Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയിട്ട് മരുന്ന് നൽകി ഗർഭം കലക്കി മുങ്ങി; യുവതിയുടെ പരാതിയെത്തുടർന്ന് പൊലീസ് എത്തിയത് യുവാവിന്റെ വിവാഹവേദിയിൽ; പീഡനക്കേസ് അറിഞ്ഞ് ഞെട്ടി ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയുടെ മകന്റെ ഇന്നലെ നടക്കാനിരുന്ന വിവാഹം റദ്ദുചെയ്ത് വധൂവീട്ടുകാർ മടങ്ങി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയിട്ട് മരുന്ന് നൽകി ഗർഭം കലക്കി മുങ്ങി; യുവതിയുടെ പരാതിയെത്തുടർന്ന് പൊലീസ് എത്തിയത് യുവാവിന്റെ വിവാഹവേദിയിൽ; പീഡനക്കേസ് അറിഞ്ഞ് ഞെട്ടി ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയുടെ മകന്റെ ഇന്നലെ നടക്കാനിരുന്ന വിവാഹം റദ്ദുചെയ്ത് വധൂവീട്ടുകാർ മടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ഊട്ടി: ബോളിവുഡ് താരങ്ങളടക്കം നിറഞ്ഞുനിൽക്കേണ്ടിയിരുന്ന വിവാഹ വേദിയിലേക്ക് അപ്രതീക്ഷിതമായി പൊലീസുകാർ എത്തിയപ്പോൾ വരന്റെ അച്ഛനും പഴയകാല ബോളിവുഡ് നായകനുമായ മിഥുൻ ചക്രവർത്തിയൊന്ന് ഞെട്ടി. പീഡനക്കേസിലെ പ്രതിയെ അന്വേഷിച്ചാണ് പൊലീസെത്തിയതെന്ന് മറ്റുള്ളവർ അറിഞ്ഞതോടെ നടുക്കം നാണക്കേടായി. പീഡനക്കേസിൽപ്പെട്ടയാളുമായി വിവാഹം വേണ്ടെന്ന് തീരുമാനിച്ച് വധുവിനെയുംകൂട്ടി വീട്ടുകാർ മടങ്ങിയതോടെ, അദ്ദേഹം ആകെത്തളരുകയും ചെയ്തു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഗർഭിണിയായപ്പോൾ അലസിപ്പിക്കാനുള്ള മരുന്ന് നൽകിയശേഷം മുങ്ങിയെന്നുമാണ് മിഥുന്റെ മകൻ മഹാക്ഷയ്‌ക്കെതിരേയുള്ള പരാതി. ഈ കേസിൽ ഡൽഹി കോടതി മഹാക്ഷയ്ക്കും അമ്മ യോഗിത ബാലിക്കും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് അന്വേഷിച്ചെത്തിയതോടെ ശനിയാഴ്ച വധൂവീട്ടുകാർ വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഊട്ടിയിലെ ആഡംബര ഹോട്ടലിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

മുൻകൂർ ജാമ്യം തേടി ബാലിയും മഹാക്ഷയും ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടതോടെ ഇരുവരും ഡൽഹി കോടതിയിലേക്ക് നീങ്ങി. അവിടെ പ്രത്യേക ജഡ്ജി അശുതോഷ് കുമാർ ഇരുവർക്കും ജാമ്യം അനുവദിച്ചു. സമൂഹത്തിൽ അറിയപ്പെടുന്ന ഇരുവരും ഒളിവിൽപ്പോകാൻ സാധ്യതയില്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്.

ഇരുവർക്കുമെതിരേ കേസെടുക്കാൻ വേണ്ടത്ര തെളിവുണ്ടെന്ന് ഡൽഹി കോടതി കഴിഞ്ഞയാഴ്ച നിരീക്ഷിച്ചിരുന്നു. തുടർന്നാണ് ഇവർ മുൻകൂർ ജാമ്യം തേടിയത്. ഡൽഹി കോടതിയെ ജാമ്യത്തിനായി സമീപിക്കുംവരെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് ഇവർ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തള്ളിയതോടെ ഇരുവരെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറെടുത്തുവരികയായിരുന്നു. അപ്പോഴാണ് ഡൽഹി കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

വിവാഹവാഗ്ദാനം നൽകി നാലുവർഷത്തോളം തന്നെ പീഡിപ്പിച്ചുവെന്നാണ് മഹാക്ഷയ്‌ക്കെതിരേ യുവതിയുടെ പരാതി. താൻ ഗർഭിണിയായപ്പോൾ അത് അലസിപ്പോകുന്നതിനായി മഹാക്ഷയ് മരുന്ന് കഴിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. മകനുമായുള്ള ബന്ധം തുടർന്നാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ബാലി തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതിയുടെ പരാതിയിലുണ്ട്. ബാലിയും മഹാക്ഷയും ഭീഷണിപ്പെടുത്തിയതോടെ തനിക്ക് മുംബൈയിൽനിന്നും ഡൽഹിയിലേക്ക് താമസം മാറ്റേണ്ടിവന്നതായും യുവതി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP