Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഞാൻ നിങ്ങളെ അറിയുകയില്ല

ഞാൻ നിങ്ങളെ അറിയുകയില്ല

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്നത്തെ സുവിശേഷത്തിന്റെ പ്രമേയം തന്നെ 'രക്ഷയാണ്.' ജറുശലേമിലേക്ക് യാത്ര ചെയ്യുന്ന ഈശോയോടുള്ള ചോദ്യം - രക്ഷപ്പെടുന്നവർ ചൂരുക്കമാണോ (13:23) എന്നാണ്. രക്ഷയെന്ന് പറഞ്ഞാൽ 'ദൈവരാജ്യത്തിൽ പ്രവേശിക്കുകയാണ്': ''അബ്രഹാത്തെയും ഇസഹാക്കിനെയും യാക്കോബിനെയും സകല പ്രവാചകന്മാരെയും ദൈവരാജ്യത്തിലും...'' (13:28). "കിഴക്കു നിന്നും പടിഞ്ഞാറു നിന്നും വടക്കു നിന്നും തെക്കു നിന്നും ജനങ്ങൾ വന്ന് ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും" (13:23). അപ്പോൾ ''രക്ഷപ്പെടുക'' അഥവാ "ദൈവരാജ്യത്തിൽ പ്രവേശിക്കുക" എന്നതാണ് ഇവിടുത്തെ പ്രമേയം.

എന്നാൽ ദൈവരാജ്യത്തിൽ പ്രവേശിക്കാനുള്ള മാർഗമൊന്നും ഈശോ പ്രത്യക്ഷമായി പറഞ്ഞു വയ്ക്കുന്നില്ല. നേരെ മറിച്ച് ദൈവരാജ്യത്തിന് പുറത്താകുന്നതിന്റെ കാരണമാണ് പറയുന്നത്. ദൈവരാജ്യത്തിന് പുറത്താകുന്നവർ അകത്ത് പ്രവേശിക്കാനുള്ള അവരുടെ അവകാശത്തിന്റെ ന്യായീകരണമായിട്ട് പറയുന്നത് ശ്രദ്ധിക്കണം: ''നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും, നീ ഞങ്ങളുടെ തെരുവുകളിൽ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്'' (13:26). ഇതു രണ്ടും സൂചിപ്പിക്കുന്നത് വിശുദ്ധ കുർബാനയെയും ദൈവ വചനത്തെയുമാണ്. അതായത് കുർബാനയിൽ പങ്കെടുത്തിരുന്നവരും ദൈവ വചനം ശ്രവിച്ചിരുന്നവരുമാണ് ദൈവരാജ്യത്തിന് പുറത്താകുന്നവർ എന്നു വരുന്നു.

ഇത് നമ്മളെയൊക്കെ ഞെട്ടിക്കേണ്ട തിരിച്ചറിവാണ്- വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും, ദൈവ വചനം പതിവായി ശ്രവിക്കുകയും ചെയ്യുന്നവർ ദൈവ രാജ്യത്തിന് പുറത്താണെന്ന കാര്യം. പതിവായി കുർബാന അർപ്പിക്കുന്ന പുരോഹിതരും, ദൈവവചന പ്രഘോഷണം ജീവിതചര്യയാക്കിയ ധ്യാനഗുരുക്കന്മാരും, ഇവ രണ്ടും പതിവായി ചെയ്യുന്ന മതനേതാക്കന്മാരും ഭക്തജനങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്. അതായത് കുർബാനയും ദൈവ വചനവും ദൈവരാജ്യ പ്രവേശനത്തിനുള്ള ഉറപ്പുള്ള മാർഗ്ഗങ്ങളായിരിക്കണമെന്നില്ല എന്നത്. ഇവ രണ്ടും അനുഷ്ഠിച്ചതു കൊണ്ടു മാത്രം ആരും ദൈവരാജ്യത്തിൽ പ്രവശിക്കുകയില്ലെന്ന്.

അങ്ങനെയെങ്കിൽ, ദൈവ രാജ്യത്തിൽ പ്രവേശിക്കാനുള്ള മാർഗ്ഗം എന്താണ്? വ്യക്തമായ ഒരു സൂചന വീട്ടുടമസ്ഥൻ രണ്ട് പ്രാവശ്യം ആവർത്തിച്ചു പറയുന്ന പ്രസ്താവനയിലുണ്ട്: ''നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല'' (13:23,27). ദൈവ രാജ്യത്തിന് പുറത്താകുന്നവരെ അവൻ അറിയുന്നില്ലായെങ്കിൽ ദൈവരാജ്യത്തിനുള്ളിലാകനുള്ള മാർഗ്ഗം "അവൻ അറിയുക" എന്നതാണ്.

തമ്പുരാൻ നമ്മളെ അറിയണമെങ്കിൽ അഥവാ, ദൈവത്താൽ അറിയപ്പെടണമെങ്കിൽ നമ്മൾ എന്തു ചെയ്യണം? അതിനുള്ള ഉത്തരം ഈ സുവിശേഷത്തിൽ തന്നെയുണ്ട്. ഈശോയുടെ അമ്മയും സഹോദരരും അവനെ കാണാനായി പുറത്തു നിൽക്കുന്നുവെന്ന് അറിയിച്ചപ്പോൾ ഈശോ പറയുന്ന മറുപടി ശ്രദ്ധിക്കണം: ''ദൈവത്തിന്റെ വചനം ശ്രവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരണ് എന്റെ അമ്മയും സഹോദരരും (8:21). ഇതിന് സമാനമായി മർക്കോസ് പറയുന്നത്, ''ദൈവത്തിന്റെ ഹിതം പ്രാവർത്തികമാക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും'' (മർക്കോസ് 3:35) എന്നാണ്. അപ്പോൾ, ദൈവഹിതം ചെയ്യുന്നവർ ഈശോയുടെ അമ്മയും സഹോദരരുമായിത്തീരുന്നു. സ്വന്തം അമ്മയെ ഒരുവൻ അറിയുന്നു, സഹോദരങ്ങളെയും അറിയുന്നു. 'രക്തം രക്തിത്തെ തിരിച്ചറിയുന്നു' എന്നു പറയാറില്ലേ.

എന്താണ് ഈ തിരിച്ചറിവിനുള്ള കാരണം? കാരണം, ദൈവഹിതം അതിന്റെ പരകോടിയിൽ പ്രാവർത്തികമാക്കിയവനാണ് ഈശോ. അതായത് സ്വന്തം ജീവൻ പോലും പരിത്യജിച്ചു കൊണ്ട് ഈശോ ദൈവഹിതം അനുവർത്തിച്ചു. ഗത്സേമനിയിലെ ഈശോയുടെ പ്രാർത്ഥന ശ്രദ്ധിക്കണം: ''പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് അകറ്റണമേ. എങ്കിലും എന്റെ ഹിതമല്ല, അവിടുത്തേത് നിറവേറട്ടെ'' (ലൂക്കാ 22:42). ദൈവ ഹിതം അതിന്റെ പരമാവധിയിൽ അനുവർത്തിക്കുന്നതിലൂടെ ദൈവപുത്രനായിത്തീർന്നവനാണ് ഈശോ. അതുകൊണ്ടാണ് ദൈവഹിതം അനുഷ്ഠിക്കുന്നവരെല്ലാവരുമായി ഈശോ സഹോദര്യബന്ധത്തിലാകുന്നത്. അതിനാലാണ് ദൈവഹിതം ചെയ്യുന്നവരെ ഈശോ അറിയുന്നത്.

ഇവിടെയും നമുക്ക് മാതൃക സുവിശേഷത്തിലെ ഈശോ തന്നെയാണ്. അവന്റെ അടിസ്ഥാന ആത്മബോധം അവന്റെ സ്‌നാനത്തിന്റെ സമയത്താണ് വെളിവാകുന്നത്: "സ്വർഗ്ഗത്തിൽ നിന്ന് ഒരു സ്വരമുണ്ടായി. നീ എന്റെ പ്രിയപുത്രനാകുന്നു. നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" (ലൂക്കാ 3:22). ഇത് ഈശോയോട് നേരിട്ടുള്ള സംഭാഷണമാണ്- ഈശോ ദൈവത്തിന്റെ മകനാണെന്ന്. അതായത് താൻ ദൈവത്തിന്റെ പുത്രനാകുന്നു എന്ന അവബോധത്തിലേക്ക് ഈശോ ഉണർന്നു വരുന്നു. ദൈവം സ്വന്തം പിതാവാണെന്ന അനുഭവത്തിലേക്ക് അവൻ വളർന്നു വരുന്നു; താൻ ദൈവത്തിന്റെ തന്നെ അംശവും ഭാഗവുമാണെന്ന തിരിച്ചറിവിലേക്ക് അവൻ വളരുന്നു.

ഫലമോ, സ്വന്തം മകനെ ദൈവം തിരിച്ചറിയും. അങ്ങനെ ദൈവം അറിയുന്നവനായി, ദൈവത്താൽ അറിയപ്പെടുന്നവനായി ഈശോ രൂപാന്തരപ്പെടുന്നു. താൻ ദൈവത്തിന്റെ തന്നെ അംശമാണെന്ന് തിരിച്ചറിയുന്നവൻ കണ്ണ് തുറന്ന് നോക്കുമ്പോൾ ചുറ്റും കാണുന്ന മനുഷ്യരിലൊക്കെ ദൈവാംശം തിരിച്ചറിയും. പോരാ. ഈ പ്രപഞ്ചത്തിലെ മൃഗങ്ങളിലും പക്ഷികളിലും വൃക്ഷലതാതികളിലുമുള്ള ദൈവാംശം അവൻ തിരിച്ചറിയും. തന്മൂലം അവയൊക്കെ അവന്റെ സഹോദരങ്ങളായി പരിണമിക്കും. അങ്ങനെയാണ് ഫ്രാൻസിസ് അസ്സീസിക്ക് ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും സഹോദരനും സഹോദിമാരുമായി പരിണമിച്ചത്. തത്ഫലമായി പ്രപഞ്ചം മുഴുവൻ അവനനെ തിരിച്ചറിഞ്ഞു. അപ്പോൾ പ്രധാനപ്പെട്ടത് 'നീ ആരാണെന്ന് അറിയുക' എന്നതാണ്; നിന്നിലെ ദൈവാംശത്തെ തിരിച്ചറിയുകയാണ്.

ഡോ. വി.പി. ഗംഗാധരൻ പറയുന്ന ഒരു സംഭവം. തനിക്കു പിറക്കാതെ പോയ സെയ്ദയെന്ന യുവതിയുടെ കഥ. അവളുടെ അവസാന യാത്രപറച്ചിൽ (ഓഡിയോ കേൾക്കുക).

പന്ത്രണ്ടു വർഷം കാൻസറുമായി പടവെട്ടിയ സെയ്ദ അവസാനം പറയുന്നത് - 'ഞാൻ പോകുകയാണ്' എന്നാണ്. അതായത് ഞാനീ ശരീരം വിട്ടിട്ട് പോകുകയാണ്. എന്നു പറഞ്ഞാൽ ''ഞാൻ ശരീരമല്ല'' എന്ന് അവൾ തിരിച്ചറിയുന്നു എന്നർത്ഥം. ജീവിതയാത്രയിൽ എന്നോ അവൾ തിരിച്ചറിഞ്ഞു - അവൾ, അവളുടെ ശരീരമല്ലെന്ന്. പലരും ഇത് തിരിച്ചറിയുന്നത് തീരാരോഗത്തിലോ മരണനേരത്തോ ആണ്. അതുവരെ സ്വന്തം ശരീരവുമായും, സ്വന്തം സമ്പത്തുമായും, സമൂഹത്തിലെ അവരുടെ സ്ഥാനമാനങ്ങളുമായും അവർ താദാത്മ്യപ്പെട്ടു കഴിഞ്ഞുകൂടും. ഞാൻ എന്റെ ശരീരമല്ല; ഞാൻ എന്റെ മനസ്സല്ല. മറിച്ച് എന്റെ ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന ജീവനാണ് ഞാൻ. എന്റെ ജീവൻ പ്രപഞ്ചത്തിലാകമാനം നിറഞ്ഞു നിൽക്കുന്ന ജീവന്റെ ആധാരമായ ദൈവത്തിന്റെ തന്നെ അംശമാണ്. ഈ തിരിച്ചറിവിലാണ് ഞാൻ ദൈവവുമായുള്ള ബന്ധം തിരിച്ചറിയുന്നത്; ഞാൻ പ്രപഞ്ചവുമായുള്ള എന്റെ ബന്ധം തിരിച്ചറിയുന്നത്. തൽഫലമായി എന്താണ് സംഭവിക്കുന്നത്? വീട്ടുടമസ്ഥൻ പുറത്തുള്ളവരോട് പറഞ്ഞതിന്റെ എതിർ പ്രസ്ഥാവന അവൻ പറയും- "ഞാൻ നിങ്ങളെ അറിയും."

അങ്ങനെയെങ്കിൽ രക്ഷ കൈവരിക്കാനും, ദൈവരാജ്യത്തിൽ പ്രവേശിക്കാനുമുള്ള മാർഗ്ഗം എന്താണ്? നീ യഥാർത്ഥത്തിൽ ആരാണെന്ന് തിരിച്ചറിയുക- ഈശോ സ്വയം തിരിച്ചറിഞ്ഞ പോലെ. നീ നിന്റെ ശരീരമല്ല, നിന്റെ മനസുമല്ല. അവയ്ക്കൊക്കെ പിറകിൽ നിൽക്കുന്ന ജീവനാണ് നീ. ആ ജീവൻ ദൈവത്തിന്റെ തന്നെ അംശമാണ്. അതിനാൽ നീ ദൈവത്തിന്റെ മകനാണ്, മകളാണ്. ഈ തിരിച്ചറിവിൽ ജീവിക്കുമ്പോൾ, നിന്റെ ശ്രദ്ധ മുഴുവൻ നിന്നിലെ ജീവനിലേക്കായിരിക്കും; അതിനെ പോഷിപ്പിക്കാനായിരിക്കും. ഈ അവബോധത്തിൽ ജീവിക്കുന്നവനെ ദൈവം അറിയും. തൽഫലമായി അവൻ രക്ഷ കൈവരിക്കും അഥവാ അവൻ ദൈവരാജ്യത്തിൽ പ്രവേശിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP