Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയർലണ്ടിൽ നിന്നും തുഴയെറിയാൻ കുട്ടനാട്ടുകാർ, അമേരിക്കയിൽ നിന്നും കോർപറേറ്റ് ടീം; പ്രവാസി മലയാളികൾക്കിടയിൽ ആവേശം സൃഷ്ടിക്കുന്ന യുക്മ വള്ളംകളി 30 ന്

അയർലണ്ടിൽ നിന്നും തുഴയെറിയാൻ കുട്ടനാട്ടുകാർ, അമേരിക്കയിൽ നിന്നും കോർപറേറ്റ് ടീം; പ്രവാസി മലയാളികൾക്കിടയിൽ ആവേശം സൃഷ്ടിക്കുന്ന യുക്മ വള്ളംകളി 30 ന്

ബാലസജീവ് കുമാർ

യുക്മയുടെ നേതൃത്വത്തിൽ ജൂൺ 30 ശനിയാഴ്‌ച്ച ഓക്സ്ഫഡിലെ ഫാർമൂർ തടാകത്തിൽ അരങ്ങേറുന്ന മത്സരവള്ളംകളിക്ക് ലോകമലയാളികൾക്കിടയിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ ഈ മത്സരം കാണുന്നതിനും അന്നേ ദിവസം തടാകക്കരയിൽ അരങ്ങേറുന്ന സ്റ്റേജ് പ്രോഗാമുകളും മറ്റ് പ്രദർശനങ്ങളുമെല്ലാം വീക്ഷിക്കുന്നതിനുമായി എത്തിച്ചേരുന്നുണ്ട്. കഴിഞ്ഞ വർഷം ആദ്യമായി നടന്ന വള്ളംകളി കാണുന്നതിനായി എത്തിച്ചേർന്ന ഏതാനും ചില മലയാളികൾ ഇത്തവണ 'കേരളാ പൂരം 2018'ന്റെ പങ്കാളികളായി മാറുകയാണ്. ബ്രിട്ടണ് പുറത്ത് നിന്നുമുള്ള മലയാളികൾക്കിടയിലും അത്രെയധികം ആവേശമാണ് വള്ളംകളി സൃഷ്ടിച്ചിരിക്കുന്നത്.

റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിൽ വാട്ടർഫോർഡ് നിവാസി ജോർജ്?കുട്ടി പുത്തൻപുരയ്ക്കൽ കുട്ടനാട്ടുകാരായ മറ്റ് നാല് സുഹൃത്തുക്കളേയും കൂട്ടിയാണ് ഇത്തവണ തുഴയുന്നതിനായി എത്തുന്നത്. കഴിഞ്ഞ വർഷം യൂറോപ്പിൽ ആദ്യമായി വള്ളംകളി സംഘടിപ്പിക്കപ്പെടുന്നു എന്നു കേട്ടതിന്റെ കൗതുകത്തിൽ എന്താണ് നടക്കുന്നതെന്ന് കാണുന്നതിനാണ് എത്തിച്ചേർന്നതെന്ന് ജോർജ്?കുട്ടി പറഞ്ഞു. വള്ളംകളി യഥാർത്ഥത്തിൽ നടന്നില്ലെങ്കിലും കവൻട്രിയിലെ തന്റെ ബന്ധുക്കളെ സന്ദർശിക്കുന്നതിനുള്ള അവസരമായെങ്കിലും പ്രയോജനപ്പെടുത്താമെന്നാണ് അന്നു കരുതിയിരുന്നത്. എന്നാൽ ഡ്രേക്കോട്ട് തടാകത്തിൽ നടന്ന ആവേശകരമായ വള്ളംകളി മത്സരം മനസ്സിലുയർത്തിയ അനുഭൂതി വാക്കുകൾ കൊണ്ട് വിവരിക്കാനാവുന്നതിലും അധികമായിരുന്നു. ചെറുപ്പം മുതൽ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം കണ്ട് വളർന്ന തനിക്ക് യൂറോപ്പിൽ ഇത് സംഘടിപ്പിച്ച യുക്മയുടെ ദേശീയ നേതൃത്വത്തോട് അഭിനന്ദനങ്ങളറിയിക്കാൻ വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണയും കുടുംബസമേതം എത്തിച്ചേരുന്ന ജോർജ്?കുട്ടിയ്‌ക്കൊപ്പം കുട്ടനാട്ടുകാരായ നാല് സുഹൃത്തുക്കളും അയർലണ്ടിൽ നിന്നും എത്തിച്ചേരുന്നുണ്ട്. മത്സരിക്കാനിറങ്ങുന്ന ഒരു ടീമിൽ തുഴയുന്നതിനായും ഈ കുട്ടനാട്ടുകാർ ഇറങ്ങുന്നുണ്ട്.

അമേരിക്കയിൽ നിന്നും കഴിഞ്ഞ വർഷം യുക്മയുടെ ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്ന തോമാർ കൺസ്ട്രക്ഷൻസ് ചെയർമാൻ തോമസ് മൊട്ടയ്ക്കലാണ് ഇത്തവണ കോർപറേറ്റ് വിഭാഗത്തിൽ ടീമുമായി എത്തുന്നത്. പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള സ്വദേശിയായ അദ്ദേഹത്തിന്റെ എഞ്ചിനീയറിങ് കമ്പനി അമേരിക്കയിലും ഗൾഫ് നാടുകളിലും കേരളത്തിലുമെല്ലാം സജീവസാന്നിധ്യമാണ്. ബിസ്സിനസ്സിനൊപ്പം പൊതുരംഗത്തും സജീവമായ അദ്ദേഹം നിരവധി സംഘടനകളുടെ അമരക്കാരനാണ്. ആറന്മുള വള്ളംകളിയുടേയും വള്ളസദ്യയുടേയുമെല്ലാം ഓർമ്മകളാണ് തന്നെ യു.കെയിൽ ഈ പരിപാടി കാണുന്നതിനായി എത്തിച്ചതെന്ന് പറഞ്ഞ അദ്ദേഹം ഈ വർഷം വീണ്ടുമെത്തുമെന്ന വാഗ്ദാനത്തോടെയാണ് യു.എസിന് മടങ്ങിയത്. ടീം രജിസ്‌ട്രേഷനുള്ള അപേക്ഷ ക്ഷണിച്ചപ്പോൾ തന്നെ തന്റെ ദീർഘകാല സുഹൃത്തും ബ്രിട്ടണിലെ സാമൂഹിക-ചാരിറ്റി രംഗങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയുമായ ജഗദീഷ് നായരെ ക്യാപ്റ്റനാക്കി ഒരു ടീം കോർപറേറ്റ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുകയാണുണ്ടായത്. തോമാർ ആറന്മുള എന്ന പേരിൽ കോർപറേറ്റ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ടീം അമ്പലപ്പുഴ എന്ന പേരിലാണ് മത്സരത്തിനിറങ്ങുന്നത്.

കൂടാതെ ജർമ്മനിയിൽ നിന്നും കഴിഞ്ഞ തവണ വള്ളംകളി കാണുന്നതിനായെത്തിയ ഷ്വേർട്ടെ നിവാസിയായ മോഹൻ കണ്ണംപാലയ്ക്കൽ ഇത്തവണയും എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത് രാമപുരം സ്വദേശിയായ അദ്ദേഹം പറയുന്നത് വള്ളംകളിയും കലാപരിപാടികളും ആസ്വദിക്കുന്നതിനൊപ്പം പഴയ പരിചയങ്ങൾ പുതുക്കുന്നതിനുള്ള ഒരു അവസരം കൂടിയായിട്ടാണ് ഇതിനെ കാണുന്നതെന്നാണ്. യു.കെയിൽ കക്ഷിരാഷ്ട്രീയ -ജാതിമത ഭേദമന്യേ ഇത്രെയധികം മലയാളികൾ ഒത്തുചേരുന്ന ഒരു പരിപാടി ഒരിക്കലും നഷ്ടമാക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഫ്രാൻസ്, ഇറ്റലി, ഓസ്ട്രിയ, സ്വിറ്റ്‌സർലാന്റ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഇത്തവണ ആളുകൾ എത്തിച്ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. 'കേരളാ പൂരം 2018' ഒരു യൂറോപ്യൻ മലയാളി സംഗമമായി തീരുമെന്ന് പ്രതീക്ഷയിലാണ് സംഘാടകരും

'കേരളാ പൂരം 2018': കൂടുതൽ വിവരങ്ങൾക്ക് മാമ്മൻ ഫിലിപ്പ്: 07885467034, റോജിമോൻ വർഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP