Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സദ്ദാം ഹുസൈന്റെ പേരിൽ ഹർത്താൽ; ബിൻലാദനെകുറിച്ച് കവിത; സലാം മടക്കാൻ പഠിക്കുന്ന ബുദ്ധിജീവി; മഹാത്മാഗാന്ധിയോളം ഉയർന്ന മദനി; പ്രിയസഖാവിനെ കൊന്നത് എസ്ഡിപിഐയാണെന്ന് പറയാൻ പേടിക്കുന്ന നേതാക്കളും അനുഭാവികളും: ഒരുപാവം ആദിവാസി പയ്യന്റെ ചോര മണക്കുമ്പോൾ നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്? ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത ഇരട്ടച്ചങ്കാ എന്തുകൊണ്ടാണ് ഇടതുപക്ഷം ഇങ്ങനെ തീവ്രവാദികളെ ഭയക്കുന്നത്?

സദ്ദാം ഹുസൈന്റെ പേരിൽ ഹർത്താൽ; ബിൻലാദനെകുറിച്ച് കവിത; സലാം മടക്കാൻ പഠിക്കുന്ന ബുദ്ധിജീവി;  മഹാത്മാഗാന്ധിയോളം ഉയർന്ന മദനി; പ്രിയസഖാവിനെ കൊന്നത് എസ്ഡിപിഐയാണെന്ന്  പറയാൻ പേടിക്കുന്ന നേതാക്കളും അനുഭാവികളും: ഒരുപാവം ആദിവാസി പയ്യന്റെ ചോര മണക്കുമ്പോൾ നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്? ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത ഇരട്ടച്ചങ്കാ എന്തുകൊണ്ടാണ് ഇടതുപക്ഷം ഇങ്ങനെ തീവ്രവാദികളെ ഭയക്കുന്നത്?

എഡിറ്റോറിയൽ

ലോക പ്രശസ്ത പരിണാമ ശാസ്ത്രജ്ഞനും എഴുത്തുകാരനും ബുദ്ധിജീവിയുമായ റിച്ചാർഡ്ഡോക്കിൻസിനോട് ന്യൂയോർക്ക് ടൈംസ് സംഘടിപ്പിച്ച സംവാദത്തിൽ ഇങ്ങനെ ചോദിച്ചു:ക്രിസ്ത്യാനിറ്റിയെയും ബൈബിളിനെയും ഇഴകീറി വിമർശിക്കുന്ന താങ്കൾ എന്തുകൊണ്ടാണ് ഖുർആനെയും ഇസ്ലാമിനെയും അതേ നാണയത്തിൽ വിമർശിക്കാത്തത്. ഡോക്കിൻസിന്റെ മറുപടി അരമണിക്കൂർകൊണ്ട് ഒരുലക്ഷം പേർ കാണുന്ന രീതിയിൽ വൈറലായിരുന്നു. 'ലളിതമായിപ്പറഞ്ഞാൽ എനിക്ക് പേടിയാണ്'.ഇതിൽ കൂടുതൽ ഒരു മറുപടി ഇല്ല. പേടിപ്പിക്കുന്ന നിലയിൽ എന്തോ ഒന്ന് ഈ ഭൂമുഖത്ത് വളരുന്നുണ്ടെങ്കിൽ അത് ഇസ്ലാമിക 
തീവ്രവാദംതന്നെയാണ്.അതിനെ ലോകം ഭയക്കുന്നു.സ്വതന്ത്ര ചിന്തകർ പോലും ഭയക്കുന്നു.(പക്ഷേ ഇസ്ലാമിസ്റ്റുകൾ ഇതിനെയും ഇസ്ലാമോഫോബിയ എന്നാണ് പറയുക)

ഇനി ഇങ്ങ് കേരളത്തിലേക്ക് വരാം. എൻഡിഎഫ് എന്ന തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയുടെ പുതുരൂപമായ പോപ്പുലർഫ്രണ്ടിന്റെ കുത്തേറ്റ് നെഞ്ചകം പിളർന്ന് മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായ അഭിമന്യുവെന്ന ആദിവാസി വിദ്യാർത്ഥി മരിച്ച പൈശാചികമായ സംഭവത്തിൽ, ചിന്താജെറോമും ദീപാ നിശാന്തും തൊട്ട് സാക്ഷാൽ കോടിയേരി ബാലകൃഷ്ണൻ വരെയുള്ളവരുടെ നാണം കെട്ട പ്രതികരണം നോക്കുക. പോപ്പുലർ ഫ്രണ്ടിനെയും അവരുടെ രാഷ്ട്രീയപ്രസ്ഥാനമായ എസ്ഡിപിഐയെയുംസിപിഎം എത്രമാത്രം ഭയക്കുന്നുവെന്നും, ഇസ്ലാമിക തീവ്രവാദത്തെ എങ്ങനെ വെള്ളപൂശുന്നുവെന്നതിന്റെയും ക്ലാസിക്ക് ഉദാഹരണങ്ങളാണ് ഇവ.

ചിന്ത ജെറോമിന് അഭിമന്യുവിനെ കൊന്നത് എത് സംഘടനയാണെന്നുപോലും അറിയില്ല.( മുമ്പ് എതോ ചന്ദ്രശേഖരനെ ആരോ വെട്ടിക്കൊന്നതിന് ഞങ്ങൾ എന്തുചെയ്യാനാണെന്ന് ഇപി ജയരാജൻ പറഞ്ഞതാണ് ഓർമ്മ വരുന്നത്) എസ്ഡിപിഐയുടെ കൊലപാതകങ്ങളുടെ നിര അമ്പതോളം അടുത്തിട്ടും ചിന്തക്ക് അത് ഒറ്റപ്പെട്ട സംഭവമാണ്. സംഘപരിവാറിനെ അതിശക്തമായി എതിർക്കുന്ന ദീപ നിശാന്തിനും അറിയില്ല ആരാണ് കൊലപാതകികളെന്ന്. ഈ അഴകൊഴമ്പൻ നിലപാടുകണ്ട് പാർട്ടി അണികൾ ഫേസ്‌ബുക്കിൽ പൊങ്കാലയിടുമ്പോഴാണ് അവർ തിരുത്തുന്നത്.

ഇനി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിലേക്ക് വരാം.ആർഎസ്എസ്‌ പോലുള്ള ഒരു ഭീകര സംഘടന എന്ന് ആവർത്തിച്ച്‌ പറഞ്ഞ്‌
 'ബാലൻസ് കെ നായർ' കളിക്കയാണ് കോടിയേരി. എം സ്വരാജ് അടക്കമുള്ള യുവ തീപ്പൊരികളിലും കാണാം ഈ ബാലൻസിങ് എന്ന മാറാരോഗം.ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് പറയുമ്പോൾ ഹൈന്ദവ തീവ്രവാദത്തെക്കുറിച്ചും പറയണമെന്ന വാശിയും ബുദ്ധിമുട്ടും ഇവരുടെയൊക്കെ വാക്കുകളിൽ നിറയുന്നു.ഇത് ഒരുതരം ലോജിക്കൽ ഫാലസിയാണ്. തീക്കളിയുമാണ്.

മത തീവ്രവാദത്തെ തൂക്കിനോക്കുമ്പോൾ, നിങ്ങൾക്ക് കൈ വിറക്കയാണെങ്കിൽ അത് മതേതര കേരളം നേരിടുന്ന വലിയ വിപത്തിന്റെ സൂചനയാണ്. സിപിഎം പോലുള്ള മതേതര പാർട്ടികളുടെ അപചയത്തിന്റെ മറിയാനാട്രഞ്ച് കൂടിയാണിത്. സംഘപരിവാർ ഭീകരതയെക്കുറിച്ച് ശക്തമായി പ്രതികരിക്കുന്ന സിപിഎമ്മിന്, സ്വന്തം പാർട്ടിയിലെ ഒരു കുട്ടിയെ ഒറ്റക്കുത്തിന് ചങ്ക്പിളർത്തി കൊന്നിട്ടും നിങ്ങൾ പ്രതികരിക്കാൻ പേടിയാണെങ്കിൽ, നിങ്ങളെയൊക്കെ ഓർത്ത് നാണിക്കാനേ കേരളീയ സമൂഹത്തിന് കഴിയൂ.

ഇനി ഊരിപ്പിടിച്ച കത്തിയുമായി ആർഎസ്എസ് കോട്ടകളിലുടെ നടന്നുപോയ, ഇന്ദ്രനെയും ചന്ദ്രനെയും ഭയക്കാത്ത ഒരു ഇരട്ടച്ചങ്കൻ ഉണ്ടായിരുന്നല്ലോ ഇവിടെ.സഖാവ് പിണറായി എന്തുകൊണ്ടാണ് ശക്തമായി പോപ്പുലർ ഫ്രണ്ടിനെതിരെ നടപടിയെടുക്കാത്തത് എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നത് പാർട്ടി അറിയുന്നില്ലേ.പത്തുവോട്ടിനുവേണ്ടി ചെറ്റത്തരം ചെയ്യുന്ന പാർട്ടിയല്ല സിപിഎമ്മെന്ന് പിണറായി ഇടക്കിടെ പറയുന്നതാണ്.പോപ്പുലർ ഫ്രണ്ടിനെ പറഞ്ഞാൽ മുസ്ലിം വോട്ടുകൾ ഇല്ലാാതാവുമെന്നത് അനാവശ്യ ഭീതിമാത്രമാണ്.മതേതരത്വത്തിൽ വിശ്വസിക്കുന്ന ഭൂരിഭാഗം മുസ്ലീങ്ങളും അവർക്കെതിരാണ്. എന്നിട്ടും ആരാണ് സിപിഎമ്മിനെ ഈ ഗതികേടിൽ എത്തിച്ചത്? നിങ്ങൾ കാര്യമാക്കാത്ത ഒരു പ്രശ്നംകുടിയുണ്ട് ഇതിൽ. ഈ നിലപാടുതന്നെയാണ് കേരളത്തിൽ ഹൈന്ദവ വർഗീയതക്ക് വളംവെക്കുന്നത്.ഹൈന്ദവ വർഗീയത തടയണമെന്ന് ഇടതുപക്ഷം ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ എല്ലാ വർഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പുലർത്തേണ്ടത്.

പണ്ടുതൊട്ടേ ന്യൂനപക്ഷ പ്രീണനം ഒരു കലയാക്കിയതിന്റെ ദുരന്തഫലം തന്നെയാണ് ഇവയെല്ലാം. അദ്ധ്യാപകൻ ജോസഫ്‌മാഷിന്റെ കൈവെട്ടുകേസിൽ ഇടതുപക്ഷം നേതൃത്വം കേരളീയ സമൂഹം ശക്തമായി ഇടപെട്ടിരുന്നെങ്കിൽ അഭിമന്യുവിന്റെ കൊല ഉണ്ടാകുമായിരുന്നോ. ഈ കൈ വെട്ടു കേസിലെ പ്രതിയായ ആൾ എറണാകുളം വാഴക്കുളം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ
വൻ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്.രാഷ്ട്രീയക്കാർ അതു മനസ്സിലാക്കിയാണ് ഈ വിഷയത്തിൽ ജോസഫ് മാഷിനെ തിരിഞ്ഞു നോക്കാതിരുന്നത്. ഇസ്ലാമിക തീവ്രവാദികളെയും അവരെ ഊട്ടി വളർത്തുന്ന മൗദൂദിയൻ പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയമായി എതിരിടാൻ ഇടതുപക്ഷം അന്നേ ശ്രമിച്ചിരുന്നെങ്കിൽ ഇവരൊന്നും തലപൊക്കില്ലായിരുന്നു.

സദ്ദാംഹുസൈന്റെ പേരിൽ ഹർത്താൽ തൊട്ട് സുധാകരന്റെ ഒബാമ കവിത വരെ

മത തീവ്രവാദികൾ ഓരോ തവണ ചോര വീഴ്‌ത്തുമ്പോഴും ഇവിടുത്തെ ഇടതു ബുദ്ധിജീവികൾ കാരണങ്ങൾ അന്വേഷിച്ച് ദാർശനിക സഞ്ചാരം നടത്തുന്നത് കൗതുകകരമാണ്. ഫിലോസഫിയിലും ചരിത്രത്തിലും സാമൂഹ്യ ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും ആഗോളവൽക്കരണത്തിലും മനഃശ്ശാസ്ത്രത്തിലുമൊക്കെ തട്ടിത്തഴുകി ഇസ്ലാം എന്ന മൂലകാരണമൊഴികെ മറ്റെല്ലാത്തിലും തൊട്ടു തലോടി ഒരു കാറ്റു പോലെ ഒഴുകിവന്ന് സേഫ് സോണിൽ ലാൻഡ് ചെയ്ത് മൂരി നിവർത്തി അലറി വിളിച്ച് നടത്തുന്ന വിപ്ലവ പ്രസംഗങ്ങളോളം പരിഹാസ്യമായ മറ്റെന്താണുള്ളത്. ഫാസിസം, വർഗ്ഗീയത തുടങ്ങിയ വാക്കുകൾ നീട്ടി നിരത്തി വാചാടോപ വിദ്യകൾ കൊണ്ട് കാരണങ്ങളെ ലഘൂകരിക്കുന്നവരാണ് യഥാർത്ഥത്തിൽ മതഭീകരവാദികൾക്ക് ചൂട്ടു കത്തിച്ച് വഴിതെളിച്ചു കൊടുക്കുന്നത്.

ചില ഉദാഹരണങ്ങൾ നോക്കുക. ഇറാക്കിൽ കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല നടത്തിയ നേതാവായിരുന്നു സദ്ദാം ഹുസൈൻ.പക്ഷേ സദ്ദാമിനെ തൂക്കിലേറ്റിയപ്പോൾ കേരളത്തിൽ സിപിഎം നേതൃത്വത്തിൽ പലയിടത്തും ഹർത്താൽ നടന്നു.അക്കാലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പ്രധാന അജണ്ടായിരുന്നു സദ്ദാം! അതുപോലെ തന്നെ ബിൻലാദനോടുള്ള ചില സിപിഎം നേതാക്കളുടെ സമീപനം എന്തായിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണംപോലും  സാമ്രാജ്യത്വത്തിനെതിരായ യുദ്ധമായിട്ടായിരുന്നു ആദ്യഘട്ടത്തിൽ സിപിഎം ത്വാതികാചാര്യന്മാർ വിലയിരുത്തിയത്. നമ്മുടെ മന്ത്രി ജി സുധാകരൻ ഒസാമ ബിൻലാദനെ പ്രകീർത്തിച്ച് ഒരു കവിത കാച്ചുകയും ഉണ്ടായി! അതേസമയം സംഘപരിവാർ ഭീകരതക്കെതിരെ ഇവർക്കാർക്കും വിട്ടുവീഴ്ചയില്ല.ഇതുപോലെ എത്രയെത്ര സംഭവങ്ങൾ.മദനി മഹാത്മാഗാന്ധിയോട് ഇഎംഎസ് ഉപദേശിച്ചത് കേരളം ചർച്ച ചെയ്ത് തേഞ്ഞതാണ്.

മത തീവ്രവാദികൾ ഓരോ തവണ ചോര വീഴ്‌ത്തുമ്പോഴും ഇവിടുത്തെ ഇടതു ബുദ്ധിജീവികൾ കാരണങ്ങൾ അന്വേഷിച്ച് ദാർശനിക സഞ്ചാരം നടത്തുന്നത് കൗതുകകരമാണ്. ഫിലോസഫിയിലും ചരിത്രത്തിലും സാമൂഹ്യ ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും ആഗോളവൽക്കരണത്തിലും മനഃശ്ശാസ്ത്രത്തിലുമൊക്കെ തട്ടിത്തഴുകി ഇസ്ലാം എന്ന മൂലകാരണമൊഴികെ മറ്റെല്ലാത്തിലും തൊട്ടു തലോടി ഒരു കാറ്റു പോലെ ഒഴുകിവന്ന് സേഫ് സോണിൽ ലാൻഡ് ചെയ്ത് മൂരി നിവർത്തി അലറി വിളിച്ച് നടത്തുന്ന വിപ്ലവ പ്രസംഗങ്ങളോളം പരിഹാസ്യമായ മറ്റെന്താണുള്ളത്പോപ്പുലർ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും എസ്എഫ്.ഐക്കുനേരെ വാളെടുക്കുന്നത് ഇത് ആദ്യമല്ല. പാങ്ങോട് മന്നാനിയ കോളജിൽ കാമ്പസ് ഫ്രണ്ടുകാർ തകർത്ത എസ്.എഫ്.ഐ യുടെ കൊടിമരം പുനഃസ്ഥാപിക്കാൻ അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന സാക്ഷാൽ പിണറായി വിജയൻ ചെല്ലേണ്ടി വന്നത് ഏതാണ്ട് പതിനഞ്ച് വർഷം മുമ്പാണ്.പ്രശ്നത്തിൽ ഇടപെട്ട ലോക്കൽ സഖാക്കൾ ഒന്നടങ്കം വെട്ടുകൊണ്ട് ആശുപത്രിയിലായ പശ്ചാത്തലത്തിൽ ആയിരുന്നു അത്.
ഇന്ന് ആ സംഘടന എത്രയോ വളർന്നു കഴിഞ്ഞു. വെട്ടും കുത്തുമൊന്നുമല്ല, കടുത്ത സാമുദായിക വിദ്വേഷത്തിന്റെ വിഷവിത്തുകൾ അവർ കേരളത്തിലാകെ വിതച്ചു കഴിഞ്ഞു.എന്നിട്ടും അവരോട് മൃദു സമീപനം പുലർത്തുന്നവർ സഹതാപംപോലും അർഹിക്കുന്നില്ല.

ഇരവാദത്തിന്റെ ദുരന്തം; സലാം മടക്കാൻ പഠിക്കുന്ന സാംസ്‌കാരിക നായകർ

അതിനിടയിൽ കെ.ഇഎൻ കുഞ്ഞഹമ്മദിന്റെ നേതൃത്വത്തിൽ താത്വികമായ വിശകലനത്തിലൂടെ ചില ഒളിയജണ്ടകളും കേരളത്തിലെ സിപിഎമ്മിലേക്ക് തിരുകിക്കയറ്റി.അതിൽ ഒന്നാണ് ഇരവാദം.ഇന്ത്യയിലെ മുസ്ലീങ്ങൾ മൊത്തമായി സംഘപരിവാർ ഫാസിസത്തിന്റെ
ഇരകളാണെന്നും അതിനാൽ ഇരകളുമായി ഐക്യപ്പെടുകയാണ് വേണ്ടതെന്നുമുള്ളതായിരുന്നു ഈ കപട സിദ്ധാന്തം. ഈ ഇരവാദം ഫലത്തിൽ ഗുണം ചെയ്തത് ജമാഅത്തെ ഇസ്ലാമി,പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകൾക്കാണ്.ഇരയാക്കപ്പെട്ട സമുദായങ്ങളോട് ഐക്യപ്പെടുകയെന്ന രീതിയിൽ കെഇഎന്നും പികെ പോക്കർമാഷും ഗുലാബ് ജാനുമൊക്കെ ഇവരുടെ വേദികളിൽ പങ്കെടുത്തത് ഈ സംഘടനകൾക്കു ഉണ്ടാക്കിക്കൊടുത്ത സ്വീകാര്യത ചെറുതല്ല.പോപ്പുലർ ഫ്രണ്ടിന്റെ കോഴിക്കോട് നടന്ന ദേശീയ സമ്മേളനത്തിലെ സാംസ്കാരിക സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായിരുന്നു ഇടതുപക്ഷ ബുദ്ധിജീവിയായ കെഇഎൻ. ഒരുകാലത്ത് 'സ്വർഗം നരകം പരലോകം ' എന്ന പുസ്തകം എഴുതി, 'സ്വർഗത്തിൽ പുരുഷന്മാർക്ക് ഹൂറിമാരെ കൊടുക്കുന്നുണ്ട്, എന്തുകൊണ്ട് സ്ത്രീകൾക്ക് ഹൂറന്മാരെ കൊടുക്കുന്നില്ല' എന്ന് രൂക്ഷമായി പരിഹസിച്ച കെഇഎൻ ഇന്ന് സലാം മടക്കാൻ പഠിക്കുകയാണ്! ഒന്നാന്തരം ഭൗതികവാദ പ്രപഞ്ച വീക്ഷണം. ഇത് പഠിപ്പിക്കുന്നതാവട്ടെ മറ്റൊരു ഇടതുബുജിയും സാംസ്കാരിക നായകനും ചലച്ചിത്ര സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദും. മാതൃഭൂമി ആഴ്ചപ്പതിപ്പിന് ഈയിടെ നൽകിയ അഭിമുഖത്തിൽ കെഇഎൻ പറയുന്നത് ഇതുവരെ തന്നോട് അസ്സലാമു അലൈക്കും എന്ന് പറയുന്നവരോട് തിരച്ച് സലാം പറഞ്ഞിട്ടില്ലെന്നും ഇനി മുതൽ അങ്ങനെ ചെയ്യുമെന്നുമാണ്. നിങ്ങൾ ഓം നമശ്ശിവായ എന്നോ ജയ് ശ്രീറാം എന്നോ അഭിസംബോധന ചെയ്യുന്ന ആളുകളോട് തിരിച്ചും അങ്ങനെ പറയുമോ എന്ന എംഎൻ കാരശ്ശേരിയുടെ ചോദ്യത്തിന് കെഇഎന്നിന് മറുപടിയില്ല. 

തുടർച്ചയായ ഗൾഫ് യാത്രകളും സാംസ്കാരിക പരിപാടികളുമായി ഈ സംഘടനകൾ ഇത്തരം എഴുത്തകാരെ വിലയ്‌ക്കെടുത്തുവെന്ന് പറയുന്നത് മുസ്ലീലീഗ് നേതാവും ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും കടുത്ത വിമർശനകനുമായ മുസ്ലീലീഗ് എംഎൽഎ കെഎം ഷാജിയാണ്.

അതുപോലെ മനുഷ്യാവകാശ പ്രവർത്തകരാണെന്നും ദലിത് ആക്റ്റീവിസ്റ്റുകൾ ആണെന്ന് പറയുന്നവരും പോപ്പുലർ ഫ്രണ്ടിനും ജമാഅത്തെ ഇസ്ലാമിക്കും കൊടുക്കുന്ന പിന്തുണക്ക് കൈയും കണക്കുമില്ല. എസ്എഫ്ഐയുടെ ആദ്യകാല നേതാവ് കൂടിയായ പത്രപ്രവർത്തകൻ എൻപി ചെക്കുട്ടിയൊക്കെ ഇന്ന് പോപ്പുലർ ഫ്രണ്ടിന്റെ അറും കൊലക്ക് സൈദ്ധാന്തിക ഭാഷ്യം ചമക്കാൻ ചാനലുകളിൽ കിടന്ന് കണ്ഠക്ഷോഭം നടത്തുന്നതു കണ്ടാൽ അമ്പരന്നുപോവും. ഇങ്ങനെയുമുണ്ടോ ഒരു അധപ്പതനം.കാരണം വ്യക്തം.ഇന്ത്യൻ എകസ്പ്രസിൽനിന്ന് കൈരളിയിലേക്കും തുടർന്ന് മാധ്യമത്തിലേക്കും അവിടെനിന്ന് എസ്ഡിപിഐയുടെ മുഖപത്രമായ തേജസ്സിലേക്കും മാറിയ ചെക്കുട്ടിയെന്ന പത്രപ്രവർത്തകന് ഇപ്പോൾ പോപ്പുലർ ഫ്രണ്ടാണ് ചോറ് നൽകുന്നുത്. തേജസിന്റെ പത്രാധിപരാണ് അദ്ദേഹം. ആ അന്നദാതാവിനോ്ടുള്ള കൂറ് അദ്ദേഹം പ്രകടിപ്പിക്കുന്നുവെന്ന് മാത്രം. അതിനെ ഗതികേടുകൊണ്ട് ന്യായീകരിക്കാം. പക്ഷേ കെ വേണു, കെ കെ കൊച്ച്, കെ കെ ബാബുരാജ് എന്നിങ്ങനെയുള്ള സോകോൾഡ് ദലിത് ബുജികളൊക്കെ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ബാലൻസിങ്ങ് സിദ്ധാന്തങ്ങൾ നിരത്തുന്നതെന്ന് മനസ്സിലാവുന്നില്ല. കെഎം ഷാജി പറഞ്ഞ കാരണം തന്നെയായിരിക്കും മിക്കവാറും.ഇങ്ങനെ വിദേശത്തുനിന്ന് കിട്ടുന്ന പണം ഒഴുക്കി ഒരു സാംസ്കാരിക നായകരെ തന്നെ വിലയ്‌ക്കെടുത്തിരിക്കുകയാണ്‌കേരളത്തിലെ തീവ്ര മുസ്ലിം സംഘടനകൾ.

ജമാഅത്തെ ഇസ്ലാമി പോപ്പുലർ ഫ്രണ്ടിന്റെ ബി ടീം

വെട്ടുന്നവനെപ്പോലെ പ്രതിയല്ലേ വെട്ടാനുള്ള ആശയം കുത്തിവെക്കുന്നവനും. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ നൈസായി രക്ഷപ്പെടുന്ന ഒരു വിഭാഗമുണ്ട്.അതാണ് ജമാഅത്തെ ഇസ്ലാമി. മതരാഷ്ട്രവാദം എന്ന മൗദൂദിയൻ ആശയം പിന്തടുമ്പോഴും അവർ പുറമേ മതേതരരാണ്. ഗെയിൽ പൈപ്പ്‌ലൈൻ, ദേശീയപാത വികസനം തുടങ്ങിയ സകല പ്രശ്നങ്ങളിലും നുഴഞ്ഞുകയറി, ജനത്തെ ഭീതിയിലാഴ്‌ത്തി കുഴപ്പങ്ങൾക്കുള്ള വഴിമരുന്ന് ഇട്ടുകൊടുക്കുന്നത് ഇവരാണ്.ഈ ജമാഅത്തെ ഇസ്ലാമിയും അവരുടെ പാർട്ടിയായ വെൽഫയർ പാർട്ടിയും കേരളത്തിലെ ഇടതുപക്ഷത്തിന് സഹയാത്രികരാണ്.എസ്ഡിപിഐക്ക് ഒപ്പം എന്നപോലെ പല പഞ്ചായത്തുകളിലും സിപിഎമ്മും വെൽഫയർ പാർട്ടിയും സഖ്യമുണ്ട്.
എങ്ങനെയാണ് വൈരുധ്യാതിഷ്ഠിത ഭൗതികവാദവാദവും മൗദൂദിയൻ തിയറിയും യോജിച്ചുപോവുക. ഖുർആനെ മൗദൂദി ഒരു ഭീകര ഗ്രന്ഥമായി അവതരിപ്പിക്കുന്നതു നോക്കൂ. ജിഹാദിന്റെ പരിഭാഷയിൽ കെ.ടി. ഹുസൈൻ എഴുതിയ വാക്കുകൾ നോക്കുക. പേജ് 64. അധ്യായം പ്രതിരോധ ജിഹാദ്.

'ഖുർആൻ അക്ഷരാർഥത്തിൽ പ്രകൃതിയുടെ ഗ്രന്ഥമാണ്. അതിനാൽ അത് മനുഷ്യന് കരണീയമാ രണ്ട് മാർഗം മാത്രമേ ഉപദേശിക്കുന്നുള്ളൂ. മരണം അല്ലെങ്കിൽ അന്തസ്സോടുകൂടിയ ജീവിതം. അന്തസ്സില്ലാത്ത ജീവിതം എന്ന മൂന്നാമതൊരു മാർഗ്ഗം അതിന്റെ അജണ്ടയിലേ ഇല്ല. ഭാഗ്യദോഷിയായ അതിന്റെ വല്ല അനുയായിയും വിശ്വാസ ദൗർബല്യം കൊണ്ടോ ഇച്ഛാ ശക്തിയില്ലായ്മ കൊണ്ടോ ആ മാർഗം തെരഞ്ഞടുക്കുന്നുണ്ടെങ്കിൽ അത്തരം ജീവിതത്തെ നിന്ദ്യതയും പതിത്വവുമായിട്ടാണ് ഖുർആൻ മുദ്രയടിച്ചിരിക്കുന്നത്. അത്തരമൊരു ജീവിതം സ്വയം തെരഞ്ഞെടുക്കുന്നത് ഖുർആന്റെ ഭാഷയിൽ സ്വന്തത്തോടു തന്നെയുള്ള അതിക്രമമാണ്. അവരെ ഖുർആൻ ഇപ്രകാരം താക്കീത് ചെയ്യുന്നു.സമുദായത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള എത്ര ഉജ്വലമായ അദ്ധ്യാപനങ്ങളാണ് ഇവയെന്നു ആലോചിച്ചു നോക്കൂ. ദുർബലരാണെന്നു കരുതി അസത്യത്തിന്റെ അധീശത്വം തൃപ്തിപ്പെടുത്തുന്നത് സ്വന്തത്തോടുള്ള അതിക്രമമായി വിലയിരുത്തുന്ന ഖുർആൻ ഇത്തരം നിന്ദ്യമായ ജീവിതം എന്തിനു സ്വീകരിച്ചുവെന്നാണ് അത്തരക്കാരോട് ചോദിക്കുന്നത്. അവർ തങ്ങളുടെ ദൗർബല്യവും കഴിവില്ലായ്്മയും ബോധിപ്പിക്കുമ്പോൾ അല്ലാഹുവിന് അത് സ്വീകാര്യമല്ലാകുന്നില്ലെന്നു മാത്രമല്ല, ദുർബലരാണെങ്കിൽ നിന്ദ്യത സ്വീകരിക്കുന്നതിനു പകരം നാടും വീടും ഉപേക്ഷിച്ച് തങ്ങളുടെ വിശ്വാസത്തിനും മനസ്സാക്ഷിക്കും വിരുദ്ധരായി ജീവിക്കാൻ നിർബന്ധിക്കപ്പെടാത്ത സ്ഥലത്തേക്ക് പോയിക്കൂടായിരുന്നോ എന്ന തീക്ഷ്ണമായ ചോദ്യം അവരുടെ നേരെ തൊടുത്തു വിടുകയും ചെയ്യുന്നു. അനന്തരം ഇതേ കുറ്റത്തിന്റെ പേരിൽ അവർ നിന്ദ്യതയുടേയും പതിത്വത്തിന്റേയും പടുകുഴിയായനരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്നു.

പ്രതിരോധം നിർബന്ധം എന്ന ഉപതലക്കെട്ടിൽ പരിഭാഷ തുടരുന്നു.ഇതേ കാരണം കൊണ്ടാണ് എല്ലാ കാര്യങ്ങളിലും ക്ഷമയും സഹനവും ഉപദേശിച്ച ഖുർആൻ, ഇസ്ലാമിനെ തകർക്കാനും മുസ്ലീങ്ങളിൽ ഇസ്ലാമികേതരമായസംസ്‌കാരം അടിച്ചേൽപിക്കാനും ലക്ഷ്യമിടുന്ന ആക്രമണത്തെ ക്ഷമിക്കണമെന്ന് ഒരിക്കലും ഉദ്‌ബോധിപ്പിക്കാതിരുന്നത്. തങ്ങളുടെ മനുഷ്യാവകാശം ഹനിക്കാനും അക്രമ-മർദനങ്ങളിലൂടെ അർഹമായ ഉടമാവകാശത്തിൽനിന്ന് തങ്ങളെ പുറംതള്ളാനും ശ്രമിക്കുകയും തങ്ങളുടെ വിശ്വാസത്തിന്റെയും മനസാക്ഷിയുടേയും മനസ്സാക്ഷിയുടേയും സ്വാതന്ത്ര്യത്തെ ഹനിച്ചു കൊണ്ട്, സ്വന്തം മതത്തിനു അനുസരിച്ച് ജീവിക്കുന്നതിൽനിന്ന് തടയുകയും ചെയ്യുന്നവർക്ക് മുമ്പാകെ ഒരിക്കലും ദുർബലരാകരുതെന്നും തങ്ങളുടെ സർവശക്തിയും ഉപയോഗിച്ച് അത്തരം ആക്രമണത്തെ പ്രതിരോധിക്കണമെന്നും ഖുർആൻ അതിന്റെ അനുയായികളെ അസന്നിഗ്ധമായ ഭാഷയിൽ ആഹ്വാനം ചെയ്തിരിക്കുന്നു.'

അന്യന്റെ ജീവനെക്കുറിച്ച് മൗദൂദി പറയുന്നതു കേൾക്കൂ:''അവിശുദ്ധമായ ലക്ഷ്യങ്ങൾക്കായി മനുഷ്യരക്തം ചിന്തുന്നത് നിസ്സംശയം നിഷിദ്ധവും കടുത്ത പാപവുമാണ്. അതേ സമയം, ഒരു കാര്യം വ്യക്തിയുടെ ജീവനേക്കാൾ മൂല്യമുള്ളതാണെന്നു ഇസ്ലാം വ്യക്തമാക്കുന്നു. ന്യായവും അവകാശവുമാണത്. അത് അവന്റെ രക്തം താൽപര്യപ്പെടുന്നുവെങ്കിൽ അത് ചിന്തുന്നത് ആശാസ്യം മാത്രമല്ല, ബാധ്യത കൂടിയാണ്. അത് ചിന്താതിരിക്കുന്നതാകട്ടെ, കടുത്ത പാപവും. ഒരാൾ ന്യായത്തേയും അവകാശത്തേയും ആദരിക്കുന്ന കാലത്തോളം നിർബന്ധമായും അവന്റെ ജീവനും ആദരിക്കപ്പെടേണ്ടതാണ്. പക്ഷേ. ധിക്കാരത്തോടെ ഒരാൾ നീതിക്കുമേൽ കൈവെക്കുകയാണെങ്കിൽ സ്വന്തം രക്തത്തിന്റെ വില അവൻ സ്വയം തന്നെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. പിന്നീട് അവന്റെ രക്തത്തിന് പച്ചവെള്ളത്തിന്റെ വില പോലുമില്ല.''

അതായത് ഇസ്ലാമിന്റെ നീതിക്കും ന്യായത്തിനും നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരുടെ രക്തത്തിനു പച്ചവ്വെള്ളത്തിന്റെ വില പോലും മൗദൂദിയോ ജമാഅത്തെ ഇസ്ലാമിയോ
കൽപിക്കുന്നില്ല. ഈ ജമാഅത്തെ ഇസ്ലാമി വെള്ളവും വളവും നൽകി വളർത്തിയതാണ് സിമിയെ. ആ സിമി മൂത്താണ് എൻ.ഡി.എഫായത്. അത് കോലം മാറിയാണ് പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയുമായി മാറിയത്. അവർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജിഹാദ് മൗദൂദിയുടെ ജിഹാദാണ്. ജമാഅത്തെ ഇസ്ലാമിയുടെ ജിഹാദാണ്. ഇരവാദമുന്നയിച്ച് അവർക്കൊപ്പം നിൽക്കുന്ന സകല ബുദ്ധിജീവികളും മനസ്സിലാക്കണം, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും മൂലധനത്തിലും പാവങ്ങളെക്കുറിച്ചുള്ള ആശങ്കകളേയുള്ളൂ. പരസ്യമായി കൊല്ലാൻ ആഹ്വാനം ചെയ്യുന്ന ഇത്തരം സിദ്ധാന്തങ്ങളില്ല. അഹിംസയെ പരിഹാസ്യമായാണ് മൗദൂദി ജിഹാദിൽ വിവരിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മൾക്കെതിരായവരെ കൊന്നാലും കുഴപ്പമില്ല സ്വർഗം കിട്ടും എന്ന മൗദൂദിയൻ ആശയമാണ് കാമ്പസ് ഫ്രമണ്ടുകാർ എടുക്കുന്നത്. ഈ പ്രതിരോധമാണ് കാമ്പസ് ഫ്രണ്ടുകാർ ആദിവാസി വിദ്യാർത്ഥി അഭിമന്യുവിനോട് ചെയ്തത്. ഇതേ മൗദൂദിയിൽനിന്നു പ്രചോദം ഉൾക്കൊണ്ടാണ് കുറേ ആടിനെ മേച്ച് ഇസ്ലാമികമായി ജീവിക്കാൻ പലായനം ചെയ്തത്. ആടിനെ മേക്കാൻ പോയവരെ ജമാഅത്തെ ഇസ്ലാമിഅപലപിക്കുന്നത് കാണുമ്പോൾ തിരിച്ചറിയേണ്ടത് ഈ കാപട്യമാണ്. പാവം സലഫികളെ മാത്രം പറഞ്ഞിട്ടു കാര്യമില്ല.

പിസി ജോർജിന്റെ മാന്യതയെങ്കിലും കാണിക്കൂ...

ഭീകരതക്കു മുൻഗണനാ പട്ടികയെടുത്താൽ ഇടതുപക്ഷവും ദലിത് ബുജികളുമൊക്കെ ആരെയാണ് ആദ്യം എതിർക്കേണ്ടത്. തീർച്ചയായും സംഘപരിവാർ ഭീകരത എതിർക്കപ്പെടേണ്ടതാണ്.പക്ഷേ അത് ഇന്ത്യയിൽ ഒതുങ്ങും. നിങ്ങൾ എല്ലാ ഭീകരതകളെയും എതിർക്കും എന്ന് പറയുന്നതും സംഘപരിവാർ ഭീകരതെയെ മത്രമെ എതിർക്കൂ എന്ന് പറയുന്നതും വലിയ വ്യത്യാസമുണ്ട്.

മിനിമം പിസി ജോർജിന്റെ മാന്യതയെങ്കിലും ഇടതുപക്ഷം പ്രകടിപ്പിക്കണം.എസ്ഡിപിഐയുടെ വോട്ട് മേടിച്ച് ജോർജ് പറയുന്നത് എനിക്ക് ഇവരെ അറിയില്ലായിരുന്നെന്നും ഇനി ഒരു ബന്ധവുമില്ലെന്നുമാണ്.ആർജവത്തോടെ കോടിയേരി ബാലകൃഷ്ണന് അങ്ങനെ പറയാൻ കഴിയുമോ.അഭിമന്യുവിനെ കുത്തി വീഴ്‌ത്തിയ അന്നുതന്നെയാണ് തിരുവനന്തപുരത്തെ വെമ്പായം പഞ്ചായത്തിൽ എസ്ഡിപിഐയുടെ പിന്തുണയോടെ ഇടതുപക്ഷം അധികാരം നിലനിർത്തിയത്.ഇസ്ലാമിക ഭീകരത ഡോക്കിൻസ് പറഞ്ഞപോലെ ലോകത്തെ മൊത്തമായി ഭയപ്പെടുത്തുന്നു.മനുഷ്യബോബുകളെയുണ്ടാക്കുന്നു.ലോക സമാധാനത്തിന് ഭീഷണയാവുന്നു.തങ്ങളെയല്ലാത്തവരെയെല്ലാം തച്ചുടക്കുന്നു. അതുകൊണ്ടുതന്നെ പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെ ഒറ്റപ്പെടുത്തായാൽ മാത്രമേ ഈ നാടിന്റെ സമാധാനവു സൗഹാർദ്ദവും നിലനിൽക്കു.

മിനിമം പിസി ജോർജിന്റെ മാന്യതയെങ്കിലും ഇടതുപക്ഷം പ്രകടിപ്പിക്കണം.എസ്ഡിപിഐയുടെ വോട്ട് മേടിച്ച് ജോർജ് പറയുന്നത് എനിക്ക് ഇവരെ അറിയില്ലായിരുന്നെന്നും ഇനി ഒരു ബന്ധവുമില്ലെന്നുമാണ്.ആർജവത്തോടെ കോടിയേരി ബാലകൃഷ്ണന് അങ്ങനെ പറയാൻ കഴിയുമോ.അഭിമന്യുവിനെ കുത്തി വീഴ്‌ത്തിയ അന്നുതന്നെയാണ് തിരുവനന്തപുരത്തെ വെമ്പായം പഞ്ചായത്തിൽ എസ്ഡിപിയുടെ പിന്തുണയോടെ ഇടതുപക്ഷം അധികാരം നിലനിർത്തിയത്.

ജോർജ് പറഞ്ഞപോലെ ഇനി ഇവരുമായി ബന്ധമില്ലെന്ന് പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധം വിഛേദിക്കാനെങ്കിലും കോടിയേരിക്ക് ധൈര്യമുണ്ടോ? ഇവരുടെ വേദിപങ്കിടരുതെന്ന് പാർട്ടി ബുജികളോട് പറയാനുള്ള ഉളുപ്പുണ്ടോ?

അതുകൊണ്ടുതന്നെ മിനിമം സത്യസന്ധത, സഖാക്കളെ നിങ്ങളിൽനിന്ന് കേരളം പ്രതീക്ഷിക്കുന്നത് അതാണ്.അഭിമന്യു ചിന്തിയ ചോരക്കുള്ള മറുപടി അതാവട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP