Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരേസ മെയ്‌ക്ക് ബ്രെക്സിറ്റിനോട് താൽപര്യം ഇല്ലെന്നാരോപിച്ച് ബോറിസ് ജോൺസൻ വിദേശകാര്യ മന്ത്രി പദവി രാജി വച്ചു; ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ടിനെ പുതിയ വിദേശകാര്യ സെക്രട്ടറിയാക്കി മെയ്‌; ബ്രെക്സിറ്റിനെ ചൊല്ലിയുള്ള കലാപം മൂക്കുമ്പോൾ ബ്രിട്ടനിൽ രാഷ്ട്രീയ അനിശ്ചിതത്വം പടരുന്നു

തെരേസ മെയ്‌ക്ക് ബ്രെക്സിറ്റിനോട് താൽപര്യം ഇല്ലെന്നാരോപിച്ച് ബോറിസ് ജോൺസൻ വിദേശകാര്യ മന്ത്രി പദവി രാജി വച്ചു; ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ടിനെ പുതിയ വിദേശകാര്യ സെക്രട്ടറിയാക്കി മെയ്‌; ബ്രെക്സിറ്റിനെ ചൊല്ലിയുള്ള കലാപം മൂക്കുമ്പോൾ ബ്രിട്ടനിൽ രാഷ്ട്രീയ അനിശ്ചിതത്വം പടരുന്നു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് ബ്രെക്സിറ്റിനോട് താൽപര്യം ഇല്ലെന്നാരോപിച്ച് ബോറിസ് ജോൺസൻ വിദേശകാര്യ മന്ത്രി പദവി രാജി വച്ചു. ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡേ ഡേവിസ് ബ്രെക്സിറ്റ് വിഷയത്തിൽ തെരേസയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജി വച്ച് മണിക്കൂറുകൾ തികയുന്നതിന് മുമ്പാണ് മറ്റൊരു പ്രമുഖനായ ബോറിസും പടിയിറങ്ങിയിരിക്കുന്നത്. ഇതോടെ തെരേസ മേയുടെ ഗവൺമെൻിലും ടോറി പാർട്ടിയിലും ബ്രെക്സിറ്റിനെ ചൊല്ലിയുള്ള കലാപം മൂക്കുമ്പോൾ ബ്രിട്ടനിൽ രാഷ്ട്രീയ അനിശ്ചിതത്വം പടരുന്നുവെന്നും റിപ്പോർട്ടുണ്ട്. ബ്രെക്സിറ്റിനോട് താൽപര്യമില്ലാത്ത തെരേസ ബ്രെക്സിറ്റിനെ ശ്വാസം മുട്ടിച്ച് കൊന്ന് കൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് ഇന്നലെ ബോറിസ് ഫോറിൻ സെക്രട്ടറി സ്ഥാനത്ത് നിന്നും നാടകീയമായി രാജി വച്ചിരിക്കുന്നത്.

ഭാവിയിൽ യൂറോപ്യൻ യൂണിയനുമായി ബ്രിട്ടന് ഏത് തരത്തിലുള്ള ബന്ധമാണ് വേണ്ടതെന്നതിനെക്കുറിച്ച് തെരേസ തയ്യാറാക്കിയ വിവാദ പദ്ധതിക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചെക്കേർസിൽ വച്ച് ചേർന്ന കാബിനറ്റ് യോഗം അംഗീകാരം നൽകിയിരുന്നു. അന്ന് തന്നെ ഇതിനെ ശക്തമായി എതിർത്ത ബോറിസിന്റെ നിലപാട് കടുത്താണ് ഇപ്പോൾ രാജിയിൽ കലാശിച്ചിരിക്കുന്നത്.തെരേസയുടെ പ്രസ്തുത പദ്ധതിയുമായി മുന്നോട്ട് പോയാൽ യൂറോപ്യൻ യൂണിയന്റെ ഒരു കോളനി രാജ്യമായി യുകെ മാറുമെന്നാണ് ബോറിസ് മുന്നറിയിപ്പേകിയിരിക്കുന്നത്.

ബ്രെക്സിറ്റ് വിലപേശലിൽ തെരേസ യൂറോപ്യൻ മേലാളന്മാർക്ക് മുന്നിൽ അമിതവിധേയത്വം കാണിച്ച് ബ്രസൽസിന് മുന്നിൽ അധികാരങ്ങൾ അടിയറവ് വച്ചിരിക്കുകയാണെന്നും തെരേസ ആരോപിക്കുന്നു. തെരേസ ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിലെ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് കഴിഞ്ഞ ദിവസമായിരുന്നു രാജി വച്ചിരുന്നത്. അതിന് പുറമെ ബ്രെക്സിറ്റ് ക്യാമ്പയിൻ നേതാവായ ബോറിസ് കൂടി ഗുഡ്ബൈ പറഞ്ഞതോടെ തെരേസ സർക്കാർ ആടിയുലയുകയാണ്.

അതിനിടെ തെരേസയ്ക്ക് പകരം ബോറിസിനെ പ്രധാനമന്ത്രിയാക്കണമെന്നും അദ്ദേഹം മികച്ചൊരു പ്രധാനമന്ത്രിയാകുമെന്നും പിന്തുണ പ്രകടിപ്പിച്ച് പ്രമുഖ ടോറി നേതാവായ ജേക്കബ് റീസ്-മോഗ് രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനിടെ ബോറിസ് രാജിക്കത്തെഴുതുന്ന ഫോട്ടോ പുറത്ത് വിട്ടത് എതിരാളികളുടെ വൻ വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഭാവിയിൽ യൂറോപ്യൻയൂണിയനുമായി ഉണ്ടാക്കുന്ന ബന്ധങ്ങളെക്കുറിച്ചും നടത്താവുന്ന വിലപേശലുകളെ കുറിച്ചും കാബിനറ്റ് കളക്ടീവ് പൊസിഷനിലെത്തിയെന്നാണ് വെള്ളിയാഴ്ച ചെക്കേർസിലെ മീറ്റിംഗിന് ശേഷം നടത്തിയ പ്രസ്താവനയിൽ തെരേസ വെളിപ്പെടുത്തിയിരുന്നത്.

പുതിയ അഴിച്ച് പണിയുടെ ഭാഗമായി നിലവിലെ കൾച്ചർ സെക്രട്ടറി മാറ്റ് ഹാൻകോക്കിനെ ഹെൽത്ത് സെക്രട്ടറിയായും അറ്റോർണി ജനറൽ ജെറമി റൈറ്റിനെ പുതിയ കൾച്ചർ സെക്രട്ടറിയായും തെരേസ നിയമിച്ചിട്ടുണ്ട്. ബ്രെക്സിറ്ററായ ജിയോഫ്റെ കോക്സിനെ അറ്റോർണി ജനറലായും ചുമതലയേൽപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ബ്രെക്സിറ്റ് സെക്രട്ടറി ഡേവിസ് രാജി വച്ച ഒഴിവിൽ ബ്രെക്സിറ്ററും ടോറി എംപിയുമായ ഡൊമിനിക്ക് റാബിനെ അവരോധിച്ച് തെരേസ ശ്വാസം വിടുന്നതിന് മുമ്പെയാണ് ബോറിസിന്റെ രാജിയെ തുടർന്ന് വീണ്ടും അഴിച്ച് പണിക്ക് തെരേസ നിർബന്ധിതയായത്.

അതിനിടെ തെരേസയുടെ ചെക്കേർസ് പദ്ധതിക്കെതിരെ റീസ്- മോഗിന്റെ നേതൃത്വത്തിലുള്ള പ്രോ-ബ്രെക്സിറ്റ് യൂറോപ്യൻ റിസർച്ച് ഗ്രൂപ്പിലെ 80ൽ ്അധികം എംപിമാർ ഒരു യോഗം ചേർന്നുവെന്നും റിപ്പോർട്ടുണ്ട്. തെരേസക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് കൊണ്ടു വരാൻ ടോറി ബാക്ക് ബെഞ്ച് ഗ്രൂപ്പുകാരായ എംപിമാരും നീക്കമാരംഭിച്ചിട്ടുണ്ട്. ഇതോടെ തെരേസയ്ക്ക് ഗവൺമെന്റിലും പാർട്ടിയിലും നിലനിൽപ്പ് ഭീഷണിയും ശക്തമായിരിക്കുകയാണ്.

സ്ഥാനമൊഴിയുന്നത് മലയാളികൾ അടക്കമുള്ള കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട ഹെൽത്ത് സെക്രട്ടറി

മലയാളികളുടെ പ്രിയപ്പെട്ട ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട് ആറ് വർഷത്തിന് ശേഷം എൻഎച്ച്എസിന്റെ ഭരണച്ചുമതല ഒഴിയുകയാണ്. ഫോറിൻ സെക്രട്ടറിയായി പ്രധാനമന്ത്രി തെരേസ മെയ്‌ അദ്ദേഹത്തിന് ഇന്നലെ സ്ഥാനക്കയറ്റം നൽകിയതിനെ തുടർന്നാണ് ഹെൽത്ത് സെക്രട്ടറി സ്ഥാനം ഹണ്ട് ഒഴിയുന്നത്. 2012 മുതൽ ഹെൽത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരുന്നയാളാണ് ഹണ്ട്. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഈ സ്ഥാനത്തിരുന്ന വ്യക്തിയെന്ന സവിശേഷതയും അദ്ദേഹത്തിനുണ്ട്.'

എൻഎച്ച്എസ് ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധികൾ നിറഞ്ഞ കാലത്തിലൂടെ കടന്ന് പോകുമ്പോൾ അതിനെ രക്ഷപ്പെടുത്താൻ വിപ്ലവകരമായ ശ്രമങ്ങൾ ആരംഭിച്ചുവെന്ന പെരുമയും ഹണ്ടിന് അവകാശപ്പെടാം. എൻഎച്ച്എസിന് രക്ഷിക്കാന് 20 ബില്യൺ പൗണ്ടിന്റെ അധിക ഫണ്ട് അനുവദിച്ചതാണ് ഹണ്ട് ഈ അടുത്ത കാലത്ത് നടത്തിയ ഏറ്റവും നിർണായകമായ നടപടി. മലയാളികൾ അടക്കമുള്ള കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറെ അനുഭാവം കാട്ടിയിരുന്ന ഹെൽത്ത് സെക്രട്ടറി ആ സ്ഥാനത്ത് നിന്നും മാറുന്നതിൽ കുടിയേറ്റക്കാർക്കെല്ലാം ആശങ്കയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP