Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെഹ്‌റുവിന്റെ രാഷ്ട്രീയക്കളരിയിൽ ചുവടുറച്ച് ഇന്ദിരയുടെ വിശ്വസ്തനായി വളർച്ച; കെ.കരുണാകരനൊപ്പം ഐ ഗ്രൂപ്പിന്റെ കൈപിടിച്ചു; കോൺഗ്രസിൽ ഗ്രൂപ്പുകൾ പാർട്ടിക്ക് എതിരല്ലെന്ന് ഉറച്ചുവിശ്വസിച്ചു; സ്വയം പുകഴ്‌ത്താതെ എല്ലായിടത്തും കാരണവരെ പോലെ സ്‌നേഹം ചൊരിഞ്ഞു; പാലായിൽ മാണിയോട് രണ്ടുവട്ടം മൽസരിച്ച് അധികാരമില്ലാതെ ശീലിക്കുന്നതിനെ ഓർമിപ്പിച്ചു; എം.എം.ജേക്കബ് വിടവാങ്ങുമ്പോൾ ഓർമയിലെത്തുന്നത് കേരളരാഷ്ട്രീയത്തിന്റെ വലിയൊരുചരിത്രം

നെഹ്‌റുവിന്റെ രാഷ്ട്രീയക്കളരിയിൽ ചുവടുറച്ച് ഇന്ദിരയുടെ വിശ്വസ്തനായി വളർച്ച; കെ.കരുണാകരനൊപ്പം ഐ ഗ്രൂപ്പിന്റെ കൈപിടിച്ചു; കോൺഗ്രസിൽ ഗ്രൂപ്പുകൾ പാർട്ടിക്ക് എതിരല്ലെന്ന് ഉറച്ചുവിശ്വസിച്ചു; സ്വയം പുകഴ്‌ത്താതെ എല്ലായിടത്തും കാരണവരെ പോലെ സ്‌നേഹം ചൊരിഞ്ഞു; പാലായിൽ മാണിയോട് രണ്ടുവട്ടം മൽസരിച്ച് അധികാരമില്ലാതെ ശീലിക്കുന്നതിനെ ഓർമിപ്പിച്ചു; എം.എം.ജേക്കബ് വിടവാങ്ങുമ്പോൾ ഓർമയിലെത്തുന്നത് കേരളരാഷ്ട്രീയത്തിന്റെ വലിയൊരുചരിത്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വ്യത്യസ്ത അഭിപ്രായങ്ങൾ ഒരു പാർട്ടിയിൽ ഉണ്ടാകുന്നത് ആ പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണകരമാണെന്ന അഭിപ്രായക്കാരനായിരുന്നു എം.എം.ജേക്കബ്. എന്നാൽ, ആ വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടി നേതൃത്വം എങ്ങനെ ഉൾക്കൊള്ളുവെന്നതിനെ ആശ്രയിച്ചിരിക്കും ആ പാർട്ടിയുടെ ശോഭനമായ ഭാവി. അതുകൊണ്ട് തന്നെ കോൺ്ഗ്രസിലെ ഗ്രൂപ്പുകൾ പാർട്ടിക്ക് എതിരല്ലെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.വി എം.സുധീരൻ കെപിസിസി പ്രസിഡന്റായിരിക്കെ ജേക്കബ് ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.

വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായാലേ പാർട്ടി സജീവമാകൂ. അതിനാൽ ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നതിൽ തെറ്റില്ല. ഗ്രൂപ്പ് യോഗങ്ങൾ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനശൈലിയുടെ ഭാഗമാണെന്നും എം.എം. ജേക്കബ് പറഞ്ഞിരുന്നു.സ്വയം പുകഴ്‌ത്താതിരുന്ന അദ്ദേഹം സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിൽ ആരെയും ഭയപ്പെട്ടിരുന്നില്ല. 1970ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ കെ.എം.മാണി ജേക്കബിനെതിരെ ജയിച്ചത് വെറും 374 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ ആരോപിച്ച് കേസു കൊടുത്തെങ്കിലും പിന്നീട് പിൻവലിച്ചു. എന്നിരുന്നാലും മാണിയുടെ നയസമീപനങ്ങളെ അദ്ദേഹം ശക്തമായി വിമർശിച്ചിരുന്നു.

2016 ൽ കോൺ്ഗ്രസുമായി ഇടഞ്ഞ് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ കേരള കോൺഗ്രസ് തീരുമാനിച്ചപ്പോൾ, എം.എം.ജേക്കബിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. നിയമസഭയിൽ പ്രത്യേക ബ്ലോക്കാകാനാണ് തീരുമാനമെങ്കിൽ കേരള കോൺഗ്രസ് എം എംഎ‍ൽഎമാർ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുന്നണി വിടുമെന്ന മാണിയുടെ ഭീഷണി രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതാണ് .പാലായിൽ മാണിയുടെ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ടെങ്കിൽ അത് സ്വയം കൃതാനർഥമാണെന്നും അദ്ദേഹം പറഞ്ഞു.എല്ലാവരുടെയും വോട്ട് നേടി ജയിച്ചിട്ട് കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മാണി പറയുന്നത് രാഷ്ട്രീയ സദാചാരമല്ലെന്നും എംഎം ജേക്കബ് തുറന്നടിച്ചു.അധികാരമില്ലാതിരുന്ന് മാണി ശീലിച്ചിട്ടില്ല. ഇപ്പോൾ മാണി പറയുന്ന കാരണങ്ങൾ വ്യക്തിപരം മാത്രമാണ് . അതിന് രാഷ്ട്രീയമാനം കൊടുക്കേണ്ട . ബാർ കോഴക്കേസിൽ മാണിയെ കുടുക്കാൻ കോൺഗ്രസിലാരും ശ്രമിച്ചിട്ടില്ല . കേസിൽ നിന്ന് രക്ഷപ്പെടാനുള്ള അടവാണ് മാണിയുടെതെന്ന് പറഞ്ഞാൽ തെറ്റല്ല .

എപ്പോഴും മാണിയെ സംരക്ഷിച്ചിരുന്ന ഉമ്മൻ ചാണ്ടി മാണിയുമായി ചർച്ച നടത്തട്ടെ .പാലായിൽ താനോ മറ്റു കോൺഗ്രസുകാരോ മാണിയെ തോൽപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.'പി.ടി ചാക്കോയുടെ ചരിത്രം പറഞ്ഞ് കോൺഗ്രസിനെതിരെ തിരിയേണ്ട . ചാക്കോ കോൺഗ്രസുകാരനായിരുന്നു.പുതിയ പാർട്ടിയുണ്ടാക്കിയിട്ടില്ലെന്നും ജേക്കബ് പറഞ്ഞു. പിന്നീടാണ് ചരൽക്കുന്ന് ക്യാമ്പിൽ വച്ച് കേരള കോൺഗ്രസ് യുഡിഎഫ് വിടാൻ തീരുമാനിച്ചത്. എന്നാൽ, ജേക്കബിന്റെ ദേഹവിയോഗത്തിന് മുമ്പ് തന്നെ മാണി യുഡിഎഫിൽ തിരിച്ചെത്തുകയും ചെയ്തു.നെഹ്റുവിനൊപ്പം രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ജേക്കബ് ഇന്ദിരാഗാന്ധിയുടെയും വിശ്വസ്തനായിരുന്നു. 1978 ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരക്കൊപ്പം അടിയുറച്ചു നിന്ന ജേക്കബ് കെ കരുണാകരനൊപ്പം കേരളത്തിൽ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു.

ജീവിത വഴി

രാമപുരം മുണ്ടയ്ക്കൽ ഉലഹന്നാൻ മാത്യു - റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1928 ഓഗസ്റ്റ് 9നാണ മുണ്ടയ്ക്കൽ മാത്യു ജേക്കബ് എന്ന എം.എം ജേക്കബിന്റെ ജനനം. മഞ്ചാടിമറ്റം പ്രൈമറി സ്‌കൂൾ, രാമപുരം സെന്റ് അഗസ്റ്റിൻസ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, തേവര സേക്രഡ് ഹാർട്ട് കോളേജ്, മദ്രാസ് ലയോള കോളേജ്, ലഖ്‌നൗ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. നിയമബിരുദവും പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്‌സുമുണ്ട്. അമേരിക്കയിലെ ഷിക്കാഗോ സർകലാശാലയിൽ നിന്ന് പൊതുസേവനത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.

'മഞ്ചാടിമറ്റം, രാമപുരം സെന്റ് അഗസ്റ്റിൻസ് എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. മഞ്ചാടിമറ്റത്ത് പഠിച്ചുകൊണ്ടിരിക്കേ, സ്‌കൂളിൽ പ്രസംഗിക്കാൻ അവസരം കിട്ടി. കാണാതെ പഠിച്ചാണ് പ്രസംഗിക്കാൻ കയറിയത്. പക്ഷേ, പഠിച്ചത് മറന്നുപോയി.' അങ്ങനെ സദസിനെ അഭിമുഖീകരിക്കാനാവാതെ കരഞ്ഞുപോയ ജേക്കബ് പിന്നീട് എത്രയോ വേദികൾ കീഴടക്കി.

രാഷ്ട്രീയക്കാരൻ മാത്രമല്ല എം.എം.ജേക്കബ്

രാജ്യസഭാ ഉപാദ്ധ്യക്ഷനായ ആദ്യ മലയാളി കൂടിയായ എം.എം.ജേക്കബ് മൂന്ന് തവണ കേന്ദ്ര സഹമന്ത്രിയായി. 1995 മുതൽ 2007 വരെ മേഘാലയ ഗവർണർ ആയിരുന്നു. 1982ലും 1988ലും രാജ്യസഭാംഗമായി. 1986ലാണ് രാജ്യസഭാ ഉപാദ്ധ്യക്ഷനായത്.1986ൽ രാജ്യസഭാ ഉപാധ്യക്ഷനായി. കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി എം.എം.ജേക്കബ് ആണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ തങ്ങൾ സ്ഥാനാർത്ഥിയെ നിർത്തിയില്ലായിരുന്നെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് എൽ.കെ.അദ്വാനി പറഞ്ഞത് അംഗീകാരമല്ലാതെ മറ്റെന്താണ്?നെഹ്റുവിനൊപ്പം രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ജേക്കബ് ഇന്ദിരാഗാന്ധിയുടെയും വിശ്വസ്തനായിരുന്നു. 1978 ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരക്കൊപ്പം അടിയുറച്ചു നിന്ന ജേക്കബ് കെ കരുണാകരനൊപ്പം കേരളത്തിൽ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു.

1952ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ചു. അക്കാലത്താണ് രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുന്നത്. വിനോബ ഭാവെ ഭൂദാനപ്രസ്ഥാനം തുടങ്ങിയപ്പോൾ ജേക്കബ് അതിൽ ചേർന്നു. 1954ൽ ഭാരത് സേവക് സമാജിൽ ചേർന്നു. അഴിമതിക്കെതിരായി പ്രവർത്തിക്കുന്ന സദാചാർ സമിതിയുടെ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. 1975 മുതൽ 1981 വരെ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടർ, പാലാ റബ്ബർ മാർക്കറ്റിങ് കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, ചിത്രലേഖ ഫിലിം കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു. 1974 മുതൽ 78 വരെ പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാനായിരുന്നു.ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ചെയർമാനുംജേക്കബായിരുന്നു. 1975 മുതൽ 78 വരെ ഹിന്ദുസ്ഥാൻ ലാറ്റെക്‌സിന്റെ ഗവേണിങ് ബോർഡ അംഗമായിരുന്നു. 1977 മുതൽ 82 വരെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഡയറക്ടറായിരുന്നു. 1991 മുതൽ 94 വരെ ഫരീദാബാദിലെ വൈ.എം.സി.; ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഞ്ചിനിയറിംഗിൽ ബോഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാനായും സേവനമനുഷ്ഠിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. 1952ൽ രാമപുരത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. 1974ലും 1980ലും പാലായിൽ, കെ.എം.മാണിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.രാജ്യസഭയിൽ ചീഫ് വിപ്പായി പ്രവർത്തിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ പാർലമെന്ററി സഹമന്ത്രി, ജലവിഭവത്തിന്റെ സ്വതന്ത്രചുമതല, നരസിംഹറാവു മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. 1985ലും 1993ലും ഐകര്യരാഷട്ര സഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1993ൽ യൂറോപ്യൻ പാർലമെന്റിലെ മനുഷ്യാവകാശ കോൺഫറൻസിലും ജേക്കബ് പങ്കെടുത്തു.

അനുസ്മരണങ്ങൾ

മേശ് ചെന്നിത്തല

സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത് വിദ്യാഭ്യാസം മുടങ്ങിയ ആളാണ് കോൺഗ്രസിലെ എം എം ജേക്കബ്. 1952 കാലത്ത് രാമപുരത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആയിരുന്ന ജേക്കബ് സാറിനെ തേടി പദവികൾ ഓരോന്നായി എത്തുകയായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളി, പലവട്ടം കേന്ദ്രമന്ത്രി, മേഘാലയ ഗവർണർ എന്നീ പദവികളിൽ എത്തിയപ്പോഴും ലാളിത്യവും നിറഞ്ഞ സ്‌നേഹവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ഭൂദാനപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്നു വന്ന ജേക്കബ് സർ എന്നും സാമൂഹ്യനന്മയെ മുറുകെപിടിച്ചു. അദ്ദേഹത്തിന്റെ വിയോഗവാർത്ത ഏറെ വിഷമിപ്പിക്കുന്നു. ആദരാഞ്ജലികൾ..

മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബിന്റെ വേർപാടിൽ നിരവധി പ്രമുഖർ അനുശോചിച്ചു. ദേശീയ തലത്തിൽ മന്ത്രിയായും പിന്നെ ഗവർണറായും അതിനോടൊപ്പം വാഗ്മിയായും എഴുത്തുകാരനായും തലയെടുപ്പോടെനിന്ന മലയാളിയായിരുന്നു അദ്ദേഹമെന്ന് കെ.എസ്. ശബരീനാഥൻ എംഎൽഎ ഫെസ്ബുക്കിൽ കുറിച്ചു. 'ഏറ്റവും വാൽസല്യത്തോടെയാണ് അദ്ദേഹം എന്നെയും കുടുംബത്തെയും കണ്ടിട്ടുള്ളത്. അസുഖവും വാർദ്ധക്യവും അലട്ടുന്ന സമയത്തും എന്റെ വിവാഹത്തിനു വേണ്ടി തിരുവനന്തപുരത്തു വന്നതും വീട്ടിലെ കാര്യങ്ങൾ ഒരു കാരണവരെ പോലെ സ്‌നേഹത്തോടെ എപ്പോഴും ചോദിക്കുന്നതും മറക്കാൻ കഴിയില്ല. സാറിന് എന്റെയും കുടുംബത്തിന്റെയും ബാഷ്പാഞ്ജലികൾ.' ശബരീനാഥൻ കുറിച്ചു.

മികച്ച ഭരണാധികാരിയും പാർലമെന്റേറിയനും പ്രവർത്തിച്ച മേഖലകളിലെല്ലാം പ്രാഗൽഭ്യം തെളിയിക്കുകയും ചെയ്ത മഹാനായ നേതാവായിരുന്നു എം.എം. ജേക്കബെന്ന് ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP