Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`ഞങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആക്രമിക്കപ്പെട്ട ഓരോരുത്തർക്കും വേണ്ടി`; നിഷ സാരംഗ് പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു ഇര; തൊഴിൽ രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ നടിക്ക് അനുകൂലമായി പൊലീസ് ഇടപെടണം: `ഉപ്പും മുളകും` സെറ്റിലെ ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ നടി നിഷ സാരംഗിന് പിന്തുണയുമായി ഡബ്ല്യുസിസി

`ഞങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആക്രമിക്കപ്പെട്ട ഓരോരുത്തർക്കും വേണ്ടി`; നിഷ സാരംഗ് പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു ഇര; തൊഴിൽ രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ നടിക്ക് അനുകൂലമായി പൊലീസ് ഇടപെടണം: `ഉപ്പും മുളകും` സെറ്റിലെ ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ നടി നിഷ സാരംഗിന് പിന്തുണയുമായി ഡബ്ല്യുസിസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫ്‌ളവേഴ്‌സ് ടിവിയിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെ നായിക നിഷ സാരംങ്ക് സംവിധായകൻ ഉണ്ണികൃഷ്ണനെതിരെ രംഗത്ത് വന്നിരുന്നു.ടിവി സീരിയൽ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ നടി നിഷ സാരംഗിന് പിന്തുണയുമായി സിനിമാരംഗത്തെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്ടീവ് . ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ഡബ്ല്യുസിസി നടിക്കുള്ള പിന്തുണ അറിയിച്ചത്. അവൾക്കൊപ്പം എന്ന ഹാഷ് ടാഗിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സീരിയലിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും, സംവിധായകന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന്റെ പിന്നിലെന്നും നിഷ പറയുന്നു. സീരിയിലിന്റെ സംവിധായകൻ ഉണ്ണിക്കൃഷ്ണൻ തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അന്ന് താൻ അതിനെ വിലക്കിയിരുന്നു. ഉപ്പും മുകളും സീരിയിൽ അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാൾ ശല്യപ്പെടുത്തി. താൻ ഇക്കാര്യം ശ്രീകണ്ഠൻ നായർ സാറിനോടും ഭാര്യയോടും പറഞ്ഞു. തന്നെക്കുറിച്ച് ഇയാൾ പല അപവാദങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. സംവിധായകനെ അനുസരിക്കാതെ അമേരിക്കയിലേക്ക് പോയി അതുകൊണ്ട് ഉപ്പും മുളകിൽ നിന്നും തന്നെ മാറ്റി നിർത്തുകയാണെന്നാണ് തനിക്ക് കിട്ടിയ അറിവ്. എന്നാൽ ചാനൽ ഡയറക്ടറുടെ അടക്കം രേഖാ മൂലം അനുവാദം വാങ്ങിയാണ് ഞാൻ അമേരിക്കയിൽ നടന്ന അവാർഡ് ഷോയ്ക്ക് പോയതെന്നും നിഷ് വിശദീകരിക്കുന്നു.

പല തവണ ആട്ടിപായിച്ചിട്ടും പിന്നെയും സംവിധായകൻ പിന്നാലെ നടന്ന് ശല്യം ചെയ്യുകയായിരുന്നുവെന്നും മെസ്സേജയച്ചും ശല്യം തുടരുകയായിരുന്നുവെന്നും നടി ഇന്നലെ വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് ഇപ്പോൾ വിമെൻ ഇൻ സിനിമാ കളക്ടീവ നടിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.എഎംഎംഎയുടെ യോഗത്തിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ ആദരിച്ചപ്പോൾ സംസ്ഥാന ടെലിവിഷൻ അവാർഡ് ജേത്രിയായ നിഷാ സാരംഗിനെ അവഗണിച്ചിരുന്നു. മികച്ച ഹാസ്യ അഭിനേത്രിക്കുള്ള പ്രത്യേക ജൂറി പരാമർശമാണ് നിഷയ്ക്കു ലഭിച്ചിരുന്നത്. എഎംഎംഎയുടെ അവഗണനക്കെതിരേ യോഗത്തിൽ എഴുന്നേറ്റുനിന്ന് നിഷ പരാതിപ്പെട്ടിരുന്നു. തനിക്കും അവാർഡ് കിട്ടിയിട്ടുണ്ടെന്നതായിരുന്നു നിഷയുടെ പരാമർശം. ഇതിൽ ക്ഷുഭിതനായ പുതിയ ജനറൽ സെക്രട്ടറി ഇടവേള ബാബു നിങ്ങൾക്ക് അവാർഡ് കിട്ടിയ വിവരം തങ്ങൾക്ക് അറിയില്ലെന്നും ഇതൊക്കെ മുൻകൂട്ടി അറിയിക്കണമെന്നും മറുപടി പറഞ്ഞതിനെത്തുടർന്ന് നിഷ കരഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

പുതിയ അംഗമായ ബാബുരാജും കവിയൂർ പൊന്നമ്മയുമായിരുന്നു അന്ന് പ്രശ്നത്തിൽ നിഷയെ ആശ്വസിപ്പിക്കാനുണ്ടായിരുന്നത്. തുടർന്ന് ഇടവേള ബാബു മാപ്പുപറഞ്ഞ് നിഷയെ ആദരിക്കുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് എഎംഎംഎയിൽ വനിതാ കൂട്ടായ്മയുടെ ഇടപെടലും ഇക്കാണുന്ന പൊട്ടിത്തെറികളുമുണ്ടായത്. അമേരിക്കയിൽ പോയതാണ് തന്നെ സീരിയലിൽനിന്ന് നീക്കാൻ കാരണമെന്ന് സംശയിക്കുന്നതായി നിഷ പറഞ്ഞിരുന്നു. റിമ കല്ലിങ്കൽ, പാർവതി, മഞ്ജുവാര്യർ തുടങ്ങിയവരുൾപ്പെട്ട പരിപാടിയിൽ പങ്കെടുക്കാനാണ് നിഷ അമേരിക്കയിൽ പോയതെന്നു കൂടി അറിയുമ്പോൾ ഇതാണോ നടപടിക്ക് കാരണമെന്ന് സംശയമുയരുകയാണ്. വിവാദം കത്തുന്നതിനിടെ ഡബ്ല്യുസിസി നിഷക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. തൊഴിൽ രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ നിഷയുടെ കാര്യത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് ഉത്തരവാദിത്വമുണ്ടെന്നും ഞങ്ങൾ അവൾക്കൊപ്പമാണെന്നുമാണ് ഡബ്ല്യുസിസി നിലപാട്.

ഡബ്ല്യുസിസിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം


#അവൾക്കൊപ്പം
ഇന്നലെ ഒരു നടി സ്വന്തം തൊഴിൽ മേഖലയിൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞത് സിനിമാ സീരിയൽ രംഗത്ത് നടന്നു പോരുന്ന പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു തുറന്ന ഉദാഹരണമായി നമുക്ക് മുന്നിൽ ഉയർന്നു വന്നിരിക്കുകയാണ്.

കേരളത്തിൽ ഇപ്പോൾ ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് എന്തു തരം ബദ്ധിമുട്ടുകളുമുണ്ടായതായി സ്ത്രീകൾ റിപ്പോർട്ട് ചെയ്യതാൽ ഉടനെ തന്നെ അക്കാര്യത്തിൽ ഡബ്ല്യു.സി.സി. എന്തു ചെയ്തു എന്ന ചോദ്യം ഉയർന്നു വരുന്നതും ഉയർത്തിക്കാണുന്നതും പതിവായിരിക്കുകയാണ്. ഡബ്ല്യു.സി.സി. എന്ന പ്രസ്ഥാനത്തിനുള്ള ഒരംഗീകാരമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഒരു സ്ത്രീയും ബുദ്ധിമുട്ടിലകപ്പെടുന്നതോ പീഡിപ്പിക്കപ്പെടുന്ന ആയ ഒരു സാഹചര്യവും ഇവിടെ ഉണ്ടാകാൻ പാടില്ല . ഞങ്ങൾ നിലകൊള്ളുന്നത് തന്നെ അതിനാണ്. ചലച്ചിത്ര വ്യവസായ രംഗത്തെ ഒരു തൊഴിലിടമായി കണ്ട്, അവിടെ സ്ത്രീ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ നിയമപരമായി തന്നെ ആവശ്യമുള്ള ഒരു ഇന്റേണൽ കംപ്ലൈന്റ്‌സ് കമ്മറ്റി (ഐ.സി.സി) രൂപീകരിക്കാൻ വേണ്ടിയുള്ള നിരന്തരമായ പരിശ്രമത്തിലാണ് ഞങ്ങൾ. 90 വയസ്സായ നമ്മുടെ സിനിമയിൽ ഒരു ഐ.സി.സി. സംവിധാനം ഇല്ലെന്നത് തന്നെ അന്യായമാണ്.
എന്നാൽ ശമ്പളം വാങ്ങി നീതി നടപ്പിലാക്കാൻ ബാധ്യസ്ഥരായ പൊലീസിനോടോ മറ്റ് നീതി നിർവ്വഹണ സംവിധാനങ്ങളോടോ ലക്ഷങ്ങൾ അംഗത്വ ഫീസായി കൈപറ്റി വർഷങ്ങളായി ഇവിടെ പ്രവർത്തിച്ചു പോരുന്ന ചലച്ചിത്ര രംഗത്തെ വൻ സംഘടനകളോടോ ചോദിക്കാത്ത ചോദ്യം , ഒരു വർഷം മാത്രം പ്രായമുള്ള , ഏതാനും സ്ത്രീകൾ മാത്രമുള്ള ഡബ്ല്യു.സി.സി.യോട് ചോദിക്കുന്നതിന് പിറകിൽ നിഷ്‌ക്കളങ്കമായ താലപര്യമാണുള്ളത് എന്ന് ഞങ്ങൾ കരുതുന്നില്ല. അതിന് പിന്നിൽ തീർത്തും സ്ഥാപിത താല്പര്യങ്ങൾ ഉണ്ട്. ഏറ്റവും കൂടുതൽ ഈ ചോദ്യം ചോദിക്കുന്നത് ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയുള്ള അവൾക്കൊപ്പം പോരാട്ടത്തിൽ കുറ്റാരോപിതനൊപ്പം നിന്ന കക്ഷികളാണ്. എങ്കിലും ഇത് ഞങ്ങളുടെ ഉത്തരവാദിത്വബോധം വർദ്ധിപ്പിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

ഞങ്ങളുടെ ഈ പോരാട്ടത്തിന്റെ ഭാഗമായാണ് ചരിത്രത്തിൽ ആദ്യമായി സിനിമാരംഗത്തെ പഠിക്കാൻ സർക്കാർ ഹേമ കമ്മീഷനെ ചുമതലപ്പെടുത്തിയത്. അവർ പണി തുടങ്ങിക്കഴിഞ്ഞു എന്നത് പ്രത്യാശാഭരിതമാണ്. ഐ.സി.സി.രൂപീകരിക്കാതെ നമുക്ക് ഒരടി മുന്നോട്ട് പോകാനാകില്ല. അതിന്റെ രൂപീകരണത്തിലെത്താതെ ഞങ്ങൾ ഒരടി പിന്നോട്ടുമില്ല . ആക്രമിക്കപ്പെട്ട നടിയുടെ മാത്രമല്ല , ഇന്നലെ പരാതിയുമായി വന്ന നടി അടക്കമുള്ള ഓരോ വ്യക്തികളുടെയും പ്രശ്‌നങ്ങൾ തീർക്കാൻ അതൊരു മുൻ ഉപാധിയാണ്.

ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്. ഞങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തർക്കും വേണ്ടിയുള്ളതാണ്. അങ്ങിനെ ആക്രമിക്കപ്പെടാത്ത ഒരു തൊഴിലിടത്തിന്റെ പിറവിക്ക് വേണ്ടിയാണ്. അത് നീട്ടിക്കൊണ്ടു പോകാതിരിക്കാൻ വേണ്ടിയാണ്.

തൊഴിൽ രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ ഈ സഹോദരിയുടെ കാര്യത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് ഉത്തരവാദിത്വമുണ്ട്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തപ്പെടുന്ന നീതി നിർവ്വഹണ സംവിധാനങ്ങൾ ആ പണി ചെയ്യുന്നില്ലെങ്കിൽ അക്കാര്യം ചോദിക്കാനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുത്ത ഓരോ ജനപ്രതിനിധിക്കുമുണ്ട്. ആ കലാകാരി പ്രതിനിധാനം ചെയ്യുന്ന സംഘടനകൾക്കുണ്ട്.ഞങ്ങൾക്കുമുണ്ട്. ഞങ്ങളുണ്ടാകും ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീക്കൊപ്പവും .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP