Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിൽ ഏഷ്യാനെറ്റിന് വിലക്ക്; ആന എഴുന്നള്ളിപ്പിനെതിരെ വാർത്ത എഴുതിയവർ ചടങ്ങ് റിപ്പാർട്ട് ചെയ്യേണ്ട; ഹിന്ദുക്കൾക്ക് എതിരെയാണ് ഏഷ്യാനെറ്റിന്റെ പ്രവർത്തനമെന്ന് ആനപ്രേമികളും ആനയുടമകളും; ചാനൽ ബഹിഷ്‌ക്കരിക്കാനും ആഹ്വാനം

വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിൽ ഏഷ്യാനെറ്റിന് വിലക്ക്; ആന എഴുന്നള്ളിപ്പിനെതിരെ വാർത്ത എഴുതിയവർ ചടങ്ങ് റിപ്പാർട്ട് ചെയ്യേണ്ട; ഹിന്ദുക്കൾക്ക് എതിരെയാണ് ഏഷ്യാനെറ്റിന്റെ പ്രവർത്തനമെന്ന് ആനപ്രേമികളും ആനയുടമകളും; ചാനൽ ബഹിഷ്‌ക്കരിക്കാനും ആഹ്വാനം

കെ വി നിരഞ്ജൻ

തൃശ്ശൂർ: ആന എഴുന്നള്ളിപ്പിനെതിരെ വാർത്ത നൽകിയതിന്റെ പേരിൽ വടക്കുംനാഥ ക്ഷേത്രത്തിൽ നടക്കുന്ന ആനയൂട്ട് പരിപാടിയിൽ ഏഷ്യാനെറ്റ് വാർത്താ സംഘത്തെ പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് ആനപ്രേമികളും ആനയുടമകളുമെല്ലാമടങ്ങുന്ന സംഘം രംഗത്ത്. ശ്രീ വടക്കുന്നാഥൻ ക്ഷേത്ര ക്ഷേമ സമിതിയെന്ന സംഘടനയുടെ പേരിൽ ഏഷ്യാനെറ്റ് മാനേജിങ് ഡയരക്ടർക്ക് കത്ത് നൽകിയ സംഘടന, തൃശ്ശൂർ ടൗണിൽ മുഴുവൻ ഏഷ്യാനെറ്റിനെതിരെ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ബഹിഷ്‌ക്കരിക്കുക എന്നാഹ്വാനം ചെയ്തുകൊണ്ട് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റിയും നഗരത്തിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ആന എഴുന്നള്ളിപ്പ് എന്നതിൽനിന്ന് മാറി മൊത്തം ഹിന്ദുക്കൾക്കെതിരെയാണ് ഏഷ്യാനെറ്റിന്റെ പ്രവർത്തനം എന്ന തരത്തിലേക്ക് കാര്യങ്ങളെ മാറ്റിയാണ് സംഘടന പ്രചരണം നടത്തുന്നത്. ആന എഴുന്നള്ളിപ്പുകൾക്കെതിരെയും ആനയോടുള്ള പീഡനങ്ങൾക്കെതിരെയും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത രണ്ട് പരിപാടികളാണ് ക്ഷേത്ര ക്ഷേമ സമിതിയെ പ്രകോപിപ്പിച്ചിട്ടുള്ളത്.

കേരളത്തിലെ പൂരം ഉൾപ്പെടെയുള്ള ഉത്സവ ആഘോഷങ്ങളിലെയും ആന എഴുന്നള്ളിപ്പുകളെ ഭീകര സംഭവമാക്കി ചിത്രീകരിച്ചുകൊണ്ടാണ് ഏഷ്യാനെറ്റ് ചാനലിൽ 'നാട്ടാനകളുടെ കൂട്ടമരണം' എന്ന പരിപാടിയും, അതിന് മുമ്പ് 'കരിയും വേണ്ട കരിമരുന്നും വേണ്ട' എന്ന പരിപാടിയും സംപ്രേഷണം ചെയ്തത്.

വിദേശപണം പറ്റിക്കൊണ്ട് കേരളത്തിലെ സംസ്‌ക്കാരവും ആന എഴുന്നള്ളിപ്പും താറടിച്ചുകാണിക്കുന്നതിനും നിർത്തലാക്കുന്നതിനും വേണ്ടിയാണ് ഇത്തരം പരിപാടികൾ ചാനൽ സംപ്രേഷണം ചെയ്യുന്നത്. അതുകൊണ്ട് മുഴുവൻ ആന പ്രേമികളെയും ഉത്സവ പ്രേമികളെയും പോലെ ഞങ്ങളും ഈ പരിപാടിക്കെതിരെയും ചാനലിനെതിരെയും ശക്തമായി പ്രതികരിക്കുകയാണെന്നാണ് ചാനൽ എം ഡിക്ക് കത്ത് നൽകിയിട്ടുള്ളത്.

ജൂലൈ 17 ന് വടക്കുംനാഥ ക്ഷേത്രത്തിൽ നടക്കുന്ന ആനയൂട്ടിൽ ചാനൽ പ്രതിനിധിയെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന തീരുമാനം അറിയിക്കുയാണ്. ആനയൂട്ടിന്റെ ഭംഗിയായ നടത്തിപ്പിനും ക്ഷേത്രാന്തരീക്ഷം കലുഷിതമാകാതിരിക്കുന്നതിനും വേണ്ടി താങ്കളുടെ ചാനൽ പ്രതിനിധിയെ പ്രസ്തുത സ്ഥലത്തേക്ക് അയക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു എന്ന ഭീഷണിയോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്.

ആനകളോടുള്ള പീഡനങ്ങൾക്കെതിരെ വാർത്ത നൽകി എന്നതിന്റെ പേരിൽ ഒരു പരിപാടി റിപ്പോർട്ട് ചെയ്യാൻ ഒരു മാധ്യമ സ്ഥാപനത്തിന് വിലക്കേർപ്പെടുത്തുന്നത് ഫാസിസ്റ്റ് നടപടിയാണെന്ന് മാധ്യമ പ്രവർത്തകർ പറയുന്നു. ദേവസ്വം ബോർഡിന്റെ നിലപാടുകൾക്ക് വിരുദ്ധമായി ഒരു സംഘം ആളുകൾ മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സ്ഥിതിയാണ് തൃശ്ശൂരിൽ കാണാൻ കഴിയുന്നത്. നഗരം മുഴുവൻ ചാനലിനെ ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ചുകൊണ്ട് ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്.

കേരളത്തിലെ ഉത്സവാഘോഷങ്ങളും ആന എഴുന്നള്ളിപ്പും ഇല്ലാതാക്കുവാനുള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ മാധ്യമ തെമ്മാടിത്തരത്തിന് എതിരെ ജൂലൈ 17 ന് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ തെക്കേ ഗോപുര നടയിൽ ഏകദിന ഉപവാസ സമരം നടത്തുമെന്നും ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇടതുപക്ഷ സംഘടനകൾ പോലും ഇക്കാര്യത്തിൽ യാതൊരു അഭിപ്രായവും പറഞ്ഞിട്ടില്ല. ആനപ്രേമികളെയും ഉത്സവപ്രേമികളെയും വെറുപ്പിക്കേണ്ട എന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. വാർത്തകൾ നൽകിയതിന്റെ പേരിൽ എല്ലാവരും ഇത്തരത്തിൽ വിലക്കുകൾ ഏർപ്പെടുത്താൻ തുടങ്ങിയാൽ തങ്ങളെന്തു ചെയ്യും എന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP