Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപ് നായകനായ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പതിനേഴ് ലക്ഷത്തോളം രൂപ തട്ടി; തമിഴ് സിനിമ നിർമ്മിക്കാമെന്ന് പറഞ്ഞ് തട്ടിയത് എട്ട് ലക്ഷവും വാഗണർ കാറും; ഷൂട്ടിങ്ങ് തുടങ്ങിയ ശേഷം സഹ നിർമ്മാതാവിനെ വഞ്ചിച്ച് മുങ്ങിയ 'സിനിമക്കാർ' ഈ വർഷം മാത്രം രണ്ടു ഡസനിലേറെ; അഭിനയിക്കാൻ അവസരം തരാമെന്നു പറഞ്ഞും പരിവ്; വ്യാജകാസ്റ്റിങ്ങ് കോളുകളിൽ ജാഗ്രതവേണമെന്ന് പ്രമുഖ സംവിധായകർ; മലയാള സിനിമയിൽ തട്ടിപ്പുസംഘങ്ങൾ വിലസുന്നു!

ദിലീപ് നായകനായ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പതിനേഴ് ലക്ഷത്തോളം രൂപ തട്ടി; തമിഴ് സിനിമ നിർമ്മിക്കാമെന്ന് പറഞ്ഞ് തട്ടിയത് എട്ട് ലക്ഷവും വാഗണർ കാറും; ഷൂട്ടിങ്ങ് തുടങ്ങിയ ശേഷം സഹ നിർമ്മാതാവിനെ വഞ്ചിച്ച് മുങ്ങിയ 'സിനിമക്കാർ' ഈ വർഷം മാത്രം രണ്ടു ഡസനിലേറെ; അഭിനയിക്കാൻ അവസരം തരാമെന്നു പറഞ്ഞും പരിവ്; വ്യാജകാസ്റ്റിങ്ങ് കോളുകളിൽ ജാഗ്രതവേണമെന്ന് പ്രമുഖ സംവിധായകർ; മലയാള സിനിമയിൽ തട്ടിപ്പുസംഘങ്ങൾ വിലസുന്നു!

കെ വി നിരഞ്ജൻ

കോഴിക്കോട്: എക്കാലത്തും യുവാക്കളുടെ ഏറ്റവും വലിയ ഹരങ്ങളിൽ ഒന്നാണ് സിനിമ.അതുകൊണ്ടുതന്നെ ഇപ്പോഴും കേരളത്തിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്ന മേഖലയും ഇതുതന്നെ. സിനിമാ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞും, അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തും പണം തട്ടുന്ന സംഘങ്ങൾ സംസ്ഥാനത്ത് വർധിക്കുകയാണ്.വലിയ ഹോട്ടലുകളിൽ വെച്ച് ആഡംബരപൂർവ്വം പൂജ ഉൾപ്പെടെ നടത്തിയാണ് തട്ടിപ്പ് സംഘം ഇരകളെ വലയിലാക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുമൂന്നു മാസത്തിനിടെ പൂജയും ഷൂട്ടിംഗുമൊക്കെയായി ആരംഭിച്ച 25 സിനിമാ പദ്ധതികളെങ്കിലും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി. ഇതിൽ ചില ചിത്രങ്ങൾ പ്രഖ്യാപനം മാത്രമായപ്പോൾ ചില ചിത്രങ്ങളുടെ പൂജ നടന്നു. മറ്റു ചില ചിത്രങ്ങൾ ഒന്നോ രണ്ടോ ദിവസം ഷൂട്ടിങ് നടന്നാണ് നിർത്തിവെയ്ക്കപ്പെട്ടത്. സിനിമാ നിർമ്മാണത്തിന്റെ മറവിൽ നടന്ന ഈ തട്ടിപ്പുകളിലൂടെ നിരവധി പേർക്കാണ് പണം നഷ്ടമായിട്ടുള്ളത്. എന്നാൽ നാണക്കേട് ഭയന്ന് പലരും കബളിപ്പിക്കപ്പെട്ടത് പുറത്ത് പറയാൻ മടിക്കുന്നത് തട്ടിപ്പുകാർക്ക് സഹായമാവുകയാണ്.

കോഴിക്കോട്ടെ മഹാറാണി ഹോട്ടലിൽ മാത്രം കഴിഞ്ഞ കുറച്ചു കാലത്തിനിടെ നിരവധി ചിത്രങ്ങളുടെ പൂജാ ചടങ്ങുകളാണ് ആർഭാടപൂർവ്വം നടന്നത്. എന്നാൽ ഇതിൽ ഭൂരിഭാഗം സിനിമകളുടെയും ഷൂട്ടിങ് പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. പത്ത് ലക്ഷം മുടക്കിയാൽ കോടികളുടെ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞാണ് പലരെയും നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്യുന്നത്. തുടർന്ന് ഏതെങ്കിലും ഹോട്ടലിൽ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ സംഘടിപ്പിക്കും. പത്രങ്ങളിലും ചാനലുകളിലും ഉൾപ്പെടെ പൂജയുടെ വാർത്ത വരുന്നതോടെ സിനിമാ നിർമ്മാണ പ്രവർത്തനങ്ങളും അവസാനിക്കും. ഇതിനിടയിൽ സഹനിർമ്മാതാവാൻ വന്നയാൾക്ക് ലക്ഷങ്ങൾ നഷ്ടമായിക്കഴിഞ്ഞിരിക്കും. വിദേശരാജ്യങ്ങളിൽ വെച്ചുപോലും ഒരിക്കലും പുറത്തിറങ്ങാത്ത സിനിമയുടെ പൂജ നടത്താറുണ്ട്. മലയാള സിനിമാ മേഖലയിൽ അനൗൺസ് ചെയ്യുകയും പിന്നീട് ഷൂട്ടിങ് നടക്കാതിരിക്കുകയും ചെയ്ത ചിത്രങ്ങളുടെ കണക്കെടുത്താൽ തന്നെ നാട്ടിൽ നടക്കുന്ന തട്ടിപ്പിന്റെ ഭീകരാവസ്ഥ മനസ്സിലാകുമെന്നും ലക്ഷങ്ങൾ നഷ്ടമായ ഈ വ്യക്തി പറയുന്നു.

സിനിമാ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് രൂപയും കാറുകളും കൈക്കലാക്കിയ യുവാവിനെ ചോറ്റാനിക്കര പൊലീസ് കഴിഞ്ഞ വർഷമാണ് അറസ്റ്റ് ചെയ്തത്. കാലടി സ്വദേശിയാണ് ് പിടിയിലായത്. കുരീക്കാട് സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപയും ഇന്നോവ കാറുമാണ് ഇയാൾ തട്ടിയെടുത്തത്. തമിഴ് സിനിമയായ 'തല പോലെ വരുമോ' എന്ന സിനിമ കന്നഡ നടൻ തേജസിനെ വെച്ച് നിർമ്മിക്കുന്നുണ്ടെന്നും അതിൽ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. ചോറ്റാനിക്കര സ്വദേശിനിയായ സ്ത്രീയിൽ നിന്ന് എട്ട് ലക്ഷം രൂപയും ഒരു വാഗണർ കാറും ഇയാൾ തട്ടിയെടുത്തിരന്നു.

സിനിമാ നിർമ്മാണത്തിൽ പാർട്ണറാക്കാമെന്ന് പറഞ്ഞായിരുന്നു കോഴിക്കോട് സ്വദേശി സഞ്ജീവ് കുമാറും തട്ടിപ്പ് നടത്തിയത്. സിനിമയിൽ നിന്ന് കിട്ടുന്ന ലാഭത്തിന്റെ ഇരുപത് ശതമാനം തുകയായിരുന്നു ഇയാൾ വാഗ്ദാനം ചെയ്തിരുന്നത്. സിനിമയും ഇല്ല പണവും ഇല്ലെന്ന് വന്നപ്പോഴാണ് സഞ്ജീവിനെതിരെ പെരിങ്ങനാട് സ്വദേശി അലക്‌സ് ജോൺ പരാതി നൽകിയത്. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ദിലീപ് നായകനായ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പതിനേഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവം കഴിഞ്ഞ വർഷം ആലപ്പുഴയിലാണ് ഉണ്ടായത്.

പുതുതായി ആരംഭിക്കുന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് മറ്റൊരു തട്ടിപ്പ്. ഓഡീഷൻ എന്ന പേരിലും നഗരത്തിലെ ഹോട്ടലുകളിൽ മിക്ക ദിവസവും ക്യാമ്പുകൾ നടക്കുന്നുണ്ട്. സിനിമാ മോഹവുമായി നിരവധി യുവതീയുവാക്കളാണ് തട്ടിപ്പറിയാതെ ഇത്തരം ക്യാമ്പുകളിൽ എത്തുന്നത്. നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്. ക്യാമ്പിനെത്തുന്ന ചിലരോട് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു എന്നറിയിക്കുകയും നിർമ്മാണ ചെലവിലേക്കായി കുറച്ച് പണം ആവശ്യപ്പെടുകയുമാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. അഭിനയ മോഹം തലയ്ക്ക് പിടിച്ചവർ സംഘം ആവശ്യപ്പെട്ട പണം നൽകുകയും ചെയ്യും. തുടർന്ന് കുറച്ചു കാലം സജീവമായി ഇടപെടുന്ന സംഘത്തെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലാതാവുകയും ചെയ്യും.

അഭിനയിക്കാനായി തെരഞ്ഞെടുത്തെന്ന് അറിയിച്ചതുമുതൽ കുറച്ചുകാലത്തേക്ക് സംഘത്തിന്റെ ചെലവും മദ്യവും ഉൾപ്പെടെ തങ്ങളെക്കൊണ്ടാണ് ചെയ്യിച്ചിരുന്നതെന്ന് അഭിനയ മോഹം കാരണം ഇത്തരത്തിലുള്ള തട്ടിപ്പിനിരയായവർ പറഞ്ഞു. നഗരത്തിലെ പ്രമുഖമായ ഹോട്ടലിലെ ബില്ലും ഭക്ഷണ ചെലവും ഉൾപ്പെടെ തങ്ങളെക്കൊണ്ടായിരുന്നു കൊടുപ്പിച്ചിരുന്നതെന്നും ഇവർ വ്യക്തമാക്കി. അടുത്തകാലത്തായാണ് തിരുവനന്തപുരത്ത് ഇത്തരത്തിലുള്ള ഒരു വലിയ തട്ടിപ്പ് അരങ്ങേറി. ചൈതന്യ ക്രിയേഷൻസിന്റെ ബാനറിൽ പുതുതായി ആരംഭിക്കുന്ന സിനിമയിൽ പുതുമുഖങ്ങളായ കുട്ടികളെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം ചെയ്താണ് തട്ടിപ്പ് നടത്തിയത്. സംഘത്തിലൊരാൾ നിർമ്മാതാവ് അഭിനയിച്ച് ഹോട്ടലിൽ വെച്ച് കുട്ടികളുടെ രക്ഷിതാക്കളെ പരിചയപ്പെട്ടു.

തുടർന്ന് കുറച്ചു കുട്ടികളെ തെരഞ്ഞെടുത്തതായി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഷൂട്ടിങ് ന്യൂസിലാന്റ്, ദുബായ്, മൂന്നാർ എന്നിവടങ്ങളിൽ ആയിരിക്കുമെന്നും കൊച്ചുകുട്ടികൾ ആയതുകൊണ്ട് നിർബന്ധമായും രക്ഷിതാക്കൾ വരണമെന്നും അറിയിച്ചു. മക്കളെ ഏത് വിധേനയും സിനിമയിൽ അഭിനയിപ്പിക്കാൻ ആഗ്രഹിച്ച ചില രക്ഷിതാക്കൾ ഇവരുടെ കെണിയിൽ വീണു. നൂറോളം പേരാണ് തട്ടിപ്പിന് ഇരയായത്. ഇവരിൽ നിന്ന് ഒന്നര ലക്ഷം രൂപ വരെ തട്ടിച്ചു. പണം വാങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികരണമെന്നുമില്ലെന്ന് കണ്ട് രക്ഷിതാക്കൾ ബന്ധപ്പെട്ടപ്പോൾ തിരക്കഥയെ സംബന്ധിച്ച് കേസ് നടക്കുന്നതിനാലാണ് താമസമെന്നും ഷൂട്ടിങ് ഉടൻ തുടങ്ങുമെന്നും അറിയിച്ചു. ദിവസങ്ങൾക്ക് ശേഷം പവിഴം ക്രിയേഷൻസിന്റെ പേരിൽ പ്രമുഖ പത്രങ്ങളിലും സിനിമാ മാസികകളിലും സമാനമായ പരസ്യം കണ്ടപ്പോൾ തങ്ങളെ പറ്റിച്ചവർ തന്നെയാണ് ഇതിന് പിന്നിലെന്നും മനസ്സിലായത്. പിന്നീട് കൊടുമുട്ടിൽ ഫിലിങ് എന്ന പേരിൽ പുതിയ തട്ടിപ്പിന് കളം ഒരുക്കുന്നതിനിടയിലാണ് പ്രതികളെ വലയിലാക്കിയത്.

സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് ചില പ്രൊഡക്ഷൻ കൺട്രോളർമാരും തട്ടിപ്പിന് കൂട്ടു നിൽക്കുന്നുണ്ട്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തും സിനിമാ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞും ലക്ഷക്കണക്കിന് രൂപകൾ തട്ടിയ നിരവധി പരാതികൾ വരുന്നുണ്ടെന്നും സിനിമയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണെന്നും പൊലീസ് പറയുന്നു. പൂജ ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം വലിയ ഹോട്ടലുകളിൽ വച്ചാകുമ്പോൾ ആർക്കും വലിയ സംശയങ്ങൾ ഉണ്ടാവുകയുമില്ല. തട്ടിപ്പ് നടത്തിയ സംഘങ്ങൾ മറ്റൊരു ചലച്ചിത്ര നിർമ്മാണ കമ്പനിയുടെ പേരിൽ തട്ടിപ്പ് തുടരുകയും ചെയ്യും.

കാസ്റ്റിങ് കോളിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് സംവിധായകൻെൈ വശാഖ് തന്നെ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. വൈശാഖ് ഒരുക്കുന്ന സിനിമയിലേക്ക് അഭിനേതാക്കളെ വേണമെന്ന് കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. സമൂഹ മാധ്യങ്ങളിൽ തന്റെ ചിത്രത്തിന്റേതായി വ്യാജ കാസ്റ്റിങ് കോൾ പ്രചരിക്കപ്പെട്ടപ്പോൾ സംവിധായകൻ തന്നെ വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു. ദയവായി ഇത്തരം ചതികളിൽ വീഴരുതെന്നായിരുന്നു സംവിധായകന്റെ അഭ്യർത്ഥന. പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ആദി എന്ന ചിത്രത്തിൽ അവസരമുണ്ടന്നും പറഞ്ഞും വ്യാജ കാസ്റ്റിങ് കോൾ പുറത്തിറക്കിയിരുന്നു. തട്ടിപ്പുകൾ നിർബാധം തുടരുമ്പോഴും സിനിമാ മേഖലയിലെ സംഘടനകളെല്ലാം ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP