Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാർക്‌സിസ്റ്റ് പാർട്ടി രാമായണം ആചരിക്കുന്നതിൽ തെറ്റില്ല; എന്നാൽ നടപ്പ് ആചാരത്തിന്റെ വഴിയിൽ ആണെങ്കിൽ അത് ശക്തിപ്പെടുത്തുക ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ: രാമായണത്തെ ഒരു മതപാഠം ആക്കാതെ ഒരു സെക്യുലർ എപ്പിക് ആയി അവതരിപ്പിക്കണമെന്നും കവി സച്ചിദാനന്ദൻ

മാർക്‌സിസ്റ്റ് പാർട്ടി രാമായണം ആചരിക്കുന്നതിൽ തെറ്റില്ല; എന്നാൽ നടപ്പ് ആചാരത്തിന്റെ വഴിയിൽ ആണെങ്കിൽ അത് ശക്തിപ്പെടുത്തുക ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ: രാമായണത്തെ ഒരു മതപാഠം ആക്കാതെ ഒരു സെക്യുലർ എപ്പിക് ആയി അവതരിപ്പിക്കണമെന്നും കവി സച്ചിദാനന്ദൻ

കൊച്ചി: കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടി രാമായണമാസം ആചരിക്കുന്നതിൽ താൻ തെറ്റ് കാണുന്നില്ലെന്നും എന്നാൽ അത് നടപ്പ് ആചാരത്തിന്റെ വഴിയിൽ തന്നെയെങ്കിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയാണ് ശക്തിപ്പെടുത്തുകയെന്നും കവിയും എഴുത്തുകാരനുമായ കെ സച്ചിദാനന്ദൻ.

ഇന്ത്യയിലെ രാമായണ പാരമ്പര്യത്തിന്റെ വൈവിധ്യം ബോധ്യപ്പെടുത്തണം. ഹിന്ദുത്വവാദികൾ പറയുന്ന ഏകശിലാരൂപമായ ഇന്ത്യ എന്ന ജനാധിപത്യ വിരുദ്ധ ആശയത്തിനെതിരെ ഇന്ത്യൻ ജനസംസ്‌കൃതിയുടെ നാനാത്വം ജനങ്ങളിൽ എത്തിക്കാൻ ഇത് നല്ല അവസരമാണ്. കാരണം രാമായണം ഹിന്ദുക്കളുടെതു മാത്രമല്ല അതൊരു ദക്ഷിണേഷ്യൻ പാരമ്പര്യമാണ്. സച്ചിദാനന്ദൻ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

രാമായണത്തെ ഒരു മതപാഠം ആക്കാതെ ഒരു സെക്യുലർ എപ്പിക് ആയി അവതരിപ്പിക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ ഇക്കാര്യത്തിൽ തിരിച്ചടിയുണ്ടാകും. ഡൽഹിയിൽ സഫ്ദർ ഹാഷ്മി ട്രസ്റ്റ് ഒരിക്കൽ ഒരു നല്ല രാമായണ പ്രദർശനം നടത്തി. ആർഎസ്എസ്സുകാർ ആക്രമിച്ചെങ്കിലും അതിന്റെ സന്ദേശം വ്യക്തമായിരുന്നു എന്നും ഓർമിപ്പിച്ചാണ് സച്ചിദാനന്ദന്റെ കുറിപ്പ്

കുറിപ്പിന്റെ പൂർണ്ണരൂപം:

കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടി രാമായണമാസം ആചരിക്കുന്നതിൽ ഞാൻ തെറ്റ് കാണുന്നില്ല. പക്ഷെ അത് നടപ്പ് ആചാരത്തിന്റെ വഴിയിൽ തന്നെയെങ്കിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയാണ് ശക്തിപ്പെടുത്തുക. ഇന്ത്യയിലെ രാമായണ പാരമ്ബര്യത്തിന്റെ വൈവിധ്യം ബോധ്യപ്പെടുത്തി ഹിന്ദുത്വവാദികൾ പറയുന്ന ഏകശിലാരൂപമായ ഇന്ത്യ എന്ന ജനാധിപത്യ വിരുദ്ധ ആശയത്തിനെതിരെ ഇന്ത്യൻ ജനസംസ്‌കൃതിയുടെ നാനാത്വം ജനങ്ങളിൽ എത്തിക്കാൻ ഇത് നല്ല അവസരമാണ്, കാരണം രാമായണം ഒരു ദക്ഷിണേഷ്യൻ പാരമ്ബര്യമാണ്, അത് ഹിന്ദുക്കളുടെതു മാത്രമല്ല.

ബംഗ്ലാദേശിലെയും മലയേഷ്യയിലെയും മുസ്ലിം നാടക ട്രൂപ്പുകൾ രാമായണം അവതരിപ്പിച്ച് ഞാൻ കണ്ടിട്ടുണ്ട്. ബുദ്ധിസ്റ്റുകൾക്കും ജൈനർക്കും അവരുടെ രാമായണങ്ങൾ ഉണ്ട്. ഇന്ത്യൻ രാമായണ പാരമ്ബര്യത്തിന്റെ ഏറ്റവും നല്ല പഠനം നടത്തിയത് ബെൽജിയൻ പാതിരി ആയിരുന്ന ഫാദർ കാമിൽ ബുൽക്കെ ആണ് ('രാമകഥ', മലയാളത്തിലും കേരള സാഹിത്യ അക്കാദമി ഇറക്കിയിരുന്നു, ഒരു പുതിയ പതിപ്പ് ആവശ്യം). അമേരിക്കൻ പണ്ഡിതയും എന്റെ സുഹൃത്തുമായ ആയ പോളാ റിച്ച്മാൻ ആണ് മറ്റൊരു വലിയ അഥോറിറ്റി. (അവരുടെ മൂന്നു പുസ്തകങ്ങൾ രാമായണസംബന്ധിയായി ഉണ്ട്) എഴുത്തച്ഛൻ 'അധ്യാത്മ രാമായണം' എഴുതിയത് എല്ലാ മലയാളികൾക്കും വേണ്ടിയാണ്. അദ്ദേഹം തന്നെ അത് പറഞ്ഞിട്ടുണ്ട്.

കേരളത്തിൽ തന്നെ മാപ്പിള രാമായണവും വയനാടൻ രാമായണവും ഉൾപ്പെടെ 29 രാമായണപാഠങ്ങൾ ഉണ്ട്. (പുസ്തകങ്ങൾ, പാട്ടുകൾ, പെർഫോമൻസുകൾ). മുന്നൂറു രാമയണങ്ങളെപ്പറ്റി ഏകെ രാമാനുജൻ എഴുതി, എന്നാൽ അതിനേക്കാൾ എത്രയോ കൂടുതൽ രാമായണങ്ങൾ ഉണ്ട്. പലതിലും സീത രാവണപുത്രിയോ രാമസഹോദരിയോ ആണ്. വാൽമീകി രാമനെക്കാൾ അനീതിക്ക് ഇരയായ സീതയുടെ ഭാഗത്താണ്. ഒരു ഭീലി രാമായണത്തിൽ യുദ്ധമേ ഇല്ല- രാവണൻ സീതയെ തിരിച്ചു കൊടുത്തു മാപ്പ് ചോദിക്കുന്നു. രാമൻ സന്യാസി ആയതിനാൽ ലക്ഷ്മണൻ രാവണനെ കൊല്ലുന്ന രാമായണം ഉണ്ട്. അങ്ങിനെ ആയിരം രാമായണങ്ങൾ.

രാമായണത്തെ ഒരു മതപാഠം ആക്കാതെ ഒരു സെക്യുലർ എപ്പിക് ആയി അവതരിപ്പിക്കാൻ ആണ് ശ്രമിക്കേണ്ടത്. അല്ലെങ്കിൽ അത് തിരിച്ചടിയിലേ കലാശിക്കൂ. ഡൽഹിയിൽ 'സഫ്ദർ ഹാഷ്മി ട്രസ്റ്റ് ഒരിക്കൽ ഒരു നല്ല രാമായണ പ്രദർശനം നടത്തി. ആർഎസ്എസ്സുകാർ ആക്രമിച്ചെങ്കിലും അതിന്റെ സന്ദേശം വ്യക്തമായിരുന്നു, 'രാമായണം നിങ്ങളുടെ തറവാട്ടു സ്വത്തല്ല, ഹിന്ദുക്കൾക്ക് മാത്രം അവകാശപ്പെട്ടത് പോലുമല്ല. മുസ്ലീങ്ങളും ജൈനരും ബുദ്ധരും പങ്കിടുന്ന മതാതീതമായ ലോകമഹാകാവ്യമാണത്.' അല്ലാ, ഹിന്ദുത്വവാദികളുടെ ഒരു മിമിക്രി ആണ് പാർട്ടി ഉദ്ദേശിക്കുന്നതെങ്കിൽ, നിങ്ങൾക്കു ഹാ കഷ്ടം!,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP