Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്ത് മാസമായി കാണാനില്ലാത്ത ഭാര്യയെ കാണാൻ ഓടിയെത്തി ശശിധരൻ; അനാഥ മന്ദിരത്തിൽ താമസിക്കുന്ന കോട്ടയത്തെ കോടീശ്വരി ഇനി ഭർത്താവിനൊപ്പം പോകും; മാഗിയെ നിരാശയാക്കിയത് ചില ആരോഗ്യ പ്രശ്‌നങ്ങളെന്ന് വിശദീകരിച്ച് ശശിധരനും; അയനാവരം അൻപകം അഗതിമന്ദിരത്തിൽ വീണ്ടും സന്തോഷമെത്തിയപ്പോൾ

പത്ത് മാസമായി കാണാനില്ലാത്ത ഭാര്യയെ കാണാൻ ഓടിയെത്തി ശശിധരൻ; അനാഥ മന്ദിരത്തിൽ താമസിക്കുന്ന കോട്ടയത്തെ കോടീശ്വരി ഇനി ഭർത്താവിനൊപ്പം പോകും; മാഗിയെ നിരാശയാക്കിയത് ചില ആരോഗ്യ പ്രശ്‌നങ്ങളെന്ന് വിശദീകരിച്ച് ശശിധരനും; അയനാവരം അൻപകം അഗതിമന്ദിരത്തിൽ വീണ്ടും സന്തോഷമെത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഇനി മാഗി ശശിധരന് സ്വന്തം. പത്തു മാസമായി കാണാതായ ഭാര്യ മാഗിയെ തിരിച്ചുകിട്ടിയതിന്റെ ആവേശത്തിലാണ് സുവിശേഷ പ്രവർത്തകനായ ശശിധരൻ. മാഗിയും ശശിധരനും വീണ്ടും കണ്ടുമുട്ടിയതും ചുറ്റും കൂടി നിന്നവർക്ക് സന്തോഷ കണ്ണുനീരിന്റെ നിമിഷങ്ങളാണ് നൽകിയത്. ചെന്നൈയിൽ ദമ്പതികൾ താമസിച്ചിരുന്ന ആദമ്പാക്കത്തുനിന്നു കഴിഞ്ഞ ഓഗസ്റ്റ് 26നാണ് കോട്ടയം സ്വദേശി മാഗിയെ കാണാതായത്. ്അന്ന് മുതൽ മാഗിയെ തേടി അലയുകയായിരുന്നു ശശിധരൻ. പ്രതീക്ഷ കൈവിട്ടപ്പോൾ വീണ്ടും ശുഭവാർത്തയെത്തി.

ഭാര്യ സുരക്ഷിതയായി അയനാവരം അൻപകം അഗതിമന്ദിരത്തിലുണ്ടെന്നു ശശിധരൻ അറിഞ്ഞതു കഴിഞ്ഞ ദിവസം. സുവിശേഷ പ്രവർത്തനത്തിന്റെ ഭാഗമായി കോയമ്പത്തൂരിലായിരുന്ന അദ്ദേഹം ഭാര്യയെ കാണാൻ ഇന്നലെ ഓടിയെത്തി. പലയിടത്തും അന്വേഷിച്ചിട്ടും ആദമ്പാക്കം പൊലീസിൽ അറിയിച്ചിട്ടും മാഗിയെ കണ്ടെത്താനായില്ലെന്നും അവരെ ഉടൻ തനിക്കൊപ്പം കൊണ്ടുപോകുമെന്നും ശശിധരൻ അറിയിച്ചു. നടപടികൾ പൂർത്തിയാക്കിയശേഷം മാഗിയെ ശശിധരന്റെ കൂടെ വിടുമെന്ന് അൻപകം അധികൃതർ വ്യക്തമാക്കി. ചില ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കടുത്ത നിരാശയിലായിരുന്ന മാഗി 2016 മുതൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ശശിധരൻ പറയുന്നു. ഇതേത്തുടർന്നാണ് വീട് വിട്ടിറങ്ങിയത്.

അലഞ്ഞുതിരിയുന്നതിനിടെ പൊലീസാണു കഴിഞ്ഞ സെപ്റ്റംബർ ഏഴിനു മാഗിയെ അൻപകം അഗതിമന്ദിരത്തിൽ എത്തിച്ചത്. പരസ്പരബന്ധമില്ലാതെ സംസാരിച്ചിരുന്ന അവർ ആദ്യം ഭർത്താവ് മരിച്ചുപോയെന്നാണു പറഞ്ഞത്. പിന്നീട്, കൗൺസലിങ്ങിനിടെ ഭർത്താവിന്റെ വിവരങ്ങളും ഫോൺ നമ്പരും ഓർത്തെടുക്കുകയായിരുന്നു. ഇതോടെയാണ് മാഗിക്ക് നാഥനാകാൻ ശശിധരന് വീണ്ടും അവസരമൊരുങ്ങിയത്. ശശിധരനെ കണ്ടതോടെ അനാഥത്വം കരിനിഴൽവീഴ്‌ത്തിയ മാഗിയുടെ മുഖത്ത് ഏറെ നാളുകൾക്കുശേഷം ചിരിവിരിഞ്ഞു. അൻപകം അഗതിമന്ദിരം അധികൃതർക്കും സന്തോഷമായി. ശശിധരനോടൊപ്പം പോകാൻ തയ്യാറാണെന്ന് മാഗി അറിയിച്ചു. സുഹൃത്തുകൾക്കൊപ്പം താമസിക്കുന്ന ശശിധരൻ വാടകവീട് സംഘടിപ്പിക്കുന്നതോടെ ഇരുവരും വീണ്ടും ഒരുമിച്ച് ജീവിതം തുടങ്ങാനാണ് തീരുമാനം.

കോട്ടയം തിരുനക്കരയിൽ വൻതുക മതിക്കുന്ന ഭൂസ്വത്തിന് അവകാശിയായ മാഗി മാനസികാസ്വാസ്ഥ്യത്തെത്തുടർന്ന് ചെന്നൈ അയനാവരത്തുള്ള അൻപകം അഗതിമന്ദിരത്തിൽ കഴിയുകയായിരുന്നു. തുടർന്നാണ് ശശിധരൻ അടക്കമുള്ള ബന്ധുക്കൾ എത്താനിടയായത്. ശശിധരനെ കൂടാതെ മാഗിയുടെ സഹോദരന്റെ ഭാര്യ ബെല്ലയും അൻപകത്തിലെത്തിയിരുന്നു. ഇവരും കൂട്ടിക്കൊണ്ടുപോകാൻ തയ്യാറാണെങ്കിലും ഭർത്താവിനൊപ്പം പോകാനാണ് താത്പര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 26-നാണ് ആദമ്പാക്കത്തുള്ള വാടകവീട്ടിൽനിന്ന് മാഗിയെ കാണാതായത്. കഴിഞ്ഞ ഒൻപത് മാസമായി പലയിടങ്ങളിലും തിരഞ്ഞു. സുവിശേഷപ്രവർത്തകനായ ശശിധരൻ വാടകവീട് ഒഴിഞ്ഞ് സുഹൃത്തുകൾക്കൊപ്പം താമസിച്ചുവരികയായിരുന്നു. വഴിയരികിൽ കിടന്നിരുന്ന മാഗിയെ സെപ്റ്റംബറിലാണ് പൊലീസ് അൻപകത്തിലെത്തിയത്.

ഭർത്താവും സഹോദരനും മരിച്ചുപോയെന്നാണ് മാഗി പറഞ്ഞിരുന്നത്. എന്നാൽ, സഹോദരൻ മനോജ് ചെന്നൈയിൽ തന്നെയുണ്ടെന്ന് അൻപകം അധികൃതർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. മാഗിയെ കൂട്ടിക്കൊണ്ടുപോകാൻ സഹോദരന്റെ ഭാര്യയെത്തിയതോടെയാണ് ഭർത്താവിനെപ്പറ്റി അവർ വെളിപ്പെടുത്തിയത്. ശശിധരന്റെ ഫോൺനമ്പറും നൽകി. വ്യോമസേനാ മുൻ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ മാത്തൻ 2000-ൽ മരിച്ചതിനെത്തുടർന്ന് സേലയൂരിലുള്ള വീട്ടിൽ മാഗി തനിച്ചാണ് താമസിച്ചിരുന്നത്. അമ്മ നേരത്തേതന്നെ മരിച്ചു. സഹോദരൻ മനോജും കുടുംബവും വേറെ വീട്ടിലായിരുന്നു താമസം.

2001-ലാണ് ശശിധരനും മാഗിയും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചത്. അച്ഛന്റെ കാലത്തെടുത്തിരുന്ന വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ സേലയൂരിലുള്ള വീട് എൽ.ഐ.സി. ഹൗസിങ് ഫിനാൻസ് കണ്ടുകെട്ടി. പിന്നീട് ഇരുവരും വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു. മാഗിയുടെ കുടുംബത്തിന് കോട്ടയം തിരുനക്കരയിലുള്ളത് 20 സെന്റ് സ്ഥലം. സെന്റിന് 15 ലക്ഷം രൂപയോളം വില വരുന്ന സ്വത്തിൽ മാഗിക്കും അവകാശമുണ്ടെന്നാണ് കോട്ടയത്ത് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. ചെന്നൈയിലെ 'അൻപകം' കോ-ഓർഡിനേറ്റർ റാഫി ഒരു മാസം മുമ്പ്, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഇതുസംബന്ധിച്ച് വിളിച്ചന്വേഷിച്ചിരുന്നു.

ഇസ്രയേൽ എന്നാണ് അനാഥാലയത്തിന്റെ രജിസ്റ്ററിൽ മാഗിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സുവിശേഷപ്രവർത്തകനായ ഭർത്താവ് വിവാഹശേഷമാണു തനിക്ക് ഇസ്രയേൽ എന്ന പേരിട്ടതെന്നും മാഗി പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ചെന്നൈ പൊലീസ് മാഗിയുടെ ചിത്രവും മറ്റു വിവരങ്ങളും കോട്ടയം പൊലീസിനു കൈമാറിയിരുന്നു. തുടർന്നു കോട്ടയം പൊലീസ് ഇവരുടെ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നു. പുത്തനങ്ങാടി മിനി സിവിൽ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു റോഡരികിൽ 20 സെന്റ് സ്ഥലം മാഗിയുടെ കുടുംബത്തിന്റെ പക്കലുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അൻപകം സ്ഥാപക ട്രസ്റ്റി മുഹമ്മദ് റാഫി നടത്തിയ അന്വേഷണത്തിനൊടുവിൽ കോട്ടയത്തുള്ള ബന്ധു ബേബി ഈപ്പനാണ് ചിത്രം കണ്ട് ഇവരെ തിരിച്ചറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP