Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെത്രാൻ പദവിയിൽ കടിച്ചു തൂങ്ങി കിടന്ന് ഇരയായ കന്യാസ്ത്രീയെ അപമാനിക്കാൻ നീക്കം സജീവം; പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെ പോലും സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ നീക്കം; മെത്രാനെ അറസ്റ്റ് ചെയ്യാൻ മടിച്ച് പിണറായിയുടെ പൊലീസും; സത്യം തുറന്നു പറഞ്ഞ കന്യാസ്ത്രീ നേരിടുന്നത് വൻ പ്രതിസന്ധി; പോസ്റ്റർ ഒട്ടിച്ചും അധമന് വേണ്ടി പ്രചരണം

മെത്രാൻ പദവിയിൽ കടിച്ചു തൂങ്ങി കിടന്ന് ഇരയായ കന്യാസ്ത്രീയെ അപമാനിക്കാൻ നീക്കം സജീവം; പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെ പോലും സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ നീക്കം; മെത്രാനെ അറസ്റ്റ് ചെയ്യാൻ മടിച്ച് പിണറായിയുടെ പൊലീസും; സത്യം തുറന്നു പറഞ്ഞ കന്യാസ്ത്രീ നേരിടുന്നത് വൻ പ്രതിസന്ധി; പോസ്റ്റർ ഒട്ടിച്ചും അധമന് വേണ്ടി പ്രചരണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അതീവ ഗുരുതരമായ ആരോപണങ്ങളാണ് ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയർന്നത്. എന്നിട്ടും മെത്രാൻ പദവിയിൽ നിന്ന് പോലും കത്തോലിക്കാ സഭ ബിഷപ്പിനെ മാറ്റുന്നില്ല. ഇതോടെ കന്യാസ്ത്രീയുടെ ലൈംഗികാരോപണത്തിൽ സഭയുടെ നിലപാടും വ്യക്തമാവുകയാണ്. എങ്ങനേയും കേസ് അട്ടിമറിക്കാൻ സഭ ബിഷപ്പിനെ സഹായിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ ബിഷപ്പിനെ സ്ഥാനത്ത് നിന്ന് തൽകാലത്തേക്ക് പോലും മാറ്റി നിർത്താൻ സഭ തയ്യാറാകാത്തത് പൊലീസിനേയും ഞെട്ടിച്ചിട്ടുണ്ട്. സഭയ്ക്കുള്ളിൽ നിന്നുയർന്ന ആരോപണത്തിൽ പോലും ഇത്തരത്തിലൊരു നിലപാട് സഭയെടുക്കുന്നതിന് പിന്നിൽ കേസ് അട്ടിമറിക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

അതിനിടെ ലൈംഗികപീഡനക്കേസ് അട്ടിമറിക്കാൻ ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നുവെന്ന് പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരൻ രംഗത്തെത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കേരളത്തിലെയും ജലന്ധറിലെയും രാഷ്ട്രീയ നേതൃത്വത്തിൽ വലിയ സ്വാധീനമുണ്ട്. ഇതുപയോഗിച്ച് കേസ് അട്ടിമറിച്ച് ഇരയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. വാട്‌സാപ്പ് ഗ്രൂപ്പുകളിലടക്കം തന്റെ സഹോദരിയെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കണം. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടില്ല. രണ്ടു ദിവസംകൂടി കാത്തിരിക്കുമെന്നും പിന്നീട് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സഭ കൂടുതൽ പ്രതിസന്ധിയിലാണ്. പഞ്ചാബിലാണ് ജലന്ധർ. ഇവിടെ ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ബിഷപ്പിനൊപ്പമാണ്. കന്യാസ്ത്രീയുടെ സഹോദരനെതിരെ വധ ശ്രമ കേസ് പഞ്ചാബിൽ ബിഷപ്പ് നൽകിയിട്ടുണ്ട്. ഈ കേസിൽ അന്വേഷണം നടത്തുകയാണ് പഞ്ചാബ് പൊലീസ്.

ബിഷപ്പിനെ അറസ്റ്റ് ചെയ്താൽ ക്രൈസ്തവ സമൂഹം സർക്കാരിനെ കൈവിടുമോ എന്ന ഭയം പിണറായി സർക്കാരിനുണ്ട്. അതുകൊണ്ട് തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ തന്ത്രപരമായി നീങ്ങുകയാണ് പൊലീസ്. സഭയ്ക്കുള്ളിൽ തന്നെ പ്രശ്‌ന പരിഹാരത്തിന് സാധ്യതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെ വന്നാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടാമെന്ന ചിന്തയാണ് പൊലീസിനുള്ളത്. പരമാവധി തെളിവുകൾ കിട്ടിയ ശേഷമേ ബിഷപ്പിനെ അറസ്റ്റ് ചെയ്യൂവെന്നാണ് പൊലീസ് ഇപ്പോഴും ആവർത്തിക്കുന്നത്. ഇതോടെ പ്രതിസന്ധിയിലാകുന്നത് സത്യം പറഞ്ഞ കന്യാസ്ത്രീയാണ്. സഭയിലും അവർ ഒറ്റപ്പെട്ടുവെന്നാണ് സൂചന. ബിഷപ്പിന് സഭ നൽകുന്ന പിന്തുണ കാരണമാണ് ഇത്.

അതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് പോസ്റ്റർ പ്രചാരണവും നടക്കുന്നുണ്ട്. ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. സത്യത്തിനും നീതിക്കും പാവപ്പെട്ടവരുടെ ഉന്നമനത്തിനുംവേണ്ടി പ്രവർത്തിക്കുന്ന ജലന്ധർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളക്കലിനുവേണ്ടി പ്രാർത്ഥനയോടെ വിശ്വാസിസമൂഹം എന്നതാണ് പോസ്റ്ററിലെ വാചകം. ഇന്നലെ പുലർച്ചെയാണ് കോട്ടയം ജില്ലയിൽ പോസ്റ്റർ വ്യാപകമായി കണ്ടത്. ബിഷപ്പിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ രൂപതയിലെ മുഴുവൻ വൈദികരുടെയും യോഗം ജലന്ധറിൽ ബിഷപ്പ് വിളിച്ച് ചേർത്തിരുന്നു. എന്നാൽ ഒരു വിഭാഗം വൈദികർ ബിഷപ്പിന്റെ പ്രവൃത്തിയെ എതിർത്തതായാണ് സൂചന.

ബിഷപ്പിനെ അനുകൂലിക്കുന്ന ഒരു വിഭാഗം കേരളത്തിൽ എത്തിയതായി സൂചനയുണ്ട്. ബിഷപ്പിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണവേലകളാണ് ഇവരുടെ ലക്ഷ്യം. പൊലീസിനെയും ഇവർ സമീപിക്കുന്നതായി സൂചനയുണ്ട്. ഇതെല്ലാം രൂപതാധ്യക്ഷ സ്ഥാനത്ത് ബിഷപ്പ് തുടരുന്നതുകൊണ്ടാണ്. സഭയുടെ പദവിയുടെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് ശ്രമം. പഞ്ചാബ് പൊലീസിനെ കൊണ്ട് കന്യാസ്ത്രീയുടെ സഹോദരനെതിരെ കേസെടുക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമാണ്. കേരളാ പൊലീസിൽ സമ്മർദ്ദം ചെലുത്തി അറസ്റ്റ് ഒഴിവാക്കാനാണ് നീക്കം. ഇതോടെ കരുതലോടെ നീങ്ങാൻ പീഡനത്തിന് ഇരയായ കന്യാസത്രീയും തീരുമാനിച്ചു.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുൾപ്പെടെ നിരവധിപ്പേർ നൽകിയ പരാതികൾ പുറത്ത് വന്നിരുന്നു. ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീക്ക് പുറമെയാണ് ബിഷപ്പിനും സഭാ നേതൃത്വത്തിനുമെതിരെ നിരവധിപ്പേർ പരാതി നൽകിയിരുന്നത്. കന്യാസ്ത്രീമാരെ ബിഷപ്പ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്ഥലംമാറ്റവും അവധിയുമൊക്കെ തീരുമാനിച്ചിരുന്നത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആയിരുന്നുവെന്നും പരാതികളിലുണ്ട്. ബിഷപ്പ് ഉൾപ്പെടെയുള്ളവരുടെ പീഡനത്തെ തുടർന്ന് ഫോർമേറ്റർ (കന്യാസ്ത്രീ ആകുന്നതുവരെ ഓരോ ഘട്ടത്തിലും അവരെ സഹായിക്കാൻ നിയോഗിക്കപ്പെട്ടവർ) ഉൾപ്പെടെ 18 കന്യാസ്ത്രീകൾ സഭ വിട്ടുപോയി. ഇത്രയും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ബിഷപ്പിനെ തൽസ്ഥാനത്ത് നിന്ന് സഭ നീക്കാത്തതാണ് ഏറ്റവും ദുരൂഹം.

ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിരവധി കന്യാസ്ത്രീകൾ മിഷനറീസ് ഓഫ് ജീസസ് ( എംജെ) സന്യാസ സമൂഹത്തിന്റെ മദർ ജനറലിന് പരാതി നൽകിയിരുന്നു. പരാതിയിൽ നടപടി ഒന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് കഴിഞ്ഞ മൂന്നുവർഷത്തിനിടെ മുതിർന്ന കന്യാസ്ത്രീകളടക്കം 18 പേരും സഭ വിട്ടുപോയത്. പുരോഹിതൻ എന്നതിനെക്കാൾ ഒരു അധികാരമോഹിയായ രാഷ്ട്രീയക്കാരനു തുല്യനും കച്ചവടക്കാരനുമാണ് ബിഷപ്പ് ഫ്രാങ്കോയെന്നാണ് ഒരു കന്യാസ്ത്രീ നൽകിയ പരാതിയിൽ പറയുന്നത്. തങ്ങളുടെ സന്യാസ സമൂഹത്തെ നശിപ്പിക്കുന്നതിനാണ് ബിഷപ്പിന്റെ ശ്രമം. സഭാ നേതൃത്വവും അതിന് കൂട്ടുനിൽക്കുന്നു. തനിക്ക് എതിരായി ശബ്ദമുയർത്തുന്നവരെ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരോപിക്കുന്നു.

സന്യാസ സഭയുടെ രക്ഷാധികാരി എന്ന അധികാരം മാത്രമുള്ള ബിഷപ്പ് കന്യാസ്ത്രീമാരുടെ വാർഷികാവധി നിശ്ചയിക്കുന്നതിലും സ്ഥലംമാറ്റം പോലുള്ള ചെറിയകാര്യങ്ങളിൽ വരെ ഇടപെടുന്നുവെന്നും പരാതിയിലുണ്ട്. സന്യാസസഭ മുങ്ങുന്ന കപ്പലാണെന്നാണെന്നും അത് മുക്കുന്നതിന് പിന്നിൽ ബിഷപ്പ് ഫ്രാങ്കോയാണെന്നുമാണ് അന്നു ഫോർമേറ്ററായിരുന്ന കന്യാസ്ത്രീ മദർ ജനറലിന് നൽകിയ കത്തിലുള്ളത്. അതുകൊണ്ട് തന്നെ വെറും ഒരു കന്യാസ്ത്രീയുടെ ആരോപണമായി ഇവയെ കാണാൻ ആർക്കും കഴിയില്ല. എന്നിട്ടും ബിഷപ്പിനെ തൊടാൻ സഭ തയ്യാറാകുന്നില്ല. വലിയ സ്വാധീനം സഭയിലും ബിഷപ്പിനുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP