Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിനെ സംഘടനയ്ക്ക് പുറത്തു നിർത്താൻ തീരുമാനം; നടിയെ ആക്രമിച്ച കേസിൽ വിചാരണ കഴിയും വരെ അംഗത്വം നൽകേണ്ടെന്ന മോഹൻലാലിന്റെ നിലപാടിന് എക്‌സിക്യൂട്ടീവിൽ അംഗീകാരം; രേവതിയും പത്മപ്രിയയും പാർവ്വതിയും ഉയർത്തിയ വിഷയം ചർച്ച ചെയ്യാൻ ജനറൽ ബോഡിയും വിളിക്കില്ല; 'എഎംഎംഎ'യിൽ ഇടവേള ബാബുവിന്റെ പ്രഖ്യാപനം തിരുത്തുന്നത് താരസംഘടനയിലെ പ്രതിസന്ധി പരിഹരിക്കാൻ; വിവാദം തീരുമെന്ന പ്രതീക്ഷയിൽ മോഹൻലാലും സംഘവും

ദിലീപിനെ സംഘടനയ്ക്ക് പുറത്തു നിർത്താൻ തീരുമാനം; നടിയെ ആക്രമിച്ച കേസിൽ വിചാരണ കഴിയും വരെ അംഗത്വം നൽകേണ്ടെന്ന മോഹൻലാലിന്റെ നിലപാടിന് എക്‌സിക്യൂട്ടീവിൽ അംഗീകാരം; രേവതിയും പത്മപ്രിയയും പാർവ്വതിയും ഉയർത്തിയ വിഷയം ചർച്ച ചെയ്യാൻ ജനറൽ ബോഡിയും വിളിക്കില്ല; 'എഎംഎംഎ'യിൽ ഇടവേള ബാബുവിന്റെ പ്രഖ്യാപനം തിരുത്തുന്നത് താരസംഘടനയിലെ പ്രതിസന്ധി പരിഹരിക്കാൻ; വിവാദം തീരുമെന്ന പ്രതീക്ഷയിൽ മോഹൻലാലും സംഘവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താരസംഘടനയിൽ ദിലീപിനെ ഉൾക്കൊള്ളിക്കാനുള്ള തീരുമാനം എഎംഎംഎ വീണ്ടും റദ്ദാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ തീരുമാനം വരും വരെ ദിലീപിനെ സംഘടനയുടെ പുറത്തു തന്നെ നിർത്തും. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പുറത്താകലിന് നിയമ സാധുത ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് ദിലീപ് അകത്താണെന്ന് എഎംഎംഎയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് വിശദീകരിക്കേണ്ടി വന്നതുമെന്നാണ് സംഘടനയുടെ നിലപാട്. പുതിയ ഭരണ സമിതി ദിലീപ് വിഷയം അന്ന് ചർച്ച ചെയ്തിരുന്നില്ല. വിവാദമായ സാഹചര്യത്തിൽ ഇന്ന് എഎംഎംഎയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേർന്നു. ഇതിൽ സംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ ദിലീപിനെ പുറത്തു നിർത്തണമെന്ന നിർദ്ദേശം മുന്നോട്ട വച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എക്‌സിക്യൂട്ടീവ് ഏക കണ്ഠമായി അത് അംഗീകരിക്കുകയും ചെയ്തു.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തുവെന്ന എഎംഎംഎയുടെ പ്രഖ്യാപനം ഏറെ വിവാദങ്ങളുണ്ടാക്കി. ഇരയേയും പ്രതിയേയും ഒരു പോലെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്ന വാദവും സജീവമായി. മോഹൻലാലിനെതിരെ കടുത്ത പ്രതിഷേധവും ഉയർന്നു. ആക്രമിക്കപ്പെട്ട നടി അടക്കമുള്ളവർ താരസംഘടനയിൽ നിന്നും രാജിവച്ചു. ഇതിന് പിന്നാലെ പാർവ്വതിയും രേവതിയും പത്മപ്രിയയും പ്രതിഷേധം അറിയിച്ച് കത്തും നൽകി. ജനറൽ ബോഡി വളിക്കണമെന്നായിരുന്നു ആവശ്യം. ഈ സാഹചര്യത്തിലാണ് എഎംഎംഎയുടെ യോഗം ഇന്ന് ചേർന്നത്. ദിലീപിനെ പുറത്തു നിർത്തി വിവാദം ശമിപ്പിക്കാനാണ് തീരുമാനം. എന്നാൽ ഈ വിഷയം ചർച്ച ചെയ്യാൻ സംഘടനയുടെ ജനറൽ ബോഡി വിളിക്കില്ല. ആക്രമിക്കപ്പെട്ട നടിയും റിമാ കല്ലിംങ്കലും രമ്യാ നമ്പീശനും ഗീതു മോഹൻദാസും അമ്മയിൽ നിന്ന് രാജി വച്ചിരുന്നു. ഇവരോട് രാജി പിൻവലിക്കാൻ എഎംഎംഎ ആവശ്യപ്പെടുകയുമില്ല. 

നിലവിലെ എക്‌സിക്യൂട്ടീവിൽ ദിലീപിനെ അനുകൂലിക്കുന്നവരാണ് എല്ലാവരും. താര സംഘടനയുടെ പ്രതിച്ഛായ പൊതു സമൂഹത്തിന് മുമ്പിൽ മോശമായതിനാലാണ് ദിലീപിനെ പുറത്തു നിർത്താൻ തീരുമാനിക്കുന്നത്. ഫലത്തിൽ ദിലീപിനെ സംഘടനയിൽ സസ്‌പെന്റ് ചെയ്യുകയാണ് താര സംഘടന. വിചാരണയിൽ വിധി ദിലീപിന് എതിരായാൽ സംഘടനയിൽ നിന്ന് പുറത്താക്കും. അല്ലെങ്കിൽ സസ്‌പെൻഷൻ പിൻവലിക്കുകയും ചെയ്യും. നേരത്തെ വിചാരണ കഴിയും വരെ സംഘടനയിലേക്കില്ലെന്ന് ദിലീപും താര സംഘടനയെ അറിയിച്ചിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ദിലീപിനെ പുറത്തു നിർത്താനുള്ള തീരുമാനം. പൃഥ്വിരാജ് അടക്കമുള്ളവരുടെ നിലപാട് കൂടി കണക്കിലെടുത്താണ് മോഹൻലാൽ തന്ത്രപരമായ നിലപാടിലേക്ക് എത്തിയത്. കഴിഞ്ഞ മാസം നടന്ന എഎംഎംഎ ജനറൽ ബോഡിയിൽ നടി ഊർമിളാ ഉണ്ണിയാണ് ദിലീപ് വിഷയം ഉയർത്തിയത്. ഇതിനുള്ള മറുപടിയിലാണ് ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടിക്ക് നിയമസാധുതയില്ലെന്നും അത് റദ്ദാക്കിയിരുന്നുവെന്നും ഇടവേള ബാബു അറിയിച്ചത്.

ഇതോടെ രാഷ്ട്രീയ നേതാക്കളടക്കം എഎംഎംഎയെ വിമർശിച്ച് രംഗത്തു വന്നു. മോഹൻലാലിന്റെ കോലം പോലും കത്തിച്ചു. സിനിമയിലെ വനിതാ കൂട്ടായ്മയും രൂക്ഷ പ്രതികരണങ്ങൾ നടത്തി. തെറ്റ് തിരുത്തണമെന്ന ആവശ്യം രേവതിയും പത്മപ്രിയയും പാർവ്വതിയും ഉന്നയിച്ചതോടെ മോഹൻലാൽ വെട്ടിലായി. ഇതോടെയാണ് തീരുമാനം പുനപരിശോധിക്കാൻ താരസംഘടന തയ്യാറായത്. ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാനെടുത്ത തീരുമാനവും അതേ ചൊല്ലിയുണ്ടായ ഭിന്നതയും വിവാദങ്ങളും ഇന്ന് ചേർന്ന യോഗം ചർച്ച ചെയ്തു. എന്നാൽ എക്സിക്യൂട്ടീവ് യോഗം ചേരുന്ന വിവരം തങ്ങളെ അറിയിച്ചില്ലെന്ന് ഡബ്ല്യു.സി.സി അറിയിച്ചു.

ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിൽ നിലപാട് വ്യക്തമാക്കാനായി എ.എം.എം.എയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് നടിമാരായ രേവതി, പത്മപ്രിയ, പാർവതി എന്നിവർ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ സംഘടന യോഗം ചേരുന്ന വിവരം മാധ്യമങ്ങളിലൂടെയാണ് തങ്ങൾ അറിഞ്ഞതെന്നാണ് ഡബ്ല്യു.സി.സി ആരോപിക്കുന്നത്. ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിക്കണമെന്ന 'അമ്മ' യോഗത്തിലെ പൊതുവികാരത്തിനൊപ്പം നിൽക്കുക എന്ന പ്രാഥമിക ജനാധിപത്യ മര്യാദയാണു നേതൃത്വം എന്ന നിലയിൽ തങ്ങൾ പ്രകടിപ്പിച്ചതെന്ന് നേരത്തെ മോഹൻലാൽ വിശദീകരിച്ചിരുന്നു. അതിനപ്പുറമുള്ള നിക്ഷിപ്ത താൽപര്യങ്ങളോ നിലപാടോ ഈ വിഷയത്തിൽ നേതൃത്വത്തിനില്ല.

സമൂഹമധ്യത്തിൽ ഉയർന്ന എല്ലാ വിമർശനങ്ങളെയും പൂർണ മനസ്സോടെ ഉൾക്കൊള്ളുന്നു. നാലു പേർ സംഘടനയ്ക്കു പുറത്തു പോകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ആ തീരുമാനത്തിനു പിന്നിലെ വികാരങ്ങൾ എന്തായാലും പരിശോധിക്കാൻ നേതൃത്വം തയാറാണ്. തിരുത്തലുകൾ ആരുടെ പക്ഷത്തു നിന്നായാലും നടപ്പാക്കാം. ആക്രമണത്തിനിരയായ സഹപ്രവർത്തകയ്‌ക്കൊപ്പമാണ് ഇന്നുവരെ സംഘടന നിൽക്കുന്നത് - മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP