Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടനിൽ ഷൂട്ട് ചെയ്ത മോഹൻലാൽ ചിത്രത്തിന് ഒടുവിൽ പേരായി; ഡ്രാമയിൽ മോഹൻലാലിന്റെ റോൾ ഫ്യൂണറൽ ഡയറക്ടറുടേത്; ഹിന്ദി നടിക്ക് പകരം എത്തുന്നത് ആശാ ശരത്; ചിത്രീകരണത്തിന് ലാലേട്ടൻ നൽകിയത് ഒരഴ്‌ച്ചത്തെ സമയം

ലണ്ടനിൽ ഷൂട്ട് ചെയ്ത മോഹൻലാൽ ചിത്രത്തിന് ഒടുവിൽ പേരായി; ഡ്രാമയിൽ മോഹൻലാലിന്റെ റോൾ ഫ്യൂണറൽ ഡയറക്ടറുടേത്; ഹിന്ദി നടിക്ക് പകരം എത്തുന്നത് ആശാ ശരത്; ചിത്രീകരണത്തിന് ലാലേട്ടൻ നൽകിയത് ഒരഴ്‌ച്ചത്തെ സമയം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഒടുവിൽ ആരാധകർ കാത്തു കാത്തിരുന്ന വാർത്തയെത്തി.  ലണ്ടനിൽ ചിത്രീകരിക്കുന്ന മോഹൻലാലിന്റെ ആദ്യ ചിത്രത്തിന് പേരായി, ഡ്രാമ. പേര് പോലെ തന്നെ ഒരു കുടുംബത്തെ കേന്ദ്രീകരിച്ചു നടക്കുന്ന ഒട്ടേറെ ഡ്രാമകളുടെ ആകെത്തുകയാണ് ഈ ചിത്രം. കുടുംബ സിനിമയെന്ന നിലയിൽ ഓണത്തിന് തിയറ്ററിൽ എത്തുന്ന ചിത്രം യുകെയിൽ നിർമ്മിക്കുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രവും ബോക്‌സ് ഓഫിസ് ഹിറ്റും ആയിരിക്കുമെന്ന വിശ്വാസമാണ് അണിയറ പ്രവർത്തകർ പങ്കിടുന്നത്.

ഇതിനകം സിനിമ പ്രേമികളുടെ ശ്രദ്ധ നേടിയ ചിത്രം ഷൂട്ടിങ് അവസാനിക്കാറായപ്പോൾ വലിയൊരു മാറ്റവുമായി വീണ്ടും ശ്രദ്ധ നേടുകയാണ്. ലാൽ തന്നെ നിർദ്ദേശിച്ച ഹിന്ദി നടി കോമള പ്രതീക്ഷക്കൊത്തു അഭിനയ മികവ് കാട്ടാതായതോടെ പകരം മലയാളത്തിന്റെ പ്രിയ നടി ആശാ ശരത് ആ റോൾ ഏറ്റെടുക്കുകയാണ്. ഏറെ പ്രതീക്ഷകളോടെ ആശാ ശരത് യുകെയിൽ എത്തിക്കഴിഞ്ഞു.

മോഹൻലാലിന്റെ ദൃശ്യത്തിൽ പൊലീസ് ഓഫിസർ ആയെത്തിയ ആശാ പിന്നീട് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും ലാലിനൊപ്പം പ്രധാന റോളിൽ എത്തി. രണ്ടു ചിത്രങ്ങളിലും അപ്രതീക്ഷിതമായാണ് ആശയുടെ പേരെത്തിയത്. ചിത്രത്തിൽ ഉണ്ടാകുമോ എന്ന ആശങ്കയിൽ ആശാ പോലും അവസാന നിമിഷമാണ് തന്റെ റോളിന്റെ കാര്യം ഫേസ്‌ബുക്ക വഴി ആരാധകരെ അറിയിച്ചത്. നിമിത്തം എന്നോണം ആ പതിവ് ലണ്ടൻ ചിത്രമായ ഡ്രാമയിലും ആവർത്തിക്കുകയാണ്. കോമള നിരാശപ്പെടുത്തിയതോടെ പകരം ആര് എന്ന ചിന്തയിലാണ് ദൃശ്യം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നിവയിൽ ആശയുടെ പ്രകടനം അണിയറ ശിൽപ്പികളുടെ മനസ്സിൽ എത്തിയത്.

മോഹൻലാലിനൊപ്പം ആശ ചേർന്ന രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റായതും നിമിത്തങ്ങളിൽ വിശ്വസിക്കുന്ന സിനിമ ലോകത്തു ഡ്രാമയിൽ ആശയുടെ റോൾ ഉറപ്പിക്കാൻ പ്രധാന കാരണമായി. ഈ ചിത്രത്തിൽ ലാലിന്റെ ഭാര്യയായാണ് ആശാ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ലാലും കോമലും ചേർന്നുള്ള മുഴുവൻ രംഗങ്ങളും വെട്ടി മാറ്റി ചിത്രം വീണ്ടും ചിത്രീകരിക്കുകയാണ്. ഈ ഭാഗങ്ങൾ അഭിനയിച്ചു തീർക്കാൻ ലാൽ ഒരാഴ്ച കൂടി ലണ്ടനിൽ തുടരും എന്നാണ് ലൊക്കേഷനിൽ നിന്നുള്ള പ്രധാന വിശേഷം.

ആശയെ സിനിമ ലോകത്തു ശ്രദ്ധിക്കാൻ കാരണമായ ലാൽ ചിത്രം ദൃശ്യത്തിന് പിന്നാലെ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന പടത്തിൽ ഇന്ദുലേഖയെന്ന കഥാപാത്രമായി മുഖം കാണിക്കാൻ മാത്രമാണ് ആശക്കു അവസരം ലഭിച്ചത്. പിന്നീട് 1971 ബീയോണ്ട് ബോർഡേഴ്‌സ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. എന്നാൽ ഡ്രാമയിലൂടെ ലാലിന്റെ ഭാര്യയായി ശ്രദ്ധേയ റോൾ ഏറ്റെടുക്കുന്ന ത്രില്ലിൽ ആണ് ആശ ഇപ്പോൾ യുകെയിൽ എത്തിയിരിക്കുന്നത്.

മോഹൻലാലും ആശയും ഒത്തുള്ള ജോഡി സെറ്റിലും ആവേശം പകർന്നിരിക്കുകയാണ്. കോമാളിനു പകരം തന്മയത്തത്തോടെ ആശാ അഭിനയിച്ചു തുടങ്ങിയതോടെ ലൊക്കേഷനിൽ നിന്നുള്ള രംഗം ലാൽ തന്നെ കഴിഞ്ഞ ദിവസം സമൂഹ മാധ്യമം വഴി പുറത്തു വിട്ടിരുന്നു. ലാലും ആശയും കാറിൽ ചീറിപ്പായുന്ന രംഗമാണ് പുറത്തു വന്നിരിക്കുന്നത്. ലാലിന് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിന് ഫ്യൂണറൽ ഡിറക്ടറുടെ റോൾ ആണ് ലഭിച്ചിരിക്കുന്നത്.

ഇത്തരം ഒരു റോൾ ആദ്യമായാകും ലാലിന്റെ അഭിനയ ജീവിതത്തിൽ. അതിനാൽ തന്നെ ഏറെ ശ്രദ്ധ നൽകിയാണ് ലാൽ അഭിനയിക്കുന്നതും. മരണവും അകേ തുടർന്നുള്ള കുടുംബത്തിലെ അവസ്ഥയും പറയുന്ന ചിത്രത്തിൽ ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞിട്ടുണ്ട്. ഈ രംഗങ്ങളിൽ സ്വാഭാവിക അഭിനയത്തിൽ കോമാളിനു പിഴവ് പറ്റിയതോടെയാണ് പ്രധാന റോളിലേക്ക് ആശാ എത്തുന്നത്. മോഹൻലാലിന്റെ ഭാര്യയുടെ റോളിൽ ആയിരിക്കും ആശാ ശരത് ചിത്രത്തിൽ നിറയുക.

മോഹൻലാലാകട്ടെ യുകെ ജീവിതം ശരിക്കും ആസ്വദിക്കുകയാണെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ലൊക്കേഷനിലെ പെരുമാറ്റം. സെറ്റിൽ എത്തുന്നവരോട് വലിയ ശ്രദ്ധ കാട്ടുന്ന അദ്ദേഹം സെല്ലിയെടുക്കുക എന്ന ജീവിത മോഹവുമായി സെറ്റിലും ഹോട്ടലിലും ഒക്കെ കാത്തുനിൽക്കുന്നവരെയും നിരാശപ്പെടുത്തുന്നില്ല. ദിവസവും രാവിലെ ലണ്ടൻ ഹൈഡ് പാർക്കിൽ ജോഗിങ് നടത്തുന്ന ലാൽ സ്വകാര്യതയുടെ ശീതളിമ കൂടിയാണ് ലണ്ടനിൽ അനുഭവിക്കുന്നത്. അദ്ദേഹം മറ്റൊരു സിനിമക്കായി ഉടൻ തന്നെ വീണ്ടും ലണ്ടനിൽ എത്തുന്നുണ്ട്. ഇപ്പോൾ ചിത്രീകരിക്കുന്ന ഡ്രാമ ഓണത്തിന് തിയറ്ററിൽ എത്തിക്കാനായി തിരക്കിട്ടാണ് അണിയറ ജോലികൾ പുരോഗമിക്കുന്നത്.

ചിത്രത്തെ കുറിച്ചു തനിക്കും നിറഞ്ഞ പ്രതീക്ഷകൾ ആണ് ഉള്ളതെന്ന് സംവിധായകൻ രഞ്ജിത്ത് കഴിഞ്ഞ ദിവസം ബർമിങ്ഹാമിൽ നടന്ന ഒരു ചടങ്ങിൽ വ്യക്തമാക്കിയിരുന്നു. മലയാള സിനിമയ്ക്ക് ഒട്ടേറെ വൈവിധ്യങ്ങൾ സമ്മാനിച്ച രഞ്ജിത്ത് തന്നെ വിദേശ മലയാളികളുടെ ജീവിതത്തിൽ വലിയ സങ്കീർണത സൃഷ്ടിക്കുന്ന മരണവും അതേ തുടർന്നുള്ള മറ്റു സംഭവങ്ങളും വെള്ളിത്തിരയിൽ എത്തിക്കാൻ വേണ്ടി വന്നു എന്നതും വിധി നിയോഗം ആയിരിക്കാം.

കഥയിലെ കാമ്പ് ഇല്ലായ്മയുമായി എത്തിയ മുൻ ചിത്രങ്ങൾ ലണ്ടൻ ലൊക്കേഷന്റെ കരുത്തിൽ പിടിച്ചു നിൽക്കാതെ ബോക്‌സ് ഓഫിസിൽ പരാജയമായപ്പോൾ ബ്രിട്ടൻ മലയാള സിനിമക്ക് അനുയോജ്യമല്ല എന്ന വർത്തമാനം പോലും ലൊക്കേഷനുകളിൽ സജീവമായിരുന്നു. മോഹൻലാൽ പടം ഡ്രാമ വിജയമായാൽ വീണ്ടും മലയാള പടങ്ങൾ യുകെയിൽ എത്തുമെന്നുറപ്പാണ്. നിലവിൽ മൂന്നു ചിത്രങ്ങൾക്ക് വേണ്ടിയെങ്കിലും നിർമ്മാതാക്കൾ യുകെ ലൊക്കേഷനുകൾ സന്ദർശിച്ചു കഴിഞ്ഞു. ഇതിൽ ഒരു ചിത്രത്തിന്റെ നിർമ്മാണം അടുത്ത ഏതാനും മാസത്തിനുള്ളിൽ തന്നെ ആരംഭിക്കാനും തയ്യാറെടുക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP