Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധികാര വടംവലിയിൽ ഇരുപക്ഷവും ഏറ്റുവാങ്ങിയത് സമ്പൂർണ പരാജയം; മാർ ആലഞ്ചേരിയെ രാജിവെപ്പിക്കാൻ ഇറങ്ങിയവർക്ക് ഭൂമി കുംഭകോണത്തെ കുറിച്ച് അന്വേഷണം ഉറപ്പിക്കാൻ പോലും സാധിച്ചില്ല; എറണാകുളം- അങ്കമാലി അതിരൂപതയുടെ സമ്പൂർണ ഭരണാധികാരം നഷ്ടപ്പെട്ടതിന്റെ ക്ഷീണം ആലഞ്ചേരി പക്ഷത്തിനും; സ്വയം ഭരണാധികാരം ഉണ്ടായിട്ടും റോമിന് മുമ്പിൽ കീഴടങ്ങേണ്ടി വന്നത് സഭയുടെ പരാജയം

അധികാര വടംവലിയിൽ ഇരുപക്ഷവും ഏറ്റുവാങ്ങിയത് സമ്പൂർണ പരാജയം; മാർ ആലഞ്ചേരിയെ രാജിവെപ്പിക്കാൻ ഇറങ്ങിയവർക്ക് ഭൂമി കുംഭകോണത്തെ കുറിച്ച് അന്വേഷണം ഉറപ്പിക്കാൻ പോലും സാധിച്ചില്ല; എറണാകുളം- അങ്കമാലി അതിരൂപതയുടെ സമ്പൂർണ ഭരണാധികാരം നഷ്ടപ്പെട്ടതിന്റെ ക്ഷീണം ആലഞ്ചേരി പക്ഷത്തിനും; സ്വയം ഭരണാധികാരം ഉണ്ടായിട്ടും റോമിന് മുമ്പിൽ കീഴടങ്ങേണ്ടി വന്നത് സഭയുടെ പരാജയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കത്തോലിക്കാ സഭയിലെ കലഹങ്ങളെ താൽക്കാലികമായി ശമിപ്പിക്കാനുള്ള മാർഗ്ഗമെന്ന നിലയിലാണ് വത്തിക്കാന്റെ ഇടപെടലിനെ വിശ്വാസികളും ഒരു വിഭാഗം വൈദികരും കാണുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊങ്ങിവന്നത് അധികാര തർക്കത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇതിനായി സഭയിലെ പൗരോഹിത്യത്തിലെ ചങ്ങനാശ്ശേരി വിഭാഗവും എറണാകുളും വിഭാഗവും രണ്ടു വിഭാഗങ്ങളായി തന്നെ നിലകൊണ്ടു. ഇവർക്കിടയിലെ അധികാര തർക്കമാണ് ഭൂമി വിവാദം അടക്കം ഉയർന്നുവരാൻ ഇടയാക്കിയത്. മാർ എടയന്ത്രത്തിനെ മുന്നിൽ നിർത്തിയായിരുന്നു വിമതവിഭാഗം മാർ ആലഞ്ചേരിയുമായി പോരിനിറങ്ങിയത്. ആലഞ്ചേരിയെ പ്രതിരോധിക്കാനായി രംഗത്തെത്തിയത് വിശ്വാസികളുമായിരുന്നു.

ഈ രണ്ട് വിഭാഗങ്ങൾ തമ്മിൽ അധികാര വടംവലി മുറുകിയപ്പോൾ വത്തിക്കാൻ നേരിട്ട് ഇടപെട്ടത് സീറോ മലബാർ സഭയിലെ തന്നെ അപൂർവ സംഭവുമായി. രണ്ട് വിഭാഗങ്ങൾക്കു തങ്ങൾ വിജയിച്ചുവെന്ന അഭിപ്രായം ഉന്നയിക്കാം. മേജർ ആർച്ച് ബിഷപ്പ് എന്ന നിലയിലുള്ള അധികാരം അതിരൂപതയിൽ ഇടപെടാനുള്ള അധികാരം ആലഞ്ചേരി പിതാവിനുണ്ടാകും. എന്നാൽ, രണ്ട് കൂട്ടരും അനാവശ്യമായ കീഴ് വഴക്കമാണ് ഇപ്പോൾ വരുത്തിവെച്ചിരിക്കുന്നത്. താൽക്കാലിക വെടിനിർത്തലിന് വേണ്ടി സീറോ മലബാർ സഭയുടെ സ്വയംഭരണാധികാരമാണ് കൈമോശം വന്നിരിക്കുന്നത്.

ആലഞ്ചേരിയെ ഒതുക്കാൻ വേണ്ടി വത്തിക്കാന്റെ ഇടപെടൽ ആവശ്യപ്പെട്ട് നിരന്തരം കത്തുകൾ വത്തിക്കാനിലേക്ക് പോയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വത്തിക്കാൻ വിഷയത്തിൽ ഇടപെട്ടത്. ഇത് ഭാവിയിൽ നിരന്തര ഇടപെടലിന് വഴിയൊരുക്കിയേക്കും. ഇത് സ്വന്തം പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി വിലയിരുത്തപ്പെട്ടേക്കും. കർദിനാളിനെതിരായി ഉയർന്ന ഭൂമി ആരോപണങ്ങൾക്ക് പിന്നിൽ എടയന്ത്രത്താണെന്ന ആരോപണം തുടക്കം മുതലുണ്ടായിരുന്നു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഭരണചുമതലകളിൽ നിന്നു മാറ്റി അതിരൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ച പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്. എറണാകുളം അതിരൂപതക്കാരനായ അദ്ദേഹം നിഷ്പക്ഷനായാണ് വിലയിരുത്തുന്നത്. വിവാദ ഭൂമി ഇടപാടുകൾ നടന്ന മേഖല ഉൾപ്പെടുന്ന സ്ഥലം ഇനി അപ്പോസ്തലിക് അഡ്‌മിനിസ്ട്രേറ്ററായ ജേക്കബ് മനത്തോടത്തിന്റെ നിയന്ത്രണത്തിലായിരിക്കും.

രൂപതയിലെ ഭൂമി വിൽക്കുന്നതിനു തീരുമാനമെടുത്തതും, അഡ്വാൻസ് തുക വാങ്ങിയതും അടക്കമുള്ള കാര്യങ്ങൾ സഹായ മെത്രാൻ സൊസ്റ്റ്യൻ എടയന്ത്രതത്തായിരുന്നു. എന്നിട്ടം ഈ വിഷയത്തിൽ കർദിനാളിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് വിമതർ ശ്രമിച്ചത്. ഇതിനായി സംഘം ചേർന്ന് പ്രവർത്തിച്ചു. അന്വേഷണ ആവശ്യവുമായി കോടതിയെ സമീപിച്ചതും ഒരു വിഭാഗത്തിന്റെ സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു. അതിരൂപതയുടെ ഭൂമി വില്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും ഭൂമിവില്പനക്കായുള്ള സകല അധികാരങ്ങളും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്ക് അനുവദിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ ഭരണ സമിതി (കൂരിയ). ഇത് വ്യക്തമാക്കുന്ന രേഖകളും പുറത്തുവരികയുണ്ടായി.

മാർ ആലഞ്ചേരിക്കെതിരെ വൈദികരെ ഇളക്കി വിട്ടത് സഹായമെത്രാൻ മാർ എടയന്ത്രത്തായിരുന്നു. അതുകൊണ്ട് തന്നെ നിലവിൽ സഹായമെത്രാന്റെ സാങ്കേതിക ചുമതലക്ക് അപ്പുറം ഭരണാധികാരങ്ങൽ അദ്ദേഹത്തിന് വത്തിക്കാൻ നൽകിയിട്ടില്ല. ഇത് ഫലത്തിൽ കർദിനാളിനെതിരെ യുദ്ധം പ്രഖ്യാപിച്ചറങ്ങിയവർക്കേറ്റ തിരിച്ചടിയാണ്. മാർ ആലഞ്ചേരിയല്ല യഥാർത്ഥ പ്രതിയെന്നും എടയന്ത്രത്താണ് നിയമം ലംഘിച്ചതെന്നുമാണ് വിശ്വാസികളുടെ നിലപാട്. ഈ നിലപാടു കൊണ്ടാണ് ഹൈക്കോടതിയിലെ കേസിൽ നിന്നും എളുപ്പത്തിൽ വിടുതൽകിട്ടിയത്.

അതിരൂപതാധ്യക്ഷനായ മാർ ആലഞ്ചേരിയെ പ്രതിസ്ഥാനത്തു നിർത്തി സ്ഥാനഭൃഷ്ടനാക്കാനുള്ള എറണാകുളത്തെ ഒരു സംഘം വൈദികരുടെ ശ്രമങ്ങൾക്ക് തീവ്രമായി നടത്തിയിരുന്നു. സാങ്കേതികമായെങ്കിലും ഇപ്പോഴത്തെ തീരുമാനത്തോടെ തങ്ങളുടെ ഭാഗം വിജയിച്ചു എന്ന് അവകാശപ്പെടാനും സാധിക്കും. ആലഞ്ചേരി ചുമതലകൾ ഒഴിഞ്ഞതാകും ഇവർക്ക് ആശ്വാസം നൽകുന്നത്. എന്തായാലും ഇവിടെ തന്നെ തീരാവുന്ന പ്രശ്‌നത്തിൽ വത്തിക്കാൻ ഇടപെടൽ വരുത്തിയത് സഭയ്ക്ക് ആശ്വാസം പകരുന്ന കാര്യമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP