരണ തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്ന വാദം സജീവാണ് താനും. എന്നാൽ തനിക്ക് നീതിക്ക് വേണ്ടിയാണ് പോരാട്ടമെന്നാണ് ദിലീപ് പറയുന്നത്. പൊലീസിലെ ഉന്നതരാണ് തന്നെ കേസിൽ കുടുക്കിയതെന്ന് ദിലീപ് നേരത്തെ ആരോപിച്ചിരുന്നു. ദിലീപിന്റെ വാദത്തെ പിന്തുണക്കുന്നരും സിനിമാ സംഘടനയിലുണ്ട്.

നേരത്തെ തന്നെ കേസിൽ കുടുക്കിയതാണെന്നും സത്യം തെളിയിക്കാൻ കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപി ബി.സന്ധ്യയും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയതെന്നാണ് കത്തിൽ ദിലീപ് ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ പാടെ മാറ്റി നിർത്തി അന്വേഷിച്ചാൽ യഥാർത്ഥ പ്രതികൾ കുടുങ്ങുമെന്ന് കത്തിൽ വിശദീകരിക്കുയും ചെയ്തു. ഇതിന് ശേഷമാണ് അന്വേഷണം പൊലീസ് പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ദിലീപ് ഹർജി നൽകിയത്. ഇപ്പോൾ പൾസർ സുനിയെ അടക്കം സ്വാധീനിച്ച് കേസ് അട്ടിമറിക്കാനാണ് താരത്തിന്റെ നീക്കം.

നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ തന്നെ കുടുക്കിയതെന്നാണ് ദിലീപിന്റെ പക്ഷം. പൾസർ സുനിയുടെ ബ്ലാക് മെയിൽ പൊലീസിനെ നേരത്തെ അറിയിച്ചിട്ടും കേസിൽ പ്രതിയായത് താൻ. ഇതിനെല്ലാം പിന്നാൽ പൊലീസിലെ ഉന്നതയാണ്. തന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരുമൊത്ത് എഡിജിപി സന്ധ്യ നടത്തിയ കരുനീക്കമാണ് തന്നെ കേസിൽ കുടുക്കിയത്. അതുകൊണ്ട് തന്നെ അന്വേഷണത്തിൽ തകരാറുകൾ ഏറെ സംഭവിച്ചിട്ടുണ്ട്. താൻ നൽകിയ പരാതിയിൽ അന്വേഷണം വേണം. ഇതാണ് ദിലീപിന്റെ ആവശ്യം. പൾസർ സുനിക്ക് പിന്നിലെ വ്യക്തികളെ പുറത്തു കൊണ്ടു വന്ന് തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ദിലീപിന്റെ നീക്കം. കേസ് അന്വേഷിച്ചിവരെയാണ് താരം പ്രതിക്കൂട്ടിൽ നിർത്തുന്നത്. റൂറൽ എസ്‌പി എവി ജോർജ്, ക്രൈംബ്രാഞ്ച് എസ്‌പി സുദർശൻ, ഡിവൈഎസ്‌പി സോജൻ വർഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരാണ് താരത്തിന്റെ ഉന്നം.

ഒക്ടോബർ 18നാണ് 12 പേജുള്ള കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. യുവനടി ആക്രമിക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങൾ കത്തിൽ അക്കമിട്ടു നിരത്തിയിരുന്നു. ആ വാദങ്ങൾ തന്നെയാകും ദിലീപ് ഹൈക്കോടതിയിലും ഉയർത്തുക. 2017 ഏപ്രിൽ പത്തിനാണ് പൾസർ സുനിയുടെ ആളുകൾ തനിക്കെതിരെ ഭീഷണിയുയർത്തി സംവിധായകൻ നാദിർഷായെ വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡിജിപിയെ വിളിച്ചറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ നേരിട്ടുകണ്ട് പരാതി നൽകുകയും ചെയ്തു. ഏപ്രിൽ 18, 20, 21 ദിവസങ്ങളിലുണ്ടായ ബ്ലാക്ക് മെയിൽ ഫോൺ വിളികളുടെ ശബ്ദരേഖയും ഡിജിപിക്കു കൈമാറി.

ഇവ പരിശോധിക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും കത്തിൽ പറയുന്നു. പൾസർ സുനിയെ അറിയില്ലെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണ്. അതാരും ഇതുവരെ നിഷേധിച്ചിട്ടില്ല. സത്യമിതായിരിക്കെ മറ്റൊരു തരത്തിലാണ് ഡിജിപിയും അന്വേഷണ സംഘവും പെരുമാറിയത്. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നുവെന്നാണ് ദിലീപിന്റെ പരാതി. ഇക്കാര്യത്തിൽ നീതീകരിക്കാനാവാത്ത നിലപാടാണ് ഡിജിപിയും എഡിജിപി ബി.സന്ധ്യയും സ്വീകരിച്ചത്. അതുകൊണ്ട് ഈ അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റിനിർത്തി വീണ്ടും അന്വേഷണം നടത്തണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP