Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളനടനത്തിന്റെ ശാസ്ത്രീയതയും ഗുണനിലവാരവും കുറയുന്നു; കേരളനടനത്തിന്റെ അപചയത്തിന് തുടക്കമിട്ടത് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഗുരു ഗോപിനാഥ് നടനഗ്രാമം ഭരണ സമിതി; ഇപ്പോഴത്തെ എൽ.ഡി.എഫ് ഭരണ സമിതി കേരള നടനത്തെ വികലമാക്കി; ഇന്ന് കേരള നടനം അവതരിപ്പിക്കുന്നത് ഒട്ടും നിലവാരമില്ലാതെയെന്നും ശിഷ്യന്മാർ

കേരളനടനത്തിന്റെ ശാസ്ത്രീയതയും ഗുണനിലവാരവും കുറയുന്നു; കേരളനടനത്തിന്റെ അപചയത്തിന് തുടക്കമിട്ടത് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഗുരു ഗോപിനാഥ് നടനഗ്രാമം ഭരണ സമിതി; ഇപ്പോഴത്തെ എൽ.ഡി.എഫ് ഭരണ സമിതി കേരള നടനത്തെ വികലമാക്കി; ഇന്ന് കേരള നടനം അവതരിപ്പിക്കുന്നത് ഒട്ടും നിലവാരമില്ലാതെയെന്നും ശിഷ്യന്മാർ

തിരുവനന്തപുരം: കേരള നടനം നൃത്തരൂപത്തെ നിലനിർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ കേരളനടനം ഇല്ലാതാവുന്നു. ഗുരു ഗോപിനാഥിന്റെ ദീർഘകാലത്തെ നൃത്തസപര്യയുടെ ഫലമായിലഭിച്ച കേരളനടനം ഇന്ന് വേണ്ടത്ര അറിവില്ലാത്തവരുടെ കൈയിൽ പെട്ട് നശിച്ച് കൊണ്ടിരിക്കുകയാണെന്നാണ് ഉയരുന്ന വിമർശനം

കേരളം നടനം സ്‌കൂൾ യുവജനോത്സവത്തിൽ ഇനമായി ഉൾപ്പെടുത്തിയതോടെ ഈ നൃത്തരൂപത്തെക്കുറിച്ച് കേരളം മുഴുവൻ അറിഞ്ഞുതുടങ്ങി എങ്കിലും , അതിന്റെ ശാസ്ത്രീയതയും ഗുണനിലവാരവും കുറയുകയാണുണ്ടായത്. ഗുരു ഗോപിനാഥ് രൂപകൽപന ചെയ്തതതിൽ നിന്നും എത്രയോ വ്യത്യസ്തമാണ് ഇന്ന് കേരളം മുഴുവൻ അദ്ദേഹത്തിന്റെ പേരിൽ അവതരിപ്പിക്കുന്ന കേരളം നടനം. ഈ ദുരവസ്ഥ മാറ്റി തനതായ കേരളം നടനം അവതരിപ്പിക്കാൻ ബാധ്യസ്ഥമായ നടനഗ്രാമം ഇപ്പോൾ യുവജനോത്സവക്കാരുടെ ശൈലിയാണ് ഇവിടെ പരിശീലിപ്പിക്കുന്നതും പുറത്ത് പ്രചരിക്കുന്നതുമെന്നാണ് കലാസ്വാദകരുടെ പക്ഷം.

യുഡിഎഫ് ഭരണകാത്തെ ഗുരു ഗോപിനാഥ് നടനഗ്രാമം ഭരണ സമിതിയാണ് അവിടെ കേരളനടനത്തിന്റെ അപചയത്തിന് തുടക്കമിട്ടത്. അന്നത്തെ സെക്രട്ടറി എഴുതിയ ഒരു നർത്തശില്പം കേരളപ്പിറവി ദിനത്തിൽ അവതരിപ്പിച്ചിരുന്നു. ഒട്ടും നിലവാരമില്ലാത്ത ആ നൃത്തവും ഗുരുജിയുടെ കേരളനടനം എന്ന ലേബലിൽ ആയിരുന്നു അവതരിപ്പിച്ചത്. ഇപ്പോഴത്തെ എൽ. ഡി എഫ് ഭരണ സമിതി .കേരളനടനത്തെ വികലമാക്കി അവതരിപ്പിക്കുന്ന ഒരു നൃത്ത സംഘം കൂടി ഉണ്ടാക്കി, ഒരു പടികൂടി താഴോട്ടു പോയിരിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം.

കേരളനാടനത്തിന്റെ ഈ ദുരവസ്ഥ മാറണമെന്നും നടനഗ്രാമത്തിലെങ്കിലും ഗുരു ഗോപിനാഥിന്റെ കേരളനടനം നിലനിൽക്കണമെന്നും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആഗ്രഹിക്കുന്നു. നടനഗ്രാമം ഈ നിലയ്ക്ക് മുന്നോട്ട് പോയാൽ കേരളം നടനം നശിക്കുമെന്നും , ഗുരു ഗോപിനാഥിന്റെ സൽപ്പേര് കളങ്കപ്പെടുകയും ചെയ്യും എന്നവർ ഭയപ്പെടുന്നു. നടനഗ്രാമത്തിൽ ഗുരു ഗോപിനാഥിന്റെ വിശ്വകലാകേന്ദ്രത്തിന്റെ പ്രതിനിധികൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നാണവരുടെ ചോദ്യം.

ഗുരു ഗോപിനാഥിന്റെ ജന്മദിനാഘോഷം ജൂൺ 24 നു നടന്നപ്പോൾ പൂജാ ഡാൻസിൽ മാത്രമേ അല്പമെങ്കിലും തനതു കേരളനടനം കാണാനുണ്ടായിരുന്നുള്ളൂ . ചില കൂട്ടിച്ചേർക്കലുകൾ വരുത്തിയ ഭസ്മാസുരമോഹിനി നിലവാരത്തിലേക്ക് ഉയർന്നില്ല ഒ എൻ വിയുടെ 'പെങ്ങൾ' എന്ന കവിത നൃത്തശില്പമായി അവതരിപ്പിച്ചത് , ഇന്ന് യുവജനോത്സവത്തിൽ കാണുന്ന ഗ്രൂപ്പ് സംഘനൃത്തത്തിന്റെ ശൈലിയിൽ ആയിരുന്നു. ഒന്ന് രണ്ട് കേരളം നടനം ചുവടുകളും തീരുമാനങ്ങളും ഇടക്ക് തിരുകിക്കയറ്റിയിരുന്നു എന്ന് മാത്രം. വേഷവും നർത്തകരും നന്നായതുകൊണ്ട് അത് കേരളനടനമാവുകയില്ലൊ എന്നതാണ് ഉയരുന്ന ചോദ്യം.
.
ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കേരളം നടനം ഡിഗ്രി കോഴ്സ് തുടങ്ങാൻ ആലോചനയുണ്ട് . ഈ രീതിയിലാണ് കേരളം നടനം പഠിപ്പിക്കുന്നതെങ്കിൽ ആ കോഴ്സ് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവുകയില്ലെന്ന് ശിഷ്യർ പറയുന്നു. 'ഗുരുജി ഞങ്ങളെ പഠിപ്പിച്ചത് ഇങ്ങനെയൊന്നും അല്ല. അദ്ദേഹത്തിന്റെ നൃത്തത്തെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് കാണുമ്പോൾ , നടനഗ്രാമം അതിനു കൂട്ട് നിൽക്കുന്നത് കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു' എന്ന് ഗുരുജിയുടെ ശിഷ്യനും രാമായണം ബാലെയിലെ നർത്തകനുമായ ഒരാൾ പറഞ്ഞു. കേരളനടനത്തിന്റെ കാര്യത്തിൽ ഗുരുജിയുടെ നേരിട്ടുള്ള ശിഷ്യരുടെ അഭിപ്രായം കേൾക്കാത്തതാണ് , നിലവാരം കുറഞ്ഞു പോകാൻ ഒരു കാരണമെന്നതാണ് വസ്തുത.

ശിഷ്യർ പങ്കുവച്ച ആശങ്ക ശരിയാണെന്നു ഗുരുജിയുടെ മകളും, നടനഗ്രാമത്തിനു രണ്ടേക്കർ നൽകിയ വിശ്വകലാകേന്ദ്രത്തിന്റെ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീഅസറുമായ വിനോദിനി വിനോദിനി ശശിമോഹൻ പറഞ്ഞു. അവിടെ എനിക്കോ വിശ്വകലാകേന്ദ്രത്തിനോ വലിയ സ്ഥാനമില്ല. ഭരണസമിതിയിലെ പ്രമുഖർ തോന്നും പടി ഓരോന്ന് ചെയ്യുന്നു. അവിടത്തെ ഡാൻസ് ക്‌ളാസിൽ കയറരുതെന്നു എന്നെ വിലക്കിയിരിക്കുകയാണ്. ഞാൻ ഭരണ സമിതി അംഗമായിട്ടുപോലും ഇതാണ് സ്ഥിതിയെങ്കിൽ എങ്ങനെയാണ് അവിടത്തെ ഭരണം നടക്കുന്നത് എന്ന് ഊഹിക്കാമല്ലോ-വിനോദിനി ശശിമോഹൻ പറയുന്നു.

തെറ്റു ചൂണ്ടിക്കാണിച്ചാൽ എല്ലാവർക്കും വിഷമമാണ്. ഡാൻസ് എന്ന പേരിൽ എന്തെങ്കിലും കാട്ടികൂട്ടിയാൽ മതി. അത് ഗുരുജിയുടെ കേരളം നടനാമാവണമെന്നു അവർക്ക് നിർബന്ധമില്ല.കേരളനടനം അദ്ധ്യാപകരെല്ലാം 'വാളെടുത്തവൻ വെളിച്ചപ്പാട് 'എന്ന നിലപാടുകാരാണ് . അവർ പറയുന്നതാണ് ശരി. ചിലരാകട്ടെ അവർക്കു തെറ്റിയാൽ ഗുരുജിക്ക് തെറ്റി എന്ന് പറയുന്നവരാണ് .ഇവരെല്ലാം കേരളനടനത്തിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ഗുരുജിയുടെ പേരിലാവും . ഇതിനെ ഗുരുജിയുടെ ശിഷ്യർ എതിർക്കേണ്ടതാണ് . ഇല്ലെങ്കിൽ നിയമനടപടിയെ പോംവഴി ഉണ്ടാവൂ..' വിനോദിനി പറഞ്ഞു.

കലാക്ഷേത്രയിൽ രുഗ്മിണി അരുണ്ഡേലിന്റെ ഭരതനാട്യം തനതു രൂപത്തിൽ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പോലെ കേരളം നടനത്തെയും സംരക്ഷിക്കുകയും ഗുരുജി ചെയ്ത നൃത്തങ്ങൾ അതേമട്ടിൽ അവതരിപ്പിച്ച് സൂക്ഷിക്കുകയുമാണ് നടനഗ്രാമം ചെയ്യേണ്ടത്.. രണ്ടേക്കർ ഭൂമി വിശ്വകലാകേന്ദ്ര സർക്കാരിന് കൈമാറുമ്പോൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഈ രേഖയോ തുടക്കം മുതലുള്ള കേരളനടനം അവതരണത്തിന്റെ സിഡിയോ ഇന്നവിടെ ഉണ്ട് എന്ന് തോന്നുന്നില്ലെന്ന് വിനോദിനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP