Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനുഷ്യനാകാനുള്ള ക്ഷണമാണ് ഓരോ ദുരന്തവും

മനുഷ്യനാകാനുള്ള ക്ഷണമാണ് ഓരോ ദുരന്തവും

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്നത്തെ സുവിശേഷത്തിൽ മനുഷ്യജീവിതത്തെ ഈശോ ഒരു യാത്രയായി ചിത്രികരിക്കുകയാണ്: ''നീ നിന്റെ ശത്രുവിനോടു കൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോൾ, വഴിയിൽ വച്ചു തന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക...'' (12:58)

ജീവിതമാകുന്ന ഈ യാത്രയിൽ പുലർത്തേണ്ട ശരിയായ മനോഭാവത്തെ കുറിച്ചാണ് തുടർന്ന് ഈശോ പറയുന്നത്. സമീപകാലത്ത് അവിടെ നടന്ന രണ്ട് ദുരന്തങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് ഈശോ പഠിപ്പിക്കുന്നത്- ബലിയർപ്പ്കാരായ ഗലീലിയക്കാരെ പീലാത്തോസ് വധിച്ച സംഭവവും (13:1) സിലോഹായിലെ ഗോപുരം ഇടിഞ്ഞു വീണ് 18 ജറുശലേംകാർ മരിച്ച സംഭവവും (13:4).

ആനുകാലികങ്ങളായ ഈ രണ്ട് ദുരന്തങ്ങൾ ഉദ്ധരിച്ചിട്ട് ഈശോ ആവർത്തിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: "ഇവയെല്ലാം അനുഭവിച്ചതു കൊണ്ട് അവർ മറ്റെല്ലാവരെയുകാൾ കൂടുതൽ പാപികളായിരിന്നുവെന്ന് നിങ്ങൽ കരുതുന്നുവോ?" (13 2 4). കൊല്ലപ്പെട്ടവരും മരിച്ചവരും ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതൽ പാപികളും കുറ്റക്കാരുമായിരുന്നോ എന്നാണ് ഈശോ ചോദിക്കുന്നത്.

ഈ ചോദ്യം ചോദിച്ചിട്ട് അതിനുള്ള ഉത്തരവും ഈശോ തന്നെ പറയുന്നുണ്ട്. ''അല്ല എന്ന് ഞാൻ പറയുന്നു'' (13:3,5). അതായത് ജീവിച്ചിരിക്കുന്നവർ മരിച്ചവരെപ്പോലെതന്നെ പാപികളും കുറ്റക്കാരുമാണെന്നാണ് ഈശോയുടെ പക്ഷം. എന്നു പറഞ്ഞാൽ, ഈശോയുടെ ശ്രോതാക്കളൊക്കെ ദുരന്തങ്ങളിൽപെട്ട് മരിച്ചുപോയവരെപ്പോലെതന്നെ കുറ്റക്കാരാണെന്ന്. ജീവിച്ചിരിക്കുന്നവർ കൊല്ലപ്പെട്ടവരേക്കാൾ ഒട്ടും മെച്ചപ്പെട്ടവരല്ലെന്നാണ് ഈശോ പറയുന്നത്.

അങ്ങനെയെങ്കിൽ, മെച്ചപ്പെട്ടവരാകാൻ, അഥവാ ജീവിതം മെച്ചപ്പെട്ടതാക്കാൻ എന്തു ചെയ്യണം? അതിനുള്ള ഉത്തരവും ഈശോ തന്നെ പറഞ്ഞു തരുന്നുണ്ട്: ''മാനസ്സാന്തരപ്പെടുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും'' (13:3,5).

മെച്ചപ്പെട്ടവരാകാനുള്ള വഴിയായിട്ടു ഈശോ പറയുന്നത്, മാനസാന്തരമാണ്. മനസ്സുമാറുക, ചിന്താരീതി മാറുക, കാഴ്ചപ്പാടു മാറുക, ജീവിത രീതി മാറുക എന്നാണ് മാനസ്സാന്തരം കൊണ്ട് അർത്ഥമാക്കുന്നത്. ചിന്താരീതിയും കാഴ്ചപ്പാടും ജീവിത രീതിയും മാറാനാണ് ഈശോ ആവശ്യപ്പെടുന്നത്.

മാറിയില്ലെങ്കിൽ "നശിച്ചു പോകുമെന്നാണ്" ഈശോ പറയുന്നത് (13:3,5). "നശിക്കുമെന്ന" പദപ്രയോഗം കൊല്ലപ്പെടുന്നതിനെക്കാൾ രൂക്ഷമാണ്. ജീവൻ കെട്ടുപോകുന്ന അവസ്ഥയാണത്; രക്ഷയില്ലാത്ത അവസ്ഥയെയാണത്- നാശമെന്നതിന്റെ അർത്ഥമതാണ്. അങ്ങനെയെങ്കിൽ നശിക്കാതിരിക്കണമെങ്കിൽ അഥവാ ജീവനുണ്ടാകണമെങ്കിൽ നമ്മൾ എന്തു ചെയ്യണം? അതിനുള്ള വഴിയാണ് "മാനസാന്തരപ്പെടുകയെന്നത്."

എന്താണ് മാനസാന്തരപ്പെടുകഎന്നു പറഞ്ഞാൽ? മാനസാന്തരം അതിൽ തന്നെ മനസ്സിന്റെ മാറ്റമാണ്. അതിനാൽതന്നെ അതിനെ ആർക്കും കാണാനാവില്ല. മാനസാന്തരത്തെക്കുറിച്ച് ഈ സുവിശേഷത്തിൽ ഇതിനു മുൻപ് പ്രസംഗിച്ചത് സ്‌നാപകയോഹന്നാനാണ് (ലൂക്കാ 3:3-18).അന്ന് സ്‌നാപകൻ പറഞ്ഞത് 'മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവിൻ'' (3:8) എന്നാണ്. അതിനെത്തുടർന്ന് വൃക്ഷങ്ങളുടെ വേരിനു കോടാലി വയ്ക്കപ്പെട്ടിരിക്കുന്ന കാര്യവും, നല്ല ഫലം നൽകാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിയപ്പെടുമെന്ന ശിക്ഷാവിധിയും യോഹന്നാൻ പ്രഖ്യാപിക്കുന്നുണ്ട് (3:9).

ഇന്നത്തെ സുവിശേഷഭാഗത്ത് മാനസാന്തരപ്പെടാൻ ആവശ്യപ്പെടുന്ന ഈശോ തുടർന്നു പറയുന്നത് ഫലം തരാത്ത അത്തി വൃക്ഷത്തെക്കുറിച്ചാണ് (13:6-9). മൂന്നു വർഷം ഫലം തരാതിരുന്ന അത്തിവൃക്ഷത്തെ വെട്ടിക്കളയാനാണ് ഉടമസ്ഥന്റെ കൽപ്പന (13:7).

അങ്ങനെയെങ്കിൽ, ഈശോയും ഉന്നം വയ്ക്കുന്നത് മാനസാന്തരത്തിന്റെ ഫലങ്ങളിലേക്കു തന്നെയാണ്. എന്നാൽ എന്താണ് മാനസാന്തരത്തിന്റെ ഫലങ്ങൾ? ഫലങ്ങൾ എന്തൊക്കെയാണെന്ന് സ്‌നാപകൻ കൃത്യമായിട്ടു എണ്ണമിട്ടു പറയുന്നുണ്ട്. അവൻ ജനകൂട്ടത്തോടു പറഞ്ഞു: ''രണ്ട് ഉടുപ്പുള്ളവർ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ'' (3:11). അങ്ങനെയെങ്കിൽ ഉള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതാണ് മാനസാന്തരത്തിന്റെ ഫലം.

അവരുടെ ചോദ്യത്തിന് ഉത്തരമായി സ്‌നാപകൻ ചുങ്കക്കാരോട് പറഞ്ഞു. ''നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതിൽ കൂടുതൽ ഈടാക്കരുത്'' (3:13). അവൻ പടയാളികളോടു പറഞ്ഞു: ''നിങ്ങൽ ആരെയും ഭീക്ഷണിപ്പെടുത്തരുത്, വ്യാജമായ കുറ്റാരോപണവും അരുത്'' (3:14).

ചുരുക്കത്തിൽ ഉള്ളത് പങ്കു വയ്ക്കുന്നതും, നീതിയോടെ പ്രവർത്തിക്കുന്നതുമാണ് മാനസാന്തരത്തിന്റെ ഫലങ്ങൾ. ഒറ്റ വാക്കിൽ ''മനുഷ്യത്വത്തോടെ'' ജീവിക്കുന്നതാണ് മാനസാന്തരത്തിന്റെ ഫലം.

ഈ ഫലം പുറപ്പെടുവിച്ചാൽ ഒരാളും നശിക്കില്ല;നേരെ മറിച്ച് ജീവിക്കുമെന്നാണ് ഈശോ പറയുന്നത്: ''മാനസാന്തരപ്പെടുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും'' (13:3). അതായത് മനുഷ്യത്വത്തോടെ ജീവിച്ചില്ലെങ്കിൽ നശിച്ചുപോകും. മനുഷ്യത്വത്തോടെ ജീവിച്ചാലോ, മരണത്തിനപ്പുറത്തേക്ക് ജീവിക്കാനാകും.

കൈരളിയുടെ 2017 ലെ ജ്വാല അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത് ശാലിനി സരസ്വതിയെന്ന യുവതിയായിരുന്നു. ബാംഗ്ലൂരിൽ ഒരു കമ്പനിയുടെ മാനേജരായി ജോലി ചെയ്യുകയായിരുന്നു ശാലിനി (ഓഡിയോ കേൾക്കുക).

അങ്ങനെയിരിക്കെ. ഭർത്താവായ പ്രശാന്തുമായി കബോഡിയായിൽ വിനോദയാത്രയ്ക്കു പോയപ്പോൾ അവിടെ വച്ച് അവൾക്ക് അണുബാധയേറ്റു. വളരെ അപൂർവ്വമായൊരു അണുബാധ. അതു ബാധിച്ചാൽ 100 ൽ അഞ്ചുപേരു പോലും രക്ഷപ്പെടില്ല.

ജീവൻ രക്ഷിക്കാൻ ആദ്യം ശാലിനിയുടെ വലതുകൈ മുറിച്ചു കളയേണ്ടി വന്നു. പിന്നീട് ആശുപത്രിയിൽ കിടക്കുമ്പോൾ അവളുടെ മറ്റേ കൈ പൊഴിഞ്ഞ് സഹോദരന്റെ മടിയിലേക്ക് വീണു.കുറേ കഴിഞ്ഞപ്പോൾ രണ്ടു കാലുകളും മുറിച്ചു കളയേണ്ടി വന്നു. എന്നിട്ടും അവൾ മനസ്സു മടുത്തില്ല. പിന്തുണയായിട്ടു ഭർത്താവ് പ്രശാന്തും കു‌ടെ നിന്നു. സ്ഥിരപരിശ്രമത്തിലൂടെ അവസാനം, 10 കിലോ മീറ്റർ ഓട്ട മത്സരത്തിൽ വികലാംഗയായ അവൾ ഒന്നാം സമ്മാനം നേടി.

ജ്വാല അവാർഡിനായി വേദിയിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ വികലാംഗയായ ശാലിനിയെ പിടിച്ചുയർത്തി എണീൽപ്പിക്കുന്നത് ഭർത്താവ് പ്രശാന്താണ്. പ്രസംഗം കഴിഞ്ഞ തിരിച്ചുവരുമ്പോൾ കുപ്പി തുറന്ന് വെള്ളം വായിലേക്ക് ഒഴിച്ചു കൊടുക്കുന്നതും ഭർത്താവാണ്.

ഇത് കാണുന്ന മമ്മൂട്ടി പ്രശാന്തിനെ വേദിയിലേക്ക് ക്ഷണിച്ച് അഭിനന്ദിച്ചു, ജീവിത പങ്കാളിയോടു കാണിച്ച സ്‌നേഹത്തിനും അർപ്പണത്തിനും. പ്രസംഗത്തിനിടക്ക് ശാലിനി പറഞ്ഞൊരു സംഭവമുണ്ട്. കുറേനാൾ മുമ്പ് അവൾക്കൊരു കത്തു കിട്ടി. അംഗവൈകല്യം ബാധിച്ച ഒരു ചെറുപ്പക്കാരനാണ് കത്ത് എഴുതിയത്. അവന് പുറത്തിറങ്ങാനും ബസ്സിൽ യാത്ര ചെയ്യാനും ആഗ്രഹമുണ്ട്. പക്ഷേ മടിയാണ്. കാരണം പുറത്തിറങ്ങിയാൽ അംഗവൈകല്യത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ ചോദ്യത്തെ അഭിമുകഖീകരിക്കാൻ അവനാവില്ലെന്ന്.

ഇതു പറഞ്ഞിട്ട് ശാലിനി സദസ്സിനോടു പറഞ്ഞു - വികലാംഗരോട് നമ്മൾ മനുഷ്യത്വം കാണിക്കണം. എങ്ങനെയാണത്? അനവാശ്യമായ ചോദ്യങ്ങൾ അവരോടു ചോദിക്കാതിരിക്കുക. അവരുടെ സ്വകാര്യതയെ മുറിപ്പെടുത്താൻ നമ്മുടെ ജിജ്ഞാസയെ അനുവദിക്കാതിരിക്കുക. ശാലിനി കൂട്ടിച്ചേർത്തു, ജീവിതത്തിൽ എപ്പോഴെങ്കിലും നമ്മൾ എല്ലാവരുംതന്നെ ഏതെങ്കിലും തരത്തിൽ അംഗവൈകല്യമുള്ളവരാകുമെന്ന് മറക്കാതിരിക്കുക. അതിനാൽ വികലാംഗരോടു മനുഷ്യത്വം കാണിക്കു- be human- അവൾ പറഞ്ഞു നിർത്തി.

ഇന്നത്തെ സുവിശേഷത്തിൽ ഈശോ ആവശ്യപ്പെന്നതും ഇതു തന്നെയാണ്- "മനുഷ്യത്വത്തിന്റെ ഉയരങ്ങളിലേക്ക് ജീവിച്ചു കയറുക!" നിന്റെ ചുറ്റുമുള്ള ഓരോ ദുരന്തവും മനുഷ്യത്വത്തിൽ വളരാനായി നിന്നെ മാസാന്തരത്തിലേക്കു ക്ഷണിക്കുകയാണ്. ആ ക്ഷണം സ്വീകരിച്ച് മനുഷ്യത്വത്തിന്റെ പങ്കുവയ്ക്കലിൽ വളരുമ്പോഴാണ്, നീ ജിവന്റെ നിറവിലേക്ക് വളർന്നു കയറുന്നത്. നശിച്ചു പോകാതെ, നിത്യം ജീവിക്കുന്നവനായി നീ മാറുന്നതും അങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP