Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

14-ാം വയസിൽ വീൽചെയറിൽ ആയപ്പോൾ മുതൽ പോരാളിയായി പൊരുതി ജീവിച്ചു; ജീവിക്കാനുള്ള വരുമാനത്തിനായി വീട്ടിലിരുന്ന് പണിയെടുത്തു; എപ്പോൾ വിളിച്ചാലും ആശ്വസിക്കാൻ പറ്റുന്ന കൂട്ടുകാരുമായി ഫോണിലൂടെ ആശ്വാസത്തിന്റെ കടലൊഴുക്കി; തലച്ചോറിലെ രക്തം കട്ടപിടിച്ചു മുൻഷാബി മരണത്തെ പുൽകിയത് 25 കൊല്ലം വെളിച്ചം നിറച്ച ശേഷം

14-ാം വയസിൽ വീൽചെയറിൽ ആയപ്പോൾ മുതൽ പോരാളിയായി പൊരുതി ജീവിച്ചു; ജീവിക്കാനുള്ള വരുമാനത്തിനായി വീട്ടിലിരുന്ന് പണിയെടുത്തു; എപ്പോൾ വിളിച്ചാലും ആശ്വസിക്കാൻ പറ്റുന്ന കൂട്ടുകാരുമായി ഫോണിലൂടെ ആശ്വാസത്തിന്റെ കടലൊഴുക്കി; തലച്ചോറിലെ രക്തം കട്ടപിടിച്ചു മുൻഷാബി മരണത്തെ പുൽകിയത് 25 കൊല്ലം വെളിച്ചം നിറച്ച ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ശരീരത്തെ തളർത്തിയ രോഗത്തെ മനസിന്റെ ധൈര്യം കൊണ്ടു തോൽപ്പിച്ച മുൻഷാബി ഇനി ഓർമ്മ. മസ്‌ക്കുലർ ഡിസ്‌ട്രോഫി എന്ന രോഗത്തെത്തുടർന്ന് 25 വർഷം മുൻപ്, 14ാം വയസിലാണ് മുൻഷാബിയുടെ ശരീരം തളർന്നത്. എന്നാൽ തോറ്റു കൊടുക്കാതെ മുൻഷാബി പോരാളിയായി ജീവിച്ചു. വീൽച്ചെയറിൽ ജീവിക്കുകയും തന്നെപ്പോലെ ജീവിക്കുന്ന, ഒരുപാടു പേർക്ക് ധൈര്യം പകരുകയും ചെയ്ത മുൻഷാബി സമൂഹത്തിന് ആവേശമായി മാറി. 39-ാം വയസിൽ മുൻഷാബി വിടവാങ്ങുകയാണ്.

തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെത്തുടർന്നായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് ആശുപത്രിയിലെത്തിച്ചപ്പോൾ തലച്ചോറിൽ രക്തം കട്ട പിടിച്ചതാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ നിർദേശിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കുള്ള ആ രോഗ്യനില ഇല്ലാത്തതിനാൽ തിരികെ വീട്ടിലെത്തിച്ച മുൻഷാബി വെള്ളിയാഴ്ചയാണ് മരിച്ചത്. ശരീരത്തെ തളർത്തിയ രോഗത്തെ മനസിന്റെ ധൈര്യം കൊണ്ടു തോൽപ്പിച്ച മുൻഷാബി നിരവധി പേർക്ക് പ്രത്യാശ പകർന്നിരുന്നു.

കൊറ്റനെല്ലൂർ പട്ടേപ്പാടം പെരുമ്പിലായി ബീരു സുബൈദ ദമ്പതികളുടെ മകളായ മുൻഷാബിയുടെ ജ്യേഷ്ഠനും മസ്‌ക്കുലർ ഡിസ്‌ട്രോഫി എന്ന രോഗമായിരുന്നു. സഹോദരങ്ങൾക്കും അസുഖം പിടിപെടാൻ സാധ്യതയുണ്ടെന്ന് അന്നു ഡോക്ടർമാർ വിധിയെഴുതിയിരുന്നു. മത്സ്യവിൽപനക്കാരനായ ബീരു ഓട്ടോറിക്ഷ ഏർപ്പെടുത്തിയാണ് മകളെ സ്‌കൂളിൽ അയച്ചിരുന്നത്. നല്ല മാർക്കോടെ എസ്എസ്എൽസി പാസായ മുൻഷാബി പ്രീഡിഗ്രി കഴിഞ്ഞ് ബിരുദത്തിനു ചേർന്നെങ്കിലും പഠനം മുന്നോട്ട് കൊണ്ടു പോകാനായില്ല. പിന്നെ ജീവിതം വീൽച്ചെയറിൽ തന്നെയായി. 2010ൽ ജ്യേഷ്ഠൻ മരിച്ചു.കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞുകൊടുത്തിരുന്ന മുൻഷാബി, മൊബൈൽ റീചാർജ് ചെയ്തു കൊടുത്തും മറ്റുമായിരുന്നു വരുമാനം കണ്ടെത്തിയത്.

മസ്‌ക്കുലർ ഡിസ്‌ട്രോഫി ബാധിച്ചവരുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത അവർ പങ്കുവച്ച അനുഭവങ്ങൾ ഒട്ടേറെപ്പേർക്ക് ഉണർവായി. ഇതേ അവസ്ഥയിലുള്ള മക്കൾക്ക് അച്ഛനമ്മമാർ മുൻഷാബിയെ ഫോണിൽ വിളിച്ചു നൽകി. ഓൾ കേരള വീൽച്ചെയർ റൈറ്റ്‌സ് ഓഫ് ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റായും മുൻഷാബി പ്രവർത്തിച്ചു. മസിലുകൾ ചുരുങ്ങി ശരീരം തളരുന്ന രോഗമാണ് മസ്‌കുലാർ ഡിസ്‌ട്രോഫി. സഹോദരൻ മുഷ്താഖിന് പത്താംവയസ്സിലാണ് ഇതേ രോഗം പിടിപെട്ടത്. നിരവധി ഡോക്ടർമാരുടെ സമീപത്ത് ചികിത്സയ്ക്ക് കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല . ഫിസിയോതെറാപ്പി അല്ലാതെ ചികിത്സയൊന്നും ഇല്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. അംഗപരിമിതരുടെ കൂട്ടായ്മയിൽ സജീവ പ്രവർത്തകയായിരുന്നു.

പരസഹായമില്ലാതെ പ്രവർത്തിപ്പിക്കാവുന്ന വീൽചെയർ ലഭിച്ചത് മുൻഷാബിക്ക് സഹായമായിരുന്നു. നിരവധി അംഗപരിമിതർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകർന്നുനൽകിയ മുൻഷാബി കഴിഞ്ഞ ഞായറാഴ്ച നടന്ന ആൽഫ പാലിയേറ്റീവ് പരിപാടി കാണാനും എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP