Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരമേശ്വർജിയുടെ കാൽതൊട്ട് വന്ദിച്ച് അനുരഞ്ജനത്തിലൂടെ മഞ്ഞുരുക്കി അമിത് ഷാ; തന്റെ മനസ്സിൽ കെ സുരേന്ദ്രനെന്ന് തുറന്ന് പറഞ്ഞത് തന്ത്രപരമായി; ആരോടും എതിർപ്പില്ലെന്നും തങ്ങളെ അംഗീകരിക്കുന്നവരാകണം പ്രസിഡന്റെന്നും മറുപടി നൽകി പരിവാർ നേതൃത്വവും; വി മുരളീധരനോടുള്ള എതിർപ്പും ചർച്ചയായി; ജനറൽ സെക്രട്ടറിമാരെ ആലോചനയിലൂടെ മാത്രമേ നിയമിക്കൂവെന്ന ഉറപ്പു നൽകി ദേശീയ അധ്യക്ഷന്റെ മടക്കം; ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തന്നെ കൂടുതൽ സാധ്യത

പരമേശ്വർജിയുടെ കാൽതൊട്ട് വന്ദിച്ച് അനുരഞ്ജനത്തിലൂടെ മഞ്ഞുരുക്കി അമിത് ഷാ; തന്റെ മനസ്സിൽ കെ സുരേന്ദ്രനെന്ന് തുറന്ന് പറഞ്ഞത് തന്ത്രപരമായി; ആരോടും എതിർപ്പില്ലെന്നും തങ്ങളെ അംഗീകരിക്കുന്നവരാകണം പ്രസിഡന്റെന്നും മറുപടി നൽകി പരിവാർ നേതൃത്വവും; വി മുരളീധരനോടുള്ള എതിർപ്പും ചർച്ചയായി; ജനറൽ സെക്രട്ടറിമാരെ ആലോചനയിലൂടെ മാത്രമേ നിയമിക്കൂവെന്ന ഉറപ്പു നൽകി ദേശീയ അധ്യക്ഷന്റെ മടക്കം; ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തന്നെ കൂടുതൽ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ആരെത്തിയാലും പ്രശ്‌നമില്ലെന്ന് ആർഎസ്എസ് സംസ്ഥാന നേതൃത്വം അമിത് ഷായെ അറിയിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന രഹസ്യയോഗത്തിലാണ് പരിവാറുകാർ നിലപാട് വിശദീകരിച്ചത്. ആരെ പ്രസിഡന്റാക്കിയാലും അംഗീകരിക്കും. എന്നാൽ അവർ സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ട് പോയാൽ ആർ എസ് എസിന്റെ സഹകരണം ബിജെപിക്ക് കിട്ടില്ലെന്നാണ് പരിവാർ നേതാക്കൾ ബിജെപി ദേശീയ അധ്യക്ഷനെ അറിയിച്ചത്. വി മുരളീധരന്റെ കേരളത്തിലെ ഇടപെടൽ അതിരുവിടുന്നുവെന്നും സംഘ നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രമേ തീരുമാനങ്ങൾ എടുക്കാവൂവെന്നും പരിവാറുകാർ അറിയിച്ചു. കെ സുരേന്ദ്രനെ പ്രസിഡന്റാക്കിയാലും അംഗീകരിക്കുമെന്ന സൂചനയാണ് ആർഎസ് എസ് നേതൃത്വവും ചർച്ചയ്ക്ക് ശേഷം പങ്കുവയ്ക്കുന്നത്. ആർഎസ്എസ് ദേശീയ നേതൃത്വവുമായി കേരളത്തിലെ വിഷയങ്ങൾ അമിത് ഷാ ചർച്ച ചെയ്യും. അതിന് ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.

കേരളത്തിലെ ബിജെപി അധ്യക്ഷൻ ആരാകണമെന്ന് കോർ കമ്മറ്റി യോഗത്തിൽ അമിത് ഷാ ചോദിച്ചിരുന്നു. എന്നാൽ ആരും ഒരാളുടെ പേര് മുന്നോട്ട് വച്ചില്ലെന്നാണ് സൂചന. കോർ കമ്മറ്റി അംഗങ്ങളുമായി വിശദമായ ചർച്ചയാണ് അമിത് ഷാ നടത്തിയത്. ആരും പേരു പറയാത്ത സാഹചര്യത്തിൽ ആർ എസ് എസുമായി ചർച്ച ചെയ്ത് അധ്യക്ഷനെ കണ്ടെത്താൻ അമിത് ഷാ തീരുമാനിച്ചു. രാത്രിയിൽ നടന്ന യോഗത്തിൽ ആർഎസ്എസ് പക്ഷത്ത് നിന്ന് നാലു പേർ മാത്രമാണ് പങ്കെടുത്തത്. ഹരികൃഷ്ണൻ, ഗോപാലൻ കുട്ടി മാസ്റ്റർ, ബൽറാം, എം രാധാകൃഷ്ണൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. സംഘടന അഴിച്ചു പണിയും ഇതോടൊപ്പം വേണമെന്ന് ആർഎസ്എസ് ആവശ്യമുണ്ട്. ഇത് അമിത് ഷാ അംഗീകരിച്ചിട്ടുണ്ട്. വി മുരളീധരൻ കേരളത്തിൽ സംഘടനാപരമായി ഇടപെടില്ലെന്ന ഉറപ്പും അമിത് ഷായിൽ നിന്ന് ആർഎസ്എസ് വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കെ സുരേന്ദ്രനെ ബിജെപി പ്രസിഡന്റായി നിയമിച്ചാലും ആർഎസ്എസ് എതിർക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കെ സുരേന്ദ്രനൊപ്പം പി എസ് ശ്രീധരൻ പിള്ളയും സജീവമായി തന്നെ പരിഗണിക്കുന്നുണ്ട്. എന്നാൽ സംഘടനയിൽ ശ്രീധരൻ പിള്ളയ്ക്ക് മതിയായ പിന്തുണയില്ലെന്ന് ബിജെപി ദേശീയ നേതൃത്വം തിരിച്ചറിയുന്നു. എംടി രമേശ്, എഎൻ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പികെ കൃഷ്ണദാസ് മുന്നോട്ട് വയ്ക്കുന്നത്. ഈ രണ്ട് പേരുകളോടും അമിത് ഷായ്ക്ക് തീരെ താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ സാധ്യത കൂടുന്നത്. കുമ്മനത്തെ ത്രിപുര ഗവർണ്ണറായി നിയമിച്ചപ്പോൾ തന്നെ സുരേന്ദ്രനെ അധ്യക്ഷനാക്കാൻ അമിത് ഷാ തീരുമാനിച്ചിരുന്നു. എന്നാൽ തങ്ങളോട് ആലോചിക്കാതെ തീരുമാനം പ്രഖ്യാപിച്ചാൽ അവരെ അംഗീകരിക്കില്ലെന്ന് ആർഎസ്എസ് നിലപാട് എടുത്തു. പ്രാന്തകാര്യവാഹായ ഗോപാലൻകുട്ടി മാസ്റ്ററാണ് സുരേന്ദ്രനെ ശക്തമായി എതിർത്തത്. ഈ സാഹചര്യത്തിലാണ് അനുരജ്ഞന ചർച്ചയ്ക്ക് അമിത് ഷാ കേരളത്തിലെത്തിയത്.

പാർട്ടി കോർ കമ്മറ്റി യോഗത്തിൽ നേതാക്കളോട് ഇതേ പറ്റി വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ അമിത് ഷായോട് ആരും ഒന്നും പറഞ്ഞില്ല. പി എസ് ശ്രീധരൻ പിള്ള മാത്രമാണ് യോഗത്തിൽ അമിത് ഷായോട് പരാതി പറഞ്ഞതെന്നും സൂചനയുണ്ട്. ചെങ്ങന്നൂരിലെ തന്റെ തോൽവിക്ക് കാരണം വി മുരളീധരനാണെന്നും അല്ലെങ്കിൽ താൻ ജയിക്കുമായിരുന്നുവെന്നും ശ്രീധരൻ പിള്ള തുറന്നടിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് തന്നേയും പരിഗണിക്കുന്നുവെന്നതിനാൽ പ്രസിഡന്റ് പദത്തെ കുറിച്ച് ശ്രീധരൻ പിള്ളയും ഒന്നും പറഞ്ഞില്ല. ഇതിന് ശേഷം നടന്ന യോഗങ്ങളിലൊന്നും പ്രസിഡന്റ് പദ ചർച്ച അമിത് ഷാ സജീവമാക്കിയില്ല. മറിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയങ്ങളാണ് വിശദീകരിച്ചത്. അതിന് ശേഷം വിചാരകേന്ദ്രത്തിലെത്തി ആർഎസ്എസ് താത്വകാചാര്യനായ പി പരമേശ്വരനെ അമിത് ഷാ കണ്ടു. പിന്നീടായിരുന്നു ആർഎസ്എസ് നേതൃത്വവുമായുള്ള ചർച്ച. പി പരമേശ്വരന്റെ കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങിയാണ് ആർ എസ് എസുമായുള്ള ചർച്ചയ്ക്ക് അമിത് ഷാ പോയത്.

തന്റെ മനസ്സിലുള്ളത് യുവ നേതാവായ സുരേന്ദ്രനാണെന്ന് അമിത് ഷാ സൂചിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പുതിയ നേതൃത്വം കേരളത്തിൽ വരണമെന്നാണ് ആഗ്രഹമെന്നായിരുന്നു പരാമർശം. ഇതിനെ ആർ എസ് എസും അംഗീകരിച്ചു. ജനറൽ സെക്രട്ടറിമാരുൾപ്പെടെ എല്ലാവരേയും മാറ്റും. ബിജെപിയിലേക്ക് പരിവാർ നിയോഗിച്ച എൽ ഗണേശും സുഭാഷിനേയും പിൻവലിക്കില്ല. ഇരവരും ബിജെപി നേതൃത്വത്തിൽ തുടരും. ഇതിനൊപ്പം സംഘടനയിലെ എല്ലാ പദവയിലേക്കും ആർ എസ് എസുമായി കൂടിയാലോചനയിലൂടെ ഭാരവാഹികളെ നിശ്ചയിക്കും. ജില്ലാ പ്രസിഡന്റുമാരെ നിയോഗിക്കുന്നതും ഇത്തരത്തിലായിരിക്കും. പുതിയ പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം ജനറൽ സെക്രട്ടറിമാരെ നിയമിക്കില്ലെന്നും അമിത് ഷാ ആർഎസ്എസ് നേതൃത്വത്തിന് ഉറപ്പ് കൊടുത്തിട്ടുണ്ട്. ഇതോടെയാണ് അനുനയത്തിന് ആർഎസ്എസ് തയ്യാറായത്. തനിക്ക് നിയന്ത്രിക്കാൻ പറ്റുന്ന പ്രസിഡന്റിനെയാണ് കേരളത്തിൽ വേണ്ടതെന്ന നിലപാടും അമിത് ഷാ വിശദീകരിച്ചിട്ടുണ്ട്.

പ്രത്യേക സാഹചര്യത്തിലാണ് കുമ്മനത്തെ മിസോറാം ഗവർണ്ണറാക്കിയത്. ചെങ്ങന്നൂരിലെ തോൽവിയിൽ കുമ്മനത്തിന്റെ പ്രതിച്ഛായ നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഇതെന്നും അമിത് ഷാ അറിയിച്ചു. തിരുവനന്തപുരത്ത് മത്സരിക്കാൻ കുമ്മനത്തെ പരിഗണിക്കുണ്ടെന്ന സൂചനയും അമിത് ഷാ നൽകി. 'കുമ്മനം രാജശേഖരന് ഗവർണ്ണർ പദവി, അൽഫോൻസ് കണ്ണന്താനത്തിന് മന്ത്രിപദം, വി മുരളീധരന് എംപി സ്ഥാനം. ഇത്രയുമൊക്കെ തന്നില്ലേ?'' എന്ന ചോദ്യമാണ് ബിജെപി കോർകമ്മറ്റി യോഗത്തിൽ അമിത് ഷാ ചോജിച്ചത്. ''എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ ബിജെപി വലിയ പരാജയമായി മാറുന്നത്?'' ഹൃദയ വേദനയോടെ ഷാ ചോദിച്ചപ്പോൾ നേതാക്കൾക്ക് ഉത്തരം മുട്ടി. ഇതിന് ശേഷമായിരുന്നു സംസ്ഥാന അധ്യക്ഷനുമായി ബന്ധപ്പെ്ടട ചർച്ചകൾ നടത്തിയത്. ''വലിയ പ്രതീക്ഷയോടെയാണ് കേരളത്തിൽ നിന്നുള്ളവർക്ക് ദേശീയ തലത്തിൽ ശ്രദ്ധേയമായ പദവികൾ നൽകിയതെന്നും എന്നാൽ അത് ഉദ്ദേശിച്ച പോലെ ഫലം കണ്ടില്ലെന്നും അമിത് ഷാ വിമർശിച്ചു. ഈ നേതാക്കളെ ഉയർത്തിക്കാട്ടി ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കുന്നതിൽ സംസ്ഥാന നേതൃത്വം അമ്പേ പരാജയപ്പെട്ടു.''-എന്ന വിലയിരുത്തലാണ് അമിത് ഷാ നടത്തിയത്.

അമിത് ഷാ പാർട്ടി നേതാക്കളുടെ യോഗത്തിലാണ് പ്രത്യേക മണ്ഡലങ്ങളെ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയത്. 11 മണ്ഡലങ്ങളാണ് അമിത് ഷാ തെരഞ്ഞെടുത്തിരിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാൻ സാധിക്കും എന്നുറപ്പുള്ള മണ്ഡലങ്ങളാണിവ എന്ന് അമിത് ഷാ കരുതുന്നു. കാസർകോട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ചാലക്കുടി, തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ മണ്ഡലങ്ങളിലാണ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുക. കാസർകോട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ചാലക്കുടി എന്നീ മണ്ഡലങ്ങൾ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്റെ ചുമതലയിലായിരിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ മണ്ഡലങ്ങൾ കർണാടകയിൽ നിന്നുള്ള എംപി നളീൻകുമാർ കട്ടീലിനാണ്.

അപ്രധാനമെന്ന് അമിത് ഷാ മനസ്സിലാക്കുന്ന മറ്റ് മണ്ഡലങ്ങളുടെ ചുമതല മാത്രമേ കേരള നേതാക്കൾക്കുള്ളൂ. വി മുരളീധരൻ എംപി, പികെ. കൃഷ്ണദാസ്, സികെ. പത്മനാഭൻ, പിഎസ് ശ്രീധരൻപിള്ള എന്നിവർക്കാണ് മറ്റു മണ്ഡലങ്ങളുടെ ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP