Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദൂരദർശനിലെ പഴയ ന്യൂസ് എഡിറ്റർ; കേന്ദ്രമന്ത്രിയായിരിക്കെ കരുണാകരന്റെ വിശ്വസ്തൻ; പിന്നെ ഗാന്ധി കുടുംബത്തിലെ പ്രധാന സഹായി; ഭർത്താവിന്റെ കമ്പനിയിലെ ഡയറക്ടർ സ്ഥാനം പ്രിയങ്ക ഒഴിഞ്ഞപ്പോൾ പകരക്കാരനായി; വാദ്രയുടെ വിശ്വസ്തനായി അലങ്കരിച്ചത് നാല് കമ്പനികളുടെ ഡയറക്ടർ പദവി; വിവാദങ്ങളിൽ നിന്ന് അകന്ന് രാഹുലിനൊപ്പം കൂടി പാർട്ടിയിലെ രഹസ്യ ദൗത്യങ്ങളുടെ അമരക്കാരനായി; ഈച്ചപോലും അറിയാതെ എല്ലാം ഭംഗിയാക്കി എത്തിയത് പ്രൊഫഷണൽ കോൺഗ്രസിൽ; എഐസിസി സെക്രട്ടറിയായ മലയാളി ശ്രീനിവാസന്റെ കഥ

ദൂരദർശനിലെ പഴയ ന്യൂസ് എഡിറ്റർ; കേന്ദ്രമന്ത്രിയായിരിക്കെ കരുണാകരന്റെ വിശ്വസ്തൻ; പിന്നെ ഗാന്ധി കുടുംബത്തിലെ പ്രധാന സഹായി; ഭർത്താവിന്റെ കമ്പനിയിലെ ഡയറക്ടർ സ്ഥാനം പ്രിയങ്ക ഒഴിഞ്ഞപ്പോൾ പകരക്കാരനായി; വാദ്രയുടെ വിശ്വസ്തനായി അലങ്കരിച്ചത് നാല് കമ്പനികളുടെ ഡയറക്ടർ പദവി; വിവാദങ്ങളിൽ നിന്ന് അകന്ന് രാഹുലിനൊപ്പം കൂടി പാർട്ടിയിലെ രഹസ്യ ദൗത്യങ്ങളുടെ അമരക്കാരനായി; ഈച്ചപോലും അറിയാതെ എല്ലാം ഭംഗിയാക്കി എത്തിയത് പ്രൊഫഷണൽ കോൺഗ്രസിൽ; എഐസിസി സെക്രട്ടറിയായ മലയാളി ശ്രീനിവാസന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മിസോറാം ഗവർണ്ണറായി കുമ്മനം രാജശേഖരന്റെ നിയമ ഉത്തരവ് രാഷ്ട്രപതി ഇറക്കിയ ശേഷം ടിവിയിൽ ഫ്‌ളാഷ് വന്നപ്പോൾ മാത്രമാണ് കുമ്മനവും ബിജെപിക്കാരും അതേ കുറിച്ച് അറിഞ്ഞത്. ഇത് കേരളം ഏറെ ചർച്ചയാക്കുകയും ചെയ്തു. ഇതേ മാതൃകയിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയും. പാർട്ടിയിൽ സ്ഥാനമാനങ്ങൾ കിട്ടാൻ സംസ്ഥാനത്തെ ഗ്രൂപ്പ് മാനജർമാരെ ആശ്രയിക്കേണ്ടതില്ല. ഹൈക്കമാണ്ടിനെ കഴിവ് ബോധ്യപ്പെടുത്തുകയാണ് പ്രധാനം. അതു തന്നെയാണ് കെ ശ്രീനിവാസനെ എഐസിസി സെക്രട്ടറിയാക്കിയതിലൂടെ രാഹുൽ നൽകുന്ന സന്ദേശം. എന്നാൽ ആർക്കും അറിയാത്ത ശ്രീനിവാസനെ രാഹുൽ നിയമിച്ചുവെന്ന തരത്തിൽ എ ഗ്രൂപ്പ് അതിശക്തമായ പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഇതേ മാതൃകയിൽ രാഹുലിന് ഇഷ്ടമുള്ളയാൾ കെപിസിസിയുടെ അധ്യക്ഷനാകുമെന്ന ഭയവും അവർക്കുണ്ട്. ശ്രീനിവാസന്റെ വിഷയത്തിൽ ഐ ഗ്രൂപ്പ് കരുതലോടെയാണ് നീങ്ങുന്നത്.

മുൻ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐ.ഐ.എസ്) ഉദ്യോഗസ്ഥനാണ് ശ്രീനിവാസൻ. മന്മോഹൻ സിംഗിനെയും ശശി തരൂരിനെയുമൊക്കെ രാഷ്ട്രീയത്തിൽ ഇറക്കിയതു പോലെയാണ് ശ്രീനിവാസന്റെ നിയമനവുമെന്നതാണ് കേന്ദ്ര നേതാക്കളുടെ നിലപാട്. ശ്രീനിവാസൻ പഠിച്ചത് ആലുവ യു.സി കോളജ്, തൃശൂർ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലായിരുന്നു. പിന്നീട് സിവിൽ സർവീസിൽ പ്രവേശിച്ചു. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ ന്യൂസ് എഡിറ്ററായി പ്രവർത്തിക്കുന്നതിനിടെ 1995-96 കാലഘട്ടത്തിൽ കേന്ദ്ര വ്യവസായമന്ത്രിയായ കെ. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായതാണ് ശ്രീനിവാസൻ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കരുണാകരൻ മന്ത്രി സ്ഥാനമൊഴിഞ്ഞ് കേരളത്തിലേക്കു മടങ്ങിയെങ്കിലും ശ്രീനിവാസൻ ഡൽഹിയിൽ തുടർന്നു.

ഇതോടെ കോൺഗ്രസ് നേതൃത്വത്തിന്റെ വിശ്വസ്തനായി. സോണിയാ ഗാന്ധിയെ രാഷ്ട്രീയത്തിൽ സജീവമാക്കിയതുൾപ്പെടെയുള്ള നീക്കങ്ങളിൽ ശ്രീനിവാസനും പങ്കുണ്ടായിരുന്നു. കരുണാകരനുമായി അപ്പോഴും നല്ല ബന്ധം തുടർന്നു. ഇതിനിടെ വി.ആർ.എസ് എടുത്ത അദ്ദേഹം ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന ശ്രീനിവാസനായിരുന്നു പല തെരഞ്ഞെടുപ്പുകളിലും പാർട്ടിയുടെ നയപരിപാടികൾക്കു പിന്നിൽ പ്രവർത്തിച്ചതും പ്രചാരണത്തിന്റെ ദിശ നിർണയിച്ചതും. ഇതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള നാലു കമ്പനികളുടെ ഡയറക്ടർ സ്ഥാനത്തും ശ്രീനിവാസൻ കൃഷ്ണൻ എത്തി. അതോടെ ശ്രീനവാസന്റെ നല്ല കാലം തുടങ്ങി. അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നുള്ള ആരോപണത്തിൽപ്പെട്ടതോടെ വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ഡയറക്ടർ സ്ഥാനം പ്രിയങ്കയ്ക്ക് ഒഴിയേണ്ടി വന്നിരുന്നു.

അന്ന് പ്രിയങ്കയ്ക്കു പകരം ഡയറക്ടറായി നിയമിക്കപ്പെട്ടത് ശ്രീനിവാസനായിരുന്നു. എന്നാൽ 2008-ൽ ഡയറക്ടറായ ശ്രീനിവാസൻ 2011 ഫെബ്രുവരിയിൽ എല്ലാ കമ്പനികളിലെയും ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. വിവാദങ്ങളിൽ നിന്ന് അകന്ന ശ്രീനിവാസൻ അപ്പോഴും കോൺഗ്രസ് നേതൃത്വത്തിനെ പല തരത്തിലും സഹായിച്ചു. അങ്ങനെ രാഹുലിനും ശ്രീനവാസനെ ഇഷ്ടമായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം. അമ്പത്തിനാലു കാരനാണ് ശ്രീനിവാസൻ. കേരളത്തിലെ ഗ്രൂപ്പുകൾക്ക് പണികൊടുക്കാനുറച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ അതിസമർത്ഥമായ നീക്കം.

കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ എംപി സ്ഥാനം കേരളാ കോൺഗ്രസിന് നൽകിയത് ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും തന്ത്രങ്ങളുടെ ഭാഗമായിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയെ കൊണ്ട് രാഹുൽ ഗാന്ധിയോട് കേരളാ കോൺഗ്രസ് വിഷയം അറിയിച്ച് ജോസ് കെ മാണിക്ക് സീറ്റ് വാങ്ങി കൊടുത്തു. ഇതിനെതിരെ പ്രവർത്തക വികാരം അണപൊട്ടി. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഗ്രൂപ്പുകളിൽ പോലും പരസ്യവിമർശനം ഉയർന്നു. രാജ്യസഭാ എംപി സ്ഥാനത്തേക്ക് ജോസ് കെ മാണിയെ കെട്ടിയിറക്കിയത് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമായിരുന്നു. എന്നാൽ ഹൈക്കമാണ്ട് എന്ത് തീരുമാനം എടുത്താലും അതിനെ കൂട്ടായ ചർച്ചയില്ലെന്ന പേരിൽ ഇവർ തന്നെ വിമർശിക്കുകയും ചെയ്യും.

വി എം സുധീരനെ കെപിസിസി അധ്യക്ഷനാക്കിയതിനെതിരെ പോലും സംസ്ഥാനത്ത് ചർച്ച നടത്താത്തിന്റെ പേരിൽ ഇരുവരും വിമർശന വിധേയമാക്കി. എന്നാൽ രാജ്യസഭാ സീറ്റ് വിവാദത്തോടെ രണ്ടു പേരുടേയും താൽപ്പര്യം വ്യക്തിപരമാണെന്ന് ഹൈക്കമാണ്ടിന് ബോധ്യമായി. ഈ സാഹചര്യത്തിലാണ് എ.ഐ.സി.സി. സെക്രട്ടറിയായി ശ്രീനിവാസനെ നിയമിച്ചത്. ശ്രീനിവാസനെ പാർട്ടിയിൽ ആർക്കും അറിയില്ലെന്ന വാദവും ഹൈക്കമാണ്ട് തള്ളിക്കളയുന്നു. കുറേ വർഷങ്ങളായി ഹൈക്കമാണ്ടിന്റെ അതിവിശ്വസ്തനാണ് ശ്രീനിവാസൻ. രാഹുൽ ഗാന്ധി രഹസ്യ ചുമതലകൾ ഏൽപ്പിക്കുന്നവരിൽ പ്രധാനി. പല സംസ്ഥാനത്തേയും ഡാറ്റാ ക്‌ളക്ഷനിലും മറ്റും നിർണ്ണായക ഇടപെടൽ കോൺഗ്രസിനായി ശ്രീനിവാസൻ നടത്തിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ സ്ഥാനമാനങ്ങൾ വേണ്ടെന്ന പക്ഷക്കാരനായിരുന്നു ശ്രീനിവാസൻ.

ഇതിനിടെയാണ് അപ്രതീക്ഷിതമായി എഐസിസി സെക്രട്ടറി സ്ഥാനമെത്തുന്നത്. എ.ഐ.സി.സി. സെക്രട്ടറിയായി എറണാകുളത്തുനിന്നുള്ള കെ. ശ്രീനിവാസനെ നിയമിച്ചുകൊണ്ടുള്ള അറിയിപ്പ് നേതാക്കളെല്ലാം പത്രത്തിൽ വായിച്ചാണ് കേരളത്തിലെ നേതാക്കൾ അറിഞ്ഞത്. കോൺഗ്രസിന്റെ കീഴിലുള്ള പ്രൊഫഷണൽ കോൺഗ്രസിന്റെ എറണാകുളം ജില്ലാ പ്രസിഡന്റായി അടുത്തിടെ ശ്രീനിവാസനെ തിരഞ്ഞെടുത്തിരുന്നു. ജില്ലയിലെ പാർട്ടി പരിപാടികളിലൊന്നും ശ്രീനിവാസൻ ഇതുവരെ നേതൃപരമായ പങ്ക് വഹിച്ചിട്ടില്ലെന്നാണ് കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാർ പറയുന്നത്. എന്നാൽ അത് ശരിയല്ല. നിലവിൽ ഗ്രൂപ്പുരഹിതനാണെങ്കിലും കേരളത്തിൽ കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു ശ്രീനിവാസൻ.

വ്യവസായമന്ത്രിയായിരിക്കെ ലീഡറുടെ പേഴ്സണൽ സ്റ്റാഫിൽ ഒന്നാമനായിരുന്നു. തൃശൂർ ലോക്‌സഭയിലേക്ക് ശ്രീനിവാസനെ പരിഗണിക്കണമെന്ന് കെ കരുണാകരൻ എഴുതി ഹൈക്കമാണ്ടിന് കൊടുത്ത ചരിത്രമുണ്ട്. അതിന് ശേഷം 2009-ലും ചാലക്കുടി മണ്ഡലത്തിലേക്ക് ശ്രീനിവാസന്റെ പേര് ലീഡർ നിർദ്ദേശിച്ചിരുന്നു. ഈ രണ്ട് അവസരത്തിലും പിടി ചാക്കോ കോൺഗ്രസ് സ്ഥാനാർത്ഥിയായി. എന്നാൽ സോണിയയിൽ നിന്ന് പതിയെ രാഹുലിലേക്ക് അധികാരങ്ങൾ എത്തി തുടങ്ങിയപ്പോൾ ശ്രീനിവാസനും നേട്ടമുണ്ടായി. വിവര ശേഖരണത്തിനും മറ്റും രാഹുലിനെ സാഹയിക്കുന്ന ഗ്രൂപ്പിലെ പ്രധാനിയായി ശ്രീനിവാസൻ മാറി. രാഹുലിന്റെ രഹസ്യ ദൗത്യങ്ങളാണ് ശ്രീനിവാസൻ കൈകാര്യം ചെയ്തത്. ഈ അടുപ്പമാണ് എഐസിസി സെക്രട്ടറിയായി ശ്രീനവാസനെ എത്തിക്കുന്നത്.

വളരെ നേരത്തെ തന്നെ ശ്രീനിവാസനെ ദേശീയ നേതാവാക്കാൻ രാഹുൽ തീരുമാനം എടുത്തിരുന്നു. അതിന്റെ തുടർച്ചയായിരുന്നു അടുത്തിടെ ശശി തരൂർ എംപിയുടെ നേതൃത്വത്തിൽ പ്രൊഫഷണൽ കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ, ശ്രീനിവാസൻ അതിന്റെ ജില്ലാ പ്രസിഡന്റായി എറണാകുളത്ത് വീണ്ടും എത്തിയത്. അതും ഒട്ടുമിക്ക നേതാക്കളും അറിഞ്ഞിരുന്നില്ല. കാര്യമായെടുത്തതുമില്ല. അതുകൊണ്ട് തന്നെ അപ്രതീക്ഷിത സ്ഥാനക്കയറ്റം ഏവരേയും ഞെട്ടിച്ചു. ഡൽഹിയിൽ പിടിയുള്ള ആളെന്ന നിലയിൽ നേതാക്കൾ എതിർപ്പ് അടക്കം പറച്ചിലിലും തമാശയിലും ഒതുക്കുകയാണ്. തെലുങ്കാനയുടെ ചുമതലയാണ് നൽകിയിട്ടുള്ളതെന്ന ആശ്വാസവും അവർ പങ്കുവെയ്ക്കുന്നുണ്ട്്. തൃശ്ശൂർ സ്വദേശിയായ ശ്രീനിവാസൻ എറണാകുളത്ത് തേവരയിലാണ് താമസം.

സ്ഥാനങ്ങൾ ഗ്രൂപ്പ് തിരിച്ച് വീതംവെയ്ക്കുന്നുവെന്ന പരാതി മുതിർന്ന നേതാവ് വി എം. സുധീരനും മറ്റും ഉയർത്തിയിരുന്നു. അതിനും രാഹുൽ ഗാന്ധി മാറ്റം വരുത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP