Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാതാ അമൃതാനന്ദമയിക്കൊപ്പം സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചത് ആറു പൊലീസുകാരെ; കാന്തപുരം അബൂബക്കർ മുസലിയാർക്കൊപ്പവും രണ്ട് പൊലീസുകാർ; മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞ് പി പി തങ്കച്ചനും നൽകി സുരക്ഷാ ഉദ്യോഗസ്ഥരെ; വിരമിച്ച ജഡ്ജിമാരുടെയും മുൻ കേന്ദ്രമന്ത്രിമാരുടെയും ജീവിതം പൊലീസ് അകമ്പടിയിൽ: ഏമാന്മാരുടെ വീട്ടിലെ ദാസ്യവേല ചർച്ചയാകുമ്പോഴും അഞ്ഞൂറിലേറെ പൊലീസുകാർ ജോലി ചെയ്യുന്നത് രാഷ്ട്രീയക്കാരുടെയും മതസാമുദായിക നേതാക്കളുടെയും വീടുകളിൽ

മാതാ അമൃതാനന്ദമയിക്കൊപ്പം സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചത് ആറു പൊലീസുകാരെ; കാന്തപുരം അബൂബക്കർ മുസലിയാർക്കൊപ്പവും  രണ്ട് പൊലീസുകാർ; മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞ് പി പി തങ്കച്ചനും നൽകി സുരക്ഷാ ഉദ്യോഗസ്ഥരെ; വിരമിച്ച ജഡ്ജിമാരുടെയും മുൻ കേന്ദ്രമന്ത്രിമാരുടെയും ജീവിതം പൊലീസ് അകമ്പടിയിൽ: ഏമാന്മാരുടെ വീട്ടിലെ ദാസ്യവേല ചർച്ചയാകുമ്പോഴും അഞ്ഞൂറിലേറെ പൊലീസുകാർ ജോലി ചെയ്യുന്നത് രാഷ്ട്രീയക്കാരുടെയും മതസാമുദായിക നേതാക്കളുടെയും വീടുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പുറമേ കേരളത്തിൽ പൊലീസ് സുരക്ഷിൽ കഴിയുന്നവരിൽ മതസമുദായ നേതാക്കളും. പൊലീസുകാരുടെ ദാസ്യപ്പണിയുടെ വിവരങ്ങൾ പുറത്തുവരുമ്പോഴാണ് അഞ്ഞൂറോളം പൊലീസുകാർ ഇപ്പോൾ രാഷ്ട്രീയക്കാരുടെയും മറ്റും വീടുകളിൽ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. വിരമിച്ചവരടക്കമുള്ള ജഡ്ജിമാർക്കൊപ്പവും നൂറ്റിയമ്പതിലേറെ പൊലീസുകാരുണ്ട്. പേഴ്സനൽ സ്റ്റാഫ് നിയമനത്തിലെ പൊലീസ് ചട്ടങ്ങൾ മറികടന്നാണു കേന്ദ്രമന്ത്രിമാരടക്കമുള്ളവർ പൊലീസുകാരെ വർഷങ്ങളായി കൈവശം വയ്ക്കുന്നത്.

മാതാ അമൃതാനന്ദമയിക്കായി ആറു പേരെ നിയോഗിക്കുമ്പോൾ കാന്തപുരം അബൂബക്കർ മുസലിയാർക്കൊപ്പം രണ്ടു പൊലീസുകാരുണ്ട്. അതേസമയം കാന്തപുരത്തിന് രണ്ട് പൊലീസുകാരെ സുരക്ഷക്കായി നൽകിയെന്ന് സർക്കാർ ലിസ്റ്റിൽ ഉണ്ടെങ്കിലും സുരക്ഷ സ്വീകരിച്ചിട്ടില്ലെന്നാണ് മർക്കസ് അധികൃതർ വ്യക്തമാക്കുന്നത്. സുരക്ഷ ഉദ്യോഗസ്ഥർ ആരും കാന്തപുരത്തിന് ഒപ്പമില്ലെന്നും മർക്കസ് വിശദീകരിക്കുന്നു. സുരക്ഷാ ചുമതലയെന്നാണു വിളിപ്പേരെങ്കിലും അതിനുള്ള ചട്ടങ്ങളെല്ലാം കാറ്റിൽപറത്തിയാണു രാഷ്ട്രീയക്കാരിൽ പലരും ജോലിക്കാരെ പോലെ പൊലീസുകാരെ വീട്ടിൽനിർത്തുന്നത്. പേഴ്സനൽ സ്റ്റാഫായി നിയോഗിക്കുന്ന പൊലീസുകാരൻ രണ്ടു വർഷത്തിൽ കൂടുതൽ ഒരാൾക്കൊപ്പം നിൽക്കരുതെന്നാണു ചട്ടം. എന്നാൽ പലരും വർഷങ്ങളായി ഒരേ നേതാവിന്റൈാപ്പമാണെന്നു പൊലീസിലെ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പേഴ്സനൽ സെക്യൂരിറ്റിക്കായി സ്വന്തം പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ആളെ നിയോഗിക്കരുതെന്ന ചട്ടവും അട്ടിമറിക്കുന്നുണ്ട്. ഇതിനൊപ്പം കാലാവധി തീർന്നിട്ടും പൊലീസുകാരെ മടക്കി അയയ്ക്കാത്തവരും കൂട്ടത്തിലുണ്ട്.

പൊലീസ് ഉന്നതരുടെ വീട്ടിൽ മാത്രമല്ല, കേന്ദ്രമന്ത്രിമാരിൽ തുടങ്ങി സിപിഎം ഏരിയാ സെക്രട്ടറിയുടെ വീട്ടിൽ വരെ പൊലീസുകാരുണ്ടെന്ന് ഒരു വർഷം മുൻപ് പൊലീസ് ശേഖരിച്ച പട്ടിക സ്ഥിരീകരിക്കുന്നു. എംപിമാരായ വയലാർ രവി, കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, ശശി തരൂർ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.ഐ. ഷാനവാസ്, ആന്റോ ആന്റണി തുടങ്ങിയവർക്കൊപ്പം രണ്ടു പൊലീസുകാരുള്ളപ്പോൾ എ.കെ. ആന്റണിക്കൊപ്പമുള്ളത് ആറു പേരാണ്. പി.പി. തങ്കച്ചൻ, പി. ജയരാജൻ, തുടങ്ങിയവർക്കു പുറമെ സിപിഎമ്മിന്റെ ഓർക്കാട്ടേരി, നാദാപുരം എന്നിവിടങ്ങളിലെ ഏരിയാ സെക്രട്ടറിമാർക്കും രണ്ടു പൊലീസുകാർ ഒപ്പമുണ്ട്. ചുരുക്കത്തിൽ മന്ത്രിമാരടക്കം രാഷ്ട്രീയക്കാർ കൈവശം വച്ചിരിക്കുന്നത് 276 പൊലീസുകാരെയാണ്. 87 ജഡ്ജിമാർക്കായി 146 പൊലീസുകാർ അവരുടെ വീടുകളിൽ ജോലി നോക്കുന്നു.

യു ഡി എഫ് കൺവീനർ പി പി തങ്കച്ചനൊപ്പമുള്ളത് രണ്ടുപൊലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന കാരണം കാണിച്ച് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്താണ് തങ്കച്ചന് സുരക്ഷ അനുവദിച്ചത്. ആരോഗ്യകാരണങ്ങളാൽ യു ഡി എഫ് യോഗത്തിൽ പോലും തങ്കച്ചൻ പങ്കെടുക്കാറില്ല. എന്നാൽ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാൻ തങ്കച്ചൻ തയ്യാറായിട്ടില്ല. എ ഡി ജി പി ആയിരിക്കെ എട്ടുമാസം മുമ്പ് ടോമിൻ ജെ തച്ചങ്കരി സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് സുരക്ഷാചുമതലയ്ക്കു നിയോഗിച്ചിട്ടുള്ള പൊലീസുകാരുടെ കണക്ക് വ്യക്തമാക്കുന്നത്. എന്നാൽ ഈ റിപ്പോർട്ട് പുറത്തുവന്നിരുന്നില്ല.

പൊലീസിലെ ദാസ്യപ്പണി വിവാദം പുറത്തെത്തിയതോടെ, സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നവരുടെ കണക്കെടുപ്പ് വീണ്ടും ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എട്ടുമാസം മുമ്പത്തെ റിപ്പോർട്ട് പൂഴ്‌ത്തിവച്ചതാണെന്ന ആരോപണം ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഓരോ ക്യാമ്പിൽനിന്നും സുരക്ഷാചുമതലയ്ക്ക് നിയോഗിക്കപ്പെട്ടവരുടെ വിവരങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. അതേസമയം സുരക്ഷ സംബന്ധിച്ച വിവരങ്ങൾ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ വ്യക്തമാക്കുകയുണ്ടായി. കെ മുരളീധരൻ എംഎൽഎയുടെ അടിയന്തരപ്രമേയത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി കണക്ക് സഭയെ അറിയിച്ചത്. പൊലീസുദ്യോഗസ്ഥരെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിൽ നിയോഗിക്കുന്നത കാര്യമാണ് അടിയന്തരപ്രമേയത്തിനുള്ള അനുമതിക്കായി അവതരിപ്പിച്ചത്. 

മുഖ്യമന്ത്രി നൽകിയ മറുപടിയുടെ പൂർണരൂപം ഇങ്ങനെ:

പൊലീസുദ്യോഗസ്ഥരെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം നിയമിച്ചിട്ടുള്ളത് 20.6.1979ലെ സർക്കാർ ഉത്തരവ് No.86/79/ആഭ്യന്തരം നമ്പർ ഉത്തരവിന്റെയും കേരളാ സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ചിട്ടുള്ള എക്സിക്യൂട്ടിവ് ഡയറക്ടീവ് No.3/2002 ന്റെയും അടിസ്ഥാനത്തിലാണ്. വിശിഷ്ട വ്യക്തികളുടെ സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സുരക്ഷാ അവലോകന സമിതിയുടെ നിർദ്ദേശപ്രകാരമാണ്. 1) അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം), 2) സംസ്ഥാന പൊലീസ് മേധാവി, 3) ഇന്റലിജൻസ്, ഡയറക്ടർ/അഡീഷണൽ ജനറൽ ഓഫ് പൊലീസ്, 4) അഡീഷണൽ ഡയറക്ടർ ജനറൽ/ഇൻസ്പെക്ടർ/ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഡി.ഐ.ജി. സെക്യൂരിറ്റി, 5) ജോയിന്റ്/ഡെപ്യൂട്ടി ഡയറക്ടർ സബ്സിഡിയറി ഇന്റലിജൻസ് മേധാവി എന്നിവരാണ് ഈ സമിതിയിലുള്ളത്. ഇതിൽ ജോയിന്റ്/ഡെപ്യൂട്ടി ഡയറക്ടർ സബ്സിഡിയറി ഇന്റലിജൻസ് മേധാവി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനുമാണ്. ഈ സമിതി ഇതു സംബന്ധിച്ച അവലോകനം എല്ലാ ആറ് മാസം കൂടുമ്പോഴും നടത്തിവരുന്നുണ്ട്.

ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അയാളുടെ അധികാരാതിർത്തിയിൽ നിന്നും ഒരു സിവിൽ പൊലീസ് ഓഫീസറേയും എസ് പി റാങ്കിലുള്ള ഉദ്യോസ്ഥന് രണ്ട് സിപിഒമാരേയും ഡിഐജി മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർക്ക് രണ്ട് സിപിഒ/എസ്സിപിഒ മാരേയും സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കാവുന്നതാണ്. നിലവിൽ 335 ഓളം പൊലീസുദ്യോഗസ്ഥരെ SP മുതൽ മുകളിലോട്ടുള്ള ഉന്നത പൊലീസുദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. 11.05.2018ന് സംസ്ഥാന സുരക്ഷാ സമിതിയുടെ യോഗം സുരക്ഷാകാര്യങ്ങൾ സംബന്ധിച്ച് റിവ്യൂ നടത്തുകയും വിവിധ തലങ്ങളിലുള്ള 15 പേർക്ക് സുരക്ഷാ സംവിധാനം ആവശ്യമില്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ നടപടിക്രമം പുരോഗമിക്കുകയാണ്. ഇത്തരത്തിൽ കാലാകാലങ്ങളിൽ സുരക്ഷ ആവശ്യമുള്ളവർക്ക് അതു നൽകുകയാണ് ചെയ്യുന്നത്.

കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ച് വ്യക്തികൾക്കും ഉദ്യോഗസ്ഥന്മാർക്കും നേതാക്കന്മാർക്കും അവർ വഹിക്കുന്നതോ വഹിച്ചിരുന്നതോ ആയ പദവികൾ മൂലവും നിലപാടുകൾ മൂലവും ഭീകരവാദികളിൽ നിന്നോ തീവ്രവാദികളിൽ നിന്നോ മതമൗലീക വാദികളിൽ നിന്നോ ഭീഷണി നേരിടുന്നുണ്ടെങ്കിൽ ആയവർക്ക് സംസ്ഥാന ഗവ. ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്. കൂടാതെ ഉന്നത പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് അവർ വഹിക്കുന്ന പദവികൾ പരിഗണിക്കാതെ അവർക്ക് പക്ഷപാത രഹിതവും ദൃഢവുമായ തീരുമാനങ്ങൾ കൈക്കൊള്ളു ന്നതിന് സുരക്ഷ ഒരുക്കേണ്ടതായിട്ടുണ്ട്.

നിലവിൽ 8.3.2018 -ൽ കൂടിയ സുരക്ഷ അവലോകന സമിതിയുടെ ശുപാർശ പ്രകാരം 11.5.2018-ൽ ആഭ്യന്തര വകുപ്പിൽ നിന്നും പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് No.1382/2018/ആഭ്യന്തരം നമ്പർ പ്രകാരമാണ് വിശിഷ്ട വ്യക്തികൾക്കും ന്യായധിപന്മാർക്കും വ്യക്തികൾക്കും മറ്റും സുരക്ഷ നൽകിവരുന്നത്. സംസ്ഥാനത്ത് ന്യായാധിപന്മാരുടെ സുരക്ഷക്കായി 173 പൊലീസ് ഉദ്യോഗസ്ഥരെയും നിയമോപദേശകരുടെയും സർക്കാർ അഭിഭാഷകരുടെയും സുരക്ഷക്കായി 26 പേരെയും മന്ത്രിമാരുടെയും മറ്റു നേതാക്കളുടെയും സുരക്ഷക്കായും 388 ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.

വിശിഷ്ട വ്യക്തികളെ അവർ നേരിടുന്ന സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ Z+, Z, Y+, Y, X, A & B എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. നിലവിൽ ഉള്ള ഉത്തരവ് പ്രകാരം 191 പേർക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മുകളിൽ പറഞ്ഞ കാറ്റഗറിയിൽപ്പെട്ട ഐഎഎസ്/ ഐഎഫ്എസ് ഉദ്യോഗസ്ഥരുടയും ന്യായാധിപന്മാരുടെയും നിയമ ഉപദേശകരുടേയും സർക്കാർ അഭിഭാഷകരുടേയും മന്ത്രിമാരുടേയും മറ്റ് നേതാക്കന്മാരുടേയും സുരക്ഷയ്ക്കായി 650 ഓളം പൊലീസ് ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്.

സുരക്ഷാ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് മുകളിൽ പറഞ്ഞ അംഗബലം കൂടാതെ സുരക്ഷയ്ക്കായി മേൽപ്പറഞ്ഞവരുടെ വസതികളിലും താമസസ്ഥലത്തും പൊലീസ് സേനാംഗങ്ങളെ പാറാവ് ഡ്യൂട്ടിക്കും യാത്രാ വേളകളിൽ എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടികൾക്കും നിയോഗിക്കാറുണ്ട്. സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള പൊലീസുദ്യോഗസ്ഥരെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥൻ ദാസ്യവൃത്തിക്കോ വ്യക്തിപരമായ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP