Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടിക്കറ്റ് നോക്കാനെന്നും പറഞ്ഞ് വാങ്ങി പഴയ ടിക്കറ്റുകൾ തിരുകി കയറ്റി പുതിയത് തട്ടിയെടുക്കും; പണം തരാതെ പറ്റിക്കുന്നതും പതിവ്; ചിലർ വഴിതെറ്റിച്ച് വിട്ടതിനാൽ ഓടയ്ക്കകത്ത് വീണ് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്; ബിഎഡ് ബിരുദം നേടിയിട്ടും ജോലിയില്ല; ആരുടെ മുന്നിലും തലകുനിക്കാതെ പൊരിവെയിലിൽ ലോട്ടറിവിൽക്കുന്ന കാഴ്ചയില്ലാത്ത മണിയന്റെ ദുരിതകഥ ഇങ്ങനെ

ടിക്കറ്റ് നോക്കാനെന്നും പറഞ്ഞ് വാങ്ങി പഴയ ടിക്കറ്റുകൾ തിരുകി കയറ്റി പുതിയത് തട്ടിയെടുക്കും; പണം തരാതെ പറ്റിക്കുന്നതും പതിവ്; ചിലർ വഴിതെറ്റിച്ച് വിട്ടതിനാൽ ഓടയ്ക്കകത്ത് വീണ് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്; ബിഎഡ് ബിരുദം നേടിയിട്ടും ജോലിയില്ല; ആരുടെ മുന്നിലും തലകുനിക്കാതെ പൊരിവെയിലിൽ ലോട്ടറിവിൽക്കുന്ന കാഴ്ചയില്ലാത്ത മണിയന്റെ ദുരിതകഥ ഇങ്ങനെ

ആർ പീയൂഷ്

തിരുവനന്തപുരം: ആരെയും കബളിപ്പിക്കാൻ വിരുതന്മാരാണ് ചില മലയാളികൾ. കബളിപ്പിച്ച് പലതും തട്ടിയെടുക്കാൻ കെങ്കേമന്മാരും. എന്നാൽ അത് കാഴ്ചയില്ലാത്ത പാവങ്ങളോട് കാണിച്ചാലോ. അതേ തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിലെ ലോട്ടറി വിൽപ്പനക്കാരനായ മണിയന്റെ പക്കൽ നിന്ന് ഇത്തരത്തിൽ തട്ടിപ്പുകാർ തട്ടിയെടുത്തത് ആയിരക്കണക്കിന് രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ്. പലരും ടിക്കറ്റുകൾ വാങ്ങാനെന്ന വ്യാജേന മണിയന്റെ പക്കൽ നിന്ന് ഇവ കൈക്കലാക്കിയ ശേഷം കടന്ന് കളയുകയാണ് പതിവ്. ചിലർ ടിക്കറ്റുകൾ നോക്കിയ ശേഷം പഴയ ടിക്കറ്റുകൾ തിരുകി കയറ്റി മടക്കി നൽകും. കാഴ്ചയില്ലാത്തതിനാൽ അനുഭവിക്കുന്ന ദുരിതങ്ങൾ മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുമ്പോഴാണ് ക്രൂരതയുടെ വിവരങ്ങൾ മണിയൻ പുറത്തു പറയുന്നത്.

പാറശാല കാരോട് ഒറ്റപുതുവൽ പുത്തൻവീട്ടിൽ മണിയൻ(45)ജന്മനാ കാഴ്ച ശക്തിയില്ലാത്തയാളാണ്. കഴിഞ്ഞ പത്ത് വർഷമായി മെഡിക്കൽ കോളേജിന് മുൻപിൽ ലോട്ടറി വിൽപ്പന നടത്തിയാണ് ജീവിക്കുന്നത്. വൈകല്യത്തെ മറികടന്ന് മനസ്സിന്റെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ് ഇദ്ദേഹം ജീവിക്കുന്നത്. വർക്കലയിലെയും കൊല്ലത്തെയും ബ്ലൈൻഡ് സ്‌ക്കൂളുകളിലായിരുന്നു സ്‌ക്കൂൾ വിദ്യാഭ്യാസം. തൈക്കാട് ഗവ.ആർട്‌സ് കോളേജിൽ സോഷ്യോളജിയിൽ ബിരുദം എടുത്തു. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ബി.എഡും പൂർത്തിയാക്കി. നിരവധി പി.എസ്.സി പരീക്ഷകൾ എഴുതിയെങ്കിലും ജോലി ഇതുവരെ ആയില്ല. അംഗപരിമിതർക്ക് 49 വയസ്സാണ് പി.എസ്.സിയുടെ ഉയർന്ന പ്രായപരിധി.

ജനറൽ വിഭാഗത്തിൽ തന്നെയാണ് ഇവരുടെ പരീക്ഷകളും പി.എസ്.സി നടത്തുന്നത്. അതിനാൽ 33 പേരെ എടുക്കുമ്പോൾ ഒരാളെ അംഗപരിമിതരായവരിൽ നിന്ന് എടുക്കും. അങ്ങനെയായതിനാൽ ജോലി കിട്ടാൻ ഏറെ പ്രയാസമായി. ഒരു താൽക്കാലിക ജോലിക്കായി ശ്രമിച്ചെങ്കിലും അതും നടന്നില്ല. ബിരുദ പഠനത്തിന് ശേഷം ഉപജീവന മാർഗ്ഗമായി ടെലിഫോൺ ബൂത്ത് തുടങ്ങിയിരുന്നെങ്കിലും മൊബൈലിന്റെ കടന്ന് വരവ് നന്നായി ബാധിച്ചു. പിന്നീടാണ് ബി.എഡ് പഠിച്ചെടുത്തത്. പഠനം പൂർത്തിയാക്കിയെങ്കിലും ജോലി എവിടെയും ശരിയായില്ല. ഇതോടെയാണ് ഉപജീവനത്തിനായി ലോട്ടറി വിൽപ്പന തിരഞ്ഞെടുത്തത്.

ഒരു ദിവസം മൂന്ന് ബുക്കുകളാണ് വിൽക്കുന്നത്. വിറ്റാൽ കിട്ടുന്ന ലാഭം 450 രൂപയാണ്. ഒരു ദിവസത്തെ അധ്വാനമാണ് ഈ തുക. രാവിലെ മുതൽ മെഡിക്കൽ കോളേജിന്റെ മുൻവശത്ത് തന്നെ മണിയൻ നിലയുറപ്പിക്കും. ഉറക്കെ വിളിച്ചു പറഞ്ഞ് ആളുകളുടെ ശ്രദ്ധ ആകർഷിപ്പിച്ചാണ് വിൽപ്പന നടത്തുന്നത്. എല്ലാദിവസവും ടിക്കറ്റുകൾ വേഗം വിറ്റു പോകാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ ഒരു ടിക്കറ്റുപോലും വിൽക്കാൻ പറ്റാത്ത സ്ഥിതിയുമുണ്ടായിട്ടുണ്ട്. അതു കൂടാതെയാണ് തട്ടിപ്പു കാരുടെ ക്രൂരതയും.
കാഴ്ച ശക്തിയില്ലെന്ന് അറിയാമെങ്കിലും പലരും കളിയാക്കാറുണ്ടെന്ന് മണിയൻ പറയുന്നു. ചിലർ കളിപ്പാവകളോട് എന്ന പോലെയാണ് പെരുമാറുന്നത്.

വലത്തേക്ക് പോകേണ്ടതിന് ഇടത്തേക്ക് പോകാൻ പറഞ്ഞ് ഓടയ്ക്കകത്ത് വീണ് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. ചിർക്കൊക്കെ മറ്റുള്ളവരുടെ വേദന കാണാൻ ഇഷ്ട്ടപ്പെടുന്നവരാണ്. അതിനാലാവാം ഇത്തരത്തിലുള്ള ക്രൂരതകൾ പ്രകടിപ്പിക്കുന്നതെന്ന് മണിയൻ പറയുന്നു. ചുരുക്കം ചിലരാണ് ഇത്തരത്തിൽ പെരുമാറുന്നത്. ഏറെയും സഹായിക്കാൻ മനസ്സുള്ളവരാണ് എന്നും അദ്ദേഹം പറയുന്നു.

കാഴ്ച ശക്തിയില്ലെന്ന കാരുണ്യത്തിൽ പലരും ടിക്കറ്റുകൾ എടുക്കുമെങ്കിലും സഹാതാപം കാണിക്കുന്നത് ഇഷ്ട്ടമല്ലെന്നാണ് മണിയന്റെ അഭിപ്രായം. ചിലർ ലോട്ടറി എടുത്തതിന് ശേഷം ബാക്കി തുക വാങ്ങാതെ അത് കൈയിൽ തന്നെ ഇരിക്കട്ടെ എന്ന് പറയുമ്പോൾ സന്തോഷത്തോടെ നിരസിക്കുകയാണ് പതിവ്. നിർബന്ധമാണെങ്കിൽ ആതുകയ്ക്ക് ടിക്കറ്റുകൾ നൽകുകയാണ് പതിവ്. തന്നോട് കാരുണ്യം കാണിക്കുന്നതിനേക്കാൾ അതിലും അവശരായവർ ഉണ്ട് അവർക്കും അത് ലഭിക്കട്ടേ എന്നാണ് മണിയൻ പറയുന്നത്. ജോലി ചെയ്യാൻ അനുവദിക്കണം എന്നൊരപേക്ഷയാണ് എല്ലാവരോടും പറയാനുള്ളത്.
മണിയന്റെ ഭാര്യ സുജയും കാഴ്ച കുറവുള്ള സ്ത്രീയാണ്.

അൻപത് ശതമാനം മാത്രമേ കാഴ്ച ശക്തിയുള്ളൂ. ഏക മകൾ രേഷ്മ പ്ലസ്ടു പഠനം പൂർത്തിയായി. കുടും ബത്തിലെ ഏക വരുമാനമാണ് മണിയന്റെ ലോട്ടറി വിൽപ്പന. മകളുടെ പഠനത്തിന് ഇനിയും തുക ആവശ്യമാണ്. കൂടാതെ വിവാഹത്തിനായും സ്വരൂപിക്കേണ്ടതായുണ്ട്. അതിനാൽ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നുണ്ട് മണിയൻ. തന്റെ കഷ്ടപ്പാടുകൾ മാറാൻ ഇനി ആശ്രയം സർക്കാർ മാത്രമാണെന്ന് അയാൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP