Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ്യ സംഘടിപ്പിച്ച കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു

ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ്യ സംഘടിപ്പിച്ച കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു

ദോഹ. ജീവിതത്തിന് ദിശാബോധം നൽകി സംസ്‌കാര സമ്പന്നരും മൂല്യമുള്ളവരുമായ സമൂഹത്തെ സൃഷ്ടിക്കുന്ന അദ്ധ്യാപകർ പ്രവാചക നിയോഗത്തിന്റെ പിന്മുറക്കാരാണെന്നും സമൂഹത്തിന്റെ ക്ഷേമൈശ്വര്യ പൂർണമായ വളർച്ചാവികാസത്തിനായി സ്വയം കത്തിയെരിയുന്ന വിളക്കുമാടങ്ങളെന്ന നിലക്ക് അദ്ധ്യാപകരെ സമൂഹം വേണ്ടരീതിയിൽ പരിഗണിക്കണമെന്നും ഖത്തർ യൂണിവേർസിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുൻതസർ ഫായിസ് അൽ ഹമദ് അഭിപ്രായപ്പെട്ടു. പത്താം തരം മദ്രസ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതിനായി ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ്യ സിഐസി ഹാളിൽ സംഘടിപ്പിച്ച കോൺവെക്കേഷൻ സെറിമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഹലോകത്തും പരലോകത്തും വഴി വിളക്കുകളാകാനും നന്മയുടെ പൂമരങ്ങളായി മാറാനും സഹായിക്കുന്ന ധാർമിക വിദ്യാഭ്യാസം അക്ഷരങ്ങൾക്കുമപ്പുറം ആശയ സമ്പുഷ്ടമായ ചിന്തയുടേയും അന്വേഷണത്തിന്റേയും അതിരുകളില്ലാത്ത ലോകത്തേക്ക് കടന്നു ചെല്ലുവാനാണ് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ പ്രചോദിപ്പിക്കുവാനും നന്മയുടേയും മൂല്യങ്ങളുടേയും പിമ്പലത്തിൽ ഉന്നതിയിലേ ക്കെത്തിക്കുവാനും കഴിയുന്ന അനുഗ്രഹീതരായ അദ്ധ്യാപകർ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വമ്പിച്ച സ്വാധീനം ചെലുത്തുവാൻ കഴിയുന്നവരാണ്.

ഏതവസരത്തിലും സക്രിയമാകുന്ന ധാർമികാധ്യാപനങ്ങളാണ് മഹാന്മാരായ അദ്ധ്യാപകരുടെ സവിശേഷത. ക്ളാസു മുറികളെ വിരസവും വിലക്ഷണവുമാക്കാതെ, കുട്ടികളുടെ സ്വാതന്ത്ര ചിന്തയും ബുദ്ധിപരമായ ഉൽസാഹങ്ങളും പരിപോഷിപ്പിക്കുന്ന നിലപാടുകളും സമീപനങ്ങളുമാകും അത്തരം ഗുരുവര്യന്മാരുടെ പ്രത്യേകത. ജീവിതത്തിന് ദിശാബോധം നൽകുന്ന അദ്ധ്യാപകരാവുകയെന്നത് മഹത്തായ സൗഭാഗ്യമാണ് .

ലോകം ശാസ്ത്ര സാങ്കേതിക വിദ്യയിൽ അഭൂതപൂർവമായ വളർച്ചയാണ് അനുദിനം നേടുന്നത്. ഇതൊന്നും പക്ഷേ അദ്ധ്യാപകന്റെ പങ്ക് ചെറുതാക്കുന്നില്ല. മറിച്ച് കൂടുതൽ സങ്കീർണവും പ്രസക്തവുമാക്കുകയാണ് ചെയ്യുന്നത്. സമൂഹത്തിൽ എല്ലാ നിലക്കും ഉയർന്നുനിൽക്കുവാൻ അദ്ധ്യാപകർക്ക് കഴിയുകയും സമൂഹം അദ്ധ്യാപകരോട് അർഹമായ കടപ്പാടും സ്നേഹാദരവുകളും നിലനിർത്തുകയും ചെയ്യുമ്പോഴാണ് സമൂഹം കൂടുതൽ പ്രബുദ്ധവും ഊർജസ്വലവുമാകുന്നത്. ധാർമിക ശിക്ഷണം ലഭിക്കുന്ന വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് മരണാനന്തരവും ഗുണം ചെയ്യുന്നവരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ വൈജ്ഞാനികവും ബുദ്ധിപരവുമായ വളർച്ചാ വികാസത്തിന് നേതൃത്വം നൽകുകയും ധാർമിക സനാതന നൈതിക മൂല്യങ്ങളെ മുറുകെ പിടിക്കുന്ന പുതിയ തലമുറയെ വാർത്തെടുക്കുന്നവരുമായ അദ്ധ്യാപക സമൂഹത്തിന്റെ സേവനങ്ങളെ അംഗീകരിക്കാനും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ അമൂല്യ സംഭാവനകളെ വിലയിരുത്താനും നാം തയ്യാറാവണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പത്താം ക്ളാസ് പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ അദ്ദേഹം വിതരണം ചെയ്തു.

സിഐ.സി. പ്രസിഡണ്ട് കെ.സി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ് സംസാരിച്ചു. മദ്രസ പിടി.എ. പ്രസിഡണ്ട് ഡോ. അമാനുല്ല വടക്കാങ്ങര, ട്രഷറർ കെ. എൽ. ഹാഷിം, നിർവാഹക സമിതി അംഗം മുകർറം, വനിതാ പിടി.എ. ഉപാധ്യക്ഷ മാജിദ മുകർറം, സിഐ.സി. വൈസ് പ്രസിഡണ്ട് ആർ.എസ്. അബ്ദുൽ ജലീൽ, ജനറൽ സെക്രട്ടറി അബ്ദുസ്സലാം ബിൻ ഹസൻ, കൾചറൽ ഫോറം പ്രസിഡണ്ട് ഡോ. താജ് ആലുവ, കെയർ ആൻഡ് ക്യൂർ മാനേജിങ് ഡയറക്ടർ ഇ.പി. അബ്ദുറഹിമാൻ, വക്റ മദ്രസ പ്രിൻസിപ്പൽ എം ടി. ആദം എന്നിവർ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പത്താം ക്ളാസ് പരീക്ഷയിൽ ഉയർന്നമാർക്കുനേടുന്ന വിദ്യാർത്ഥികൾക്കായി അൽ മുഫ്ത റെന്റ് എ കാർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകൾ ജനറൽ മാനേജർ ഫാസിൽ അബ്ദുൽ ഹമീദ് വിതരണം ചെയ്തു. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് വസീം അബ്ദുൽ വാഹിദ്, നബീല അബ്ദുൽ ഖാദിർ എന്നിവർ സംസാരിച്ചു. ഫാദിൽ മുഹമ്മദ് റിയാസ് ഖുർആൻ പാരായണം നടത്തി. ഇഹാബ് നൗഷാദ്, റഷ ജുറൈജ്, റിദ ഫാത്വിമ എന്നിവരുടെ ഗാനാലാപനം പരിപാടിക്ക് കൊഴുപ്പേകി. . മദ്രസ അക്ടിങ് പ്രിൻസിപ്പൽ സഫീർ മമ്പാട് സ്വാഗതവും വൈസ് പ്രിൻസിപ്പൽ സിദ്ധീഖ് എം ടി. നന്ദിയും പറഞ്ഞു. നവാൽ അബൂബക്കർ, റുമാന ഫിദ, ഹന അബുലൈസ് എന്നിവർ അവതാരകരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP