Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കല്യാൺ മുതലാളിയെ കുറിച്ച് സത്യം പറഞ്ഞപ്പോൾ പൊലീസ് ഏമാന്മാർക്ക് വല്ലാതങ്ങു നൊന്തു; വാർത്ത പ്രസിദ്ധീകരിച്ച മറുനാടനെതിരെ കേസെടുക്കാൻ ധൈര്യമില്ലാത്തതിനാൽ പൊലീസ് ഷെയർ ചെയ്ത ചെറുപ്പക്കാരെ വേട്ടയാടുന്നു; മൊബൈൽ ഫോൺ പിടിച്ചെടുത്തും കോടതിയിൽ ഹാജരാക്കിയും പൊലീസ് പീഡനം; പ്രതി ചേർക്കപ്പെട്ടവരുടെ കേസ് സൗജന്യമായി ഏറ്റെടുത്ത് മറുനാടൻ

കല്യാൺ മുതലാളിയെ കുറിച്ച് സത്യം പറഞ്ഞപ്പോൾ പൊലീസ് ഏമാന്മാർക്ക് വല്ലാതങ്ങു നൊന്തു; വാർത്ത പ്രസിദ്ധീകരിച്ച മറുനാടനെതിരെ കേസെടുക്കാൻ ധൈര്യമില്ലാത്തതിനാൽ പൊലീസ് ഷെയർ ചെയ്ത ചെറുപ്പക്കാരെ വേട്ടയാടുന്നു; മൊബൈൽ ഫോൺ പിടിച്ചെടുത്തും കോടതിയിൽ ഹാജരാക്കിയും പൊലീസ് പീഡനം; പ്രതി ചേർക്കപ്പെട്ടവരുടെ കേസ് സൗജന്യമായി ഏറ്റെടുത്ത് മറുനാടൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളുടെ ഏറ്റവും വലിയ പരസ്യക്കാരാനാണ് ഇന്ന് കല്യാൺ ജുവല്ലേഴ്‌സ്. മഞ്ജു വാര്യരെയും അമിതബ് ബച്ചനെയു അടക്കം അണിനിരത്തിയുള്ള വമ്പൻ പരസ്യങ്ങൾ ചാനലുകളിൽ പതിവായി എത്താറുണ്ട്. ഇത് കൂടാതെ മാധ്യമങ്ങൾ ചോദിക്കുമ്പോഴൊരക്കം ഒന്നാം പേജ് പരസ്യവും അവാർഡ് നിശകളുടെ സ്‌പോൺസർമാരായും കല്യാൺ മുതലാളി എത്തും. എന്തിനാണ് ഇങ്ങനെ മാധ്യമങ്ങൾക്ക് വാരിക്കോരി പരസ്യം കൊടുക്കുന്നത്? ചോദ്യത്തിന്റെ ഉത്തരം വളരെ സിംപിളാണ്. തങ്ങളുടെ സ്ഥാപനത്തിന് ക്ഷീണമുണ്ടാക്കുന്ന വിധത്തിൽ ഒരു വാർത്തയും ഈ മാധ്യമങ്ങളിൽ വരാൻ പാടില്ല. അതിന് വേണ്ട് മുഖ്യധാരക്കാർ ഒന്നു കണ്ണടക്കണം, അത്രതന്നെ..!

അടുത്തകാലത്ത് മനോരമയും മാതൃഭൂമിയും അടക്കമുള്ള കൊമ്പന്മാരായ മാധ്യമങ്ങൾ അവഗണിച്ചൊരു കല്യാണുമായി ബന്ധപ്പെട്ട വാർത്ത മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. കല്യാൺ ജുവല്ലറിയിൽ നിന്നു വാങ്ങിയ ആന്റിക് വിഭാഗത്തിൽ പെട്ട സ്വർണ്ണമാല മെഴുകു നിറച്ച് സംഭവം ശ്രദ്ധയിൽപ്പെട്ട് ഒരു ഉപഭോക്താവ് തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയ കാര്യമായിരുന്നു മറുനാടന്റെ വാർത്ത. സൈബർലോകത്ത് വൈറലായ ഈ വാർത്തയുടെ പേരിൽ പൊലീസിനെയും അധികാരികളെയും കൂട്ടുപിടിച്ച് പ്രതികാര നടപടിയുമായി രംഗത്തിറങ്ങിയിരിക്കയാണ് കല്യാൺ ജുവല്ലറി അധികൃതർ. സ്വർണ മുതലാളിക്കെതിരെ പ്രതികരിച്ചാൽ അവരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങളാണ് ഒരു വിഭാഗം പൊലീസുകാരുടെ സഹായത്തോടെ ജുവല്ലറിക്കാർ നടത്തുന്നത്.

മറുനാടൻ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക് സാമൂഹ്യമധ്യമങ്ങളിൽ ഷെയർ ചെയ്തു കൊണ്ട് കമന്റ് രേഖപ്പെടുത്തിയതിന്റെ പേരിൽ മൂന്ന് യുവാക്കളെ അറസ്റ്റു ചെയ്ത് ഭീഷണിപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്. കല്യാൺ മുതലാളിക്ക് വേണ്ടി ചട്ടങ്ങൾ പോലും ലംഘിക്കുന്ന നടപടിയിലേക്ക് പൊലീസ് നീങ്ങുകയും ചെയ്തു. സിന്റോ ഫ്രാൻസിസ്, ഭവേഷ് കുമാർ, കെവി ജോസ് എന്നിങ്ങനെ മൂന്ന് പേരെയാണ് പൊലീസ് ആക്ട് പ്രകാരം 120 (ഒ) പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റു ചെയ്തത്.

പൊതുശല്യമെന്ന വിധത്തിൽ കണക്കാക്കേണ്ട വകുപ്പു ചുമത്തികൊണ്ടാണ് തികച്ചും നിയമവിരുദ്ധമായ ഈ അറസ്റ്റ്. അറസ്റ്റിലായവരുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മറ്റു വകുപ്പു ചുമത്താൻ സാധിക്കാത്തതു കൊണ്ടാണ് കണ്ണിൽപൊടിയിടാൻ വേണ്ടി 120(ഒ) വകുപ്പ് ചുമത്തിയിരിക്കുന്നത്. കേരളാ പൊലീസ് ആക്ടിലെ 120 ഒ പ്രകാരം ആരേയും ജയിലിൽ അടക്കാനാകില്ല. ഒരു വർഷം വരെ തടവോ അല്ലെങ്കിൽ പരമാവധി 5000രൂപ പഴിയോ ആണ് ഈ വകുപ്പ് അനുശാസിക്കുന്ന ശിക്ഷ. അതുകൊണ്ട് തന്നെ ഇത് പെറ്റികേസ് മാത്രമാണ്. ശിക്ഷയിൽ പിഴയും പറയുന്നതിനാൽ അത് മാത്രമേ കോടതി ശിക്ഷയായി നൽകൂ. പിഴ നൽകിയില്ലെങ്കിൽ മാത്രമേ ജയിൽ വാസം വരൂ.

തൃശ്ശൂർ വെസ്റ്റ് പൊലീസാണ് യുവാക്കളെ അറസ്റ്റു ചെയ്തത്. ഇവരുടെ അറസ്റ്റുതന്നെ നിയമവിരുദ്ധമായിട്ടും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും യുവാക്കളെ ആസൂത്രിതമായി കുടുക്കുകയായിരുന്നു എന്നത് വ്യക്തമാണ്. അറസ്റ്റുചെയ്ത ശേഷം കോടതി ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്. ഒരു വാർത്ത ഷെയർ ചെയ്തതിന്റെ പേരിൽ ക്രിമിനൽ കേസ് എടുത്തത് തെറ്റായ നടപടിയാണെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം തിരുവനന്തപുരം കല്യാൺ ജുവല്ലറിയിലെ സ്വർണത്തട്ടിപ്പു സംബന്ധിച്ച് തെളിവു സഹിതമായിരുന്നു മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചത്. എന്നാൽ ഈ വിഷയത്തിൽ മറുനാടനെതിരെ കേസ് കൊടുക്കാൻ ജുവല്ലറി അധികൃതർ തയ്യാറായിട്ടില്ല. വാർത്ത ഷെയർ ചെയ്തവർക്കെതിരെ കേസെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

അതേസമയം തെളിവുകളുടെ അടിസ്ഥാനത്തിൽ മറുനാടൻ പ്രസിദ്ധീകരിച്ച വാർത്ത ഷെയർ ചെയ്‌തെന്ന കാരണത്താൽ അറസ്റ്റു ചെയ്യപ്പെട്ടവരുടെ തുടർന്നുള്ള നിയമനടപടി മറുനാടൻ ഏറ്റെടുത്തു. തൃശ്ശൂർ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്ത സിന്റോ ഫ്രാൻസസ് തനിക്കുണ്ടായ ദുരനുഭവം മറുനാടനെ അറിയിക്കുകയായിരുന്നു. ഇതോടെ ഈ വിഷയം മറുനാടൻ ഏറ്റെടുക്കുകയയാണ്. സിന്റോ ഫ്രാൻസിസിന്റെ അറസ്റ്റു ചെയ്ത വിഷയത്തിൽ ഇടപെടൽ നടത്തി തുടങ്ങിയിട്ടുണ്ട് മറുനാടൻ. ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുമായും സൈബർ വിഭാഗവുമായും മറുനാടന്റെ നിയമ വൃത്തങ്ങൾ ബന്ധപ്പെട്ടു വരികയാണ്. കല്യാണിന് വേണ്ടി പൊലീസ് കൈക്കൊണ്ട നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. പൊലീസിന്റെ നടപടികളിലെ വീഴ്‌ച്ചകൾ ചൂണ്ടിക്കാട്ടിയാകും ഹൈക്കോടതിയിൽ ഹർജി നൽകുക. കല്യാൺ ജുവല്ലറിക്ക് വേണ്ടി ചില ഉദ്യോഗസ്ഥർ പ്രത്യേകം താൽപ്പര്യമെടുത്തു എന്നും ബോധ്യമായിട്ടുണ്ട്.

സാധാരണക്കാരൻ ഒരു പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ ചെന്നാൽ ലഭിക്കാത്ത ആനുകൂല്യമാണ് കല്യാണിന് ഈ വിഷയത്തിൽ നൽകിയത്. അത്യുൽസാഹത്തോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടതും. ഇതിന് പിന്നാലെ കാരണവും വ്യക്തമാണ്. എന്തായാലും ഈ വാർത്ത ഷെയർ ചെയ്തതിന്റെ പേരിൽ ക്രിമിനൽ കുറ്റം ചുമത്തുന്ന പൊലീസ് നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്താനാണ് മറുനാടൻ ഉദ്ദേശിക്കുന്നത്. നിലവിൽ കേസിന്റെ പേരിൽ പൊലീസ് പിടിച്ചുവെച്ച യുവാക്കളുടെ മൊബൈൽ ഫോൺ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

കല്യാൺ ജൂവലേഴ്സിലെ കള്ള സ്വർണ്ണത്തെ കുറിച്ചുള്ള വാർത്ത ഷെയർ ചെയ്തവർക്കെതിരെ കേസെടുക്കാൻ തുടക്കം മുതൽ പൊലീസിൽ സമ്മർദ്ദമുണ്ടായരുന്നു. അഞ്ച് വർഷം മുൻപ് വാങ്ങിയ അഞ്ചര പവൻ സ്വർണം പണയം വെക്കാൻ കൊണ്ടു പോയപ്പോൾ അതിൽ സ്വർണ്ണത്തിന്റെ അളവ് വെറും ഒന്നര പവൻ മാത്രമെന്ന മറുനാടൻ വാർത്തയായിരുന്നു കല്യാണിനെ വിളറി പിടിപ്പിച്ചത്. മറുനാടൻ കൊടുത്ത ഈ വാർത്ത മറ്റ് മാധ്യമങ്ങളിൽ വരുന്നില്ലെന്ന് ഉറപ്പാക്കാൻ വാരിക്കോരിയാണ് പരസ്യം കല്യാൺ കൊടുത്തത്.

കല്യാൺ ജ്യൂലേഴ്സിനെതിരെ മറുനാടൻ മലയാളിയിലൂടെ സോഷ്യൽ മീഡിയ ചർച്ചയാക്കിയ വാർത്ത ശരിയെന്ന് തൃശൂർ പൊലീസും സ്ഥിരീകരിക്കുകയാണ് ഉണ്ടായത്. വാർത്ത നൽകിയതിന്റേയോ ഷെയർ ചെയ്തതിന്റേയോ പേരിൽ ആർക്കെതിരേയും നടപടിയെടുക്കാനാവില്ലെന്നാണ് അന്വേഷണം നടത്തിയ ഡിവൈഎസ് പി ഉന്നത പൊലീസ് നേൃത്വത്തിന് തുടക്കത്തിൽ റിപ്പോർട്ടു നൽകിയിരുന്നു. കല്യാൺ ജൂലേഴ്സിനെതിരെ ഇത്തരത്തിലൊരു പരാതിയുണ്ടായിരുന്നുവെന്നും തമ്പാനൂർ പൊലീസിന്റെ ഇടപെടലിലൂടെ പണം തിരികെ നൽകിയെന്നുമാണ് തൃശൂർ പൊലീസും ഉറപ്പിക്കുന്നത്. സത്യം പറഞ്ഞാലും അത് പണമുള്ളവർക്കെതിരെയാണെങ്കിൽ കുടുക്കാനാകുമെന്ന സന്ദേശമാണ് പൊലീസ് വാർത്ത ഷെയർ ചെയ്തതിലൂടെ സമൂഹത്തിന് ലഭിച്ചിരിക്കുന്നത്.

തൃശൂർ റേഞ്ച് ഐജിക്കാണ് കല്യാൺ ഗ്രൂപ്പ് പരാതി നൽകിയത്. മെഴുക് വാർത്ത വന്നതോടെ ഉടലെടുത്ത പ്രതിസന്ധിയെ മറികടക്കാനായിരുന്നു ഇത്. വമ്പൻ പത്രങ്ങളിൽ പരസ്യം നൽകിയിട്ടും ഫലം കാണാതെ വന്നതോടെ പൊലീസിൽ സ്വാധീനം ചെലുത്തിയത്. ഉന്നത കേന്ദ്രങ്ങളിൽ നിന്ന് ഐജിക്കും സമ്മർദ്ദമെത്തി. ഇതോടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ കല്യാണുമായി ബന്ധപ്പെട്ട് പരാതി കിട്ടിയെന്നും അത് തമ്പാനൂർ പൊലീസ് പരിഗണിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഇവർക്ക് നഷ്ടപരിഹാരം കൊടുത്തുവെന്നതും സത്യമാണ്. അതുകൊണ്ട് തന്നെ ഐടി ആക്ട് പ്രകാരം കേസെടുക്കാനാവില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. സത്യസന്ധമായ വാർത്ത എഴുതിയവരെ കുടുക്കാനുള്ള നീക്കം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ കേസെടുത്തേ പറ്റൂവെന്ന് ചില കേന്ദ്രങ്ങൾ ശാഠ്യം പിടിച്ചതോടെയാണ് വാർത്ത ഷെയർ ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP