Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം ഗോളടിച്ചെങ്കിലും ക്രൊയേഷ്യക്കുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ പതറിയ ഡെന്മാർക്കിനെ നോക്കൗട്ട് ചെയ്തതത് പെനാൽട്ടി ഷൂട്ടൗട്ടിൽ; വമ്പന്മാർ കടപുഴകി വീണ റഷ്യൻ മണ്ണിൽനിന്നും അത്ഭുതമായി ക്രൊയേഷ്യൻ മുന്നേറ്റം; ക്വാർട്ടറിൽ റഷ്യയോട് ഏറ്റുമുട്ടുമ്പോൾ പലരും കരുതുന്നത് കിരീടത്തിലേക്കുള്ള പ്രയാണമെന്ന്; എങ്ങനെയാണ് ക്രൊയേഷ്യ ഈ ലോകകപ്പിലെ ഓമനയായത്

ആദ്യം ഗോളടിച്ചെങ്കിലും ക്രൊയേഷ്യക്കുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ പതറിയ ഡെന്മാർക്കിനെ നോക്കൗട്ട് ചെയ്തതത് പെനാൽട്ടി ഷൂട്ടൗട്ടിൽ; വമ്പന്മാർ കടപുഴകി വീണ റഷ്യൻ മണ്ണിൽനിന്നും അത്ഭുതമായി ക്രൊയേഷ്യൻ മുന്നേറ്റം; ക്വാർട്ടറിൽ റഷ്യയോട് ഏറ്റുമുട്ടുമ്പോൾ പലരും കരുതുന്നത് കിരീടത്തിലേക്കുള്ള പ്രയാണമെന്ന്; എങ്ങനെയാണ് ക്രൊയേഷ്യ ഈ ലോകകപ്പിലെ ഓമനയായത്

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: തുടരെ രണ്ട് പെനാൽട്ടി ഷൂട്ടൗട്ടുകൾ കണ്ട ഇന്നലെ ലോകകപ്പിലെ സൂപ്പർ സൺഡെകളിലൊന്നായി മാറി. ആദ്യം ഷൂട്ടൗട്ടിലൂടെ സ്‌പെയിനെ കടപുഴക്കി (4-2) ആതിഥേയരായ റഷ്യയും പിന്നാലെ ഡെന്മാർക്കിനെ പിന്തള്ളി ക്രൊയേഷ്യയും (3-2) ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് കടന്നു. രണ്ടുമത്സരങ്ങളിലും നിശ്ചിത സമയത്ത് മത്സരം 1-1 സമനിലയിലായിരുന്നു. ലോകകപ്പിൽ അപരാജിത കുതിപ്പ് നടത്തുന്ന ക്രൊയേഷ്യ, 1998-ലേതുപോലെ ഇക്കുറിയും കറുത്ത കുതിരകളാകുമെന്ന ഉറപ്പായി. ക്വാർട്ടറിൽ റഷ്യയാണ് ക്രൊയേഷ്യയുടെ എതിരാളികൾ. റഷ്യയെ മറികടന്നാൽ, ആ കുതിപ്പ് സെമിയിലേക്കും, വേണമെങ്കിൽ കിരീടത്തിലേക്കും പോലും നീളാം.

രണ്ടാം മിനിറ്റിൽത്തന്നെ ലീഡ് പിടിച്ചെടുത്ത ഡെന്മാർക്ക് മത്സരം വലിയ അട്ടിമറിയോടെ സ്വന്തമാക്കുമെന്നാണ് കരുതിയത്. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ തിരിച്ചടിച്ച് ഒപ്പമെത്തിയ ക്രൊയേഷ്യ പിന്നീട് ഡെന്മാർക്കിനെ കളം പിടിക്കാൻ അനുവദിച്ചില്ല. ഗോൾ പിറന്നില്ലെങ്കിലും നിശ്ചിതസമയത്തും അധിക സമയത്തും ക്രൊയേഷ്യയുടെ ആധിപത്യം പ്രകടമായിരുന്നു. അധിക സമയത്ത് ലഭിച്ച പെനാൽട്ടി സൂപ്പർത്താരം ലൂക്ക മോഡ്രിച്ച് പാഴാക്കിയെങ്കിലും അതും ക്രൊയേഷ്യൻ വിജയത്തിന് തടസ്സമായില്ല.

ഷൂട്ടൗട്ടിൽ ഗോളിമാർ തമ്മിലുള്ള പോരാട്ടമായിരുന്നു. ക്രൊയേഷ്യൻ ഗോൾകീപ്പർ സുബാസിച്ച് മൂന്ന് കിക്കുകളാണ് രക്ഷപ്പെടുത്തിയത്. ഡെന്മാർക്ക് ഗോളി ഷ്മിഷേൽ രണ്ടുതവണ കിക്ക് തടുത്തിട്ടു. ഒടുവിൽ ബാഴ്‌സലോണ താരം ഇവാൻ റാക്കിറ്റിച്ച് തൊടുത്ത പെനാൽട്ടി ലക്ഷ്യത്തിലെത്തിയതോടെ ക്രൊയേഷ്യ ആവേശക്കടലായി. ആന്ദ്രെ ക്രമാരിച്ച്, ലൂക്ക മോഡ്രിച്ച് എന്നിവരും ലക്ഷ്യം കണ്ടു. ഡെന്മാർക്കിന്റെ ക്രിസ്റ്റിയാൻ എറിക്‌സെൻ, ലെസേ ഷോണെ, ജോസിപ് പിവാറിച്ച് എന്നിവരുടെ കിക്കുകൾ തടുത്തിട്ട സുബാസിച്ചാണ് ക്രൊയേഷ്യയുടെ വിജയശില്പി.

ഈ ടൂർണമെന്റിൽ ഏറ്റവും ഉജ്വല പ്രകടനമാണ് ക്രൊയേഷ്യ നടത്തുന്നത്. ഡെന്മാർക്കിനെ വീഴ്‌ത്തിയ അവർക്കിനി ക്വാർട്ടറിൽ റഷ്യയെയാണ് എതിരിടേണ്ടത്. അവിടം കടന്നാൽ, സെമിയിൽ ഇംഗ്ലണ്ടാകും എതിരാളികൾ. വേണമെങ്കിൽ ഫൈനലിലേക്കുപോലും എത്താമെന്ന നിലയ്ക്കാണ് വഴി തെളിഞ്ഞിരിക്കുന്നതെന്നത് ക്രൊയേഷ്യൻ ആരാധകരെ സന്തോഷിപ്പിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയെ മടക്കമില്ലാത്ത മൂന്നുഗോളുകൾക്ക് തോൽപിച്ചതുമുതൽ ക്രൊയേഷ്യ ഈ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞിന്നു.

1998 ലോകകപ്പിൽ ഡെവർ സുകേറിന്റെ നേതൃത്വത്തിൽ ലോകകപ്പിൽ അരങ്ങേറിയ ക്രൊയേഷ്യ മൂന്നാം സ്ഥാനവുമായാണ് മടങ്ങിയത്്. സെമിയിൽ ഫ്രാൻസിനോട് 2-1ന് പരാജയപ്പെട്ട അവർ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഹോളണ്ടിനെ 2-1ന് തോൽപിച്ചു. അതുപോലൊരു വിസ്മയപ്രകടനമാണ് ഇന്ന് ക്രൊയേഷ്യയിൽനിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനുള്ള ശേഷി മോഡ്രിച്ചും റാക്കിറ്റിച്ചും മാൻസൂക്കിച്ചും അടങ്ങുന്ന ടീമിനുണ്ട്.

വന്മരങ്ങൾ വീഴുമ്പോൾ

സ്പാനിഷ് കുതിപ്പിന് തടയിട്ടുകൊണ്ടാണ് റഷ്യ 42 വർഷത്തിനുശേഷം ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് കടന്നത്. ഇതിഹാസ ഗോൾകീപ്പർ ലെവ് യാഷിന്റെ കാലത്തിനുശേഷം അത്തരമൊരു നേട്ടത്തിലേക്ക് അവരെ നയിച്ചത് മറ്റൊരു ഗോൾകീപ്പറുടെ മികവ്. അക്കിൻഫീവ് എന്ന ഗോൾകീപ്പർ ഷൂട്ടൗട്ടിൽ റഷ്യയുടെ കാവലാളായി. ആന്ദ്രെ ഇനിയേസ്റ്റയുടെയും സെർജിയോ റാമോസിന്റെയും ജെറാർഡ് പിക്വേയുടെയുമൊക്കെ അവസാന ലോകകപ്പിനെത്തിയ സ്‌പെയിന് അത് നിരാശപ്പെടുത്തുന്ന മടക്കവുമായി.

പന്തടക്കത്തിലും പാസ്സിങ്ങിലുമൊക്കെ മുന്നിട്ടുനിന്നത് സ്‌പെയിനായിരുന്നു. ഇഗ്നാസെവിച്ച് വഴങ്ങിയ സെൽഫ് ഗോളാണ് മത്സരത്തിൽ അവർക്ക് മുൻതൂക്കം നൽകിയത്. പിന്നാലെ, പിക്വേ വഴങ്ങിയ പെനാൽട്ടിയിൽനിന്ന് സ്യൂബ റഷ്യയുടെ സമനിലഗോളും നേടി. പിന്നീട് നിശ്ചിതസമയത്തും അധികസമയത്തും സ്‌പെയിന് അവസരങ്ങൾ നൽകാതെ റഷ്യ പ്രതിരോധം തീർക്കുകയായിരുന്നു. ആയിരത്തിലേറെ പാസ്സുകളും എഴുപതുശതമാനത്തിലേറെ പന്തടക്കവും സ്‌പെയിൻ പുലർത്തിയ മത്സരത്തിൽ അവർക്ക് കാര്യമായ അവസരങ്ങൾ തീർക്കാനായില്ല.

ഷൂട്ടൗട്ടിൽ കോക്കെയുടെയും ഇയാഗോ അസ്പാസിന്റെയും കിക്കുകൾ തടുത്തിട്ടാണ് അക്കിൻഫീവ് റഷ്യക്ക് ക്വാർട്ടറിലേക്ക് ടിക്കറ്റ് സമ്മാനിച്ചത്. ആന്ദ്രെ ഇനിയേസ്റ്റ, ജെറാർഡ് പീക്വെ, സെർജിയോ റാമോസ് എന്നിവർ ലക്ഷ്യം. കണ്ടു. റഷ്യക്കായി കിക്കെടുത്ത സ്‌മോളോവ്, ഇഗ്നാസെവിച്ച്, ഗോളോവിൻ, ചെറിഷേവ് എന്നിവർ കൃത്യമായി പന്ത് വലയിലെത്തിക്കുകയും ചെയ്തു. 2010-ലെ ജേതാക്കൾക്ക് പിന്നീട് രണ്ടുതവണയും കാര്യമായ നേട്ടമുണ്ടാക്കാനായില്ല എന്നത് സ്പാനിഷ് ഫുട്‌ബോളിനെ ഇരുത്തിച്ചിന്തിപ്പിച്ചേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP