Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇപ്പോൾ ചർച്ചയാകുന്നത് പിണറായി വിജയന് അന്താരാഷ്ട്ര ആദരവ് നൽകിയ ബാൾട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായ ഡോ.റോബർട്ട് ഗാലെക്ക് ഉമ്മൻ ചാണ്ടി അവാർഡ് നൽകിയത്; ഒപ്പം ആദരിക്കപ്പെട്ടത് ഡോ. ആസാദ് മൂപ്പനും ഡോ. നരേന്ദ്രകുമാറും; ഫൊക്കാനയുടെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ വേണ്ടി അന്താരാഷ്ട്ര അംഗീകാരം ഒരുക്കിയത് പൃഥ്വിരാജിന്റെ അമ്മാവൻ തന്നെ; വിവാദങ്ങളിൽ പിണറായിക്കും തികഞ്ഞ അതൃപ്തി

ഇപ്പോൾ ചർച്ചയാകുന്നത് പിണറായി വിജയന് അന്താരാഷ്ട്ര ആദരവ് നൽകിയ ബാൾട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായ ഡോ.റോബർട്ട് ഗാലെക്ക് ഉമ്മൻ ചാണ്ടി അവാർഡ് നൽകിയത്; ഒപ്പം ആദരിക്കപ്പെട്ടത് ഡോ. ആസാദ് മൂപ്പനും ഡോ. നരേന്ദ്രകുമാറും; ഫൊക്കാനയുടെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ വേണ്ടി അന്താരാഷ്ട്ര അംഗീകാരം ഒരുക്കിയത് പൃഥ്വിരാജിന്റെ അമ്മാവൻ തന്നെ; വിവാദങ്ങളിൽ പിണറായിക്കും തികഞ്ഞ അതൃപ്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മിടുക്കു വർദ്ധിപ്പിക്കാൻ വേണ്ടി നടത്തിയ പ്രവർത്തനം ബാൾട്ടിമോർ അവാർഡ് ഒരു പി ആർ ദുരന്തമായി പരിണമിക്കുകയായിരുന്നു. അന്താരാഷ്ട്ര അംഗീകാരമെന്ന നിലയിൽ സഖാക്കളിലൂടെ കൊട്ടിദ്‌ഘോഷിച്ച സംഭവം ഒരു തട്ടിപ്പായിരുന്നു എന്ന ആരോപണ സൈബർലോകം ശക്തമായി തന്നെ ഉന്നയിച്ചിരുന്നു. ബാൾട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തലവനായ ഡോ. റോബർട്ട് ഗാലെയാണ് മുഖ്യമന്ത്രിക്ക് അവാർഡ് സമ്മാനിച്ചത്. എന്നാൽ, ഇതേ ഗാലെയ്ക്ക് കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഉമ്മൻ ചാണ്ടി അവാർഡ് സമ്മാനിച്ചിരുന്നു എന്നതാണ് മറ്റൊരു രസകരമായി കാര്യം. ഐഎംഎ കേരള ഘടകം 2014 ൽ നൽകിയ സ്വീകരണത്തിലാണ് ഗാലെയെ ആദരിച്ചത്. ഗാലെയ്‌ക്കൊപ്പം അന്ന് മിംസ് തലവൻ ആദാസ് മൂപ്പനെയും ഡോ. നരേന്ദ്ര കുമാറിനെയും ആദരിക്കുകയുണ്ടായി.

ഉമ്മൻ ചാണ്ടി അവാർഡ് സമ്മാനിച്ചയാളുടെ കൈയിൽ നിന്നും മുഖ്യമന്ത്രി പിണറായി ഇപ്പോൾ അവാർഡ് സ്വീകരിച്ച കാര്യത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി സൈബർ ലോകത്ത് പ്രചരണം തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരാണ് പിണറായി വിജയന പരിഹസിച്ചു കൊണ്ട് ഈ ചിത്രം വ്യാപകമായി ഷെയർ ചെയ്യുന്നത്. നിരവധി മലയാളികൾ ജോലി ചെയ്യുന്ന സ്ഥാപാനമാണ് ബാൾട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. മലയാളികളായ ഡോ. ശ്യാം, ഡോ. എം വി പിള്ള എന്നിവർ ഡയറക്ടർമാർ ആയിട്ടുള്ള സ്ഥാപനമാണ് ഈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്.
അന്ന് ഇവരുമായി ചേർന്ന് ആലപ്പുഴയിൽ ഒരു വൈറോളജി ഇൻസ്റ്റിറ്റൂട്ട് സ്ഥാപിക്കുവാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസാരിച്ചിരുന്നു. അന്ന് കടുത്ത വിമർശനം ഉന്നയിച്ചവർ തന്നെയാണ് ഇപ്പോൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസക്കാരത്തെ ആഘോഷമാക്കിയതും പണി ഇരന്നു വാങ്ങിയതും.

അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന സംഘടിപ്പിച്ച പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുന്നതിന് വേണ്ടിയാണ് ബാൾട്ടിമോർ അവാർഡും ആസൂത്രണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനായി തട്ടിക്കൂട്ടിയ അവാർഡായിരുന്നു, ഇത്. മുഖ്യമന്ത്രിയുടെ പി ആർ ടീം ഇതിനെ വലിയ അവസരമായി കണ്ടിടത്താണ് എല്ലാം പിഴച്ചത്. ഫൊക്കാനെയുടെ പരിപാടിക്ക് മാത്രമായി പങ്കെടുക്കാൻ മുഖ്യമന്ത്രി അമേരിക്കയിൽ പോകാൻ തയ്യാറായിരുന്നില്ലെന്നാണ് സൂചന. ഇതിനിടെയാണ് നിപ പ്രവർത്തനങ്ങളുടെ നേട്ടത്തിന്റെ ഭാഗമെന്നോണം ബാൾട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌ക്കാരം നൽകാനും തീരുമാനിച്ചത്. ഇതിന് മുൻകൈയെടുത്തത് ഫൊക്കാനയോട് ചേർന്ന് പ്രവർത്തിക്കുന്ന ഡോ. എം വി പിള്ളയായിരുന്നു. നടൻ പൃഥ്വിരാജിന്റെ അമ്മാവനാണ് പിള്ള.

ഫൊക്കാനയുടെ പരിപാടിയിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി മാറിയത്. സൈബർ ലോകത്തും മറ്റുമായി ഉയരുന്ന വിമർശനങ്ങളിൽ പിണറായി വിജയൻ അസ്വസ്ഥനാണ് താനും. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ സൈബർലോകത്ത് വിമർശനം കൊഴുക്കുമ്പോൾ സൈബർ സഖാക്കളും പ്രതിരോധം തീർക്കാൻ രംഗത്തില്ല. നിപ്പ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം സ്വീകരിച്ച ചിട്ടയായതും മാതൃകാപരവുമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അഭിനന്ദനമർപ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജക്കും ബാൾട്ടിമോറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്വീകരണം നൽകുന്നുവെന്ന വാർത്ത ദേശാഭിമാനി ജൂൺ 27നാണ് പ്രസിദ്ധീകരിച്ചത്.

ഫൊക്കാന കൺവെൻഷനെത്തുന്ന മുഖ്യമന്ത്രിക്ക് ജൂലൈ 6നാണ് സ്വീകരണമെന്നും ദേശാഭിമാനി വിശദീകരിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വീകരണം നൽകുന്ന ആദ്യത്തെ വിദേശ നേതാവാണ് പിണറായി വിജയനെന്ന് കേരളത്തിലെ ഐഎവിയുടെ പ്രവർത്തനങ്ങളിലെ മുൻനിരക്കാരനായ ഡോ. എം വി പിള്ളയുടെ പ്രസ്താവന അടക്കമായിരുന്നു ദേശാഭിമാനി വാർത്ത. ഇതെല്ലാം മുഖ്യമന്ത്രിയെ തന്നെ തെറ്റിദ്ധരിപ്പിക്കലായി എന്ന വിധത്തിലേക്കാണ് കാര്യങ്ങളെത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തെയാണഅ അവാർഡെന്ന വിധത്തിൽ പ്രചരിപ്പിച്ചത്. പരിപാടി തട്ടിക്കൂട്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ഏതോ ഒരു കെട്ടിടത്തിന്റെ വാരന്തയിലാണ് അന്താരാഷ്ട്ര ആദരമെന്ന് പറയുന്ന ചടങ്ങ് നടക്കുന്നത്. രണ്ട് ക്യാമറാമാന്മാരുണ്ട്. പിന്നെ എല്ലാം കൂടി 25 പേരും. ഇതിൽ പലരും മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളവരാണെന്നും വ്യക്തമാണ്. അല്ലാതെ അന്താരാഷ്ട്ര ആദരത്തിന് പോന്ന ആംബിയൻസൊന്നും ചിത്രത്തിൽ ഇല്ല. ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനെത്തിയവർക്ക് സംസാരിക്കാൻ ആരുടേയോ നിർദ്ദേശ പ്രകാരം വേദി തട്ടിക്കൂട്ടുകയായിരുന്നു ഉണ്ടായിരുന്നത്. ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ നാലിലൊന്ന് ജീവനക്കാർ പോലും ഇവിടേയ്ക്ക് എത്തിയില്ലെന്നും ചിത്രങ്ങളിൽ വ്യക്തം. പത്തോളം മലായാളികളും അവിടെയുണ്ട്. ഇവരെല്ലാം മുഖ്യമന്ത്രിയുടെ സന്ദർശന സംഘത്തിലെ അംഗങ്ങളാണ്. അതായത് വലിയ പ്രാധാന്യമൊന്നും കേരള മുഖ്യന്റെ സന്ദർശനത്തിന് ഇൻസ്റ്റിറ്റ്യൂട്ട് നൽകിയില്ലെന്ന് സാരം. ഇതിനൊപ്പമാണ് സൈബർ സഖാക്കൾ പുറത്തുവിട്ട കത്തിലെ വിവരങ്ങളും ചർച്ചയാക്കി സോഷ്യൽ മീഡിയ ബ്ലാട്ടിമോർ ദുരത്തെ വിവാദത്തിന്റെ പടുകുഴിയിലാക്കുന്നത്.

മുഖ്യമന്ത്രിയുടെ ആദരം വിവാദത്തിലായതോടെയാണ് കത്ത് ചർച്ചയാക്കിയത്. ഈ കത്ത് പ്രകാരം ജൂലൈ രണ്ടിനാണ് മുഖ്യമന്ത്രിക്ക് ക്ഷണം എത്തുന്നത്. ഈ ക്ഷണപ്രകാരം ജൂലൈ 7ന് പിണറായിക്ക് അമേരിക്കയിൽ എത്താൻ പോലും കഴിയില്ല. ജൂലൈ രണ്ടിന് കത്ത് കിട്ടിയാൽ പിന്നെ വിസ എടുക്കാനുള്ള നടപടികൾക്ക് മുന്നോട്ട് വരണം. പിണറായിക്ക് ഡിപ്ലൊമാറ്റിക് പാസ് പോർട്ടില്ല. അതുകൊണ്ട് തന്നെ നൂലാമാലകൾ ഏറെയുണ്ട് വിസ കിട്ടാൻ. അപ്പോൾ പിന്നെ ജൂലൈ 2ന് കിട്ടിയ ക്ഷണ പ്രകാരം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയെന്നത് വാദം പൊള്ളയാണെന്നാണ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. ഇതിനൊപ്പം ഈ കത്തിൽ പല അസ്വാഭാവികതകളും കാണാം. ഫൊക്കാനോയുടെ പരിപാടിക്കാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയതെന്നാണ് ഇത് വ്യക്തമാക്കുന്നത്. വളരെ നേരത്തെ തയ്യാറാക്കിയതാണ് ഈ പരിപാടി. ഇതിനാണ് പിണറായി വിസയും എടുത്തതെന്നാണ് സൂചന. ഇതിനിടെയിൽ അമേരിക്കൻ യാത്രയ്ക്ക് കൂടുതൽ ശ്രദ്ധകിട്ടാൻ നിപ്പയിലെ ആദരവെന്ന് പ്രചരിപ്പിക്കാൻ ഒരു പരിപാടി സംഘടിപ്പിച്ചെടുത്തുവെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന വാദം.

വിവാദം ആളിക്കത്തിയതോടെ കത്ത് പുറത്തുവിട്ടതും വിനയാകുകയാണ്. അതിലെ പിശകുകളും അസ്വാഭാവികതകളും ചർച്ചയാക്കുന്നതിലൂടേയും സോഷ്യൽ മീഡിയ പിണറായി യാത്രയിലെ പൊള്ളത്തരം തുറന്നു കാട്ടുകയാണ് ചെയ്യുന്നത്. റോബർട്ട് ഗാലോയാണ് കത്ത് തയ്യാറാക്കി ഒപ്പിട്ടിരിക്കുന്നത്. ഈ കത്തിനുള്ളിലും റോബർട്ട് ഗാലോയുടെ പേരുണ്ട്. ഒപ്പിടുന്നവർ സാധാരണ ഗതിയിൽ കണ്ടന്റിൽ അവരുടെ പേര് ചേർക്കാറില്ല. ഐയെന്നോ മൈ സെൽഫ് എന്നോ രേഖപ്പെടുത്താറാണ് പതിവ്. ലോകപ്രശസ്ത വൈറോളജി സ്ഥാപനത്തിലെ മേധാവിക്ക് ഇത്തരം സിമ്പിൾ ഇംഗ്ലീഷ് തെറ്റ് പറ്റുമോ എന്നതാണ് ഉയരുന്ന ചോദ്യവും ഉന്നയിച്ചിരുന്നു. മിസ്റ്റർ പിണറായി വിജയൻ എന്നാണ് കേരളാ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്യുന്നത്. ഇംഗ്ലീഷിലെ രീതി പ്രകാരം കത്തുകളിൽ മിസ്റ്റർ എന്ന് ഉപയോഗിച്ചാൽ സർ നെയിം മാത്രമേ കൊടുക്കാറുള്ളൂ. അതായത് മിസ്റ്റർ പിണറായി അല്ലെങ്കിൽ മിസ്റ്റർ വിജയൻ. പേരിലെ രണ്ട് ഭാഗവും കൂട്ടിച്ചേർത്ത് അഭിസംബോധന ചെയ്തിരിക്കുന്നതും ചർച്ചയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP