Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീറോ മലബാർ സഭയുടെ പരമാധികാരിയായി തുടരുന്ന മാർ ആലഞ്ചേരി എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭരണാധികാരം ഒഴിഞ്ഞു; സഹായമെത്രാനും വിമതനേതാവുമായ മാർ എടയന്ത്രത്തിനു അധികാരം കൈമാറാതെ പാലക്കാട് രൂപതയുടെ മെത്രാൻ മാർ ജേക്കബ് മനത്തോടത്തിന് അഡ്‌മിനിസ്‌ട്രേറ്റർ ചുമതല കൊടുത്തു; ഇലയ്ക്കും മുള്ളിനും കേടില്ലാതെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു മാർപാപ്പ

സീറോ മലബാർ സഭയുടെ പരമാധികാരിയായി തുടരുന്ന മാർ ആലഞ്ചേരി എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭരണാധികാരം ഒഴിഞ്ഞു; സഹായമെത്രാനും വിമതനേതാവുമായ മാർ എടയന്ത്രത്തിനു അധികാരം കൈമാറാതെ പാലക്കാട് രൂപതയുടെ മെത്രാൻ മാർ ജേക്കബ് മനത്തോടത്തിന് അഡ്‌മിനിസ്‌ട്രേറ്റർ ചുമതല കൊടുത്തു; ഇലയ്ക്കും മുള്ളിനും കേടില്ലാതെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു മാർപാപ്പ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോടികൾ നഷ്ടമുണ്ടാക്കിയ ഭൂമി ഇടപാടുകളെ തുടർന്ന് വിവാദത്തിലായ സീറോ മലബാർ സഭയിൽ താൽക്കാലിക വെടിനിർത്തൽ. അധികാര കൈമാറ്റം ലക്ഷ്യമിട്ട് ഒരു വിഭാഗം വൈദികർ രംഗത്തിറങ്ങിയ ഈ വിഷയത്തിൽ വത്തിക്കാന്റെ ഇടപെടലാണ് വന്നിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലകളിൽ നിന്നും കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒഴിഞ്ഞു. സഭയുടെ പരമാധികാരിയായി ആലഞ്ചേരി തുടരുന്നതിന് ഒപ്പം തന്നെയാണ് അദ്ദേഹം വിവാദങ്ങളിൽ മുങ്ങിയ അതിരൂപതയുടെ ചുമതലകളിൽ നിന്നും ഒഴിയുന്നത്. അതിരൂപതയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥാനമാറ്റം ഉണ്ടായിരിക്കുന്നത്.

അതേസമയം ആലഞ്ചേരി പിതാവ് ചുമതലകളിൽ നിന്നും ഒഴിയുമ്പോൾ പകരം ഈ ചുമതലക്കാരനായി അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററായി പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നിലവിൽ സെബാസ്റ്റ്യൻ എടയന്ത്രത്തിനായിരുന്നു എറണാകുളം-അങ്കമാലി അതിരൂപതാ ബിഷപ്പ്. ഈ സ്ഥാനത്തു നിന്നും അദ്ദേഹത്തെ പൂർണമായും മാറ്റിയിട്ടില്ല. എടയന്ത്രത്തിന് അധികാരം കൈമാറാതെ മാർ ജേക്കബ് മനത്തോടത്തിന് ചുമതല നൽകിയിരിക്കുന്നത്. അതുകൊണ്ട് വിവാദങ്ങൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിച്ചു എന്നു വേണം കരുതാൻ. നിലവിൽ സഭയിലെ പ്രശ്‌നങ്ങളെ കുറിച്ച് വത്തിക്കാനിലേക്ക് പരാതികൾ പോയിരുന്നു. ഈ പരാതികൾ പരിഗണിച്ചു കൊണ്ടാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്.

സീറോ മലബാർ സഭയിലെ മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ പൗരസ്ത്യ തിരുസംഘം ഇവിടെ അപ്പസ്‌തോലിക് നുൺഷ്യേച്ചറിൽ അറിയിച്ചതായി ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്‌കരീനാസ് അറിയിച്ചു. പാലക്കാട് രൂപതാ മെത്രാനായ മാർ ജേക്കബ് മനത്തോടത്താണ് അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്നത്. ഇദ്ദേഹം എറണാകുളം ഇടവക്കാരനാണ്. അതുകൊണ്ടു തന്നെയാണ് പുതിയ നിയമനം അദ്ദേഹത്തിന് നൽകിയിരിക്കുന്നതും. പാലക്കാട് രൂപതയുടെ മെത്രാനെന്ന നിലയിലുള്ള ഉത്തരവാദിത്വം അദ്ദേഹം തുടർന്നും നിർവഹിക്കുന്നതായിരിക്കും.

വെള്ളിയാഴ്ച റോമൻ സമയം ഉച്ചയ്ക്ക് 12നും വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയായിലും ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. രണ്ട് ചേരികളായി തുടർന്നു പരസ്പ്പരം ആരോപണ പ്രത്യാരോപണങ്ങൾ ചൊരിഞ്ഞു കൊണ്ടിരുന്ന വേളയിലാണ് സഭയിലെ അധികാരങ്ങൾ സംബന്ധിച്ച മാറ്റം വന്നിരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തൻ ആർച്ച്ബിഷപ്പ് എന്ന സ്ഥാനത്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടരും. ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും ബിഷപ്പ് മാർ ജോസ് പുത്തൻവീട്ടിലും സഹായമെത്രാന്മാരായി തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങൾ അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ ആയിരിക്കും നിർവഹിക്കുന്നത്. അതുകൊണ്ട് സെബാസ്റ്റ്യൻ എടയന്ത്രത്തിന് ഫലത്തിൽ ചുമതലകൾ ഇല്ലാത്ത അവസ്ഥയിലേക്ക് വരും. ഭാവിയിൽ പൂർണ അധികാരങ്ങളോടെ മെത്രാനെയും നിയമിക്കും.

ഇപ്പോൾ നിലവിലുള്ള അതിരൂപതാ ആലോചനാസംഘം, സാന്പത്തികകാര്യസമിതി, വൈദികസമിതി, അജപാലന സമിതി തുടങ്ങിയവയുടെ പ്രവർത്തനം അഡ്‌മിനിസ്‌ട്രേറ്റർ നിയമനത്തോടെ സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ അഡ്‌മിനിസ്‌ട്രേറ്റർക്ക് പ്രസ്തുത സമിതികൾക്ക് മാറ്റം വരുത്തുകയോ അവ പുനഃസംഘടിപ്പിക്കുകയോ ചെയ്ത് പ്രവർത്തനക്ഷമമാക്കാൻ അധികാരമുണ്ട്.

എറണാകുളം അങ്കമാലി അതിരൂപതയിലെ കോടംതുരുത്തിൽ 1947 ഫെബ്രുവരി 22 -നാണ് മാർ മനത്തോടത്തിന്റെ ജനനം. പരേതരായ കുര്യനും-കത്രീന ദന്പതികളുടെ മകനാണ്. കോടംതുരുത്ത് എൽപി സ്‌കൂൾ, കുത്തിയതോട് ഇസിഇകെ യൂണിയൻ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എറണാകുളം സേക്രഡ് ഹാർട്ട് മൈനർ സെമിനാരിയിൽ ചേർന്നു. പൂണെ പേപ്പൽ സെമിനാരിയിൽ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി.

1972 നവംബർ നാലിന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ദൈവാലയത്തിൽ അസിസ്റ്റന്റ് വികാരിയായും കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറിയായും സേവനം ചെയ്ത ശേഷം റോമിലെ പ്രസിദ്ധമായ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. എറണാകുളം അതിരൂപതാ സെക്രട്ടറി, കർദിനാൾ മാർ ആന്റണി പടിയറയുടെ സെക്രട്ടറി, അതിരൂപതാ കോടതിയിലെ നീതി സംരക്ഷകൻ, ബന്ധ സംരക്ഷകൻ, അതിരൂപതാ ചാൻസലർ, ആലോചനാസമിതി അംഗം, 'സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ'യുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറി, എളമക്കര, ചെന്പ് പള്ളികളിൽ വികാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി അദ്ധ്യാപകൻ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തു.

1992 നവംബർ 28 -ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. പിന്നീട് 1996 നവംബർ 11 -ന് പാലക്കാട് രൂപതയുടെ മെത്രാനായി നിയമിതനായി. നിലവിൽ സിബിസിഐ ഹെൽത്ത് കമ്മീഷൻ അംഗം, സീറോ മലബാർ വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ എന്ന നിലകളിലും ശുശ്രൂഷ ചെയ്തുവരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ജാംബത്തിസ്ത ദിക്വാത്രോയുടെ സാന്നിധ്യത്തിൽ മാർ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കും. ഇതോടെ സഭയിലെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്ക് താൽക്കാലിക ശമനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP